സലഫീ മന്‍ഹജ് ഒരു വിലയിരുത്തല്‍

അബ്ദുല്‍ ഹഖ് സുല്ലമി, ആമയൂര്‍

Last Update 2017 May 06 1438 Shahbaan 9

അല്ലാഹുവിന്‍റെ മതത്തിന്‍റെ പൂര്‍ണ്ണരൂപം മഹാനായ പ്രവാചകന്‍ മുഹമ്മദ്(ﷺ)യോടു കൂടി പൂര്‍ത്തിയായി. പൂര്‍ണ്ണമായ ആ മതത്തെ മാനവതയുടെ മതമായി അല്ലാഹു തൃപ്ത്തിപ്പെടുകയും ചെയ്തു. ഈ വസ്തുത അറിയിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ المائدة: ٣

'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.' (മാഇദഃ : 3)

ഇസ്ലാമിന്‍റെ ഈ പൂര്‍ത്തീകരണം ഇരുപത്തി മൂന്ന് വര്‍ഷം കൊണ്ടാണുണ്ടായത്. കാരണം പൂര്‍വ്വ വേദങ്ങളെ പോലെ ഒരു ഗ്രന്ഥമായിട്ടല്ല മുഹമ്മദ് നബി(ﷺ)ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഒരു വചനമായിട്ടോ, ഒരു വചനത്തിന്‍റെ ഭാഗമായിട്ടോ, ഒരു അദ്ധ്യായമായിട്ടോ അതിന്‍റെ അവതരണം പൂര്‍ത്തിയായി. അവതരിക്കുന്ന ഭാഗങ്ങള്‍ പ്രവാചകന്‍(ﷺ) മഹാന്മാരായ സ്വഹാബത്തിന് ഓതിക്കേള്‍പ്പിക്കുകയും അത് പഠിപ്പിക്കുകയും അതിന്‍റെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നിലക്കും അധഃപതിച്ച അറേബ്യന്‍ ജനതയെ സംസ്കരിച്ചെടുക്കുകയും ചെയ്തു. പ്രവാചകന്‍റെ ഈ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്‍റെ നിയോഗമന ലക്ഷ്യവും. ആ വസ്തുത വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു.

هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ

അക്ഷരഭ്യാസമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ച് കേള്‍പ്പിക്കുകയും അവരെ സംസ്കരിച്ചെടുക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ജുമുഅഃ : 2)

മാനവതയെ അവരുടെ വഴികേടില്‍ നിന്ന് സംസ്കരിച്ചെടുക്കാനുള്ള ഗ്രന്ഥമാണ് ഖുര്‍ആനെന്ന് വ്യക്തമായി. ഈ സംസ്കരണത്തിനാണ് ഹുദാ (സന്മാര്‍ഗ്ഗം) എന്ന് പറയുന്നത്. ഈ സന്മാര്‍ഗ്ഗം എന്തെന്ന് കണ്ടെത്തേണ്ടത് മനുഷ്യനല്ല. അങ്ങിനെ വന്നാല്‍ അത് വ്യത്യസ്തവും, വൈവിധ്യവും ആയിത്തീരും. അതിനാല്‍ ആ ഹുദ അറിയിക്കേണ്ട ബാധ്യത അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു. അവന്‍ പറഞ്ഞു:

إِنَّ عَلَيْنَا لَلْـهُدَىٰ

തീര്‍ച്ചയായും മാര്‍ഗ്ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. (92:12)

