എന്താണ് ഹുലൂലും ഇത്തിഹാദും?

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 June 03, 14 Dhuʻl-Qiʻdah, 1444 AH

ചോദ്യം: അഖീദയുടെ പല ഗ്രന്ഥങ്ങളും ഞാൻ വായിക്കുമ്പോൾ "ഇത്തിഹാദിന്‍റെ ആളുകൾക്കുള്ള മറുപടി" "വഹ്ദതുൽ വുജൂദിന്‍റെ ആളുകൾക്കുള്ള മറുപടി" എന്നിങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. എന്താണ് ഈ "ഹുലൂൽ, ഇത്തിഹാദ്" എന്നീ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്?.

ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.

ഹുലൂൽ, ഇത്തിഹാദ് എന്നീ പദങ്ങൾ വഹ്ദതുൽ വുജൂദിന്‍റെ പ്രയോഗങ്ങളിൽ വരുന്ന രണ്ട് പദങ്ങളാണ്. അഖീദയുടെ ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ധാരാളമായി വന്നിട്ടുണ്ട്. സൂഫികളും ശിയാക്കളും (ബാത്വിനിയാക്കളും) ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണിവ. അപ്രകാരം തന്നെ ഇസ്‌ലാമല്ലാത്ത മറ്റു നിരര്‍ത്ഥക മതസ്ഥരുടെ ഗ്രന്ഥങ്ങളിലും ഈ പദങ്ങൾ ഉപയോഗിച്ചതായി കാണാം. ഹൈന്ദവമതം ബുദ്ധമതം തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്.

ഓരോ പദങ്ങളും നമുക്ക് വിശദീകരിക്കാം:

(1) ഹുലൂൽ (الحلول)

ഒരു വസ്തു മറ്റൊരു വസ്തുവിലേക്ക് ഇറങ്ങുന്നതിനാണ് (ഇഴുകിച്ചേരുക) ഹുലൂൽ എന്ന് പറയുന്നത്. ഹുലൂലുൻ സറയാനി (الحلول السرياني) എന്നും പറയാറുണ്ട്.

ജുർജാനി (റഹിമഹുല്ലാഹ്) പറയുന്നു:

الحلول السرَياني : عبارة عن اتحاد الجسمين بحيث تكون الإشارة إلى أحدهما إشارة إلى الآخر ، كحلول ماء الورد في الورد ، فيُسمَّى الساري حالاًّ ، والمسري فيه محلاًّ .الحلول الجواري : عبارة عن كون أحد الجسمين ظرفاً للآخر ، كحلول الماء في الكوز ." التعريفات " ( ص 92 ) .

"രണ്ട് ശരീരങ്ങൾ ഒന്നാകലാണ് ഹുലൂൽ സറയാനി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലേക്ക് ചൂണ്ടിക്കാണിച്ചാൽ അത് രണ്ടിലേക്കുമുള്ള ചൂണ്ടലാണ്. ഒഴുകി വരുന്ന വെള്ളം അത് ചേരേണ്ട സ്ഥാനത്ത് ചേരുന്നത് പൊലെ (അപ്പോൾ രണ്ടു വെള്ളവും ചേർന്ന് ഒന്നായി) ഇതാണ് الحلول السرياني എന്ന പേരിൽ അറിയപ്പെടുന്നത്. രണ്ട് ശരീരങ്ങളിൽ ഒന്ന് മറ്റൊന്നിന്‍റെ സ്ഥാനത്താകലാണ് الحلول الجواري. കൂജയിൽ ഉള്ള വെള്ളം പോലെ." (അത്തഅ്‌രീഫാത്: 92)

ഇതാണ് ഹുലൂൽ. രണ്ട് വസ്തുക്കളുണ്ട്. അതിൽ ഒന്ന് മറ്റൊന്നിൽ ഇറങ്ങിയിരിക്കുന്നു (അവതരിക്കുന്നു) എന്ന് സ്ഥാപിക്കുക. സൂഫികൾ ഈ സാങ്കേതിക പദം കൊണ്ട് ഉദ്ദേശിക്കുന്നത് സൃഷ്ടികളിൽ അല്ലാഹുവിന്‍റെ ഇറക്കമാണ്.

