ചേകനൂര്‍ മൗലവി സാമൂഹ്യ പരിഷ്കര്‍ത്താവോ?

അബ്ദുല്‍ മാലിക് മൊറയൂര്‍

Last Update 2019 March 03, 1440 Jumada II 26

ഇസ്ലാമിന്‍റെ സുന്ദരപാതയില്‍ നിന്ന് വ്യതിചലിക്കുന്ന മുസ്ലിംസമൂഹത്തെ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ച് വിളിക്കുകയും ഇസ്ലാമിന്‍റെ പേരില്‍ പൗരോഹിത്യം മുസ്ലിം സമൂഹത്തിലേക്ക് കടത്തിക്കൂട്ടിയ ദുരാചാരങ്ങളില്‍ നിന്ന് മുസ്ലിംകളെ ശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രക്രിയ മുസ്ലിം സമൂഹത്തില്‍ നൂറ്റാണ്ടുകളായി പല മഹാന്മാരും ഒറ്റയായും കൂട്ടമായും നടത്തിപ്പോന്നിട്ടുള്ളതാണ്. ഇത്തരം ഇസ്ലാഹുകള്‍ നടത്തുന്ന മഹാന്മാരെ പരിഷ്കര്‍ത്താക്കള്‍, നവോത്ഥാന നായകര്‍ എന്നൊക്കെയാണ് ചരിത്രം വിളിച്ചു പോന്നിട്ടുള്ളത്. പരിഷ്കര്‍ത്താക്കള്‍ എന്ന് പറയുമ്പോള്‍ ഇസ്ലാമിനെ പരിഷ്കരിക്കുന്നവര്‍ എന്ന് അര്‍ത്ഥമില്ല. മറിച്ച് ദുരാചാരങ്ങളില്‍ നിന്ന് മുസ്ലിംകളെ ശുദ്ധീകരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ്. ക്വുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആധാരശിലകളില്‍ ഊന്നി നിന്നാണ് അത്തരം ഇസ്ലാഹുകള്‍ അവര്‍ നടത്തിയിട്ടുള്ളത്. അതേ സമയം അത്തരം പ്രവര്‍ത്തനങ്ങളെ ഇരുട്ടിന്‍റെ കൂട്ടാളികള്‍ എക്കാലത്തും തച്ചു തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട് എന്നതും ഒരു ചരിത്രമാണ്.

ഇതെല്ലാം തന്നെ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം ഇസ്ലാമിന്‍റെ നാലയലത്ത് പോലും വരാത്ത കേരളത്തിലെ ചില എട്ടുകാലി മമ്മൂഞ്ഞികളായ ചേകന്നൂരികളുടെ നേതാവായിരുന്ന ചേകന്നൂര്‍ മൗലവിയെ ഒരു മുസ്ലിം പരിഷ്കര്‍ത്താവായി അവതരിപ്പിക്കാനുള്ള ഗൂഢശ്രമം നടത്തുന്നത് കൊണ്ടാണ്. ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് പോയ ചേകന്നൂരിന്‍റെയും, അയാള്‍ തട്ടിക്കൂട്ടിയ ഒരു കടലാസു സംഘടനയുടെയുമെല്ലാം പ്രവര്‍ത്തനം പരിഷ്കരണപ്രവര്‍ത്തനമായി പരിചയപ്പെടുത്തുന്നത് കാണുമ്പോള്‍ ചരിത്രമറിയുന്നവര്‍ക്ക് ചിരിയാണ് വരിക. അത്തരത്തിലുള്ള ഒരു വൃഥാ വേലയാണ് ഒരു ചേകന്നൂരീ ഭക്തന്‍ തന്‍റെ 'ചേകന്നൂര്‍ മൗലവി ധീരനായ സാമൂഹ്യ പരിഷ്കര്‍ത്താവ്' എന്ന വറോലയിലൂടെ നടത്തിനോക്കിയത്. ചേകന്നൂര്‍ യഥാര്‍ത്ഥത്തില്‍ മതനവീകരണം തന്നെയായിരുന്നു നടത്തിയത് എന്നതാണ് സത്യം. അഥവാ മതത്തിലെ അടിസ്ഥാന സംഗതികളെ ഇളക്കിയെടുത്ത് പകരം പുതിയവ ചിലത് ചേര്‍ത്ത് മതത്തെ ഒന്നാകെയൊന്ന് നവീകരിച്ച് പുതിയൊരു മതം സൃഷ്ടിക്കുക. ഇത്തരമൊരു നവീകരണമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് മേല്‍സൂചിപ്പിച്ച വാറോലയുടെ കര്‍ത്താവ് തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്. (ചേകനൂര്‍ മൗലവി: ജീവിതവും സന്ദശവും: പേ: 68) ഇസ്ലാം മതത്തെ നവീകരിച്ച് പുതിയൊരു മതത്തെ സൃഷ്ടിച്ച ചേകന്നൂരിന്‍റെ പ്രവര്‍ത്തനങ്ങളെങ്ങിനെയാണ് മഹാന്മാരായ പരിഷ്കര്‍ത്താക്കളുടെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങളോട് സാമ്യപ്പെടുന്നത്?!