ആ ബാധ്യത അല്ലാഹു നിറവേറ്റി. വിശ്വാസകാര്യങ്ങള്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍, സ്വഭാവ മര്യാദകള്‍, ആചാരങ്ങള്‍, ക്രയവിക്രയ നിയമങ്ങള്‍, സാമൂഹ്യ ബന്ധ നിയമങ്ങള്‍ എല്ലാം ഹുദയില്‍ ഉള്‍പ്പെടും. അറബി ഭാഷയില്‍ അവതരിച്ച ഖുര്‍ആനിലെ അവ സംബന്ധമായ അവ്യക്തതകള്‍ പ്രവാചകന്‍(ﷺ) അവിടുത്തെ ജീവിതത്തിലൂടെ അനുചരന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു. അവിടുത്തെ വാക്കും, പ്രവൃത്തിയും, അംഗീകാരവും ഉള്‍ക്കൊണ്ട ആ ജീവിതത്തിന് സുന്നത്ത് എന്ന് നാം പറയുന്നു.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവില്‍ മനുഷ്യന്‍ എങ്ങിനെ വിശ്വസിക്കണമെന്നും, അവനെ എങ്ങിനെ മനസ്സിലാക്കണമെന്നും വ്യക്തമാക്കുന്ന ശതക്കണക്കിന് വചനങ്ങളുണ്ട്. ഖുര്‍ആനിന്‍റെ ആദ്യ സംബോധിതരായ അറബികള്‍ക്ക് അവരുടെ അറബി ഭാഷാ പാടവവും, ദീനിന്‍റെ അന്തഃസത്തയും, പ്രവാചകന്‍റെ മാര്‍ഗ്ഗദര്‍ശന നേതൃത്വവും ഉള്ളതിന്‍റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കാന്‍ എളുപ്പമായി. അതിനാല്‍ ഖുര്‍ആനില്‍ പറഞ്ഞതും, പ്രവാചകന്‍റെ തിരുവചനങ്ങളില്‍ വന്നിട്ടുള്ളതുമായ അല്ലാഹുവിന്‍റെ ഗുണങ്ങള്‍, വിശേഷണങ്ങള്‍ എന്നിവ അവര്‍ അവരുടേതായ വിവരങ്ങളോ, വ്യാഖ്യാനങ്ങളോ കൂടാതെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തു. കൂടുതലായി പ്രവാചകനോട് അവര്‍ ചോദിച്ചറിയാന്‍ ശ്രമിച്ചതുമില്ല. കാരണം അല്ലാഹു പറഞ്ഞത് തന്നെ മതി അവര്‍ക്ക് അവനെക്കുറിച്ച് അറിയാനും വിശ്വസിക്കാനും. അല്ലാഹുവിന്‍റെ സത്ത, അവന്‍റെ ഗുണം, നാമം, പ്രവര്‍ത്തനം എന്നിവ എങ്ങിനെയെന്ന് വിവരിച്ച് കൊടുക്കാന്‍ പ്രവാചകനും മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. അഖീദഃക്കും, വിശ്വാസത്തിനും അതുതന്നെ ധാരാളം മതി. എന്നാല്‍ കര്‍മ്മാനുഷ്ഠാനങ്ങളുടെ വിധി രൂപങ്ങള്‍ വ്യക്തികള്‍ സ്വന്തം ജീവിതത്തില്‍ കൊണ്ടുവരേണ്ടതായതിനാല്‍ അവയെങ്ങിനെയെന്ന് പ്രവാചകന്‍ കാണിച്ചുകൊടുത്തു. സംശയമുള്ളവ അവര്‍ ചോദിച്ചറിഞ്ഞു. അങ്ങിനെ മുസ്ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളുടെയും, കര്‍മ്മപരമായ കാര്യങ്ങളുടെയും മാനദണ്ഡം ഖുര്‍ആനും, പ്രവാചക സുന്നത്തുമായിത്തീര്‍ന്നു. ഈ രണ്ട് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചകന്‍റെ അനുചരന്മാര്‍ ജീവിച്ചു. അവരോട് ഖുര്‍ആന്‍ പറഞ്ഞു:

يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുന്‍കടന്ന് പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു."(ഹുജുറാത്ത്: 1)

ഈ ഖുര്‍ആനിക നിര്‍ദ്ദേശം അണു അളവ് തെറ്റിക്കാതെ ജീവിച്ച സ്വഹാബികളെ അല്ലാഹു തൃപ്തിപ്പെടുകയും, അവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ

"മുഹാജിറുകളില്‍ നിന്നും, അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവനെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തരായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും." (തൗബ : 100)

അപ്പോള്‍ സ്വഹാബത്തിനെ അല്ലാഹു തൃപ്തിപ്പെട്ടു. കാരണം പ്രവാചകന്‍ പഠിപ്പിച്ച അഖീദഃയിലും, കര്‍മ്മാനുഷ്ഠാന രീതിയിലുമായിരുന്നു അവര്‍. ഇവരെ പിന്തുടര്‍ന്ന് ജീവിക്കുവാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. നബി(ﷺ) യും പറഞ്ഞു:

..فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ

"എനിക്ക് ശേഷം ഒട്ടേറെ ഭിന്നതകള്‍ നിങ്ങള്‍ക്ക് കാണാം. തദവസരത്തില്‍ എന്‍റെ ചര്യകളെയും, സച്ചരിതരും സന്മാര്‍ഗ്ഗചാരികളുമായ എന്‍റെ പിന്‍ഗാമികളുടെ ചര്യയെയും നിങ്ങള്‍ പിന്തുടരുകയും, അവയെ നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക."

