സുബ്ഹിക്കും അസറിനും ശേഷം ഉറങ്ങല്‍

നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി

Last Update 2023 June 07, 18 Dhuʻl-Qiʻdah, 1444 AH

സുബ്ഹി നമസ്കാര ശേഷം ഒരാള്‍ ഉറങ്ങുന്നതിനെ സംബന്ധിച്ചിടത്തോളം, ഇത് പാടില്ലെന്ന് അറിയിക്കുന്ന ഒരു സ്വഹീഹായ പ്രമാണവും (ഖുര്‍ആന്‍റെയോ ഹദീസിന്‍റെയോ അടിസ്ഥാനത്തില്‍) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ വ്യക്തമായി നിരോധിക്കപ്പെടാത്തതെല്ലാം അനുവദനീയമാണെന്ന പൊതുവായ തത്വം ഈ വിഷയത്തിലും ബാധകമാണ്.

എന്നാല്‍ സുബ്ഹി നമസ്കരിച്ചതിന് ശേഷം നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെയും സ്വഹാബത്തിന്‍റെയും പതിവ് സൂര്യന്‍ ഉദിക്കുന്നത് വരെ നമസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുക എന്നതായിരുന്നു. സ്വഹീഹ് മുസ്‌ലിം (1/463) സമാക് ഇബ്‌നു ഹര്‍ബ്(റളിയല്ലാഹുഅന്‍ഹു) നിവേദനം ചെയ്ത ഹദീഥില്‍ ഇങ്ങനെ പറയുന്നു:

قلت لجابر بن سمرة أكنت تجالس رسول الله صلى الله عليه وسلم ؟ قال : نعم ، كثيراً ، كان لا يقوم من مصلاه الذي يصلي فيه الصبح - أو الغداة - حتى تطلع الشمس ، فإذا طلعت الشمس قام ؛ وكانوا يتحدثون ، فيأخذون في أمر الجاهلية ، فيضحكون ويتبسم .

“ഞാന്‍ ജാബിര്‍ ഇബ്നു സമുറയോട് ചോദിച്ചു, ‘നിങ്ങള്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍റെ കൂടെ ഇരിക്കാറുണ്ടായിരുന്നോ?’ അദ്ദേഹം പറഞ്ഞു, ‘അതെ, പലപ്പോഴും ഇരിക്കാറുണ്ട്. സുബ്ഹി നമസ്കരിച്ച സ്ഥലത്ത് നിന്ന് സൂര്യന്‍ ഉദിക്കുന്നതുവരെ അദ്ദേഹം എഴുന്നേല്‍ക്കാറുണ്ടായിരുന്നില്ല. സൂര്യന്‍ ഉദിക്കുമ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു. ജാഹിലിയ്യാ കാലത്ത് നടന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കാറുണ്ടായിരുന്നു, അവര്‍ ചിരിക്കുകയും ചെയ്യുമായിരുന്നു.”

കൂടാതെ, പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) റബ്ബിനോട് തന്‍റെ ഉമ്മത്തിന് പ്രഭാത സമയങ്ങളില്‍ ബര്‍ക്കത്ത് ചൊരിയുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സഖർ അൽഗ്വാമിദി (റളിയല്ലാഹുഅന്‍ഹു)യുടെ ഹദീസില്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, "അല്ലാഹുവിന്‍റെ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രാര്‍ത്ഥിച്ചു:

اللهم بارك لأمتي في بكورها

"അല്ലാഹുവേ, എന്‍റെ ഉമ്മത്തിന്‍റെ പ്രഭാതത്തില്‍ നീ ബര്‍ക്കത്ത് ചൊരിയേണമേ.' അദ്ദേഹം ശേഷം പറഞ്ഞു, പ്രവാചകന്‍ ഒരു സൈന്യത്തെ അയക്കുമ്പോള്‍ പ്രഭാതത്തില്‍ അയക്കുമായിരുന്നു. സഖർ ഒരു വ്യാപാരിയായിരുന്നു. അദ്ദേഹം തന്‍റെ വ്യാപാരസംഘത്തെ പ്രഭാതത്തിലായിരുന്നു അയച്ചിരുന്നത്. അതിന്‍റെ ഫലമായി അദ്ദേഹത്തിന് ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്തു. (അബൂദാവൂദ്, തിര്‍മിദി)

