സുന്നത്ത് എന്നാലെന്ത്?

തയ്യാറാക്കിയത്: ഡോ. മുസ്തഫാ സബാഈ, വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി

Last Update 2018 October 24, 1440 Safar 15

"സുന്നത്ത്" എന്നാല്‍, ഭാഷയില്‍ മാര്‍ഗ്ഗം-അഥവാ നടപടി എന്നര്‍ത്ഥം. നല്ലമാര്‍ഗ്ഗമായാലും ചീത്തമാര്‍ഗ്ഗമായാലും ഭാഷയില്‍ വ്യത്യാസമില്ല. "ആരെങ്കിലും ഒരു നല്ല സുന്നത്തു നടപ്പിലാക്കിയാല്‍ അവന്നു അതിന്‍റെ പ്രതിഫലവും, ഖിയാമത്തു നാള്‍വരെ അതുപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാള്‍ ഒരു ചീത്ത സുന്നത്തു നടപ്പാക്കിയാല്‍ അവന്നു അതിന്‍റെ കുറ്റവും, ഖിയാമത്തു നാള്‍വരെ അതു പ്രകാരം പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും" (മുസ്ലിം) എന്നുള്ള നബി വചനവും, നിങ്ങള്‍ മുമ്പുള്ളവരുടെ സുന്നത്തുകളെ ചാണിന്നു ചാണായും, മുഴത്തിനുമുഴമായും പിന്‍പറ്റുക തന്നെ ചെയ്യും." (ബുഖാരി: മുസ്ലിം) എന്നുള്ള നബിവചനവും ഈ അര്‍ത്ഥത്തിലാകുന്നു.

ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ച സാങ്കേതികാര്‍ത്ഥത്തില്‍, നബി(സ) തിരുമേനിയുടെ വാക്ക്, പ്രവൃത്തി, സ്ഥിരീകരണം (അംഗീകരണം), പ്രകൃതിപരമോ സ്വഭാവപരമോ ആയ ഗുണവിശേഷം, ജീവിതചര്യ എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം (1) സുന്നത്തില്‍ ഉള്‍പ്പെടുന്നു. ചില പണ്ഡിതന്‍മാരുടെ അടുക്കല്‍, "ഹദീസും", "സുന്നത്തും" പര്യാ പദങ്ങളത്രെ. ഉസ്വൂലിന്‍റെ (ഇസ്ലാമിലെ കര്‍മ്മശാസ്ത്ര നിദാനത്തിന്‍റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന സാങ്കേതികാര്‍ത്ഥത്തില്‍, നബി(ﷺ)യുടെ വാക്കും, പ്രവൃത്തിയും, സ്ഥിരീകരണവുമാണ് സുന്നത്ത്. (2) (മിക്കപ്പോഴും "ഹദീസും" ഈ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്നു.)

"നിശ്ചയമായും, കര്‍മ്മങ്ങള്‍ ഉദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കും" (ബു:മു.) എന്നതു പോലെയുള്ള ഹദീസുകള്‍ വാഗ്മൂലമുള്ള സുന്നത്തും (3), നമസ്കാരം, ഹജ്ജ്, നോമ്പ് മുതലായ ആരാധനാ കര്‍മ്മങ്ങളിലും മറ്റും നബി(ﷺ) അനുഷ്ഠിച്ചതായി പ്രസ്താവിക്കുന്ന ഹദീസുകള്‍ പ്രവൃത്തിമൂലമുള്ള സുന്നത്തും (4) ആകുന്നു. സഹാബികളില്‍ നിന്നുണ്ടാകുന്ന വല്ല പ്രവൃത്തിയെക്കുറിച്ചും നബി(ﷺ)ക്ക് അതൃപ്തിയില്ലെന്നോ, അല്ലെങ്കില്‍ തൃപ്തിയുണ്ടെന്നോ മനസ്സിലാക്കുന്ന വിധം അവിടുന്നു മൗനം അവലംബിക്കുമ്പോള്‍ അതു അംഗീകരണ രൂപത്തിലുള്ള സുന്നത്താകുന്നു. (5) ബനൂഖുറൈള: (6) യു്ദധമുണ്ടായ ദിവസം സഹാബികളോടു നബി(ﷺ) പറയുകയുണ്ടായി: "ബനൂഖുറൈള:യില്‍ വെച്ചല്ലാതെ നിങ്ങളാരും അസര്‍ നമസ്കരിക്കരുത് എന്ന്. ചിലര്‍ ഈ കല്‍പനക്കു അതിന്‍റെ ബാഹ്യത്തിലുള്ള അര്‍ത്ഥം തന്നെ കല്‍പിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും അവിടെ എത്തിയ ശേഷമേ അവര്‍ അസര്‍ നമസ്കരിച്ചുള്ളു. ധൃതഗതിയില്‍ അവിടെ എത്തിച്ചേരണമെന്നാണതിന്‍റെ താല്‍പര്യമെന്നും, വഴിമദ്ധ്യേ നമസ്കരിക്കുന്നതിനു വിരോധമില്ലെന്നും വേറെ ചിലര്‍ മനസ്സിലാക്കി. അവര്‍ വഴിയില്‍ വെച്ചു സമയത്തുതന്നെ നമസ്കരിക്കയും ചെയ്തു. രണ്ടു കൂട്ടര്‍ ചെയ്തതും നബി(ﷺ) അറിഞ്ഞു. രണ്ടില്‍ ഒരു കൂട്ടരെയും അവിടുന്നു ആക്ഷേപിക്കയുണ്ടായില്ല. രണ്ടിന്നും മൗനംവഴി അനുമതി നല്‍കുകയാണു ചെയ്തത്.