(2) ഹുലൂലിന്‍റെ ഇനങ്ങൾ

ഹുലൂൽ രണ്ടു വിധമുണ്ട്. (ഒന്ന്) പൊതുവായ ഹുലൂൽ. അല്ലാഹു എല്ലാ വസ്തുക്കളിലും ഉണ്ട് എന്ന് വിശ്വാസമാണിത്. ഇലാഹ് മനുഷ്യനിൽ ഇറങ്ങലാണിത്. അതേസമയം രണ്ട് അസ്തിത്വങ്ങളും വ്യതിരിക്തവും വ്യത്യസ്തവുമാണ്. അതായത് അല്ലാഹു മനുഷ്യനിൽ അവതരിച്ചതു കൊണ്ട് സൃഷ്ടിയും സ്രഷ്ടാവും ഒന്നാകുന്നില്ല. മറിച്ച് അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ട്. പക്ഷെ സൃഷ്ടികളിൽ നിന്നും വേറിട്ട് കൊണ്ടാണ്.

രണ്ട് വുജൂദുകളെ (അസ്തിത്വങ്ങളെ) സ്ഥാപിക്കലാണിത്. മുഅ്‌തസിലകളുടെയും അവരുടെ ആദർശം സ്വീകരിച്ചവരുടെയും വിശ്വാസമാണിത്.

(രണ്ട്) പ്രത്യേകമായ ഹുലൂൽ.

ചില സൃഷ്ടികളിൽ അല്ലാഹു അവതരിക്കുന്നു എന്ന വിശ്വാസം. സൃഷ്ടിയും സ്രഷ്ടാവും ഒന്നിൽ തന്നെയാണുള്ളത്. നസ്വാറാക്കളിൽ ചിലരുടെ വിശ്വാസം ഇപ്രകാരമാണ്. ദൈവം ഈസ എന്ന മനുഷ്യനിൽ അവതരിച്ചു (ലാഹൂത് നാസൂതിൽ ഇറങ്ങുക) അതുകൊണ്ട് തന്നെ ഈസാ നബിക്ക് രണ്ടു പ്രകൃതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യ പ്രകൃതിയും ദൈവിക പ്രകൃതിയും. വഹ്‌യ് കൊണ്ട് സംസാരിക്കുന്നതിനാൽ ദൈവിക പ്രകൃതിയും കുരിശിലേറ്റപ്പെട്ടതിനാൽ മനുഷ്യപ്രകൃതിയും ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. നസ്വീരിയ്യ എന്ന പേരിൽ അറിയപ്പെടുന്ന ശിയാക്കളിലെ അതിരുകവിഞ്ഞ ആളുകളുടെ വിശ്വാസവും ഇതു തന്നെയാണ്. അലി(റ)വിൽ അല്ലാഹു അവതരിച്ചിരിക്കുന്നു എന്നാണ് അവരുടെ വിശ്വാസം. അപ്പോൾ അലി(റ) ഉലൂഹിയ്യത് അവതരിച്ചിട്ടുള്ള ഇലാഹ് തന്നെയാണ്. ഇവരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് ഇത്.

