ആശൂറാഅ് നോമ്പ്: റാഫിദി പിഴവുകളും ചരിത്ര സത്യവും
അന്‍വര്‍ അബൂബക്കര്‍
Last Update 09 July 2025, 14 Muharram, 1447 AH
ചോദ്യം: ഇസ്‍ലാമിലെ ഒരു പ്രത്യേക നോമ്പിനെ കുറിച്ച്, അത് ഉമവീ ഭരണാധികാരികള്‍ കൊണ്ടുവന്ന പുത്തനാചാരമാണെന്നും, അതിലൂടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും പിഴച്ച കക്ഷിയായ ശിയാ വിഭാഗത്തിലെ റാഫിദികള്‍ ആരോപിക്കുന്നു. ഈ തെറ്റായ ആരോപണം ലക്ഷ്യമിടുന്നത് ഇസ്‌ലാമിലെ ഏത് നോമ്പാണ്?
ഉത്തരം: അശൂറാ നോമ്പ് (മുഹറം 10)
മുഹറം മാസത്തിലെ പത്താം ദിവസമായ 'ആശൂറാഅ്' നാളില്‍ നാം അനുഷ്ഠിക്കുന്ന നോമ്പ്, ഒരു വലിയ ചരിത്രസംഭവത്തോട് അനുബന്ധിച്ചുള്ളതാണ്. അന്നേ ദിവസം അല്ലാഹു അവന്റെ പ്രവാചകനായ മൂസാ (അലൈഹിസ്സലാം)യെയും അവന്റെ ജനതയെയും മിസ്റിലെ അക്രമിയും സ്വാച്ഛാധിപതിയുമായ ഭരാണാധികാരി ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തി. അതിന് നന്ദിയായി മദീനയിലെ ചില യഹൂദികള്‍ ആ ദിവസം നോമ്പ് എടുക്കുന്നതായി കണ്ടു.
പ്രവാചകന്‍ മുഹമ്മദ് നബിﷺക്കും സ്വഹാബത്തിനും ഈ നോമ്പ് ആദ്യകാലത്ത് അനുഷ്ഠിക്കല്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ റമളാനിലെ നോമ്പ് നിര്‍ബന്ധിതമായതോടെ, ആശൂറാഅ് ദിവസത്തെ നോമ്പ് നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാക്കി, ഐച്ഛികമായ (മുസ്തഹബ്) ഒരു ഇബാദത്തായി മാറ്റി.
മുഹറം മാസത്തിലെ ആശൂറാഅ് നോമ്പ് ഉമവീ ഭരണാധികാരികള്‍ കൊണ്ടുവന്നതാണെന്നുള്ള വാദം റാഫിദി വിഭാഗം ഉന്നയിക്കുന്ന തികച്ചും അടിസ്ഥാനരഹിതമായ ഒരു കുറ്റാരോപണമാണ്. ഹുസൈന്‍(റളിയല്ലാഹു അന്‍ഹുവിനെ) ഉമവികള്‍ കൊലപ്പെടുത്തി എന്ന കള്ളാരോപണമാണ് ഇതിന്റെ അടിസ്ഥാനം. ഇതെല്ലാം അവരുടെ പിഴച്ച അധ്യാപനങ്ങള്‍ക്ക് അടിത്തറ നല്‍കുന്ന നിരവധി കെട്ടിച്ചമച്ച അവാദങ്ങളിലൊന്നാണ്. ബനൂ ഉമയ്യ ഖുറൈശ് ഗോത്രത്തിലെ ഒരു ശക്തമായ വിഭാഗമാണ്. അവര്‍ക്കെതിരെ എല്ലാ മ്ലേച്ഛതകളും കെട്ടിച്ചമക്കുകയാണ് റാഫിദികളുടെ വിശ്വാസത്തിന്റെ നട്ടെല്ല്. ഇവരുടെ ഈ പ്രചരണങ്ങള്‍ സത്യമായിരുന്നു എങ്കില്‍, ഉമവികള്‍ക്ക് ഇസ്‌ലാമില്‍ വ്യാജ ഹദീസ് നിര്‍മ്മിച്ച് ആശൂറാഅ് ദിവസത്തെ പ്രചരിപ്പിക്കാനുള്ള ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍, അതിനെ ഒരു ഈദ് ദിവസമായി രൂപപ്പെടുത്തുന്നതിനായിരിക്കും അവര്‍ ശ്രമിക്കുക. അഥവാ, നോമ്പുകാരല്ലാത്തവര്‍ക്ക് ആ ദിവസം