മുസ്ലിം ലോകത്ത് തൃപ്തികരമല്ലാത്ത പലതും ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടത്തില്‍ സംഭവിച്ചു. ഉമര്‍(റ)വിന്‍റെ വധം, ഉഥ്മാന്‍(റ)വിന്‍റെ കാലത്തെ കലാപവും, അതിനെ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്‍റെ വധവും, അലി(റ)വിന്‍റെ കാലത്തുണ്ടായ ജമല്‍, സിഫ്ഫീന്‍ യുദ്ധങ്ങള്‍ എന്നിവ അതിലെ പ്രധാന സംഭവങ്ങളാണ്. ഇത്തരം സംഭവവികാസങ്ങളുടെ പര്യവസാനം ഐക്യത്തിലും യോജിപ്പിലും നിലനിന്നിരുന്ന മുസ്ലിംകള്‍ ഭിന്നകക്ഷികളായി തീര്‍ന്നുവെന്നതാണ്. ശീആക്കള്‍, ഖവാരിജുകള്‍, മുഅ്ത്തസിലുകള്‍, ജഹ്മിയ്യാക്കള്‍, സൂഫികള്‍ തുടങ്ങിയവര്‍ അവരിലെ പ്രധാന കക്ഷികളാണ്. ഇവര്‍ക്ക് പില്‍ക്കാലത്ത് അവാന്തര വിഭാഗങ്ങളുണ്ടായി. ഈ കക്ഷികള്‍ എല്ലാം അവരുടെ ചിന്താഗതികള്‍ സ്ഥാപിക്കാനും, രാഷ്ട്രീയത്തിലെ നിലപാടുകള്‍ ന്യായീകരിക്കാനും ഇസ്ലാമിന്‍റെ ശരിയായ അഖീദഃയില്‍ നിന്നും, വിശ്വാസ കാര്യങ്ങളില്‍ നിന്നും വ്യതിചലിച്ചു പോയി സ്വന്തം ഇച്ഛകള്‍ക്കനുസരിച്ചും, ഗ്രീക്ക് ഫിലോസഫിക്കനുസരിച്ചും അല്ലാഹുവിനെ കണ്ടെത്താനും, അവന്‍റെ നാമങ്ങളെയും വിശേഷണങ്ങളെയും വ്യാഖ്യാനിക്കാനും തുടങ്ങി. അങ്ങിനെ വികലവും, വക്രവുമായ ഒരു വിശ്വാസ സംഹിതയുടെ വക്താക്കളായി മാറി മുസ്ലിം സമൂഹം. ഹിജ്റ ഒന്നാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ തുടങ്ങി രണ്ടും, മൂന്നും നൂറ്റാണ്ടുകളില്‍ വികസിച്ച് തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ പൊട്ടിപ്പിളര്‍ന്ന് ഇന്നുവരേക്കും നാശം വിതച്ച ഈ നാശഗര്‍ത്തത്തില്‍ നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടക്കത്തില്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഭരണകര്‍ത്താക്കളുടെ പിന്തുണയും, വ്യതിയാനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ ഇസ്ലാമിന്‍റെ മുഖം കറുത്തിരുണ്ടു. ഈ കൂരിരുട്ടിനെ നീക്കം ചെയ്യാന്‍ തുടക്കത്തില്‍ തന്നെ ശ്രമം നടന്നിരുന്നു. ആ ശ്രമമാണ് ആദ്യകാല മുസ്ലിംകള്‍ എന്തുകൊണ്ട് നന്നായിത്തീരുകയും അല്ലാഹു അവരെ തൃപ്തിപ്പെടുകയും ചെയ്തുവോ അതിലേക്ക് മടങ്ങണമെന്ന ആഹ്വാനം. ഇമാം മാലിക്കിന്‍റെ(റഹി) ഈ പ്രഖ്യാപനം പ്രശസ്തമാണല്ലോ.

