മസ്‍ജിദുല്‍ അഖ്‍സ ഹറമാണോ?

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 October 29 , Rabiʻ II 14, 1445 AH

ചോദ്യം: മക്കയും മദീനയും പവിത്രമാണ് (ഹറമാണ്) എന്നതുപോലെ മസ്ജിദുൽ അഖ്സയും പവിത്രമായി (ഹറമായി) പരിഗണിക്കപ്പെടുമോ?

ഉത്തരം: അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.

മറ്റു പള്ളികളെക്കാൾ പ്രത്യേകത മസ്ജിദുൽ അഖ്സക്ക് ഉണ്ട്. മസ്ജിദുൽ ഹറാമാണ് പള്ളികളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ശേഷം മസ്ജിദുന്നബവിയും അതിനു ശേഷം മസ്ജിദുൽ അഖ്സയും. ആരാധനക്ക് വേണ്ടി പ്രത്യേകമായി (പുണ്യം പ്രതീക്ഷിച്ച്) യാത്ര പോകാൻ ഈ മൂന്ന് പള്ളികൾ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ.

നബി ﷺ പറയുന്നു:

لا تُشَدُّ الرِّحَالُ إِلا إِلَى ثَلاثَةِ مَسَاجِدَ : مَسْجِدِ الْحَرَامِ ، وَمَسْجِدِ الأَقْصَى ، وَمَسْجِدِي هَذَا. (البخاري : 1996)

മൂന്നു പള്ളികളിലേക്കല്ലാതെ പ്രത്യേകമായി യാത്ര പോകാൻ പാടുള്ളതല്ല. മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സാ, എന്‍റെ ഈ പള്ളി (അൽ മസ്ജിദുന്നബവീ). (ബുഖാരി: 1996)

മസ്ജിദുൽ അഖ്സയിലുള്ള നമസ്കാരത്തിന് 250 ഇരട്ടി പ്രതിഫലം ഉണ്ട്. അബൂദർ (റളിയല്ലാഹു അന്‍ഹു) പറയുന്നു:

عن أبي ذر رضي الله عنه قال : تذاكرنا ونحن عند رسول الله صلى الله عليه وسلم أيهما أفضل مسجد رسول الله صلى الله عليه وسلم أم بيت المقدس ؟فقال رسول الله صلى الله عليه وسلم : صلاة في مسجدي أفضل من أربع صلوات فيه ولنعم المصلى هو ، وليوشكن أن يكون للرجل مِثْل شطن فرسه من الأرض حيث يَرى منه بيت المقدس خيراً له من الدنيا جميعاً " . (الحاكم : 4 / 509 . وصححه ووافقه الذهبي والألباني كما في " السلسلة الصحيحة " في آخر الكلام على حديث : 2902 ).

അല്ലാഹുവിന്‍റെ പ്രവാചകന്‍റെ അടുക്കൽ ഇരിക്കവേ അല്ലാഹുവിന്‍റെ പ്രവാചകന്‍റെ പള്ളിയാണോ ശ്രേഷ്ഠം, അതോ ബൈതുൽ മുഖദ്ദസ് ആണോ ശ്രേഷ്ടം എന്നിങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം നബി ﷺ പറഞ്ഞു: എന്‍റെ ഈ പള്ളിയിലുള്ള നമസ്കാരം ബൈതുൽ മുഖദ്ദസിലെ നമസ്കാരത്തെക്കാൾ നാല് മടങ്ങ് ശ്രേഷ്ഠതയുള്ളതാണ്. അത് (മസ്ജിദുൽ അഖ്സാ) എത്ര നല്ല നമസ്കാര സ്ഥലമാണ്. ഒരു വ്യക്തി തന്‍റെ കുതിരയുടെ കയറിന്‍റെ അത്രയും ദൂരത്ത് നിന്ന് ബൈതുൽ മുഖദ്ദസ് കാണുന്നത് ദുൻയാവിലുള്ള എല്ലാ വസ്തുക്കളെക്കാളും അവന് ഉത്തമമാണ്. (ഹാകിം: 4/509)