ഭക്ഷണവും പാനീയവുമൊക്കെ അനുവദിക്കുന്ന ആഘോഷദിനമെന്ന നിലയിലായിരിക്കും അതിനെ ചിത്രീകരിക്കുക, പക്ഷേ അങ്ങനെ ഒന്നുണ്ടായില്ല. പകരം, ആശൂറാഅ് ദിവസത്തെ ഒരു നോമ്പുദിനമായി ആചരിച്ചതും, ആ സമയം ഭക്ഷണവും പാനീയവും ലൈംഗിക ബന്ധവുമൊക്കെ നിഷിദ്ധമായ ഒരു കാര്യമായി നിലനിര്‍ത്തിയതും, ശിയാക്കളുടെ ഈ ആരോപണം തികച്ചും നിരസിക്കപ്പെടേണ്ടതാണെന്ന് തെളിയിക്കുന്നുണ്ട്. നോമ്പ് എന്നത് ഒരു ഇബാദത്താണ്, അതില്‍ നിഷിദ്ധമല്ലാത്ത കാര്യങ്ങളില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്ക്കല്‍ ഉണ്ടാകുന്നു. അതേസമയം, ഈദ് ദിവസം ഒരു ആഘോഷവേളയാണ്, അതില്‍ അവയെല്ലാം ഇഷ്ടാനുസരണം ആസ്വദിക്കപ്പെടുന്നു. അതിനാല്‍, ആശൂറാ ദിവസത്തില്‍ നോമ്പ് അനുഷ്ഠിക്കാനുള്ള പ്രചാരണം ഉമവീ ഭരണാധികാരികള്‍ അവതരിപ്പിച്ചത് ഹുസൈന്‍ (റളിയല്ലാഹു അന്‍ഹു)വിന്റെ കര്‍ബല വധം മറച്ചുവെക്കാനാണെന്ന റാഫിദി ആരോപണം സ്വാഭാവികമായും ഇതിലൂടെ തള്ളപ്പെടുന്നുണ്ട്.
മുഹമ്മദ് നബിﷺ ഹിജ്‌റ ചെയ്ത് മദീനയിലെത്തിയതിന് ശേഷം ചില യഹൂദികള്‍ നോമ്പെടുക്കുന്നത് പ്രവാചകന്‍ﷺ കണ്ടു. അവരോടതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, അവര്‍ മറുപടി നല്‍കി: "ഇന്ന് അല്ലാഹു മൂസാ (അലൈഹിസ്സലാം)യെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെയും കടലില്‍ മുങ്ങിപ്പോകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയ ദിവസമാണ്. അതിന് നന്ദിയായി ഞങ്ങള്‍ ഈ ദിവസം നോമ്പ് നോല്‍ക്കുന്നു." അതിനുശേഷം പ്രവാചകന്‍ﷺ പറഞ്ഞു: “മൂസാ (അലൈഹിസ്സലാം)യോട് അവരേക്കാള്‍ എനിക്കാണ് കൂടുതലാണ് അടുപ്പം.” അതിനാല്‍ പ്രവാചകന്‍ ﷺ ആ ദിവസം സ്വയം നോമ്പെടുക്കുകയും, മറ്റുള്ളവരോട് നോമ്പെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.” (ബുഖാരി)
ശിയാക്കളിലെ റാഫിളികള്‍ ചോദിക്കുന്നു: "മൂസാ നബി (അലൈഹിസ്സലാം)യും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരും രക്ഷിക്കപ്പെട്ടത് ആശൂറാഅ് ദിവസമായിരുന്നുവെന്ന് യഹൂദികള്‍ പറഞ്ഞത് നബി ﷺ എങ്ങനെ വിശ്വസിച്ചു?" ആശൂറാഅ് ദിവസത്തിലെ നോമ്പിനെ സംബന്ധിച്ച സഹീഹായ ഹദീസുകളെ സംശയത്തിലാക്കാനും, അത് ഉമവീ ഭരണകാലത്തുണ്ടായ ഒരു പുത്തനനുഷ്ഠാനമാണെന്നുമുളള അവരുടെ തെറ്റായ അവകാശവാദത്തിന് പിന്തുണ നേടാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് റാഫിദികളുടെ ദുരുദ്ദേശത്തോടെയുളള ഈ ചോദ്യം.
