ഫാത്വിമ(رضي الله عنها) അബൂബക്കര്‍(رضي الله عنه)വിനോട് സ്വത്തിനായി പിണങ്ങിയെന്ന ആരോപണം

അബ്ദുസ്സലാം മദീനി, ഹായില്‍

Last Update 2023 March 20, 28 Shaʻban, 1444 AH

അവലംബം: islamqa

ചോദ്യം: ഇസ്ലാമിന്റെ പ്രവാചകന്‍ കൈവശം വെച്ചിരുന്ന കൃഷിഭൂമികള്‍ അവിടുത്തെ മരണത്തിന് ശേഷം ചോദിക്കാൻ ചെന്ന മകളായ ഫാത്തിമക്ക് ഭരണാധികാരിയായ അബൂബക്കര്‍ ഒന്നും കൊടുത്തില്ല, അതുകാരണമായി മരണംവരെ അബൂബക്കറിനോട് ഫാത്തിമ മിണ്ടിയില്ല. ഇതെല്ലാം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥാനംപിടിച്ചിട്ടുളളതാണ്. സ്വത്തിനോടും ദുനിയാവിനോടും ആർത്തിയുള്ള ഈ ആളുകള്‍ പരലോകം പറഞ്ഞു വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. ഈ ആരോപണത്തിന് എന്താണ് മറുപടി?.

ഉത്തരം: ഇസ്ലാമിക പ്രമാണങ്ങളെകുറിച്ച് കൃത്യമായി അവബോധമില്ലാത്തവരില്‍നിന്നുണ്ടാകുന്നതാണ് ഇത്തരം നിരർത്ഥകമായ വിമർശനങ്ങള്‍. വിശ്വസ്തരായ പ്രവാചകാനുചരന്‍മാരെ തേജോവധം ചെയ്യുവാനായി ഇത്തരം ദുരാരോപണം നടത്തിയ ആദ്യത്തെ കക്ഷികൾ ഇസ്ലാമിന്റെ ബദ്ധശത്രുക്കളായ ജൂതന്മാരുടെ ജാരസന്താനമായ ശിയാക്കളാണ്. അവര്‍ ഇസ്ലാമിക പ്രമാണങ്ങള്‍ നല്‍കുന്ന സന്ദേശത്തെ തെറ്റിച്ച് അതിന്റെ യഥാർത്ഥ ആശയത്തെ വക്രീകരിച്ചു ജനങ്ങളെ സംശയത്തിലാക്കാൻ പരിശ്രമിച്ചവരാണ്. പിന്നീട് ഒറിയന്റലിസ്റ്റുകളും ക്രൈസ്തവ മിഷണറിമാരുമാണ് ഇതേ കാര്യങ്ങള്‍ ഇസ്ലാമിനെ ഉന്നംവെച്ചുകൊണ്ട് പകര്‍ത്തിയത്. ഈ ആരോപണങ്ങളെയെല്ലാം പൊടിതട്ടിയെടുക്കുകയും അത് സമൂഹത്തില്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്ന സമഗുണമായ പ്രവര്‍ത്തനങ്ങളാണ് സ്വയം യുക്തിവാദികളാണെന്നവകാശപ്പെട്ട് കടന്നുവന്നവരുടെയും പ്രചാരണതന്ത്രം.

ജൂതന്മാരാകട്ടെ ശിയാക്കളാകട്ടെ, അവരെല്ലാവരും അല്ലാഹുവിനെ പരിഹസിക്കുന്നതിലും കുറച്ചുകാണുന്നതിലും പരസ്പരം സാദൃശ്യമുള്ളവരാണ്. ‘യുക്തി’വാദികളാകട്ടെ അല്ലാഹുവിനെ പരിഹസിക്കുകയും സ്രഷ്ടാവിനെ നിഷേധിക്കുകയും ചെയ്യുന്നവരാണ്. പരിശുദ്ധ ക്വുർആനിനെ നശിപ്പിക്കാന്‍ പരിശ്രമിക്കുന്നവരാണ് ജൂതന്മാർ, ശിയാക്കളാകട്ടെ ക്വുർആനിന്റെ ആധികാരികതയെ സമ്പൂര്‍ണമായി അംഗീകരിക്കുന്നവരുമല്ല. ‘യുക്തി’വാദികൾ ക്വുർആനിനെ അംഗീകരിക്കുന്നുമില്ല, മറിച്ച് അതിനെ ദുർവ്യാഖ്യാനം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നു. അതേപോലെതന്നെ ജൂതന്മാർ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(ﷺ)യെ മോശമായി ചിത്രീകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നു. ശിയാക്കളാകട്ടെ കപടമായ പ്രവാചകസ്നേഹം പ്രകടിപ്പിക്കുന്നവരും, പല സന്ദർഭങ്ങളിലും അതേ പ്രവാചകന്റെ പ്രവാചകത്വത്തെ നിഷേധിക്കുന്ന വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുമാണ്. ‘യുക്തി’വാദികൾ പ്രവാചകവിമർശനത്തില്‍ മുൻപന്തിയിലാണ്. ഇസ്ലാമിക വിമര്‍ശനത്തില്‍ ഇവരെല്ലാം ഒരേ തൂവൽപക്ഷികളാണെന്ന് ചുരുക്കം.