മസ്ജിദുന്നബവിയിലുള്ള നമസ്കാരത്തിന് ആയിരം നമസ്കാരത്തിന്‍റെ പ്രതിഫലമുണ്ട്. അപ്പോൾ മസ്ജിദുൽ അഖ്സയിലുള്ള നമസ്കാരത്തിന്‍റെ പ്രതിഫലം 250 നമസ്കാരത്തിന്‍റേതാണ്. എന്നാൽ മസ്ജിദുൽ അഖ്സയിലുള്ള നമസ്കാരത്തിന് 500 ഇരട്ടി പ്രതിഫലം ഉണ്ട് എന്ന് പറയുന്ന ഹദീസ് ദുർബലമാണ്. (തമാമുൽമിന്ന- അൽബാനി: പേജ്/292)

അല്ലാഹു നിശ്ചയിച്ചിട്ടുള്ള ചില പ്രത്യേകമായ നിയമങ്ങൾ ഹറമുകൾക്കുണ്ട്. അതിൽ പെട്ടതാണ് അവിടെ യുദ്ധം ചെയ്യാൻ പാടില്ല എന്നുള്ളത്. അവിടെ നിലവിലുള്ള പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടൽ നിഷിദ്ധമാണ്. ആരും കൃഷി ചെയ്യാതെ സ്വയമായി മുളച്ചുണ്ടായ ചെടികളും മറ്റും മുറിച്ചു കളയലും നിഷിദ്ധമാണ്.

മക്കയെ പവിത്രവും നിർഭയവുമായ രാജ്യമാക്കി എന്നുള്ളത് അല്ലാഹു മക്കക്കാർക്ക് ചെയ്തു കൊടുത്ത അനുഗ്രഹമാണ്. പക്ഷികളും മൃഗങ്ങളും മനുഷ്യരും അവിടെ നിർഭയരാണ്.

وَقَالُوۤا۟ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَاۤۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنࣰا یُجۡبَىٰۤ إِلَیۡهِ ثَمَرَ ٰ⁠تُ كُلِّ شَیۡءࣲ رِّزۡقࣰا مِّن لَّدُنَّا وَلَـٰكِنَّ أَكۡثَرَهُمۡ لَا یَعۡلَمُونَ.

നിന്നോടൊപ്പം ഞങ്ങള്‍ സന്മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു. നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖസസ് 57)

أَوَلَمۡ یَرَوۡا۟ أَنَّا جَعَلۡنَا حَرَمًا ءَامِنࣰا وَیُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَـٰطِلِ یُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ یَكۡفُرُونَ.

നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ?അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ? (അങ്കബൂത്ത് 67)

....وَمَن دَخَلَهُۥ كَانَ ءَامِنࣰاۗ ....

ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌... (ആലുഇംറാൻ: 97)

ഇമാം മുസ്‌ലിമിന്‍റെ ഒരു ഹദീസിൽ ഇപ്രകാരം കാണാം:

عَنْ جَابِرٍ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ ، وَإِنِّي حَرَّمْتُ الْمَدِينَةَ . . . لا يُقْطَعُ عِضَاهُهَا وَلا يُصَادُ صَيْدُهَا.

ജാബിർ (റഹിമഹുല്ലാഹ്) വിൽ നിന്നും നിവേദനം: നബിﷺ പറഞ്ഞിട്ടുണ്ട്: ഇബ്രാഹിം മക്കയെ പവിത്രമായി പ്രഖ്യാപിച്ചു. ഞാൻ മദീനയെ പവിത്രമായി പ്രഖ്യാപിക്കുന്നു... അവിടുത്തെ ചെടികൾ മുറിക്കുവാനോ മൃഗങ്ങൾ വേട്ടയാടപ്പെടുവാനോ പാടുള്ളതല്ല. (മുസ്‌ലിം: 1362)

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം:

عَنْ أَبِي سَعِيدٍ الْخُدْرِيّ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اللَّهُمَّ إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ فَجَعَلَهَا حَرَمًا ، وَإِنِّي حَرَّمْتُ الْمَدِينَةَ . . . أَنْ لا يُهْرَاقَ فِيهَا دَمٌ ، وَلا يُحْمَلَ فِيهَا سِلاحٌ لِقِتَالٍ ، وَلا تُخْبَطَ فِيهَا شَجَرَةٌ إِلا لِعَلْفٍ...

