അല്ലാഹുവിനെകൊണ്ട് സത്യംചെയ്യുന്നതില്‍ തൃപ്തിപ്പെടല്‍

അന്‍വര്‍ അബൂബക്കര്‍

Last Update 25 July 2025, 30 Muharram, 1447 AH

ചോദ്യം: ഒരു പ്രവാചകന്‍ ഒരാള്‍ മോഷ്ടിക്കുന്നത് കണ്ടു. അക്കാര്യം ആ മോഷ്ടാവിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ആരാധനക്കര്‍ഹനായി മറ്റാരും ഇല്ലാത്ത ഒരുവന്‍ തന്നെയാണ് സത്യം, ഞാന്‍ മോഷ്ടിച്ചിട്ടില്ല”. അപ്പോള്‍ ആ പ്രവാചകന്‍ പറഞ്ഞു “ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, എന്‍റെ കണ്ണുകളെ അവിശ്വസിക്കുകയും ചെയ്യുന്നു.” ഇപ്രകാരം പറഞ്ഞ ആ പ്രവാചകന്‍ ആരാണ്?

ഉത്തരം: ഈസാ ഇബ്നു മര്‍യം (അലൈഹിസ്സലാം)

അബൂഹുറൈറ (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്റെ പ്രവാചകന്‍(ﷺ) പറഞ്ഞു: “ഈസാ ഇബ്നു മര്‍യം ഒരാള്‍ മോഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ ഈസാ(അലൈഹിസ്സലാം) അദ്ദേഹത്തോട് ചോദിച്ചു: ‘നീ മോഷ്ടിച്ചുവോ?’. അവന്‍ പറഞ്ഞു: ‘ആരാധനക്കര്‍ഹനായി മറ്റാരും ഇല്ലാത്ത ഒരുവന്‍ തന്നെയാണ സത്യം, ഞാന്‍ മോഷ്ടിച്ചിട്ടില്ല.’ ഇതു കേട്ട ഈസാ (അലൈഹിസ്സലാം) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, എന്‍റെ കണ്ണുകളെ അവിശ്വസിക്കുകയും ചെയ്യുന്നു.’“ (ബുഖാരി, മുസ്ലിം)

അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറഞ്ഞാല്‍ അത് തൃപ്തിപ്പെടേണ്ടതിന്റെ ഗൌരവം സൂപിപ്പിക്കുന്ന വലിയ നൈതിക മൂല്യമുള്ള ഹദീഥാണ് മുകളിലുദ്ധരിച്ചത്. ഇത് പ്രവാചകന്മാര്‍ അല്ലാഹുവിനെ എത്രമാത്രം മഹത്വപ്പെടുത്തി ആദരവോടെ കാണുന്നവരായിരുന്നു എന്നത് വ്യക്തമാക്കുന്നു. ഈസാ (അലൈഹിസ്സലാം) ഒരാള്‍ മോഷ്ടിക്കുന്നതായി കാണുന്നു, എന്നാല്‍ ആ വ്യക്തി അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു ‘ഞാന്‍ മോഷ്ടിച്ചിട്ടില്ല’. അയാള്‍ അത് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തതു പറയുന്നതുകൊണ്ട്, ഈസാ നബി (അലൈഹിസ്സലാം) സ്വന്തം കണ്ണുകളെക്കാള്‍ ആ വ്യക്തിയുടെ വാക്കിനെ വിശ്വസിച്ചു.

ഇബ്നുല്‍ ക്വയ്യിം(റഹിമഹുല്ലാഹ്) പറഞ്ഞതായി ഇബ്നു ഹജര്‍(റഹിമഹുല്ലാഹ്) ഈ ഹദീഥിന്റെ ശര്‍ഹില്‍ ഉദ്ധരിക്കുന്നു: “അല്ലാഹുവിനെ കുറിച്ചുളള ഭയത്തോടെ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് ഇയാള്‍ പറയുന്നത് വാസ്തവമാണെന്ന് ഈസാ നബി (അലൈഹിസ്സലാം) കരുതി. അല്ലാഹുവിലുളള അയാളുടെ വിശ്വാസം ആ പറഞ്ഞതിനെ പരിഗണിക്കാന്‍ ഈസാ നബി(അലൈഹിസ്സലാം)യെ പ്രേരിപ്പിച്ചു. ഈസാ നബി(അലൈഹിസ്സലാം)യുടെ സ്വന്തം കണ്ണുകള്‍ അദ്ദേഹത്തെ വഞ്ചിച്ചുവെന്നും, കാണാത്ത ഒരു കാര്യം കണ്ടുവെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അതുകാരണം ഈസാ നബി (അലൈഹിസ്സലാം) പറഞ്ഞു: ‘ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, എന്‍റെ കണ്ണുകളെ അവിശ്വസിക്കുകയും ചെയ്യുന്നു.’”