മുഹമ്മദ് നബി(ﷺ)യുടെ വിയോഗാനന്തരം അവിടുത്തെ പുത്രി ഫാത്തിമ(رضي الله عنها) ഒന്നാം ഖലീഫയായ അബൂബക്കർ(رضي الله عنه)വിന്റെ അടുക്കൽ വരികയും തന്റെ പിതാവിന് ഫൈഹ് (യുദ്ധമില്ലാതെ ലഭിക്കുന്നത്) മുഖേന ലഭിച്ച സമ്പത്തിന്റെ അവകാശം ആവശ്യപ്പെടുകയും ചെയ്തു. ഭരണാധികാരിയായ അബൂബക്കർ(رضي الله عنه) ഒരു നബിവചനം ഓര്‍മ്മപ്പെടുത്തികൊണ്ടാണ് അന്നേരം പ്രവാചകപുത്രിയോട് പ്രതികരിച്ചത്. മുഹമ്മദ് നബിﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്, ഞങ്ങൾ (അഹ്ലുൽ ബൈത്ത് അഥവാ നബികുടുംബം) അനന്തരാവകാശം എടുക്കാറില്ല, ഞങ്ങൾ അങ്ങനെ എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ദാനധർമ്മമാണ്. (ബുഖാരി, മുസ്ലിം) ദാനധര്‍മ്മം സ്വീകരിക്കല്‍ നിഷിദ്ധമായവരാരോ അവരാണ് നബികുടുംബം എന്നത് പ്രസിദ്ധമാണ്.