അബൂ സഈദുൽ ഖുദ്‌രി (റളിയല്ലാഹു അന്‍ഹു)വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു നബിﷺ പറഞ്ഞിട്ടുണ്ട്: ഇബ്രാഹിം നബി മക്കയെ പവിത്രമായി പ്രഖ്യാപിച്ചു. അങ്ങനെ അത് പവിത്രമായ നിശ്ചയിച്ചു. ഞാൻ മദീനയെ പവിത്രമായി പ്രഖ്യാപിക്കുന്നു.... അവിടെ രക്തം ചിന്തപ്പെടുവാൻ പാടില്ല. യുദ്ധത്തിനുവേണ്ടി ആയുധം വഹിക്കുവാൻ പാടില്ല. മൃഗത്തിനുള്ള ഭക്ഷണത്തിനു വേണ്ടിയല്ലാതെ ഇലകൾ പൊഴിക്കാൻ പാടില്ല... (മുസ്‌ലിം: 1374)

قال النووي :فِيهِ : جَوَاز أَخْذ أَوْرَاق الشَّجَر لِلْعَلْفِ , وَهُوَ الْمُرَاد هُنَا بِخِلَافِ خَبْط الْأَغْصَان وَقَطْعهَا ; فَإِنَّهُ حَرَام اهـ.

ഇമാം നവവി(റ) പറയുന്നു: മൃഗങ്ങളുടെ ഭക്ഷണത്തിനു വേണ്ടി ഇല എടുക്കാം എന്നതിന് ഇതിൽ തെളിവുണ്ട്. അതാണ് ഇവിടെ ഉദ്ദേശവും. അതല്ലാത്ത നിക്ക് മരത്തിന്‍റെ കൊമ്പോ ഇലയോ പൊഴിക്കൽ നിഷിദ്ധമാണ്. (ശറഹുന്നവവി)

ഈ അർത്ഥത്തിൽ ഖുദുസ് പവിത്രമല്ല. ഇക്കാര്യത്തിൽ മുസ്‌ലിംകളുടെ (പണ്ഡിതന്മാരുടെ) ഏകാഭിപ്രായം ഉണ്ട്. ഹറം എന്ന പ്രയോഗം ജനങ്ങൾ വ്യാപകമാക്കി പറയുകയും അങ്ങനെ ഖുദുസ് ഹറം ആയി മാറുകയും ചെയ്തു!. ഫലസ്തീനിൽ ഉള്ള ഇബ്രാഹിം ഖലീൽ പള്ളിയും ഹറം ആയിത്തീതീർന്നു!. അവിടെയുള്ള പളളികളെല്ലാം അൽഹറമുൽ ജാമിഈ എന്ന പേരിൽ അറിയപ്പെട്ടു!. യഥാർത്ഥത്തിൽ മക്കയും മദീനയുമല്ലാത്ത മറ്റൊരു ഹറമും ഭൂമിയിൽ ഇല്ല. ത്വാഇഫിലുളള "വുജ്" എന്ന് താഴ്‌വരയും ഹറമിന്‍റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഇത് ഹറമിൽ പെടുന്നതാണോ അല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്.

ശൈഖുൽ ഇസ്‌ലാം പറയുന്നു:

