അനുകരണത്തിന്റെ അപകടവും തൗഹീദിന്റെ അതിര്‍വരമ്പുകളും
അന്‍വര്‍ അബൂബക്കര്‍
Last Update 28 January 2026, 9 Shaʻban, 1447 AH
ചോദ്യം: മുഹമ്മദ് നബിﷺ ഏത് യുദ്ധത്തിലേക്ക് പുറപ്പെടുമ്പോഴാണ് ദാതു അന്‍വാത്വ് എന്ന് പറയപ്പെടുന്ന മുശ്‌രിക്കുകളുടെ ഒരു വൃക്ഷത്തിന് സമീപത്തുകൂടെ നടന്നുപോയത്?
ഉത്തരം: ഹുനൈന്‍ യുദ്ധം
അബൂ വാഖിദ് അല്‍ലൈഥി (റളിയല്ലാഹു അന്‍ഹു) നിവേദനം: “ഞങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകﷺനോടൊപ്പം ഹുനൈന്‍ യുദ്ധത്തിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെ കുഫ്റില്‍ കഴിഞ്ഞിരുന്ന പുതുതായി ഇസ്‌ലാമില്‍ പ്രവേശിച്ചവരായിരുന്നു. മുശ്‍രിക്കുകള്‍ക്ക് ഒരു വൃക്ഷം ഉണ്ടായിരുന്നു; അതിന് ചുറ്റുമിരുന്ന് അവര്‍ ആരാധന നടത്തുകയും അവരുടെ ആയുധങ്ങള്‍ അതില്‍ തൂക്കിവെക്കുകയും ചെയ്തിരുന്നു. അതിന് ‘ദാത്തു അന്‍വാത്ത്’ എന്നായിരുന്നു അവര്‍ നാമകരണം ചെയ്തിരുന്നത്. അങ്ങനെ ഞങ്ങള്‍ ഒരു വൃക്ഷം കടന്നുപോയപ്പോള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ! അവര്‍ക്കുള്ള ദാത്തു അന്‍വാത്ത് പോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത് ഒരുക്കി തന്നാലും.’ അപ്പോള്‍ നബിﷺ പറഞ്ഞു:
‘അല്ലാഹു അക്ബര്‍! ഇതെല്ലാം മുന്‍കാല ജനതകളുടെ വഴികളാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ സത്യം! ഇസ്രായീല്‍ സമുദായം മൂസാ നബി (അലൈഹിസ്സലാം)യോട് “അവര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ ഉണ്ടാക്കി തരണം” എന്ന് പറഞ്ഞതുപോലെ തന്നെയാണ് നിങ്ങള്‍ ഈ പറഞ്ഞതും. തീര്‍ച്ചയായും, നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ വഴികളെ നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യും.’” (മജ്മൂഉ ഫതാവ ഇബ്നുബാസ് 3/337)
പ്രവാചകന്‍ ﷺ തന്റെ അനുചരന്‍മാരെ, അവര്‍ നേരിടുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പരിശീലിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നത്. ആവശ്യകത ഉണ്ടാകുന്ന സമയത്ത് നല്‍കുന്ന വിശദീകരണം ഹൃദയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ പതിയുകയും കൂടുതല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്.