لا يصلح آخر هذه الأمة إلا بما صلح به أولها

"ഈ സമുദായത്തിന്‍റെ ആദ്യ കാലക്കാര്‍ എന്തുകൊണ്ട് നന്നായിത്തീര്‍ന്നുവോ അതുകൊണ്ട് മാത്രമേ അവസാനകാലക്കാരും നന്നാവുകയുള്ളൂ."

അല്ലാഹു തൃപ്തിപ്പെട്ട സച്ചരിതരായ പൂര്‍വ്വികര്‍ എന്ന അര്‍ത്ഥത്തിലാണ് സലഫുകള്‍ എന്ന് നാം പറയുന്നത്. അല്ലാഹുവിന്‍റെ ഖുര്‍ആനും, പ്രവാചകന്‍റെ ചര്യയും മനസ്സിലാക്കുന്നതില്‍ അവര്‍ സ്വീകരിച്ച മാനദണ്ഡത്തിന് അവരുടെ സമീപന രീതി എന്ന അര്‍ത്ഥത്തില്‍ അറബിയില്‍ 'സലഫി മന്‍ഹജ്' എന്ന് പറയുന്നു. ഇത് ഒരു പ്രസ്ഥാനമോ ഒരു മദ്ഹബോ അല്ല.

എന്തുകൊണ്ട് നാം സലഫീമന്‍ഹജ് സ്വീകരിക്കണം? ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ സൂറ: തൗബയിലെ 100-ാം വചനത്തില്‍ പറഞ്ഞു. അല്ലാഹു തൃപ്തിപ്പെട്ട സഹാബികള്‍ എന്തുകാരണത്താലാണോ ആ അര്‍ഹത നേടിയത് ആ മാര്‍ഗ്ഗം സ്വീകരിക്കലാണ് നമ്മുടെ വിജയത്തിനും, നമ്മെ അല്ലാഹു തൃപ്തിപ്പെടാനുമുള്ള മാര്‍ഗ്ഗം.

മറ്റൊരു കാര്യവും കൂടി മനസ്സിലാക്കേണ്ടതുണ്ട്. നബി(ﷺ)യുടെ ചര്യ എന്തായിരുന്നുവെന്ന് സ്വഹാബത്ത് മുസ്ലിം ലോകത്ത് പ്രചരിപ്പിച്ചു. അവരില്‍ നിന്ന് താബിഉകളും തബഉത്താബിഉകളും അങ്ങിനെ അവര്‍ക്ക് ശേഷമുള്ളവരും പഠിച്ചും, പഠിപ്പിച്ചും കൊണ്ടിരുന്നു. പിന്നീട് അത് ഹദീഥ് ഗ്രന്ഥങ്ങളില്‍ ക്രോഡീകൃതമായി. പക്ഷെ മുമ്പ് പറഞ്ഞ കക്ഷികള്‍ അവരുടെ താല്‍പര്യത്തിന് വേണ്ടി അതിലും മായം ചേര്‍ത്തി. രാഷ്ട്രീയക്കാരും, മദ്ഹബുകളുടെ വക്താക്കളും, കച്ചവടക്കാരും, മതവിരുദ്ധരും തുടങ്ങി പലരും പ്രവാചകന്‍റെ പേരില്‍ കളവ് പറഞ്ഞു. അങ്ങിനെ ഹദീഥുകളില്‍ മായം ചേര്‍ന്നു.

അതിനെ ശുദ്ധീകരിക്കാനുള്ള പരിശ്രമവും മുസ്ലിം ലോകത്ത് ഉണ്ടായിട്ടുണ്ട്. ആ ശ്രമങ്ങളാണ് പില്‍ക്കാലത്ത് ഉസൂലുല്‍ ഹദീഥിന് തുടക്കം കുറിച്ചത്. സലഫി മന്‍ഹജിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രവാചകന്‍റെ ഹദീഥുകളോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും മനസ്സിലാക്കണം. അതായത് പ്രവാചകന്‍ പറഞ്ഞ ഒരു ഹദീഥ് സ്വഹീഹായി നമുക്ക് ലഭിച്ചാല്‍ അത് നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നുണ്ടോയെന്ന് നോക്കേണ്ടതില്ല. ഉദാഹരണമായി പ്രവാചക(ﷺ)ന് സിഹ്റ് ബാധിച്ചുവെന്ന ഹദീഥും, ഈച്ച പാനീയത്തില്‍ വീണാല്‍ അതിനെ മുക്കിയെടുത്ത് പുറത്തിട്ട് ആ വെള്ളം കുടിക്കാമെന്ന ഹദീഥും. കാരണം പ്രവാചകന്‍(ﷺ) മതവിഷയത്തില്‍ സ്വന്തമായി ഒന്നും പറയുകയില്ലെന്ന ഖുര്‍ആന്‍റെ പ്രസ്താവന:

