പിതാവും മകനും തമ്മിലുളള ബന്ധം

അന്‍വര്‍ അബൂബക്കര്‍

Last Update 27 June 2025, 2 Muharram, 1447 AH

ചോദ്യം: കുര്‍ആനിൽ, ഒരു മകൻ തന്‍റെ അനുഭവം പിതാവിനോട് പങ്കുവച്ചപ്പോൾ, പിതാവ് അതിന് പരിഹാരമായുളള ഉപദേശം നൽകുകയുണ്ടായി. ആരാണ് ഈ പിതാവും മകനും?

ഉത്തരം: യഅ്ക്വൂബ് നബി (അലൈഹിസ്സലാം) - യൂസുഫ് നബി (അലൈഹിസ്സലാം)

അല്ലാഹു പറഞ്ഞു: “യൂസുഫ് അദ്ദേഹത്തിന്‍റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)! എന്‍റെ പിതാവേ, ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും സ്വപ്നം കണ്ടു, അതായതു, എനിക്ക് 'സുജൂദു' ചെയ്യുന്നവരായി അവരെ ഞാന്‍ കണ്ടു. അദ്ദേഹം പറഞ്ഞു: 'കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നിന്‍റെ സഹോദരന്മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്; എന്നാല്‍, വല്ല തന്ത്രം നിന്നോടു പ്രയോഗിച്ചേക്കും. നിശ്ചയമായും, പിശാച് മനുഷ്യനു ഒരു പ്രത്യക്ഷ ശത്രുവാകുന്നു. 'അപ്രകാരം, നിന്‍റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്കു അവന്‍ വര്‍ത്തമാനങ്ങുടെ വ്യാഖ്യാനത്തില്‍ നിന്നും പഠിപ്പിച്ചുതരുകയും ചെയ്യും; നിന്‍റെ മേലും, യഅ്ക്വൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും; മുമ്പ് നിന്‍റെ രണ്ടു പിതാക്കള്‍ ഇബ്രാഹീമിന്‍റെയും, ഇസ്ഹാഖിന്‍റെയും മേല്‍ അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ. നിശ്ചയമായും, നിന്‍റെ റബ്ബ് സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു'” (യൂസുഫ് 4-6)

യൂസുഫ് നബി (അലൈഹിസ്സലാം) തന്‍റെ അനുഭവത്തിലുണ്ടായ സ്വപ്നം പിതാവായ യഅ്ക്വൂബ് നബി(അലൈഹിസ്സലാം)യോട് തുറന്നുപറയുന്നുണ്ട്. ഇത്, ഒരു കുട്ടിക്ക് തന്‍റെ ആശങ്കകളും സംശയങ്ങളും പ്രകടിപ്പിക്കാനുളള ആത്മാർത്ഥ ബന്ധം ഒരു പിതാവുമായി ഉണ്ടാകേണ്ടതിന്‍റെ മഹത്തരമായ ഉദാഹരണമാണ്. ഒരു മകനും ഒരു പിതാവും തമ്മിലുള്ള നല്ല ബന്ധം കുടുംബ ജീവിതത്തിന്‍റെ ആധാരശിലയാണ്. ഒരു പിതാവ്, തന്‍റെ മകന്‍റെ ആശങ്കകള്‍ മനസ്സിലാക്കി അവനെ ശാന്തനാക്കുമ്പോൾ, പിതൃത്വത്തിന്‍റെ സ്നേഹപൂർവ്വമായ ദൗത്യത്തെയാണത് പ്രതിഫലിപ്പിക്കുന്നത്. മക്കളുടെ വാക്കുകള്‍ മനസ്സോടുകൂടെ കേൾക്കാനും അവരെ വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടു നയിക്കാനും കഴിവുള്ള പിതാവാണ് കുടുംബ ജീവിതത്തിന്‍റെ ഉജ്ജ്വല മാതൃക.

യഅ്ക്വുബ് നബി(അലൈഹിസ്സലാം) തന്‍റെ മകനെ സ്വപ്നത്തിന്‍റെ മഹത്വം ബോധ്യപ്പെടുത്തുകയും, അല്ലാഹു അവനെ പ്രത്യേക ദൗത്യത്തിന് തെരഞ്ഞെടുത്തിരിക്കുന്നു എന്ന ആത്മവിശ്വാസം നല്‍കുകയും ചെയ്തു. ഇസ്ലാമിക സന്താനപരിപാലനത്തിൽ, മക്കളുടെ കഴിവുകളും പ്രത്യേകതകളും തിരിച്ചറിയുകയും, അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഒരു പിതാവിന്‍റെ അത്യന്താപേക്ഷിതമായ ഉത്തരവാദിത്തമാണ്. ഭയത്തിലേക്കല്ല, വിശ്വാസത്തിലേക്കാണ് നല്ലൊരു പിതാവ് മക്കളെ നയിക്കേണ്ടത്. അതാണ് യഅ്‍ക്വുബ് നബി(അ)യുടെ മാതൃക!