(2). ഇത്തിഹാദ് ( الاتحاد )

രണ്ട് വസ്തുക്കൾ ഒന്നായിത്തീരുക എന്നാണ് ഇത്തിഹാദ് എന്ന വാക്കിന്‍റെ അർത്ഥം. ജുർജാനി (റഹിമഹുല്ലാഹ് )പറയുന്നു:

الاتحاد : امتزاج الشيئين ، واختلاطهما حتى يصيرا شيئاً واحداً . التعريفات " ( ص :9(

"ഇത്തിഹാദ് എന്ന് പറഞ്ഞാൽ രണ്ടു വസ്തുക്കൾ കൂടിക്കലർന്ന് ഒന്നായിച്ചേരലാണ്". (അത്തഅ്‌രീഫാത്: 9)

ഈ പദം ഉപയോഗിക്കുന്നവർ സാങ്കേതികമായി ഇതു കൊണ്ട് അർത്ഥമാക്കുന്നത് 'അല്ലാഹു തന്‍റെ സൃഷടിയോട് കൂടിച്ചേർന്ന് ഒന്നാകലാണ്. അതായത് ലോകത്തുള്ള എല്ലാം അല്ലാഹുവിന്‍റെ അസ്തിത്വമാണ്. അല്ലാഹു തന്നെയാണ് അവയെല്ലാം. (സ്രഷ്ടാവ് സൃഷ്ടി എന്ന രണ്ട് ഇല്ല. ഉള്ളതെല്ലാം സൃഷ്ടാവ്)

ഇത്തിഹാദിന്‍റെ ഇനങ്ങൾ:

ഇത്തിഹാദ് രണ്ടു തരമുണ്ട്.

1) പൊതുവായ ഇത്തിഹാദ് (الاتحاد العام)

വഹ്ദതുൽവുജൂദ് എന്നും ഇതിന് പറയാറുണ്ട്. ലോകത്തുള്ള എല്ലാം അല്ലാഹുവിന്‍റെ അസ്തിത്വം എന്ന വിശ്വാസമാണത്. സൃഷ്ടാവ് സൃഷ്ടിയോട് ചേർന്ന് ഒന്നായിരിക്കുന്നു. ഈ വാദക്കാർക്ക് "അൽ ഇത്തിഹാദിയ്യ" എന്നാണ് പറയുക. വഹ്ദതുൽ വുജൂദിന്‍റെ ആളുകൾ എന്നും പറയാറുണ്ട്. ഇബ്നുൽ ഫാരിള്, ഇബ്നു അറബി തുടങ്ങിയവരൊക്കെ ഈ വിശ്വാസത്തിന്‍റെ ആളുകളാണ്.

2) പ്രത്യേകമായ ഇത്തിഹാദ്.

അല്ലാഹു ചില പ്രത്യേക വ്യക്തികളിലേക്ക് ചേർന്ന് ഒന്നായിരിക്കുന്നു എന്ന വിശ്വാസം. എന്നാൽ ദുഷിച്ച വസ്തുക്കളുമായി അല്ലാഹു ചേർന്ന് ഒന്നാകുകയില്ല എന്നും ഇവർ പറയുന്നു. അമ്പിയാക്കളോടും സ്വാലിഹുകളോടും അല്ലാഹു ചേർന്നിട്ടുണ്ടെന്നും അല്ലാവിന്‍റെ അസ്തിത്വം തന്നെയാണ് അവർ എന്നുമൊക്കെയാണ് ഇക്കൂട്ടരുടെ വിശ്വാസം. നസ്വാറാക്കളിലെ ചില വിഭാഗക്കാരുടെ വിശ്വാസം ഇതാണ്. ദൈവം മനുഷ്യനിലേക്ക് ലയിച്ച് രണ്ടും ഒന്നായിത്തീർന്നിരിക്കുന്നു. ഹുലൂലും ഇതും തമ്മിൽ വ്യത്യാസമുണ്ട്. കാരണം ഹുലൂലിൽ ഒന്ന് മറ്റൊന്നിൽ ചേർന്നാലും രണ്ടും രണ്ട് പ്രകൃതിയാണ്. എന്നാൽ ഇത്തിഹാദിൽ അങ്ങനെയല്ല. രണ്ടും ചേർന്ന് ഒന്നായിക്കഴിഞ്ഞു. സൃഷ്ടി സൃഷ്ടാവ് എന്ന രണ്ടായ വ്യത്യാസമില്ല.