وَمَا يَنطِقُ عَنِ الْهَوَىٰ

"അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല." (അന്നജ്മ് : 3)

എപ്പോഴും നം ഓര്‍ത്തിരിക്കണം. സലഫുകളുടെ പാതയാണ് വിജയത്തിന്‍റെ പാതയെങ്കില്‍ അവരുടെ പ്രമാണങ്ങളോടുള്ള സമീപനമാണ് ശരിയായിട്ടുള്ളത്. നമ്മുടെ പൂര്‍വ്വികര്‍ സലഫുകളുടെ സമീപനത്തെ സ്വാഗതം ചെയ്യുകയും അതിനെതിരായ സമീപനത്തെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്.

പില്‍ക്കാലത്ത് രൂപം കൊണ്ട ഇല്‍മുല്‍ കലാമിന്‍റെ (വചന ശാസ്ത്ര) പൊള്ളത്തരങ്ങള്‍ സച്ചരിതരായ പൂര്‍വ്വ പണ്ഡിതന്മാര്‍ തുറന്നുകാട്ടിയിട്ടുണ്ട്. മുസ്ലിം ലോകത്ത് വിശ്വാസ വ്യതിയാനം വരുത്തുന്നതില്‍ വചനശാസ്ത്രം നിര്‍വ്വഹിച്ച പങ്ക് ചെറുതല്ല. ഇമാം ശാഫിഈ(റഹി), അഹ്മദ് ഇബ്നു ഹമ്പല്‍(റഹി) തുടങ്ങിയ മഹാരഥന്മാര്‍ ഇല്‍മുല്‍കലാമിനെ നിശിതമായ രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതിന്‍റെ വക്താക്കളെ മാര്‍ക്കറ്റിലൂടെ നടത്തി ഈന്തപ്പന മട്ടല്‍ കൊണ്ട് അടിക്കണമെന്ന് ഇമാം ശാഫിഈ(റഹി) അഭിപ്രായപ്പെടുന്നു. എന്നിട്ടും നമ്മുടെ നാട്ടിലെ ശാഫിഈ മദ്ബഹുകാര്‍ ഇല്‍മുല്‍കലാമിനെ വാരിപ്പുണരുന്നതിലാണ് അത്ഭുതം. അതുകൊണ്ടാണല്ലോ നമ്മുടെ നാട്ടിലെ 'സുന്നികള്‍' നാലു മദ്ഹബ് സ്വീകരിക്കുമ്പോഴും അഖീദഃ അവരുടേത് സ്വീകരിക്കാതെ അശ്അരിയുടെയും മാതുരീദിയുടേയും വികലമായ അഖീദഃ സ്വീകരിക്കുന്നത്.

സലഫുകളുടെ നിലപാടിനെയും അതിന്‍റെ ശ്രേഷ്ഠതയെയും വിവരിച്ചുകൊണ്ട് മക്രീസി(റഹി) എഴുതുന്നു: "അല്ലാഹുവിന്‍റെ ഏകത്വത്തെ മനസ്സിലാക്കുന്നതിനും മുഹമ്മദ് നബി(ﷺ) യുടെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിനും അല്ലാഹുവിന്‍റെ ഖുര്‍ആനല്ലാതെ മറ്റൊന്നും സ്വഹാബികളുടെ കൈവശം ഉണ്ടായിരുന്നില്ല. ദര്‍ശന തിയറികളോ വചനശാസ്ത്ര രീതികളോ അവര്‍ക്കറിഞ്ഞുകൂടായിരുന്നു. അതുപ്രകാരം സ്വഹാബികളുടെ കാലം കഴിഞ്ഞുപോയി." (അല്‍ഖുത്വത്വ് 2/356)

വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സ്വീകരിച്ചിരുന്ന പൂര്‍വ്വീകരുടെ നിലപാടിനെക്കുറിച്ച് ശഹ്രിസ്താനി(റഹി) എഴുതുന്നു: "വചനശാസ്ത്രത്തില്‍ മുഅ്തസിലുകള്‍ മുഴുകുന്നതും സച്ചരിതരായ ഇമാമുകള്‍ പരിചയിച്ചതിനു വിരുദ്ധമായി നബിചര്യക്ക് എതിരായ മാര്‍ഗ്ഗം അവര്‍ അവലംബിക്കുന്നതും സലഫുകള്‍ കണ്ടപ്പോള്‍ അസ്ഹാബുല്‍ ഹദീഥായ (ഹദീഥുകള്‍ക്ക് - ബുദ്ധിക്കല്ല - മുന്‍ഗണന നല്‍കുന്നവര്‍) പൂര്‍വ്വീകരുടെ മാര്‍ഗ്ഗത്തെ (മന്‍ഹജ്) അവര്‍ മുറുകെ പിടിച്ചു. ഇമാം മാലിക്ക്, അഹ്മദ്ബ്നു ഹമ്പല്‍ തുടങ്ങിയവര്‍ അവരില്‍പ്പെട്ടവരാണ്. സുരക്ഷിതത്വത്തിന്‍റെ മാര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിച്ചു. അവര്‍ പറഞ്ഞു, "ഖുര്‍ആനിലും സുന്നത്തിലും വന്നത് ഞങ്ങള്‍ വിശ്വസിക്കുന്നു. അവയെ വ്യാഖ്യാനിക്കാന്‍ ഞങ്ങള്‍ മുതിരുന്നില്ല. ഞങ്ങള്‍ തീര്‍ത്തും മനസ്സിലാക്കുന്നു: അല്ലാഹു അവന്‍റെ ഒരു സൃഷ്ടിയോടും സദൃശ്യനാവുകയില്ല." (അല്‍മിലലുവന്നിഹല്‍, 1/103, 104)

ശഹ്രിസ്താനി(റഹി)യുടെ ഈ വിലയിരുത്തലിനെ ശക്തിപ്പെടുത്തുന്ന ഇബ്നു തൈമിയ്യ(റഹി)യുടെ അഭിപ്രായം ഇങ്ങിനെയാണ്: "മുഹാജിറുകളെയും, അന്‍സ്വാറുകളെയും പിന്തുടര്‍ന്നവനും, മുഹമ്മദ് നബി(ﷺ) കൊണ്ടുവന്നതിനെ അതിന്‍റെ യഥാര്‍ത്ഥ നിലക്ക് വിശ്വസിച്ചവനുമല്ലാതെ സത്യം മനസ്സിലാക്കിയിട്ടില്ല." (അല്‍ഫുര്‍ഖാന്‍ ബൈനല്‍ ഹഖി വല്‍ ബാത്വില്‍ : 85)

അദ്ദേഹം വീണ്ടും എഴുതുന്നു: "ദൈവികവും മതപരവുമായ-അതിലെ സംഇയും, അഖ്ലിയുമായ-വിജ്ഞാനങ്ങള്‍ സ്വീകരിക്കപ്പെടേണ്ടതാണ്, പ്രവാചകന്‍(ﷺ) മൊത്തമായും, വിശദമായും പറഞ്ഞതിന് സുകൃതവും സുവ്യക്തവുമായ തെളിവായി സ്വീകരിക്കുന്നതിനുള്ള അടിസ്ഥാനം അവിടുന്ന് കൊണ്ടുവന്നത് തന്നെയാകുന്നു." (അല്‍ഫുര്‍ഖാന്‍ ബൈനല്‍ ഹഖി വല്‍ ബാത്വില്‍ : 92)