അല്‍മാസിരി (റഹിമഹുല്ലാഹ്) ഈ വിഷയത്തെ കുറിച്ചുളള മറുപടി ഇപ്രകാരം പറഞ്ഞു: “യഹൂദരുടെ വിവരങ്ങള്‍ വിശ്വസനീയമായതല്ല; എന്നാല്‍, പ്രവാചകന്‍ ﷺക്ക് അതിനെ ശരിവെച്ചുകൊണ്ടുള്ള ദിവ്യസന്ദേശമാണ് ലഭിച്ചത്. അല്ലെങ്കില്‍, പല വ്യത്യസ്ത വഴികളിലൂടെയും അതിനെപറ്റിയുളള വിവരം അദ്ദേഹം കേട്ടിരിക്കുകയും തദടിസ്ഥാനത്തിലാകാം അത് ശരിയാണെന്ന് തീര്‍ച്ചപ്പെടുത്തിയത്”. (ഇമാം നവവി, ശര്‍ഹ് മുസ്ലിം 8/11)
ശൈഖുല്‍ ഇസ്‌ലാം ഇബ്ന്‍ തൈമിയ്യ (റഹിമഹുള്ളാഹ്) പറഞ്ഞത് ഇപ്രകാരമാണ്: “ഈ നോമ്പ് യഹൂദികളെ അനുകരിക്കാനായി നിശ്ചയിക്കപ്പെട്ടതല്ലെങ്കിലും, പ്രവാചകന്‍ ﷺ പറഞ്ഞു: ‘മൂസാ (അലൈഹിസ്സലാം)യോട് ഞങ്ങള്‍ നിങ്ങളേക്കാള്‍ അടുത്തവരാണ്’ എന്നത്, ഈ നോമ്പ് പാലിക്കേണ്ടതിന്റെ മതപരമായ അടിസ്ഥാനം സ്ഥിരീകരിക്കുന്നതും, മൂസായോട് കാണിക്കുന്ന സ്‌നേഹവും ആദരവും യഹൂദികള്‍ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നതാണെന്നും, അതിനേക്കാള്‍ ഉത്തമമായ അതിന്റെ നിലപാട് നമ്മുടേതാണെന്നുമുള്ള സന്ദേശം അവര്‍ക്ക് നല്‍കുന്നതിനുമാണ്.” (ഇക്‍തിദാഉ സ്വിറാത്തുല്‍ മുസ്‍തഖീം, പേജ് 174)
ആശൂറാഅ് ദിവസത്തിലെ നോമ്പ് മക്കയിലെ ഖുറൈശി ഗോത്രത്തിനും മുഹമ്മദ് നബിﷺക്കും അറിയപ്പെടുന്നതായിരുന്നു. അവര്‍ ആ ദിവസം ശ്രേഷ്ഠമായി കാണുകയും, അതിനുള്ള ആദരസൂചകമായി നോമ്പ് എടുക്കുകയും ചെയ്തു. ഇതെല്ലാം തെളിയപ്പെട്ടതിന് ശേഷവും, ധാരാളം സ്വഹീഹായ ഹദീസുകളിലൂടെ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഈ വിഷയത്തെ മറികടന്നുകൊണ്ട് ആശൂറാഅ് ദിനം ഉമവീ ഭരണകാലത്തുണ്ടായ പുത്തനാചാരമാണെന്ന് എങ്ങിനെയാണ് ശിയാക്കള്‍ ആരോപിക്കുന്നത്?!