മാത്രവുമല്ല, ചേകന്നൂരിന്‍റെ ഇത്തരം പൈശാചികതകള്‍, ഇസ്ലാമിന്‍റെ ശത്രുക്കളുടെ എച്ചിലുകള്‍ക്കുവേണ്ടി ഇസ്ലാമിനെതിരെ കുതിര കയറുന്ന സല്‍മാന്‍ റുഷ്ദിയുടെയും തസ്ലീമാ നസ്റീന്‍റെയുമൊക്കെ പ്രവര്‍ത്തനങ്ങളോടാണ് സാമ്യപ്പെടുന്നതെന്നും തസ്ലീമാ-റുഷ്ദിമാരുടെ ഗണത്തിലാണ് ചേകന്നൂര്‍ വരിക എന്നുമൊക്കെ അര ചേകന്നൂരിയായ എം.എന്‍. കാരശ്ശേരി വരെ എഴുതിയിട്ടുമുണ്ട്. അത് കാണുക: "ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സല്‍മാന്‍ റുഷ്ദിക്കും തസ്ലീമ നസ്റീനും വേണ്ടി എത്രമാത്രം പത്രസ്ഥലവും സമയവും അധ്വാനവും കേരളീയര്‍ ചിലവിട്ടു. ഭാഗ്യവശാല്‍ അവരിരുവരും ജീവനോടെയിരിക്കുന്നു. പല നിലക്കും ആ വംശത്തില്‍പെടുന്ന ചേകന്നൂര്‍ മൗലവി എന്ന കേരളീയന്‍ ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും ഉറപ്പിച്ചുപറയാന്‍ ഒരു കേരളീയനും സാധിക്കാത്ത അവസ്ഥയാണിന്ന്. (ചേകനൂരിന്‍റെ രക്തം പേ:31)