അബൂബക്കർ(رضي الله عنه) പ്രസ്തുത നബിവചനം ഉദ്ധരിച്ചതിന് ശേഷം പറഞ്ഞു, അല്ലാഹുവിനെ തന്നെയാണ് സത്യം അല്ലാഹുവിന്റെ പ്രവാചകന്‍(ﷺ) ഈ സമ്പത്ത് ഏതു നിലക്കാണോ കൈകാര്യം ചെയ്യുന്നതായിട്ട് ഞാന്‍ കണ്ടത്, അതേപോലെ കൈകാര്യം ചെയ്യുക മാത്രമേ ഞാനും ചെയ്യുകയുള്ളൂ. പ്രവാചകന്മാർ ഉപേക്ഷിച്ചു പോകുന്ന സ്വത്ത് സ്വന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്താണെങ്കിൽ പോലും അത് ഒരിക്കലും അവരുടെ അനന്തരാവകാശികൾക്കിടയിൽ വിതരണം ചെയ്യേണ്ടതല്ല. യുദ്ധമില്ലാത്ത നിലയ്ക്ക് ഇസ്ലാമിക രാഷ്ട്രത്തിലേക്ക് എത്തിച്ചേരുന്ന സമ്പത്താണ് ഫൈഹ്. ഈ ഫൈഹിലെ അഞ്ചിലൊന്ന് അല്ലാഹുവിന്റെ റസൂലിന് അവകാശപ്പെട്ടതായതിനാല്‍ അതിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് മുഹമ്മദ് നബി(ﷺ)യായിരുന്നു. അത് എപ്രകാരമാണ് ചിലവഴിക്കേണ്ടതെന്ന അല്ലാഹുവിന്റെ നിർദ്ദേശമനുസരിത്ത് തന്റെ കുടുംബത്തില്‍പെട്ട സക്കാത്ത് നിഷിദ്ധമായ ആളുകൾക്കുള്ള ചെലവിനും, പാവപ്പെട്ടവരും അശരണരുമായ ആളുകളെ ഉള്‍കൊള്ളുന്ന പൊതുവായ രാഷ്ട്രത്തിന്റെ ചെലവിനും വേണ്ടിയാണ് അദ്ദേഹം ആ സമ്പത്തില്‍ നിന്നുള്ള വരുമാനത്തെ ഉപയോഗിച്ചിരുന്നത്. പ്രവാചകന്‍(ﷺ)യുടെ വിയോഗത്തിനുശേഷം ആരാണോ ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്, അവരുടെ നിയന്ത്രണാധികാരത്തിലാണ് ഈ സമ്പത്തും കൈകാര്യം ചെയ്യേണ്ടതായിട്ടുളളത്. അപ്രകാരം പ്രവാചകന്റെ(ﷺ) ജീവിത കാലഘട്ടത്തിൽ ആ സമ്പത്തിൽനിന്ന് അവിടുത്തെ ഭാര്യമാർ, ഫാതിമ(رضي الله عنها) അടക്കമുള്ള അവിടുത്തെ കുടുംബങ്ങൾ, അബ്ബാസ്(رضي الله عنه)ന്റെ കുടുംബം, അലി(رضي الله عنه)ന്റെ കുടുംബം എന്നിങ്ങനെ പ്രവാചകന്‍(ﷺ) എങ്ങനെയാണോ അത് നൽകിയിരുന്നത് അത് പിന്‍തുടരുക മാത്രമാണ് അബൂബക്കർ(رضي الله عنه) ചെയ്തത്. ഒരിക്കലും ഭരണാധികാരിയായ അബൂബക്കർ(رضي الله عنه) പ്രവാചകന്‍(ﷺ) അവർക്ക് നൽകിയിരുന്ന ഏതെങ്കിലും ഒരു അവകാശത്തെ തടഞ്ഞിട്ടില്ല.

ഈ ഒരു സംഭവം വിമർശിക്കുന്നവര്‍ കാര്യമായും ഉദ്ധരിക്കുന്നത്, അതിന്റെ അവസാനത്തില്‍ കടുന്നുകൂടിയ പിന്നീട് മരിക്കുന്നത് വരെ ഫാത്തിമ(رضي الله عنها) അബൂബക്കർ(رضي الله عنه)നോട് സംസാരിച്ചിട്ടില്ല എന്നൊരു വാചകമാണ്. പ്രസ്തുത പദങ്ങള്‍ ഹദീസിന്റെ ഭാഗമല്ലെന്ന് ഹദീസ് നിദാന ശാസ്ത്രമറിയുന്നവര്‍ക്കറിയാം. അബുബക്കർ(رضي الله عنه)ന്റെ മറുപടിയോടുകൂടി ഹദീഥിന്റെ ഉളളടക്കം കഴിഞ്ഞു. പിന്നീട് ഹദീഥ് നിവേദകന്‍മാരില്‍ പെട്ട സുഹ്രി(رحمه الله)യാണ് അങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്. ഇങ്ങനെയുളള അഭിപ്രായങ്ങളുടെ സത്യത ഇസ്ലാമികലോകത്തെ പ്രാമാണികരായ പണ്ഡിതന്‍മാര്‍ അപഗ്രഥിച്ചുളളതാണ്.