ഇത്തിഹാദും ഹുലൂലും തമ്മിലുള്ള വ്യത്യാസം എന്താണ്?. അത് നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം.

(1) ഹുലൂൽ എന്ന് പറഞ്ഞാൽ രണ്ട് വസ്തുക്കളുടെ അസ്ഥിത്വം സ്ഥാപിക്കലാണ്. ഇത്തിഹാദ് എന്ന് പറഞ്ഞാൽ ഒരു വസ്തുവിന്‍റെ അസ്തിത്വം സ്ഥാപിക്കലാണ്.

(2) ഹൂലൂൽ വേർപിരവിനെ സ്വീകരിക്കുന്നു. ഇത്തിഹാദ് വേർപിരവിനെ സ്വീകരിക്കുന്നില്ല.

രണ്ടിനും ചില ഉദാഹരണങ്ങൾ വായിക്കാം.

(ഒന്ന്) പഞ്ചസാര വെള്ളത്തിലിടുകയും ഇളക്കാതിരിക്കുകയും ചെയ്താൽ അത് ഹുലൂലാണ്. കാരണം, രണ്ടിനും രണ്ട് തടികളുണ്ട്. എപ്പോഴാണ് പഞ്ചസാര ഇളക്കിക്കഴിഞ്ഞാൽ വെള്ളത്തിൽ അലിഞ്ഞു ചേരുന്നത്, ഇതാണ് ഇത്തിഹാദ്. കാരണം ഇനി അതിൽ ഒരു വേർപിരിവ് സാധ്യമല്ല.

വെള്ളത്തിൽ കല്ലിട്ടാൽ അത് ഹുലൂലാണ്. ഇത്തിഹാദല്ല. കാരണം കല്ല് ഒരു വസ്തുവാണ്. വെള്ളം മറ്റൊരു വസ്തുവാണ്. രണ്ടും വേർപിരിവിന് സാധ്യതയുള്ളതാണ്.

ഈ രണ്ട് വിശ്വാസങ്ങളും അങ്ങേ അറ്റത്തെ കുഫ്റും മത നിഷേധവുമാണ്. എന്നാൽ ഹുലൂലിനെക്കാൾ കടുപ്പമുള്ളതാണ് ഇത്തിഹാദ്. കാരണം ഒരു ദാത് മാത്രമേയുള്ളൂ എന്ന് സമർത്ഥിക്കലാണത്. ചില സൃഷ്ടികളിൽ അല്ലാഹു ലയിച്ചിരിക്കുന്നു എന്ന് പറയുന്നതിനെക്കാൾ ഗൗരവമുള്ളതാണ് എല്ലാ സൃഷ്ടികളിലും അവൻ ലയിച്ചിരിക്കുന്നു എന്ന് പറയുന്നത്.

ചുരുക്കത്തിൽ ഹുലൂലിന്‍റെയും ഇത്തിഹാദിന്‍റെയും വിശ്വാസം പൊള്ളത്തരം വ്യക്തമായ വിശ്വാസമാണ്. ജനമനസ്സുകളിൽ നിന്ന് അതിനെ മായ്ച് കളയാനാണ് ഇസ്‌ലാം വന്നിട്ടുള്ളത്. കാരണം, ഇന്ത്യൻ ഗ്രീക്ക് ജൂത ന്വസാറാ സംസ്കാരങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും വിഗ്രഹാരാധനയിൽ നിന്നുമെല്ലാമാണ് ഇത് കടന്നു വന്നിട്ടുള്ളത്. കെട്ടിച്ചമച്ചതും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതാണ് അവയെല്ലാം.

[ശൈഖ് മുഹമ്മദുബ്നു ഇബ്റാഹീമുൽ ഹമദിന്‍റെ صطلحات في كتب العقائد എന്ന ഗ്രന്ഥത്തിൽ നിന്നും സംഗ്രഹിച്ചതാണ് ഈ ലേഖനം: പേജ്: 42-47]

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

അവലംബം: islamqa

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