ആയിശ (റളിയല്ലാഹു അന്‍ഹ) നിവേദനം: "ജാഹിലിയ്യാ കാലത്ത് ഖുറൈശ് ഗോത്രം ആശൂറാഅ് ദിവസം നോമ്പ് എടുക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ﷺയും ആ ദിവസം അപ്രകാരം ചെയ്യും. പ്രവാചകന്‍ ﷺ മദീനയിലേക്ക് ഹിജ്റ ചെയ്തു കഴിഞ്ഞ്, അദ്ദേഹം ആശൂറാഅ് ദിവസം വീണ്ടും നോമ്പെടുത്തു; കൂടാതെ മറ്റ് അനുചരന്മാരോടും ഈ ദിവസം നോമ്പ് എടുക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് റമളാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധിതമായതോടെ, അദ്ദേഹം പറഞ്ഞു: ‘ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ ഈ ദിവസം നോമ്പ് എടുക്കാം; ആഗ്രഹമില്ലാത്തവര്‍ക്കത് ഉപേക്ഷിക്കാം.’” (ബുഖാരി, മുസ്‌ലിം)
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റളിയല്ലാഹു അന്‍ഹുമാ) നിവേദനം: “ജാഹിലിയ്യ കാലത്ത് ആളുകള്‍ ആശൂറാഅ് ദിവസം നോമ്പ് എടുക്കാറുണ്ടായിരുന്നു. പ്രവാചകന്‍ ﷺയും മുസ്ലിംകളും റമളാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമായതിനു മുമ്പ് ഈ ദിവസം നോമ്പ് എടുക്കുകയായിരുന്നു.
പിന്നീട് റമളാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമായപ്പോള്‍, പ്രവാചകന്‍ ﷺ പറഞ്ഞു: ‘ആശൂറാഅ് ദിവസം അല്ലാഹുവിന്റെ ദിവസങ്ങളിലൊന്നാണ്. ആഗ്രഹമുള്ളവര്‍ക്ക് ഈ ദിവസം നോമ്പ് എടുക്കാം; അതല്ലാത്തവര്‍ക്ക് അത് ഉപേക്ഷിക്കാം.’” (മുസ്ലിം)
മുഹമ്മദ് നബി ﷺ മക്കയില്‍ ആശൂറാഅ് ദിവസം നോമ്പ് എടുത്തിരുന്നുവെന്നത് ആദ്യം നിവേദനം ചെയ്തത് ആയിശ (റളിയല്ലാഹു അന്‍ഹാ) മാത്രമായിരുന്നു എന്നും, അതിന്റെ അടിസ്ഥാനത്തില്‍ ആശൂറാഅ് നോമ്പ് ഒരു നിസ്സാര അവകാശവാദമാണെന്നും ആരോപിക്കുന്ന പിഴച്ചവരായ റാഫിദികളും അവരെപ്പോലെയുളള സുന്നത്തിന്റെ എതിരാളികളുണ്ട്. അത്തരം തെറ്റായ ആരോപണങ്ങളെ തള്ളിക്കളയാന്‍ ഇബ്നു ഉമര്‍ (റളിയല്ലാഹു അന്‍ഹു)നിവേദനം ചെയ്ത ഈ ഹദീഥ് പര്യാപ്തമാണ്. വേറെയും സ്വഹാബികള്‍ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട് എന്നുളളതും നമ്മള്‍ ഇതോടൊപ്പം മനസ്സിലാക്കണം.
ഇമാം നവവി (റഹിമഹുല്ലാഹ്) പറഞ്ഞു: "ഇതിലെ ഹദീസുകള്‍ എല്ലാം സമാഹരിച്ച് കൊണ്ടുള്ള രത്നചുരുക്കം ഇതാണ്: ജാഹിലിയ്യ കാലത്ത് അവിശ്വാസികളായ ഖുറൈശികളും മറ്റുളളവരും യഹൂദികളും ആശൂറാഅ് ദിവസം നോമ്പ് എടുക്കാറുണ്ടായിരുന്നു.