പ്രസിദ്ധ പണ്ഡിതനായ ഇമാം ഖാളി ഇയാള്(رحمه الله) ഈ സംഭവത്തെ വിശദീകരിച്ചതിന്റെ രത്നചുരുക്കം ഇപ്രകാരമാണ്: ഫാത്തിമ(رضي الله عنها) ഖലീഫയുടെ അടുക്കൽ തന്റെ പിതാവിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സമ്പത്ത് ആവശ്യപ്പെട്ടു വന്നപ്പോൾ ഭരണാധികാരിയായ അബുബക്കർ(رضي الله عنه) നബിവചനം ഉദ്ധരിച്ചുകൊണ്ട് തെളിവ് സമർത്ഥിക്കുകയാണ് ചെയ്തത്. പ്രസ്തുത നബിവചനത്തിന്റെ ആശയം വ്യക്തമായപ്പോള്‍ ആ മഹതി പൂർണ്ണമായും അതില്‍ തൃപ്തിപ്പെടുകയും അവരുടെ അവകാശവാദത്തെ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. മാത്രമല്ല, പിന്നീടൊരിക്കലും അവരുടെ കുടുംബത്തിൽപ്പെട്ട ആരുംതന്നെ പ്രസ്തുത സമ്പത്തിന്റെ അനന്തരാവകാശം അവകാശപ്പെട്ടതായി ചരിത്രത്തില്‍ രേഖയില്ല. അതുകൂടാതെ, ഒന്നാമത്തെ ഖലീഫയായ അബുബക്കർ (رضي الله عنه) സ്വീകരിച്ച അതേ നയസമീപനമാണ് പിന്നീടു ഭരണാധികാരം ലഭിച്ചും ഉമറും (رضي الله عنه), ഉഥ്മാനും (رضي الله عنه), അലി(رضي الله عنه)യും സ്വീകരിച്ചുപോന്നത്. ഈ ഒരു സ്വത്തിന് നബികുടുംബത്തിന് അവകാശമുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഒരവകാശിയാണ് അലി(رضي الله عنه) എന്നത് സുപ്രധാനമാണ്. എന്നിട്ടും പ്രസ്തുത സമ്പത്തില്‍ അവകാശവാദം അദ്ദേഹം ഉന്നയിച്ചിട്ടില്ല, അത് സ്വന്തമാക്കാന്‍ പരിശ്രമിച്ചിട്ടില്ല.

സത്യത്തിൽ ഫാത്തിമ (رضي الله عنها) അബൂബക്കർ (رضي الله عنه)വിനോട് നീരസവും ദേഷ്യവും പ്രകടിപ്പിച്ചു കൊണ്ടാണോ ഈ ലോകത്തോട് വിട പറഞ്ഞത്? ഒരിക്കലുമല്ല. ഫാത്തിമ (رضي الله عنها) രോഗബാധിതയായപ്പോൾ അബൂബക്കര്‍(رضي الله عنه) ആ മഹതിയെ സന്ദര്‍ശിച്ചതും, തന്റെ പിതാവിന്റെ സൃഹൃത്തിനോട് അവര്‍ സംതൃപ്തി പ്രകടിപ്പിച്ചതുമായ സ്വഭാവഗുണം ഇമാം ബൈഹഖി(رحمه الله) തന്റെ സുനനുൽ കുബ്റയിൽ ഉദ്ധരിക്കുന്നുണ്ട്. എന്നിട്ടും ഇസ്ലാം വിമര്‍ശകരുടെ പൊള്ളവാദങ്ങൾ അല്ലാഹുവിന്റെ പ്രവാചകന്മാർ കഴിഞ്ഞാൽ വിശ്വാസികളിൽ ഏറ്റവും ശ്രേഷ്ടനായ അബൂബക്കർ(رضي الله عنه)വിലേക്കും അവിടുത്തെ പ്രിയപുത്രിയായ ഫാത്തിമ(رضي الله عنها)ലേക്കും തിരിയുന്നത് ദുരുപധിഷ്ഠിതമാണ്.