ഹുനൈന്‍ എന്നത് ത്വാഇഫിനടുത്തായി, അറഫയുടെ ഭാഗത്തുനിന്ന് മക്കയിലേക്കുള്ള പാതയില്‍ ഏകദേശം പത്തിരുപതു മൈല്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു താഴ്‌വരയാണ്. അവിടെയായിരുന്നു മുസ്ലിംകളുടെയും ഹവാസിന്‍ ഗോത്രത്തിന്റെയും ഇടയില്‍ നടന്ന പ്രസിദ്ധമായ ഹുനൈന്‍ യുദ്ധം. റസൂലുല്ലാഹിﷺ ഈ യുദ്ധത്തിനായി പുറപ്പെട്ടപ്പോള്‍, അവര്‍ മുശ്‍രികുകള്‍ക്ക് ഉള്ള ഒരു വൃക്ഷത്തിന്റെ സമീപം കടന്നുപോയി. ആ വൃക്ഷം മുശ്‍രികുകള്‍ അത്യന്തം മഹത്വപ്പെടുത്തി ആരാധനാഭാവത്തോടെ സമീപിച്ചിരുന്ന ഒന്നായിരുന്നു. അവര്‍ അതിനരികില്‍ ജാഹിലിയ്യാ കാലഘട്ടത്തിലെ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ഓരോ വര്‍ഷവും അതിനെ സമീപിക്കുകയും ചെയ്തിരുന്നു. ആ വൃക്ഷത്തിന് ‘ദാത്തു അന്‍വാത്’ എന്നായിരുന്നു പേര്. ‘നൗത്’ എന്ന പദത്തിന്റെ ബഹുവചനമാണ് ‘അന്‍വാത്’; അതായത് എന്തെങ്കിലും വസ്തുക്കള്‍ തൂക്കിയിടുന്നതെന്നര്‍ഥം. ‘ദാത്തു അന്‍വാത്’ എന്നു പറഞ്ഞാല്‍ ‘തൂക്കിയിടാനുള്ള വസ്തുക്കള്‍ ഉള്ള വൃക്ഷം’ എന്നാണ് അര്‍ഥം. അവര്‍ ആ വൃക്ഷത്തില്‍ അവരുടെ ആയുധങ്ങളും മറ്റു സാധനങ്ങളും ഭക്തിയോടെ തൂക്കിയിടുമായിരുന്നു. അപ്പോള്‍ പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവന്ന സ്വഹാബികളില്‍ ചിലര്‍ നബിﷺയോട് അതിന്റെ ഗൌരവം തിരിച്ചറിയാതെ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത് ഒരുക്കിത്തന്നാലും.’ അഥവാ, മുശ്‍രിക്കുകല്‍ ചെയ്യുന്ന പോലെ നമുക്കും നമ്മുടെ ആയുധങ്ങള്‍ തൂക്കിയിടാന്‍ ഒരു വൃക്ഷം വേണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന. ഇത് അല്ലാഹുവിന് പ്രിയങ്കരമായ ഒരു കാര്യമാകുമെന്ന തെറ്റിദ്ധാരണയോടെയും, അതിലൂടെ അല്ലാഹുവിന്റെ സമീപ്യം നേടാമെന്ന ധാരണയോടെയുമാണ് അവര്‍ ഇങ്ങനെ അഭ്യര്‍ഥിച്ചത്. നബിﷺഅതിന് അനുമതി നല്‍കിയാല്‍ ആ വൃക്ഷത്തില്‍ ബറകത്ത് ഉണ്ടായേക്കുമെന്നായിരുന്നു അവരുടെ വിചാരം. നബിﷺയുടെ സ്വഹാബികള്‍ ആ വൃക്ഷം സൃഷ്ടിപ്പ് നടത്തുകയോ ഉപജീവനം നല്‍കുകയോ ചെയ്യില്ലെന്ന് വ്യക്തമായി അറിയുന്നവരായിരുന്നു. അപ്പോള്‍ നബിﷺ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്!’”