മക്കൾ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയുന്നതും, മാതാപിതാക്കൾ മക്കളെ മനസ്സിലാക്കി അവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്നതും, ജീവിതത്തിൽ പ്രതിസന്ധികളെ തരണംചെയ്തു മുന്നോട്ടു പോകാനുളള തീരുമാനങ്ങള്‍ നിര്‍ദ്ദേശിച്ചുകൊടുക്കുന്നതും, കഷ്ടപ്പാടുകളിൽ ക്ഷമയോടെ അല്ലാഹുവിൽ സര്‍വ്വതും ത്യജിച്ച് മുന്നേറാന്‍ ഉത്സാഹം ജനിപ്പിക്കുന്നതുമെല്ലാം ഈ പിതാവ്-മകന്‍ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള സമ്പര്‍ക്കം നല്ലതാണെങ്കിൽ, കുടുംബം സമാധാനപൂർണ്ണമായിരിക്കും. പരസ്പരം കൂടിയുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങളിൽ മക്കൾ മനസ്സിലാക്കപ്പെടുകയും ഭാവിയിൽ മികച്ചവരായി വളരുകയും ചെയ്യും. മാതാപിതാക്കളോട് മക്കൾ അവരുടെ പ്രശ്നങ്ങൾ തുറന്ന് പറയാൻ തയ്യാറാകണമെങ്കിൽ, മാതാപിതാക്കളുടെ സമീപനം വിശ്വാസയോഗ്യമായിരിക്കണം. മക്കളുടെ ഭയം, ആശങ്ക, സംശയം എന്നിവ അവഗണിക്കാതെ മാതാപിതാക്കള്‍ ശ്രദ്ധയോടെ അത് കേൾക്കുകയും ആശ്വാസം നൽകുകയും ചെയ്യണം. കേൾക്കാനുള്ള മനസ്സുള്ള മാതാപിതാക്കൾക്ക് മാത്രമേ മക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനാകൂ.

ഇന്നത്തെ ഭൂരിഭാഗം കുടുംബങ്ങളിലും, മക്കളും മാതാപിതാക്കളും തമ്മിലുള്ള തുറന്ന സംസാരത്തിന്‍റെ അഭാവം വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു; മക്കളുടെ ഭയങ്ങളും ആശങ്കകളും അവഗണിക്കപ്പെടുകയോ അവയെ ചെറുക്കുകയോ ചെയ്യുമ്പോൾ, അതിന്‍റെ ഫലമായി അവർ മാതാപിതാക്കളോട് ദൂരെയാകുകയും അവരുടെ പ്രശ്‌നങ്ങൾ ഉള്ളിലൊതുക്കികഴിയേണ്ടി വരികയും ചെയ്യുന്നു. ശാസിക്കാനല്ല, മനസ്സിലാക്കാനാണ് മാതാപിതാക്കൾ ആദ്യമായി ശ്രമിക്കേണ്ടത്. പല കുട്ടികളും അവരുടെ ഭയങ്ങൾക്കും ആശങ്കകൾക്കും അർഹമായ പരിഗണന ലഭിക്കില്ലെന്ന് മുന്‍കൂട്ടിതന്നെ കരുതുന്ന അവസ്ഥയുണ്ട്. അതിന്‍റെ ഫലമായി, അവർ മാതാപിതാക്കളോട് സംസാരിക്കുന്നത് കുറക്കുന്നു, സ്വന്തം പ്രശ്നങ്ങൾ മനസ്സിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ വളർച്ചാകാലത്ത് ഇങ്ങനെ തളർത്തപ്പെടുന്നവർ, ഭാവിയിൽ ശാരീരികമായോ മാനസികമായോ അസ്ഥിരതയും ആത്മവിശ്വാസക്കുറവും അനുഭവിച്ചേക്കാം. സ്വാഭാവിക വളർച്ചക്ക് ആവശ്യമായ ഉത്സാഹവും പ്രോത്സാഹനവും ലഭിക്കാതിരുമ്പോൾ, അവരുടെ വ്യക്തിത്വവും ഭാവിയും പ്രതികൂലമായി ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതൊന്നും ശ്രദ്ധിക്കാത്ത മാതാപിതാക്കളും മനസ്സു തുറക്കാൻ കഴിയാത്ത മക്കളുമുള്ള വീട്ടിൽ, അസ്വസ്ഥതയും ബന്ധത്തിന്‍റെ തകർച്ചയും പ്രകടമായിരിക്കും. അത്തരം വീടുകളിൽ ആത്മവിശ്വാസം കുറവായ കുടുംബത്തിനകത്ത് നിന്നും പിന്തുണ ലഭിക്കാത്ത ഒറ്റപ്പെട്ട വ്യക്തികളാണ് രൂപപ്പെടുക.

ഇതിനുളള പരിഹാരം, മക്കളെ അവരവരുടെ വികാരങ്ങൾ തുറന്നു പറയാൻ പ്രോത്സാഹിപ്പിക്കലാണ്. ശിക്ഷാ ഭീഷണി ഉപേക്ഷിച്ച്, സ്നേഹത്തോടെയും മനസ്സിലാക്കാനുള്ള മനോഭാവത്തോടെയും അവരെ ശ്രദ്ധയോടെ കേൾക്കണം. മാതാപിതാക്കൾ മക്കളുടെ പ്രശ്നങ്ങളിൽ അവഗണനയല്ല, കരുതലോടെയും അനുകമ്പയോടെയും പിന്തുണ നൽകുന്ന ഇടപെടലാണ് നടത്തേണ്ടത്. ഇതിനാൽ, കുടുംബബന്ധം ശക്തിപ്പെടുത്തുകയും, പരസ്പര വിശ്വാസം ഉയർത്തുകയും ചെയ്യാനാകും.

തർബിയ : മറ്റു ലേഖനങ്ങൾ