മുഹമ്മദ് നബി(ﷺ) സംസ്കരിച്ചെടുത്ത അവിടുത്തെ അനുയായികളെ കുറിച്ചോ തന്റെ ശിക്ഷണത്തിൽ വളർന്ന ഫാത്തിമ(رضي الله عنها)യെകുറിച്ചോ കൃത്യമായ ബോധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരാരോപണം ഉന്നയിക്കുവാൻ വിമര്‍ശകരെ പ്രേരിപ്പിച്ചത്. പ്രവാചകൻ(ﷺ)യുടെ പ്രിയപുത്രിയെന്ന നിലക്ക് ഒരുപാട് സമ്പന്നരായിട്ടുളള ആളുകൾ ആ മഹതിയെ വിവാഹം ആലോചിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളിൽ ചെറിയ അളവിലെങ്കിലും അവര്‍ക്ക് താല്പര്യമുണ്ടായിരുന്നെങ്കിൽ അങ്ങനെയുളള ഒരു വ്യക്തിയെ ഇണയായി തിരഞ്ഞെടുക്കാന്‍ പ്രവാചകന് തടസ്സമൊന്നുമുണ്ടായിട്ടില്ല. മറിച്ച് അദ്ദേഹം ദരിദ്രനായിരുന്ന അലി ബിൻ അബീ താലിബ്(رضي الله عنه)വിനാണ് ഫാത്തിമ(رضي الله عنها)യെ വിവാഹം ചെയ്തു കൊടുത്തത്. മഹർ നൽകാൻ പോലും കഴിവില്ലാത്ത അലി(رضي الله عنه) തന്റെ പടച്ചട്ട മഹർ നിശ്ചയിച്ചാണ് ഫാത്വിമയെ വിവാഹം കഴിക്കുന്നത്. അലി(رضي الله عنه)ന്റെയും ഫാത്തിമ(رضي الله عنها)യുടെയും വീട് ചെറിയതും പരുപരുത്ത ഒരു തോലിന്റെ വിരിപ്പും ഈത്തപ്പനയുടെ ചകിരി നിറച്ച ഒരു തലയണയും വെള്ളം ശേഖരിക്കാൻ കരുതിയ ഒരു തോൽപാത്രവും പിന്നെ ഏതാനും പാത്രങ്ങളും മാത്രമുള്ള വിട്ടീല്‍ വളരെ ലളിതമായ ജീവിതമായിരുന്നു സംതൃപ്തിയോടെ അവർ നയിച്ചിരുന്നത്.

അധികാരമുണ്ടായിട്ട് പോലും നബി(ﷺ)യുടെ കുടുംബം തുടർച്ചയായി മൂന്നു ദിവസം വയറ്നിറച്ച് ആഹാരം കഴിക്കാൻ കഴിയാത്ത ഒരു കുടുംബമായിരുന്നു. ഏതാനും ചില കാരക്കകൾ കൊണ്ടും വെള്ളം കൊണ്ടും മാസങ്ങളോളം അവര്‍ കഴിച്ചുകൂട്ടിയ ചരിത്രം സുവിദമാണ്. പ്രവാചകനും(ﷺ) അവിടുത്തെ കുടുംബത്തിൽപ്പെട്ട ഫാത്തിമ(رضي الله عنها) അടക്കമുള്ള ആളുകൾക്കും ബൈത്തുൽ മാലിലെ സമ്പത്തില്‍ നിന്നും ഭക്ഷിക്കുന്നതു അല്ലാഹു നിഷിദ്ധമാക്കിയിട്ടുളള കാര്യമാണ്. ഫാത്വിമ(رضي الله عنها)യുടെ ലളിത ജീവിതം സത്യവിശ്വാസിനികള്‍ക്ക് എന്നും മാതൃകയും ആവേശവും നല്‍കിയിട്ടുളളതാണ്. ക്ഷമ, ദീനിനിഷ്ഠ, ശ്രേഷ്ഠത, പതിവ്രത, ഉള്ളതില്‍ മനഃതൃപ്തി, അല്ലാഹുവോട് നന്ദി എന്നിങ്ങനെയുളള അവരുടെ മഹത്വങ്ങള്‍ ധാരാളമാണ് (ഇമാം ദഹബി, സിയറു അഅ്‍ലാമുന്നുബലാഅ് വാ. 2, പേജ് 119). ഭൌതിക ലോകത്തോടും അതിലെ സുഖാസ്വാദനങ്ങളോടുമുളള ഫാത്വിമ(رضي الله عنها)യുടെ വിരക്തി പ്രസിദ്ധമാണ് (ഹില്‍യത്തുല്‍ഔലിയാഅ് വാ. 2 പേജ് 39).