. “നബിﷺ അവരോട് അത്ഭുതവും തിരസ്കാരവും പ്രകടിപ്പിക്കുന്നതു പോലെയായിരുന്നു ഈ പ്രതികരണം; ഇത്തരത്തിലുള്ള ഒരു ആവശ്യം അവര്‍ ഉന്നയിച്ചതിനെ അദ്ദേഹം നിഷേധിച്ചു. അല്ലാഹു അവരെ ഇസ്‌ലാം വഴി മഹത്വപ്പെടുത്തുകയും ജാഹിലിയ്യാ ആചാരങ്ങളെ പൂര്‍ണമായി ഉപേക്ഷിപ്പിക്കുകയും ചെയ്ത ശേഷമാണ്, അവര്‍ അത്തരം രീതികള്‍ അനുകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. അതിനാലാണ്, അവരെ അനുകരിക്കുന്നതിനെ നബിﷺ ശക്തമായി അപലപിച്ചത്; കാരണം അങ്ങനെ ചെയ്യുന്നത്, അനുവദനീയമല്ലാത്ത കാര്യവും അവരെ പിന്തുടരുന്നതിലേക്ക് നയിക്കുന്ന ഒരു മോശപ്പെട്ട വഴിയുമാകുന്നു. അതുകൊണ്ടുതന്നെ നബിﷺ അവരോട് ഒരു ഉദാഹരണം പറഞ്ഞു: ‘ഇത് മൂസാ നബി(അലൈഹിസ്സലാം)യുടെ ജനങ്ങള്‍ പറഞ്ഞതുപോലെയാണ്:
“ഞങ്ങള്‍ക്കും അവര്‍ക്കുള്ളതുപോലെ ഒരു ഇലാഹിനെ ഉണ്ടാക്കി തരണം” (അ്‌റാഫ്: 138).’
അഥവാ, നിങ്ങള്‍ ഉന്നയിക്കുന്ന ഈ ആവശ്യം, ഇസ്രാഈല്‍ സമൂഹം മൂസാ നബി (അലൈഹിസ്സലാം)യോട് ഉന്നയിച്ചതിനോട് സമാനമാണ്; മുശ്‍രികുകള്‍ക്ക് ഉള്ളതുപോലെ അവര്‍ക്കും വിഗ്രഹങ്ങള്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട്, അല്‍പകാലത്തിനുള്ളില്‍ തന്നെ ദുഷ്ഠനായ സാമിരി അവര്‍ക്കായി സ്വര്‍ണ്ണത്തില്‍നിന്നുള്ള ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; അവര്‍ അതിനെ ആരാധിക്കുകയും ചെയ്തു. ഹാറൂണ്‍ നബി (അലൈഹിസ്സലാം) അവരോടൊപ്പം ഉണ്ടായിരിക്കെ, മൂസാ നബി (അലൈഹിസ്സലാം) തന്റെ റബ്ബിന്റെ കല്‍പനപ്രകാരം ത്വൂര്‍പര്‍വ്വതത്തിലേക്ക് പോയിരിക്കെ തന്നെയാണ് ഇത് സംഭവിച്ചത്.
ഇതിലൂടെ, അല്ലാഹുവിന്റെ നടപടി ഒരു പരീക്ഷണമായി ഈ ഉമ്മത്തിലുമെല്ലാം പ്രാബല്യത്തില്‍ വരുന്നതാണെന്നും, അതിന്റെ തുടക്കം നബിﷺ യുടെ ജീവിതകാലത്തുതന്നെ സംഭവിച്ചതാണെന്നും മനസ്സിലാക്കാം.