കണ്ടല്ലോ! ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ആട്ടിന്‍ തോലണിഞ്ഞ് ഇസ്ലാമിനെ കടിച്ചു കീറാന്‍ നടക്കുന്ന റുഷ്ദി-തസ്ലീമമാരുടെ വംശത്തില്‍ പെട്ടയാളാണ് ചേകന്നൂരെന്ന് ചേകന്നൂര്‍ ഭക്തനായ കാരശ്ശേരിക്കുപോലും തിരിഞ്ഞെങ്കില്‍, മന്ദബുദ്ധികളായ ചേകന്നൂരി പുരോഹിതര്‍ ഇനിയും അയാളെ മഹാനാക്കാന്‍ ശ്രമിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. മതനവീകരണത്തിന്‍റെ വക്താവായ ചേകന്നൂരിനെ പരിഷ്കര്‍ത്താവായി അവതരിപ്പിക്കുന്നവര്‍ അയാള്‍ കേരളത്തില്‍ വിസര്‍ജിച്ച മാലിന്യ കൂമ്പാരങ്ങള്‍ ഒന്നു കാണേണ്ടതു തന്നെയാണ്. കാരശ്ശേരി തന്നെ അത് വിശദീകരിക്കുന്നത് നോക്കുക: "കര്‍മ്മശാസ്ത്രത്തിന്‍റെ വ്യാഖ്യാനങ്ങളില്‍ പൗരോഹിത്യം കുഴിച്ചുമൂടിയ ഇസ്ലാമികമായ നീതിയെപറ്റി അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു: 'ചേകനൂര്‍ശൈലി' തീര്‍ത്തും പ്രകോപനമായിരുന്നു. പഴയകാലത്തെ പണ്ഡിതന്മാരെയും കര്‍മ്മശാസ്ത്ര വ്യാഖ്യാതാക്കളെയും അദ്ദേഹം ഒടുവുകാലത്ത് വന്നെത്താനുള്ള അധാര്‍മിക ജീവിയായ ദജ്ജാലിനോടും മുഹമ്മദ് നബിയുടെ മുഖ്യ ശത്രുവായ അബൂജഹലിനോടും ഉപമിച്ചു. ലോകത്തെങ്ങും ഇസ്ലാമിക ജീവിതവ്യവസ്ഥക്ക് രൂപം കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവയും നബിചര്യയും നബിവചനങ്ങളും രേഖപ്പെടുത്തിയവയും ആയ ഹദീസ് ഗ്രന്ഥങ്ങളെ അദ്ദേഹം വാറോലകള്‍ എന്നു വിളിച്ചു. ആ ഗ്രന്ഥകാരന്മാരെ ജൂതാസുകളെന്നും സകല അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാരായവേര് കള്ളത്തരത്തില്‍ കെട്ടിയുണ്ടാക്കിയ ഈ ഹദീസുകളാണ് എന്നായിരുന്നു മൂപ്പരുടെ വാദം (ചേകനൂരിന്‍റെ രക്തം: പേ. 59,60).

കണ്ടല്ലോ? ഇസ്ലാമിനെ തന്നെ ഇല്ലാതാക്കുന്ന പരിഷ്കാരങ്ങളാണ് അയാള്‍ നടപ്പിലാക്കാന്‍ നോക്കിയത്. അതേ സമയം തന്‍റെ പൈശാചിക വെളിപാടുകള്‍ക്ക് താങ്ങായി വര്‍ത്തിക്കാന്‍ ഇവിടെ ചിലര്‍ ഉണ്ടായിരുന്നു എന്നു വിസ്മരിക്കുന്നില്ല. ഇസ്ലാമിനെതിരെ ഏത് ശുനകന്‍ ഓരിയിട്ടാലും അതിന്‍റെ കൂടെ കൂടാന്‍ ചിലര്‍ ഇവിടെയെന്നല്ല ലോകത്തെവിടെയുമുണ്ടാകുമല്ലോ. ചേകന്നൂരിനെ ചില പ്രദേശങ്ങളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു എന്നത് ഒരു സത്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മേലങ്കിയണിഞ്ഞാല്‍ ആര്‍ക്കും എന്തു തോന്നിവാസവും വിളിച്ചു കൂവാം എന്നതാണല്ലോ അവരുടെ നിലപാട്. അപ്രകാരം തന്നെ സാംസ്കാരിക നായകര്‍(?!) എന്നറിയപ്പെടുന്ന ചില വാടകവായാടികളും ചേകന്നൂരിനെ ഒരു പരിഷ്കര്‍ത്താവായി അവതരിപ്പിക്കാന്‍ ശ്രമിച്ചതായി കാണുന്നു. അവര്‍ക്കെല്ലാം ആവശ്യം ഇസ്ലാമിന്‍റെ രക്തമാണെന്നതിനാല്‍ നമുക്ക് അവരെ അവഗണിക്കാം. നിസ്സാരമായ പബ്ലിസിറ്റിക്ക് വേണ്ടിയും പ്രസാധകരുടെ നക്കാപിച്ച നാണയ തുട്ടുകള്‍ക്ക് വേണ്ടിയും എന്തും പുലമ്പുന്ന ഒരുകൂട്ടം മസ്തിഷ്ക തൊഴിലാളികളും പൊതുവെ സാംസ്കാരിക നായകരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടല്ലോ. വഷളന് വളരാന്‍ വളം വേണ്ട എന്നാണ് പറയാറുള്ളതെങ്കിലും സകല വഷളന്മാര്‍ക്കും വളം വെച്ചുകൊടുക്കലാണ് ഇത്തരം കുബുദ്ധികളുടെ കാര്യമായ പണി.