ഈ ലോകത്ത് സുഖലോലുപയായി ജീവിക്കുവാൻ വേണ്ടിയല്ല നബി(ﷺ)യുടെ നിയന്ത്രണാധികാരത്തിലുണ്ടായിരുന്ന സമ്പത്ത് അവര്‍ ആവശ്യപ്പെട്ടത്. അത് നൽകാത്തതിന്റെ പേരില്‍ ഫാത്തിമ(رضي الله عنها) ആരോപകര്‍ ഉന്നയിക്കുംപോലെ അബുബക്കർ (رضي الله عنه)നോടുള്ള ബന്ധം വെടിഞ്ഞതുമില്ല. ഇമാം മുഖ്ലിഖ്(رحمه الله) സഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായ ഉംദത്തുൽ ഖാരിഇൽ (العمدة القاري) രേഖപ്പെടുത്തുന്നുണ്ട്, പ്രവാചകൻ(ﷺ)യുടെ വിയോഗാനന്തരം അവർക്കുണ്ടായ മാനസിക വിഷമം കാരണം പൊതുവെ വീട്ടിൽ നിന്നവര്‍ പുറത്തു പോകുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. മാത്രവുമല്ല ഫാത്തിമ (رضي الله عنها) ഈ സമ്പത്ത് ആവശ്യപ്പെട്ടത് പ്രവാചകൻ(ﷺ) ആ സമ്പത്ത് കൊണ്ട് എന്തൊക്കെയാണോ ചെയ്തിരുന്നത് അതേ കാര്യങ്ങൾ പ്രവാചകന്റെ വിയോഗത്തിന് ശേഷം ചെയ്യുവാനുള്ള ഉത്തരവാദിത്തം പ്രവാചകന്റെ പുത്രി എന്ന നിലക്ക് തനിക്കാണെന്ന നിലക്കായിരുന്നു അവരത് ആവശ്യപ്പെട്ടത്. എന്നാല്‍ അബുബക്കർ(رضي الله عنه) പ്രവാചകൻ(ﷺ)യുടെ പിൻഗാമിയായ ഖലീഫ എന്ന നിലക്ക് അതിന്റെ കൈകാര്യകർതൃത്വം തന്നിൽ നിക്ഷിപ്തമാണെന്നും പ്രവാചകൻ(ﷺ) അത് കൈകാര്യം ചെയ്തത് പോലെ യാതൊരു മാറ്റവുമില്ലാതെ തന്നെ പ്രസ്തുത ഉത്തരവാദിത്വം താന്‍ നിര്‍വ്വഹിക്കും എന്നറിയച്ചപ്പോള്‍ ഫാത്തിമ (رضي الله عنها) സമാധാനപൂര്‍വ്വം അവിടെ നിന്ന് പോകുകയും പിന്നീട് ഒരിക്കലും ആ വിഷയത്തെക്കുറിച്ച് അബുബക്കർ (رضي الله عنه)നോട് ആവശ്യപ്പെടുകയോ അതിനെക്കുറിച്ച് ഉരിയാടുകയോ ചെയ്തിട്ടില്ല എന്നതാണ് ചരിത്രത്തിൽ രേഖീകരിക്കപ്പെട്ടിട്ടുളളത്.

ഫാത്തിമ(رضي الله عنها)യുടെ അടുക്കൽ ഈ സമ്പത്തെങ്ങാനും വരികയാണെങ്കിൽ അവരും ഇതേ മാര്‍ത്തിലായിരിക്കും അത് ചിലവഴിക്കുക. പ്രവാചകന്‍(ﷺ) അനുവദിക്കാത്ത ഒരു തുട്ട് നാണയംപോലും അവർ സ്വന്തത്തിനായി ഉപയോഗിക്കുകയില്ല. അബുബക്കർ(رضي الله عنه), ഉമർ(رضي الله عنه), ഉസ്മാൻ(رضي الله عنه) എന്നിവര്‍ എങ്ങിനെയാണോ അത് കൈകാര്യം ചെയ്തത് അതില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ഈ സ്വത്തിൽ അവകാശമുണ്ടായിരുന്ന അലിയ്യുബ്നു അബീത്വാലിബ് (رضي الله عنه) നാലാമത്തെ ഖലീഫയായി ഇസ്ലാമിന്റെ ഭരണാധികാരം ഏറ്റെടുത്തപ്പോഴും അതിനെ കൈകാര്യം ചെയ്തത്. ഫാത്തിമ(رضي الله عنها)ക്ക് അതാസ്വദിക്കാനല്ല, മറിച്ച് അത് അർഹരായവർക്ക് തന്നിലൂടെ എത്തിക്കുവാനുള്ള ശുഷ്കാന്തിയാണ് അവരെ ഈ കാര്യം ചോദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവരുടെ ഭര്‍ത്താവായ അലി(رضي الله عنه)വിന്റെ പ്രവര്‍ത്തനത്തിലൂടെ മനസ്സിലാക്കാൻ കഴിയും.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