ദാനധര്‍മ്മത്തില്‍ മുന്നില്‍ നിന്ന മഹതി
അന്‍വര്‍ അബൂബക്കര്‍
Last Update 21 January 2026, 2 Shaʻban, 1447 AH
ചോദ്യം: പ്രവാചകന്‍ﷺയുടെ വിയോഗത്തിന് ശേഷം ആദ്യം മരണപ്പെട്ട അവിടുത്തെ ഭാര്യ ആരാണ്?
ഉത്തരം: സൈനബ് ബിന്‍ത് ജഹ്ശ് (റളിയല്ലാഹു അന്‍ഹ)
അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ അവിടുത്തെ പത്നിമാരോടായി പറഞ്ഞു: “എന്റെ പിന്നാലെ എന്നെ ആദ്യം സമീപിക്കുക നിങ്ങളില്‍ കൈ ഏറ്റവും നീളമുളളവളായിരിക്കും.”(ബുഖാരി, മുസ്‍ലിം) പ്രവാചകന്‍ﷺയുടെ വാക്കിനെ ആദ്യം ശരീരപരമായ അര്‍ത്ഥത്തില്‍ അവിടുത്തെ പത്നിമാര്‍ മനസ്സിലാക്കിയെങ്കിലും, പിന്നീട് ഇവിടെ “നീളമുളള കൈ” എന്നതുകൊണ്ട് ഉദ്ദേശ്യം ദാനധര്‍മ്മത്തില്‍ മുന്നില്‍ നില്‍ക്കുന്നവളെന്ന അര്‍ത്ഥത്തിലാണതെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ തന്നെ പ്രവാചകന്‍ﷺയുടെ വഫാത്തിന് ശേഷം ആദ്യം വഫാത്തായത് സൈനബ് ബിന്‍ത് ജഹ്ശ് (റളിയല്ലാഹു അന്‍ഹ) ആയിരുന്നു എന്നത് ഈ ഹദീഥിന്റെ പ്രായോഗിക വ്യാഖ്യാനമായി ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തുന്നു. ഹദീഥ്-ചരിത്ര പണ്ഡിതര്‍ക്കിടയില്‍ യാതൊരു ഭിന്നാഭിപ്രായവും ഇല്ല.
സൈനബ് (റളിയല്ലാഹു അന്‍ഹ) അത്യന്തം സദഖ നല്‍കുന്ന മഹതിയായിരുന്നു. സദഖ എന്നത് മനുഷ്യന്‍ തന്റെ ആത്മാവിന് വേണ്ടി മുന്‍കൂട്ടി സമര്‍പ്പിക്കുന്ന ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ്. അല്ലാഹുവിന്‍റെ അടുക്കല്‍ അതിന് മഹത്തായ പ്രതിഫലം ലഭിക്കുന്നതുമാണ്. മനുഷ്യന്റെ ഇഹലോകജീവിതത്തെയും പരലോകവിജയത്തെയും ഒരുപോലെ സമ്പന്നമാക്കുന്ന ഒരു ആരാധനാരൂപമായാണ് ഇസ്‌ലാം സദഖയെ അവതരിപ്പിക്കുന്നത്. സദഖയില്‍ അവരുടെ സജീവതയും ഉദാരതയും വ്യക്തമാക്കുന്ന പ്രവാചകന്‍ﷺന്റെ ഉപമ, സൈനബ് (റളിയല്ലാഹു അന്‍ഹ)യുടെ ആത്മീയ മഹത്വത്തെ കൂടുതല്‍ ഉയര്‍ത്തികാണിക്കുന്നു.
ഈ ഹദീഥിനെക്കുറിച്ച് ആയിശ (റളിയല്ലാഹു അന്‍ഹ) പറയുന്നുണ്ട്; അവര്‍ പ്രവാചകന്‍ﷺയുടെ “നീളമുളള കൈ” എന്ന വാക്കിനെ ബാഹ്യമായാണ് മനസ്സിലാക്കിയത്. അതിനാല്‍ ഓരോരുത്തരുടെയും കൈയ്യിന്റെ നീളം അളക്കാന്‍ അവര്‍ വടികള്‍ എടുത്ത് അളവുകള്‍ പരിശോധിച്ചു. ശരീരപരമായി കൈ നീളം കൂടിയവളാണ് ഉദ്ദേശമെന്ന് കരുതി, സൗദ ബിന്‍ത് സമ്അ (റളിയല്ലാഹു അന്‍ഹ)യാണ് അവരില്‍ കൈ നീളം കൂടിയതായി അവര്‍ കരുതിയത്. എന്നാന്‍ പിന്നീട് സൈനബ് ബിന്‍ത് ജഹ്ശ് (റളിയല്ലാഹു അന്‍ഹ) മരണപ്പെട്ടപ്പോള്‍ മാത്രമാണ് പ്രവാചകന്‍ﷺ ഉദ്ദേശിച്ചത് എന്തെന്ന് അവര്‍ക്കു വ്യക്തമായത്. ഉമര്‍(റളിയല്ലാഹു അന്‍ഹു)വിന്റെ ഖിലാഫത്ത് കാലത്താണ് അവര്‍ മരണപ്പെട്ടത്; സൗദ ബിന്‍ത് സമ്അ (റളിയല്ലാഹു അന്‍ഹ) അതിന് ശേഷം മുആവിയ (റളിയല്ലാഹു അന്‍ഹു)വിന്റെ ഖിലാഫത്ത് കാലം വരെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പ്രവാചകന്‍ﷺയുടെ പ്രവാചകത്വത്തിന്റെ സത്യതയെ തെളിയിക്കുന്ന വ്യക്തമായ അടയാളങ്ങളിലൊന്നായി ഈ ഹദീഥ് നിലകൊള്ളുന്നതുമാണ്.