ഏറെ രസകരമായ മറ്റൊരു സംഗതി, പുരോഗമനത്തിന്‍റെയും നവോത്ഥാനത്തിന്‍റെയുമെല്ലാം മൊത്തക്കുത്തക എടുത്തണിഞ്ഞും മുജാഹിദ് പ്രസ്ഥാനത്തിന് ആധുനികത പോരാ എന്ന് പറഞ്ഞും പ്രസ്ഥാനത്തില്‍ നിന്ന് പിരിഞ്ഞു പോയ ചില "ബുദ്ധി ജിവികളും" ചേകന്നൂരിനെ ഒരു പരിഷ്കര്‍ത്താവായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. ഹദീഥുകളെ പരിഹസിക്കുന്നതിന് തങ്ങള്‍ പരിശീലനം നേടിയത് ചേകന്നൂരില്‍ നിന്നായതിനാലാണോ ഇത്തരമൊരു ഉദ്യമത്തിന് മടവൂരികള്‍ മുതിര്‍ന്നത് എന്നറിയില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്ന "ചേകന്നൂര്: അകവും പുറവും" എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് രണ്ട് മടവൂരി യൂത്തുകളാണ്. ചേകന്നൂരിനെ ഒരു നവോത്ഥാന നായകനായി അവതരിപ്പിക്കേണ്ട എന്ത് അനിവാര്യതയാണ് മടവൂരി പാളയത്തില്‍ രൂപം പ്രാപിച്ചിട്ടുള്ളതെന്നറിയാന്‍ നമുക്ക് കൗതുകമുണ്ട്. മടവൂരികളെ ചേകന്നൂരികള്‍ പുകഴ്ത്തിപ്പറയുന്നതിന്‍റെ ഗൂട്ടന്‍സ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുന്നുണ്ട്. ഒരു മടവൂരിയുടെ വാക്കുകള്‍ നോക്കൂ: "കേരള മുസ്ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട ഈ ലഘു ആമുഖം ചേകന്നൂര്‍ മൗലവിയെ ഒരു പരിഷ്കര്‍ത്താവ് എന്ന നിലയില്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അനിവാര്യമാണ്. നവോത്ഥാന ചരിത്രത്തിന്‍റെ മൂന്നാം ഘട്ടം പിന്നിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ രംഗപ്രവേശം. 1967 വരെ അദ്ദേഹം ഉല്‍പതിഷ്ണു വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് ഹദീഥ് നിഷേധം അടക്കമുള്ള ഒറ്റപ്പെട്ട അഭിപ്രായം അദ്ദേഹം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് മുസ്ലിം മുഖ്യധാരയില്‍ നിന്നും അദ്ദേഹം ഒറ്റപ്പെട്ടുവെങ്കിലും വ്യവസ്ഥാപിത ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ ഉന്നയിച്ച പുരോഗമനപരമായ ആശയങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കുകയും സ്വന്തം നിലയില്‍ തന്നെ യഥാസ്ഥിതികരുമായി ഏറ്റുമുട്ടുകയും ചെയ്തു പോന്നു. ഈ യഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം ഒരു പരിഷ്കരണവാദിയേ ആയിരുന്നില്ല എന്ന വാദത്തിന്‍റെ മുനയൊടിക്കുന്നു. അതോടൊപ്പം തന്നെ പരിഷ്കരണ ചിന്ത ഉയര്‍ത്തിയതിന്‍റെ പേരില്‍ അനഭിമതനായ പ്രഥമ പണ്ഡിതനാണദ്ദേഹം എന്ന വാദവും നിരര്‍ത്ഥകമായിത്തീര്‍ന്നു. ............. ഒരു നവോത്ഥാന ചിന്തകന്‍ എന്ന നിലിയില്‍ തനിക്ക് മുമ്പ് ആരും ചെയ്യാത്ത വ്യത്യസ്തമായ യാതൊന്നും ചേകനൂര്‍ മൗലവി ചെയ്തിട്ടില്ല. നവോത്ഥാനാശയക്കാരായ പലരും മുമ്പുതന്നെ പീഢിപ്പിക്കിപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട് താനും. ആ പരമ്പരയിലെ ഒരു കണ്ണിയാണ് വാസ്തവത്തില്‍ ചേന്നൂര്‍ മൗലവിയും" (ചേകന്നൂര്‍ അകവും പുറവും : എഡിറ്റര്‍. മുജീബ് റഹ്മാന്‍ കിനാലൂര്‍. പേ: 11, 12)