ലേഖനത്തിന്‍റെ തുടക്കത്തില്‍ നാം ഉദ്ധരിച്ച സൂറ: മാഇദയിലെ മൂന്നാം വചനത്തിന്‍റെ വിവരണമായി ഇബ്നു അബ്ബാസ്(റ) പറയുകയുണ്ടായി, അല്ലാഹു അവന്‍റെ പ്രവാചകനും, സത്യവിശ്വാസികള്‍ക്കും ഈമാന്‍ പൂര്‍ത്തിയാക്കി കൊടുത്തിരിക്കുന്നുവെന്ന് അവരെ അവന്‍ അറിയിച്ചിരിക്കുന്നു. അതിനാല്‍ ഇനി ഒരിക്കലും അതില്‍ വര്‍ദ്ധനവ് അവര്‍ക്ക് ആവശ്യമായി വരുന്നില്ല. അല്ലാഹു അത് പൂര്‍ണ്ണമാക്കിയിരിക്കുന്നു; ഒരിക്കലും അത് കുറക്കേണ്ടി വരുന്നില്ല. അവന്‍ അതിനെ തൃപ്തിപ്പെട്ടിരിക്കുന്നു; അതിനാല്‍ അവന്‍ കോപിക്കുകയില്ല.

അപ്പോള്‍ സച്ചരിതരായ പൂര്‍വ്വീകരുടെ മാര്‍ഗ്ഗമാണ് ശരി. അതല്ലാത്തത് ശരിയല്ല. ശരി ഒന്നേയുള്ളൂ. സഹാബികള്‍ക്ക് ശേഷം ബുദ്ധിപരമായി അഖീദയെ വിലയിരുത്തി സ്ഥാപിച്ച നൂതന കക്ഷികളുടെ മാര്‍ഗ്ഗങ്ങളെല്ലാം തെറ്റും അബദ്ധവും വഴികേടുമാണ്. സലഫുകളുടെ മേന്മയെക്കുറിച്ച് ഇബ്നു തൈമിയ്യ(റഹി) ഇപ്രകാരം പറഞ്ഞു: "സലഫുകള്‍ അവരുടെ ഹൃദയങ്ങളിലുറച്ച വിശ്വാസത്തിന് തെളിവായി ഖുര്‍ആനിലെയും സുന്നത്തിലെയും വ്യക്തമായ പ്രസ്താവനകള്‍ക്ക് ബുദ്ധിപരമായ അറിവുകളെ കീഴ്പ്പെടുത്തിയവരാണ്. ദൈവദൂതന്‍ നേര്‍മാര്‍ഗ്ഗവും സത്യമതവും തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത്. ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ മാര്‍ഗ്ഗത്തിലേക്കാണ് നയിക്കുന്നത്."

ഖത്വാബി(റഹി) എഴുതുന്നു: "മത കാര്യങ്ങളില്‍പ്പെട്ട അതിന്‍റെ നിയമങ്ങള്‍, അടിസ്ഥാനങ്ങള്‍, ശരീഅത്ത് കാര്യങ്ങള്‍, മറ്റു വിശദ വിവരങ്ങള്‍ എല്ലാം റസൂല്‍(ﷺ) വിവരിച്ചിട്ടുണ്ട്. അത് തികഞ്ഞതും പൂര്‍ണ്ണവുമായ രൂപത്തില്‍ അവിടുന്ന് ജനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്."

വഴിപിഴച്ച മുതകല്ലിമുകള്‍ (വചന ശാസ്ത്രക്കാര്‍) - അശ്അരി, മുഅ്തസിലഃ, മാതുരീദി തുടങ്ങിയവര്‍ - ചെയ്തത് ബുദ്ധിക്ക് അറിയാന്‍ കഴിയാത്തതായി ഖുര്‍ആനിലോ ഹദീഥിലോ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവയെ യുക്തിക്കൊപ്പിച്ച് വ്യാഖ്യാനിക്കുന്ന നൂതന സമ്പ്രദായമാണ്. അത്തരം വ്യാഖ്യാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കുകയെന്നതാണ് സലഫുകളുടെ നിലപാട്.

ഇബ്നു അബ്ദില്‍ ബര്‍റ്(റഹി) എഴുതുന്നു: "എന്നാല്‍ സലഫീ സരണി സ്വീകരിച്ചവര്‍, ബാഹ്യാര്‍ത്ഥ വിരുദ്ധമായി ശറഇയ്യായ തെളിവുകളെ വ്യാഖ്യാനിക്കുന്നതില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരാണ്. അല്ലാഹുവിന്‍റെ വിശേഷണങ്ങളെക്കുറിച്ചോ, അല്ലാത്തവയെക്കുറിച്ചോ അല്ലാഹു പറഞ്ഞതിനപ്പുറം (വ്യാഖ്യാനിച്ച്) പറയുന്നവരുമല്ല അവര്‍. അപ്പോള്‍ അവരുടെ പറച്ചിലുകളും അറിവുമെല്ലാം അല്ലാഹു പറഞ്ഞതിന്നനുസരിച്ച് മാത്രമായിരിക്കും." (ജാമിഉ ബയാനില്‍ ഇല്‍മി വഫദ്ലിഹി)