ഇസ്ലാം ഈ ദിവസത്തിലെ നോമ്പ് ശക്തമായി അനുശാസിച്ച് കൊണ്ടാണ് വന്നത്. പിന്നീട്, അതിന്റെ നിര്‍ബന്ധിതത്വം അത്ര ശക്തമല്ലാത്തതായിത്തീര്‍ന്നു." (ശര്‍ഹ് മുസ്ലിം (8/9,10)
ഖുറൈശ് ഗോത്രക്കാര്‍ ജാഹിലിയ്യത്തില്‍ ആശൂറാഅ് ദിവസം നോമ്പ് എടുത്തിരുന്നത് ഈ ദിവസത്തെ പ്രാധാന്യപൂര്‍വ്വം അവര്‍ കണ്ടിരുന്നു എന്നത് അറിയിക്കന്നുണ്ട്. ഈ നോമ്പ് അവര്‍ക്കിടയില്‍ ഒരു നിയമമായി അറിയപ്പെടുകയും, അതിന്റെ മഹത്വം അവര്‍ക്ക് ബോധ്യപ്പെട്ടിരുന്നതായും ഇത് സൂചിപ്പിക്കുന്നു. ഇബ്രാഹിം നബി (അലൈഹിസ്സലാം), ഇസ്മാഈല്‍ നബി (അലൈഹിസ്സലാം) എന്നിവരോടാണ് ഞങ്ങള്‍ക്ക് അനുഭാവമുളളത് എന്ന് അവരുടെ അറിയപ്പെട്ട പ്രഖ്യാപനമാണ്. അതിന്റെ അടിസ്ഥാനത്തില്‍, ഈ നോമ്പ് ആ മഹാന്മാരില്‍ നിന്നും വന്നിട്ടുളള ഒരു ശരീഅത്ത് ആചാരമാണെന്നു വിശ്വസിച്ചാണ് അവര്‍ അന്ന് ആ നോമ്പ് എടുത്തിരുന്നതെന്ന് ഇമാം ഖുര്‍തുബി(റഹിമഹുല്ലാഹ്)യെ പോലുളള പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നത്. ഹജ്ജിന്റെ പല സന്ദര്‍ഭങ്ങളിലും ഇബ്രാഹിം നബി (അലൈഹിസ്സലാം) യുടെ മതവുമായി ബന്ധപ്പെടുത്തി കൊണ്ട് അവര്‍ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നവരാണ്.
ആശൂറാഅ് ദിവസത്തിന്റെ മഹത്വം സംബന്ധിച്ചും, ആ ദിവസം നോമ്പ് എടുക്കുന്നത് ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനുളള കാരണമായി കണക്കാക്കപ്പെടുന്നതും, അതിന്റെ തീയ്യതി മുഹറം മാസത്തിലെ പത്താം ദിവസമാണ് എന്നതിനെ സംബന്ധിച്ചുമുളള മുസ്‍ലിംകള്‍ക്കിടയിലുളള വിശ്വാസം സഹീഹായ ഹദീഥുകളില്‍ നിന്നും വ്യക്തമായി സ്ഥിരപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ റാഫിദികള്‍ അംഗീകരിച്ച അവരുടെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലും അറിഞ്ഞോ അറിയാതെയോ പ്രതിപാദിച്ചിട്ടുണ്ട്! അങ്ങിനെയിരിക്കെ, ഇവയൊക്കെ യഹൂദരില്‍ നിന്നും സ്വീകരിച്ച ഇസ്രാഈലിയാത്തുകളോ, അല്ലെങ്കില്‍ ഉമവീ ഭരണാധികാരികള്‍ നിര്‍മ്മിച്ചെടുത്ത പുത്തന്‍ അനുഷ്ഠാനങ്ങളോ ആണെന്ന അവകാശവാദങ്ങള്‍ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും?
അതിനാല്‍, ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളുടെ പേരില്‍ തന്നിഷ്ടങ്ങള്‍ നടപ്പില്‍ വരുത്തുകയും, സഹീഹായ സുന്നത്തുകളെ തള്ളിക്കളയുകയും ചെയ്യുന്ന റാഫിദികളുടെയും അവരെ സഹായിക്കുന്നവരുടെയും കള്ളാരോപണങ്ങള്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. അവരുടേത് ചരിത്രത്തെയും പ്രമാണത്തെയും അവഗണിച്ചുള്ള വിമര്‍ശനങ്ങളാണ്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ക്വുര്‍ആനിലും സഹീഹായ സുന്നത്തിലും വന്നിട്ടുളള ശരിയായ മാര്‍ഗദര്‍ശനം ലഭിക്കുന്ന അറിവുകള്‍ സ്വീകരിക്കേണ്ടത് നമ്മുടെയെല്ലാം ബാധ്യതയാണ്. മതപരമായ കാര്യങ്ങള്‍ അടിസ്ഥാനരഹിതമായ വിദ്വേഷം കൊണ്ട് മറച്ചു വക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ്, അഹ്‌ലുസ്സുന്നഃ വല്‍ ജമാഅത്തിന്റെ തെളിവുകളെയും പാരമ്പര്യത്തെയും മാനിച്ച്, സത്യം സ്വീകരിക്കേണ്ടത് സ്വര്‍ഗപ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് അനിവാര്യമാണ്.