മോഷ്ടാവിന് ഈസാ നബി (അലൈഹിസ്സലാം)യെ ഒരുപക്ഷെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അവന്‍ ഒരിക്കലും അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുകയില്ല! പ്രവാചകന്‍മാരെയും ദൂതന്മാരെയും, അല്ലാഹുവിന്റെ അടിമകളെ നിരീക്ഷിക്കാനായി അവന്‍ നിയോഗിച്ചതല്ല. എല്ലാവരെയും കാണുകയും അവരെക്കുറിച്ച് കൃത്യമായി അറിയുകയും ചെയ്യുന്നവന്‍ അല്ലാഹുവാണ്. അവര്‍ക്കുളള ശിക്ഷ നല്‍കേണ്ടതുണ്ടോ ഒഴിവാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും അവനാണ്. പ്രവാചകന്‍മാര്‍ക്ക് അതിന് അധികാരം നല്‍കിയിരുന്നില്ല, അല്ലാഹു അവരെ ന്യായാധിപന്‍മാരായി നിയോഗിച്ചിരുന്നില്ലെങ്കില്‍ മാത്രമല്ലാതെ.

ഈസാ നബി(അലൈഹിസ്സലാം) ഒരുപാട് ധിഷണയുള്ള വ്യക്തിത്വമായിരുന്നു. ആര് സത്യസന്ധനാണെന്നും ആര് കള്ളനാണെന്നും തിരിച്ചറിയാനുള്ള കഴിവും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും, അല്ലാഹുവിനെ കുറിച്ചുള്ള ബോധവും ആദരവും അദ്ദേഹം സ്വയം കണ്ട കാഴ്ചയെക്കാള്‍ അല്ലാഹുവിന്റെ നാമം ഉയര്‍ത്തിപ്പിടിക്കാനാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കാരണം, അല്ലാഹുവിനെകൊണ്ട് സത്യംചെയ്യുന്നതില്‍ തൃപ്തിപ്പെടുന്നത് അല്ലാഹുവിനോടുള്ള ആദരവും ഭക്തിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു)വില്‍ നിന്നും നിവേദനം, അല്ലാഹുവിന്റെ റസൂല്‍(ﷺ) പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യരുത്. ആരെങ്കിലും അല്ലാഹുവില്‍ സത്യം ചെയ്യുന്നുവെങ്കില്‍ അവന്‍ സത്യസന്ധത പുലര്‍ത്തട്ടെ. ഒരാളോട് അല്ലാഹുവില്‍ സത്യം ചെയ്ത് ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അയാള്‍ തൃപ്തിപ്പെടട്ടെ. ആര് അത് തൃപ്തിപ്പെടുന്നില്ലയോ അവന്‍ അല്ലാഹുവിന്റെ കക്ഷിയില്‍ പെട്ടവനല്ല.” (ഇബ്നുമാജ, അല്‍ബാനി(റഹിമഹുല്ലാഹ്) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്). സത്യം ചെയ്യുന്നതും അത് സ്വീകരിക്കുന്നതും, ഇരുവരുടെയും മനസ്സില്‍ അല്ലാഹുവിനോടുള്ള ആദരവും ഭക്തിയും ഉണ്ടാകണം എന്നതും വളരെ പ്രധാനമാണ്. ഈ ഹദീസില്‍ നിന്ന് നാം മൂന്ന് പ്രധാന കാര്യങ്ങള്‍ ഉള്‍കൊള്ളേണ്ടതുണ്ട്:

1. അല്ലാഹു അല്ലാത്തവരെ കൊണ്ടുള്ള സത്യം നിരോധിക്കപ്പെട്ടിരിക്കുന്നു.

2. അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുമ്പോള്‍, അതു കേള്‍ക്കുന്നവന്‍ അതില്‍ തൃപ്തിപ്പെടണം എന്നതാണ് കല്‍പന.

3. അത് തൃപ്തിയോടെ സ്വീകരിക്കാത്തവര്‍, 'അവന്‍ അല്ലാഹുവിന്റെ കക്ഷിയില്‍പ്പെട്ടവനല്ല' എന്ന കഠിനമായ മുന്നറിയിപ്പ് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

സത്യം ചെയ്യുന്നവന്‍ അതില്‍ സത്യസന്ധത പാലിക്കണം. അല്ലാഹുവിന്റെ പേരില്‍ കള്ളമായി സത്യം ചെയ്യുന്നത് ഒരിക്കലും അനുവദനീയമല്ല. അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ മഹത്വത്തെ നിന്ദിക്കുന്നതുപോലെയാണ്. അതുപോലെ, ഒരാളുടെ വാക്ക് അല്ലാഹുവിന്റെ പേരില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, അതു കേള്‍ക്കുന്നവന്‍ അല്ലാഹുവിനോടുള്ള ആദരവിനാല്‍ അതില്‍ തൃപ്തിപ്പെടണം. ഈസാ നബി(അലൈഹിസ്സലാം)യുടെ സംഭവത്തില്‍, പ്രവാചകന്മാര്‍ ഈ വിഷയത്തില്‍ എത്രമാത്രം സൂക്ഷ്മതയും ആദരവും പുലര്‍ത്തിയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. പ്രവാചകന്മാരും ദൂതന്മാരും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനും പുകഴ്ത്തുന്നതിനും മറ്റുള്ളവരേക്കാള്‍ പ്രത്യേകതയുള്ളവര്‍ തന്നെ ആയിരുന്നു. ഇവര്‍ അല്ലാഹുവിനോടുള്ള ഭക്തിയിലും ആദരവിലും അത്യുന്നതമായ മാതൃകകളാണ്. അവരുടെ ഈ ദൈവഭക്തിയും ആദരവുമാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടതായ ഉത്തമ മാതൃക.

തർബിയ : മറ്റു ലേഖനങ്ങൾ