വ്യക്തമായ ബുദ്ധിയും സ്വഹീഹായ തെളിവുകളും തമ്മില്‍ വൈരുദ്ധ്യം വരുന്നില്ലെന്നതാണ് സലഫി വീക്ഷണം. അതിനാല്‍ അല്ലാഹുവും, അവന്‍റെ റസൂലും പറഞ്ഞതിന്‍റെ അപ്പുറത്തേക്ക് പ്രവേശിക്കേണ്ട ആവശ്യമില്ല.

ഹദീഥ് സ്വഹീഹായി വന്നാല്‍ അതിന് പ്രാധാന്യവും, മുന്‍ഗണനയും കൊടുക്കുയെന്നതാണ് സലഫുകളുടെ രീതിയെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ സലഫീ മന്‍ഹജില്‍ നിന്ന് വ്യതിചലച്ചവര്‍ ഹദീഥിന്‍റെ സ്വിഹ്ഹത്തിനുപരിയായി അത് ബുദ്ധിക്ക് യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു സമീപനം സ്വീകരിക്കുകയുണ്ടായി. ഇതിന്‍റെ ഫലമായി എത്രയോ ഹദീഥുകള്‍ അവര്‍ തള്ളിക്കളഞ്ഞു. അതിലുപരി മതപരമായ പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. ഓരോ കാലത്തും ഓരോ വ്യക്തികള്‍ക്ക് തോന്നിയത് പോലെ എന്തും പറയാനുള്ള വാതായനമാണിവര്‍ തുറന്ന് കൊടുത്തത്. തന്നെയുമല്ല, മുതവാതിറല്ലാത്ത (പത്തില്‍ കൂടുതല്‍ സനദുകളുള്ളവ) ഹദീഥുകള്‍ അഖീദക്ക് തെളിവായി സ്വീകരിച്ച് കൂടാ എന്ന ദുര്‍ന്യായവും അവര്‍ മുന്നോട്ട് വെച്ചു.

സ്വഹാബത്തിന്‍റെ കാലം മുതല്‍ വിശ്വസിച്ചും, അംഗീകരിച്ചും പോന്നിട്ടുള്ള ഒട്ടേറെ കാര്യങ്ങളെ തള്ളിപ്പറയലാണ് ഈ വാദം കൊണ്ട് ഉണ്ടായ നേട്ടം. ഈ പ്രവണത നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ്; ഇന്നും അത് തുടരുന്നു. ഏതെങ്കിലും മന്ദബുദ്ധികള്‍ക്കോ, കുബുദ്ധികള്‍ക്കോ അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും മനുഷ്യന്‍റെ സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്നതാണ് ഇസ്ലാമിന്‍റെ അഖീദയും അടിസ്ഥാന മുറകളും. അത് പൂര്‍വ്വീകര്‍ അംഗീകരിച്ചത് പോലെ, വിശ്വസിച്ചത് പോലെ പില്‍ക്കാലക്കാരും അംഗീകരിക്കണം. അതാണ് സത്യമാര്‍ഗ്ഗം; അതാണ് അല്ലാഹു തൃപ്തിപ്പെട്ട വഴി. അതിര്‍ വരമ്പുകള്‍ മറികടക്കുന്നത് വ്യതിയാനവും, പ്രവാചക(ﷺ)ന്‍റെയും സഹാബത്തിന്‍റെയും മാര്‍ഗ്ഗത്തിന് വിരുദ്ധവുമാണ്.

(വിശദ പഠനത്തിന് ലേഖകന്‍റെ 'വിശ്വാസ കാര്യങ്ങള്‍ : അല്ലാഹു' എന്ന പുസ്തകം വായിക്കുക. കെ.എന്‍.എം. പ്രസിദ്ധീകരണം.)

0
0
0
s2sdefault

മന്‍ഹജ് : മറ്റു ലേഖനങ്ങൾ