ഖദീജ: ഈ സമുദായത്തിലെ ശ്രേഷ്ഠ മഹിളാരത്നം

അന്‍വര്‍ അബൂബക്കര്‍

Last Update 17 December 2025, 26 Jumada II, 1447 AH

ചോദ്യം:ഈ സമുദായത്തിലെ ഏറ്റവും ഉത്തമ സ്‍ത്രീ ആരാണെന്നാണ് മുഹമ്മദ് നബിﷺ പറഞ്ഞത്?

ഉത്തരം: ഖദീജ ബിന്‍ത് ഖുവെയ്‍ലിദ് (റളിയല്ലാഹു അന്‍ഹ)

ഖദീജ ബിന്‍ത് ഖുവൈലിദ്‌ (റളിയല്ലാഹു അന്‍ഹാ) നബി ﷺ വിവാഹം ചെയ്ത അവിടുത്തെ ആദ്യ ഭാര്യയാണ്. ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിലെ അതുല്യവും മഹത്തവുമായ വ്യക്തിത്വങ്ങളിലൊരാളായ ഈ മഹിളാരത്നം, നബിﷺയുടെ പ്രവാചകത്വ ദൗത്യത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാചകനു ശക്തമായ പിന്തുണ നല്‍കി. അവരുടെ അചഞ്ചലമായ വിശ്വാസം, അപൂര്‍വ്വമായ ധൈര്യം, ഉദാരമായ സാമ്പത്തിക പിന്തുണ എന്നിവയെല്ലാം ഇസ്‌ലാമിക ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.

അലി (റളിയല്ലാഹു അന്‍ഹു) നിവേദനം: നബി ﷺ പറഞ്ഞു: “സ്ത്രീകളില്‍ ഏറ്റവും ഉത്തമ മര്‍യമായിരുന്നു. അതുപോലെ (ഈ ഉമ്മത്തിലെ) ഏറ്റവും ഉത്തമ സ്‌ത്രീ ഖദീജയാകുന്നു.” (ബുഖാരി, മുസ്‍ലിം)

അലി (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്ത ഈ ഹദീഥില്‍ രണ്ട് മഹതികളുടെ ശ്രേഷ്ഠതയെ നബി ﷺ തന്നെ സ്ഥിരീകരിക്കുന്നതാണ് നാം കാണുന്നത്. അല്ലാഹു അവന്റെ നീതിയും ഹിക്‍മത്തും അനുസരിച്ച് മനുഷ്യരെ ഇഹലോകത്തും പരലോകത്തും പലതരം പദവികളിലേക്ക് ഉയര്‍ത്തുന്നു. ഈ സത്യത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് മറിയം (അലൈഹസ്സലാം)യും ഖദീജ (റളിയളല്ലാഹു അന്‍ഹ)യും നേടിയ സ്ഥാനം. ഇസ്‍ലാമിക പ്രമാണങ്ങളില്‍ എല്ലാവിധ വ്യക്തതയോടും മഹത്വത്തോടും കൂടി ഇവര്‍ രണ്ടുപേരും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മറിയം (അലൈഹസ്സലാം) ബനൂ ഇസ്രായീലില്‍ ശ്രേഷ്ഠ സ്ത്രീയായിരുന്നതുപ്പോലെ, ഖദീജ (റളിയല്ലാഹു അന്‍ഹ) ഈ ഉമ്മത്തിലെ സ്ത്രീകളില്‍ ഏറ്റവും ഉന്നത സ്ഥാനമാണ് നേടിയിരിക്കുന്നത്.

ഹദീസിലെ خَيْرُ نِسَائِهَا (ഖൈറു നിസാഇഹാ) എന്ന വാക്യം ഓരോരുത്തരുടെയും കാലഘട്ടത്തിലെ ശ്രേഷ്ഠതയെ സൂചിപ്പിക്കുന്നതായും, ചില പണ്ഡിതന്‍മാര്‍ ഇതിനെ ഭൂമിയിലെ എല്ലാ സ്ത്രീകളെയും അപേക്ഷിച്ചുള്ള പരിപൂര്‍ണ്ണ ശ്രേഷ്ഠതയെ അറിയിക്കുന്നതാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. മറിയമും (അലൈഹസ്സലാം) ഖദീജയും (റളിയല്ലാഹു അന്‍ഹ)യും ചരിത്രത്തില്‍ അതുല്യമായ സ്ഥാനമുള്ള മഹതികളാണ് എന്ന് തെളിയിക്കുന്നതാണ് ഈ ഹദീഥ്. പ്രത്യേകിച്ച് ഈ സമുദായത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഖദീജ (റളിയല്ലാഹു അന്‍ഹ) വഹിച്ച പങ്കും ആത്മാര്‍ത്ഥമായ പിന്തുണയും നബിﷺയോടുള്ള ഉറച്ച വിശ്വാസവും അവരെ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠ സ്ത്രീയുടെ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഇടയാക്കി. എന്നിരുന്നാലും, മറിയമും (അലൈഹസ്സലാം) ഖദീജയും (റളിയല്ലാഹു അന്‍ഹ) തമ്മില്‍ ആരാണ് ‘കൂടുതല്‍’ ശ്രേഷ്ഠ എന്ന കാര്യത്തില്‍ ഈ ഹദീഥ് മൗനം പാലിക്കുന്നത് ശ്രദ്ധ്യേയമാണ്. ഇതിലൂടെ ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിത സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ വിശിഷ്ട സ്ഥാനത്തെ മാനിക്കാനും, അവരുടേതായ മഹത്വം തിരിച്ചറിയാനുമുളള നിര്‍ദേശമാണ് നമുക്ക് നല്‍കിയിരിക്കുന്നത് എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത്.

നിസാഇയ്യ : മറ്റു ലേഖനങ്ങൾ