അതിനുശേഷം തന്റെ ആത്മാവിന്റെ കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്ന അല്ലാഹുവിനെ സാക്ഷിയാക്കി നബിﷺ സത്യം ചെയ്യുകയാണ് ‘തീര്‍ച്ചയായും, നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ വഴികളെ നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യും.’ അതായത്, ഇസ്‌ലാമിന്റെ ഉത്തമ സമുദായത്തില്‍പെട്ട നിങ്ങള്‍, നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞ മുശ്‍രികുകള്‍, യഹൂദര്‍, ക്രൈസ്തവര്‍ എന്നിവര്‍ ചെയ്തതുപോലെ തന്നെയാണ് പല കാര്യങ്ങളിലും പ്രവര്‍ത്തിക്കുക; അവരുടെ വഴികളിലൂടെയാണ് നിങ്ങള്‍ നടക്കുക, അവരുടെ രീതികളും സമീപനങ്ങളും പിന്തുടരുക, അവരുടെ വഴികേടുകളിലുളള മാതൃകകളെ അനുസരിച്ചാണ് നിങ്ങള്‍ മുന്നേറുക എന്നര്‍ത്ഥം. ഇത്, അവരെ അനുകരിച്ചവരോടോ അവരുടെ പ്രവര്‍ത്തികള്‍ ചെയ്തവരോടോ അവരെപ്പോലെ പെരുമാറിയവരോടോ നബിﷺ നടത്തിയ ശക്തമായ അപലപനമാണ്. സ്വഹാബികള്‍ പറഞ്ഞ കാര്യത്തെ അവഗണിച്ച് മൗനം പാലിക്കാതെ, നബിﷺ അവര്‍ക്ക് വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കുകയും ഈ വിഷയത്തിന്റെ ഗൗരവം ശക്തമായി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വാക്കുകളെയും പ്രവൃത്തികളെയും ലഘുവായി കാണാതിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു ഇത്, തിന്മകളിലേക്കുളള വഴി തുറന്ന് കൊടുക്കാതിരിക്കാനായുള്ള നടപടി കൂടിയായിരുന്നു ഇത്. അതേസമയം, നബിﷺഅവരുടെമേല്‍ കുഫ്ര്‍ ആരോപിച്ച് വിധിച്ചില്ല; കാരണം തക്ഫീറിന് ആവശ്യമായ നിബന്ധനകള്‍ അവിടെ പൂര്‍ണമായും നിറവേറ്റപ്പെട്ടിരുന്നില്ല. അവര്‍ പുതുതായി ഇസ്‌ലാമില്‍ പ്രവേശിച്ചവരായിരുന്നു; തങ്ങള്‍ പറഞ്ഞ വാക്കിലെ വിലക്കിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല.
തൗഹീദിന്റെ വിശുദ്ധി സംരക്ഷിക്കുകയും, ശിര്‍ക്കിലേക്കു നയിക്കുന്ന എല്ലാ വഴികളും അടച്ചുപൂട്ടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ ഹദീഥ് അറിയിക്കുന്നുണ്ട്. സത്യനിഷേധികളെയും ബഹുദൈവവിശ്വാസികളെയും അനുകരിക്കുകയോ അവരെ മാതൃകയാക്കുകയോ ചെയ്യുന്നതിന്റെ നിരോധനവും, ജാഹിലിയ്യാ ആചാരങ്ങളും പ്രവൃത്തികളും പൂര്‍ണമായി ഉപേക്ഷിക്കേണ്ടതിന്റെ നിര്‍ദ്ദേശവും ഈ ഹദീഥിലുണ്ട്. തിന്മകള്‍ ബോധവത്കരിക്കുന്ന സാഹചര്യത്തില്‍, ആവശ്യമായാല്‍ ശക്തമായ തിരസ്കാരവും കോപപ്രകടനവും കാണിക്കുന്നത് അനുവദനീയമാണെന്നും ഈ ഹദീഥ് നല്‍കുന്ന പാഠത്തിലുണ്ട്. അറിവിലും സദ്ഗുണങ്ങളിലും മുന്നില്‍ നില്‍ക്കുന്നവരില്‍ നിന്നുപോലും, അറിയാതെ തന്നെ ശിര്‍ക്ക് സംഭവിക്കാമെന്ന മുന്നറിയിപ്പ് വളരെ ഗൌരവത്തോടുകൂടി നാം ജാഗ്രതപുലര്‍ത്തണം. കാരണം, നബിﷺയുടെ പ്രകടമായ മുഅ്ജിസത്ത് അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ പിന്നീട് യഥാര്‍ഥത്തില്‍ സംഭവിച്ചു എന്നുളളത് വ്യക്തമായ തെളിവുതന്നെ. അല്ലാഹു നമ്മെ ഏവരെയും ശിര്‍ക്കില്‍ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ, ആമീന്‍.