മേല്‍കണ്ട നിര്‍വചനങ്ങള്‍ക്കു പുറമെ, മതത്തില്‍ അംഗീകൃതമായ തെളിവുമുഖേന സ്ഥാപിതമായ കാര്യം എന്ന അര്‍ത്ഥത്തിലും "സുന്നത്ത്" ഉപയോഗിക്കപ്പെടാറുണ്ട്. തെളിവു ഖുര്‍ആനോ, ഹദീസോ, ഇജ്തിഹാദോ ആകാവുന്നതാണ്. 'മുസ്ഹഫി'ല്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചതും മറ്റും ഇതിന്നു ഉദാഹരണമാകുന്നു. "എന്‍റെ സുന്നത്തും, എന്‍റെ ശേഷം ഖുലഫാഉ-റാശിദീന്‍റെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുവിന്‍" (അബൂദാവൂദ്; തിര്‍മിദീ) എന്ന നബി വചനത്തില്‍ കാണുന്നതു ഈ അര്‍ത്ഥത്തിലുള്ള സുന്നത്താകുന്നു. (7) നിര്‍ബ്ബന്ധത്തിന്‍റെ നിലക്കല്ലാതെ നബി(സ) യില്‍നിന്നു സ്ഥിരപ്പെട്ട കാര്യം എന്ന അര്‍ത്ഥത്തിലും ഫുഖഹാക്കള്‍ സുന്നത്തു ഉപയോഗിക്കാറുണ്ടു. 'സുന്നത്തിന്‍റെ ത്വലാഖ് (വിവാഹമോചനം) എന്നും, 'ബിദ്അത്തിന്‍റെ ത്വലാഖു' എന്നും പറയപ്പെടുന്നത് ഈ അര്‍ത്ഥത്തിലാകുന്നു.(8)

ഓരോ വിഭാഗക്കാരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ താല്‍പര്യം വ്യത്യസ്ഥമായതാണ് സാങ്കേതികാര്‍ത്ഥങ്ങള്‍ ഇങ്ങിനെ വ്യത്യസ്ഥ രീതിയില്‍ വരുവാന്‍ കാരണമായത്. ഉസ്വൂലിന്‍റെ പണ്ഡിതന്‍മാരുടെ സാങ്കേതികാര്‍ത്ഥത്തിലത്രെ നാം ഈ ഗ്രന്ഥത്തില്‍ മിക്കവാറും "സുന്നത്ത്" ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ പ്രമാണിക വശങ്ങളെയും, ശരീഅത്തില്‍ അതിനുള്ള സ്ഥാനത്തെയും കുറിച്ചാണല്ലോ പ്രധാനമായും നമ്മുടെ സംസാരം. എന്നാല്‍, സുന്നത്തിന്‍റെ ചരിത്രപരമായ വശത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന വ്യാപകാര്‍ത്ഥത്തിലും നാമതു ഉപയോഗിക്കുന്നതായിരിക്കും.


 

0
0
0
s2sdefault

ഉലൂമുല്‍ ഹദീസ് : മറ്റു ലേഖനങ്ങൾ