ചേകന്നൂരിനെ നവോത്ഥാന നായകരുടെ കണ്ണികളില്‍ ചേര്‍ത്ത ഈ മടവൂരീ ഐ.എസ്.എമ്മിന്‍റെ സംസ്ഥാന പ്രസിഡണ്ട് ചേകന്നൂര്‍ കൊണ്ടുവന്ന നവോത്ഥാനങ്ങള്‍ എന്തൊക്കെയാണെന്ന് മാലോകര്‍ക്ക് പറഞ്ഞ് കൊടുക്കണം. പബ്ലിസിറ്റിക്കു വേണ്ടി ഇത്ര തരം താഴ്ന്നത് നന്നായില്ല. ഇസ്ലാമിക പ്രമാണങ്ങളെ കുതിര കയറല്‍, സ്വഹാബത്തിനെ ഭത്സിക്കല്‍, പണ്ഡിതരെ ശകാരിക്കല്‍, ഹദീഥുകളെ പരിഹാസിക്കല്‍ എന്നതൊക്കെയാണ് ചേകന്നൂരില്‍ മടവൂരികള്‍ കണ്ട നവോത്ഥാനമെങ്കില്‍ മേല്‍പറഞ്ഞതൊക്കെ തങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ അതിനെ നവോത്ഥാനമായി തെറ്റിദ്ധരിച്ചതാവാം.

ചുരക്കത്തില്‍, ഇസ്ലാമിനെ തച്ചുടച്ച് മറ്റൊരു മതം സ്ഥാപിക്കാന്‍ ശ്രമിച്ച ചേകനൂര്‍ ഒരു കാലത്തും നവോത്ഥാന നായകനായിട്ടില്ല. മറിച്ചദ്ദേഹം ഇസ്ലാമിന്‍റെ ശത്രുവാണ്. കഠിന ശത്രു. ഉമര്‍ മൗലവി(റഹി)യുടെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍ "ഇസ്ലാമിനെ തകര്‍ക്കാന്‍ ഒരു വളഞ്ഞ മാര്‍ഗ്ഗവുമായി ഇറങ്ങിത്തിരിച്ച ഒരു വിഷപാമ്പാണിത്. പക്ഷെ, എത്രയോ ഉഗ്രസര്‍പ്പങ്ങളുടെ അസ്ഥികൂടങ്ങള്‍ ദ്രവിച്ചു കിടക്കുന്ന ചരിത്രത്തിന്‍റെ ക്വബ്ര്‍സ്ഥാനില്‍ ഇസ്ലാം ജീവിക്കുന്നു സജീവമായി. അറിഞ്ഞുകൊള്ളുക. (ഓര്‍മകളുടെ തീരത്ത് പേ: 363) അതേ സമയം ചേകന്നൂരിനെ കൊന്ന് കുഴിച്ചുമൂടിയത്(?) ഹീന കൃത്യമായിപ്പോയെന്നും ആ കറുത്ത കരങ്ങള്‍ ആരുടേതായിരുന്നാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കേണ്ടതാണെന്നും ഞങ്ങള്‍ ഉറക്കെ പറയുകയും ചെയ്യുന്നു.

0
0
0
s2sdefault

ചേകനൂർ: മറ്റു ലേഖനങ്ങൾ