وليس ببيت المقدس مكان يسمى حرما ولا بتربة الخليل ولا بغير ذلك من البقاع ، إلا ثلاثة أماكن : أحدها : هو حرم باتفاق المسلمين ، وهو حرم مكة ، شرفها الله تعالى . والثاني : حرم عند جمهور العلماء ، وهو حرم النبي ( يعني المدينة النبوية ) فإن هذا حرم عند جمهور العلماء ، كمالك والشافعي وأحمد ، وفيه أحاديث صحيحة مستفيضة عن النبي صلى الله عليه وسلم . والثالث : وُج ، وهو وادٍ بالطائف ، فإن هذا رُوِيَ فيه حديث ، رواه أحمد في المسند ، وليس في الصحاح ، وهذا حرم عند الشافعي لاعتقاده صحة الحديث ، وليس حرماً عند أكثر العلماء ، وأحمد ضعف الحديث المروى فيه فلم يأخذ به. وأما ما سوى هذه الأماكن الثلاثة فليس حرماً عند أحد من علماء المسلمين ، فإن الحرم ما حرم اللهُ صيده ونباته ، ولم يحرم الله صيد مكان ونباته خارجا عن هذه الأماكن الثلاثة اهـ .(مجموع الفتاوى: 27/14-15)

"മൂന്നു സ്ഥലങ്ങളല്ലാത്ത മറ്റൊന്നും ഹറമിൽ പെടുകയില്ല. ബൈത്തുൽ മുഖദ്ദസും തുർബതുൽ ഖലീൽ എന്നറിയപ്പെടുന്ന സ്ഥലവുമൊന്നും ഹറം അല്ല. മക്കാ രാജ്യമാണ് ഒന്നാമത്തെ ഹറം. അല്ലാഹു അതിനു പവിത്രത നൽകിയിട്ടുണ്ട്. മക്ക ഹറം ആണ് എന്ന കാര്യത്തിൽ എല്ലാ മുസ്ലിംകളുടെയും യോജിപ്പ് ഉണ്ട്.

മദീനയാണ് രണ്ടാമത്തെ ഹറം. ഭൂരിപക്ഷ പണ്ഡിതന്മാരും ഇത് ഹറം ആണ് എന്ന് പറഞ്ഞവരാണ്. ഇമാം മാലിക്(റഹിമഹുല്ലാഹ്) ഇമാം ശാഫിഈ (റഹിമഹുല്ലാഹ്) ഇമാം അഹ്‍മദ്(റഹിമഹുല്ലാഹ്) തുടങ്ങിയവരെല്ലാം ഈ അഭിപ്രായം പറഞ്ഞവരാണ്. അനിഷേധ്യമായ സ്വഹീഹായ ഹദീസുകൾ ഈ വിഷയത്തിൽ നബിﷺ യിൽ നിന്നും വന്നിട്ടുണ്ട്.

മൂന്നാമത്തേത് "വുജ്" എന്ന സ്ഥലമാണ്. ത്വാഇഫിലുളള ഒരു താഴ്‌വരയാണ് ഇത്. ഈ വിഷയത്തിൽ ഒരു ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അഹ്‍മദ് തന്‍റെ മുസ്നദിലാണ് അത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളിൽ അത് വന്നിട്ടില്ല. ഈ പ്രദേശം ഇമാം ശാഫിഈ (റഹിമഹുല്ലാഹ്) യുടെ വീക്ഷണത്തിൽ ഹറം ആണ്. കാരണം ഈ ഹദീസിനെ അദ്ദേഹം സ്വഹീഹാണെന്ന് മനസ്സിലാക്കി. എന്നാൽ ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അടുക്കൽ ഈ പ്രദേശം ഹറം അല്ല. ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുള്ള ഹദീസിനെ ഇമാം അഹ്‍മദ് തന്നെ ളഈഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ ഈ മൂന്നുമല്ലാത്ത മറ്റു ഒരു സ്ഥലത്തെയും മുസ്‌ലിം പണ്ഡിതന്മാർ ഹറം ആയി പരിഗണിച്ചിട്ടില്ല. ചെടികൾ മുറിക്കലും വേട്ടയാടലും അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള സ്ഥലങ്ങളാണ് ഹറം. ഈ സ്ഥലങ്ങളിലല്ലാത്ത മറ്റൊരു സ്ഥലത്തുമുള്ള ചെടി മുറിക്കരുതെന്നോ ജീവികൾ വേട്ടയാടപെടരുത് എന്നോ അല്ലാഹു നിഷിദ്ധമാക്കി പറഞ്ഞിട്ടില്ല.” (മജ്മൂഅ് ഫതാവാ 27/14-15)

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

 

അവലംബം: islamqa

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