ഇക്കാരണത്താലാണ് ചില മുന്‍ഗാമികള്‍ സുബ്ഹിക്കുശേഷമുളള ഉറക്കത്തെ വെറുത്തത്. ഇബ്‌നു അബി ശൈബ(റഹിമഹുല്ലാഹ്) തന്‍റെ മുസന്നഫില്‍ (5/222, നമ്പര്‍ 25442) ഉര്‍വത്തുബ്‌നു സുബൈറി (റളിയല്ലാഹുഅന്‍ഹു)ല്‍ നിന്നുള്ള ഒരു സ്വഹീഹായ റിപ്പോട്ട് ഉദ്ധരിക്കുന്നതില്‍ ഇപ്രകാരം കാണാം: "സുബൈര്‍ തന്‍റെ കുട്ടികളെ രാവിലെ ഉറങ്ങുന്നത് വിലക്കിയിരുന്നു." ഉര്‍വ പറഞ്ഞു: "രാവിലെ ഉറങ്ങുന്ന ഒരാളെക്കുറിച്ച് ഞാള്‍ കേട്ടാല്‍ അയാളോട് ഞാന്‍ വിരക്തി ഉളളവനായിരിക്കും."

ചുരുക്കത്തില്‍, ഇഹത്തിലും പരത്തിലും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന ഈ സമയം ആളുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഇനി ഒരു വ്യക്തി തന്‍റെ ജോലിക്ക് ഉണര്‍വ്വ് കിട്ടുന്നതിന് വേണ്ടി ഈ സമയത്ത് ഉറങ്ങുകയാണെങ്കില്‍, അതില്‍ തെറ്റൊന്നുമില്ല. വിശിഷ്യാ ഈ സമയമല്ലാത്ത പകലിന്‍റെ മറ്റു സമയങ്ങളിലൊന്നും ഉറങ്ങാന്‍ കഴിയാത്ത ആളുകളെ സംബന്ധിച്ചിടത്തോളം. അബു യസീദ് അല്‍മദീനിയുടെ ഹദീസില്‍ നിന്ന് ഇബ്‌നു അബി ശൈബ തന്‍റെ മുസന്നഫില്‍ (5/223, നമ്പര്‍ 25454) റിപ്പോര്‍ട്ട് ചെയ്തു: “ഉമര്‍(റളിയല്ലാഹുഅന്‍ഹു) ഒരു ദിവസം രാവിലെ സുഹൈബി(റളിയല്ലാഹുഅന്‍ഹു)ന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം ഉറങ്ങുന്നത് കണ്ടു, അദ്ദേഹം ഉണരുന്നതുവരെ ഉമര്‍(റളിയല്ലാഹുഅന്‍ഹു) കാത്തിരുന്നു. ഉണര്‍ന്നപ്പോള്‍ സുഹൈബ്(റളിയല്ലാഹുഅന്‍ഹു) പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍ തന്നെ കാത്ത് ഇരിക്കുകയും, സുഹൈബ് ഉറങ്ങുകയും ചെയ്യുകയാണോ! ‘ഉമര്‍(റളിയല്ലാഹുഅന്‍ഹു) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ക്ക് പ്രയോജനകരമാകുന്ന ഈ ഉറക്കം നഷ്ടപ്പെടുത്തുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല."

അസറിന് ശേഷം ഉറങ്ങുന്നതും ഇതുപോലെ അനുവദനീയം തന്നെയാണ്. പ്രസ്തുത സമയത്ത് ഉറങ്ങുന്നത് നിഷിദ്ധമാണെന്ന് സൂചിപ്പിക്കുന്ന സ്വഹീഹായ ഹദീസുകളൊന്നും നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല.

من نام بعد العصر فاختلس عقله فلا يلومن إلا نفسه

“അസ്‌റിന് ശേഷം ഉറങ്ങുകയും അതിന്‍റെ ഫലമായി ബുദ്ധി നഷ്‌ടപ്പെടുകയും ചെയ്ത ഒരുത്തന്‍ തന്‍റെ സ്വന്തത്തെ അല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല” എന്ന ആശയത്തില്‍ വന്ന ഹദീഥ് ബാത്വിലായതും നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യില്‍നിന്നും സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമാണ്. (السلسة الضعيفة رقم : 39 കാണുക).

അല്ലാഹുവാണ് സര്‍വ്വതും ഏറ്റവും നന്നായി അറിയുന്നവന്‍.


അവലംബം: islamqa

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