ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രം

തയ്യാറാക്കിയത്: നാസ്വിഹ് അബ്ദുൽബാരി

Last Update December 24, 2018, Rabiʻ II 15, 1440 AH

അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹുവാണ് എന്ന് വിശ്വസിക്കുന്നു മുസ്ലിം...

ക്വുര്‍ആന്‍ കൃത്യമായി പഠിപ്പിക്കുന്നു...

وَلِلَّـهِ غَيْبُ السَّمَاوَاتِ وَالْأَرْضِ

ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്. (11/123)

وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ

അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല (3/179)

മുഹമ്മദ് നബി(സ)യെ വിളിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്...

قُل لاَّ أَقُولُ لَكُمْ عِندِي خَزَآئِنُ اللّهِ وَلا أَعْلَمُ الْغَيْبَ

പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. (6/50)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബരി(റഹി) പറയുന്നത്

قُلْ لِهَؤُلَاءِ الْمُنْكَرِينَ نُبُوَّتَكَ

പ്രവാചകരേ, താങ്കളുടെ പ്രവാചകത്വത്തെ നിഷേധിക്കുന്നവരോട് വ്യക്തമാക്കികൊടുക്കൂ

لَسْتُ أَقُولُ لَكُمْ إِنِّي الرَّبُّ الَّذِي لَهُ خَزَائِنُ السَّمَاوَاتِ وَالْأَرْضِ

ആകാശഭൂമികളുടെ ഖജനാവുകള്‍ അധീനപ്പെടുത്തുന്ന രക്ഷിതാവാണ് ഞാന്‍ എന്ന് നിങ്ങളോട് പറയുന്നില്ല

فَأَعْلَمُ غُيُوبَ الْأَشْيَاءِ الْخَفِيَّةِ

ഗോപ്യമായ കാര്യങ്ങളുടെ അദൃശ്യം ഞാന്‍ അറിയും എന്നും പറയുന്നില്ല

الَّتِي لَا يَعْلَمُهَا إِلَّا الرَّبُّ

അതാകട്ടെ, അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ല

الَّذِي لَا يَخْفَى عَلَيْهِ شَيْءٌ

അതിന്‍റെ മേല്‍ ഒന്നും മറഞ്ഞുകിടക്കുന്നില്ല (അതായത് പ്രവാചകന്‍(സ)ക്ക് അദൃശ്യം അറിയില്ല എന്ന കാര്യം മറഞ്ഞുകിടക്കുന്നില്ല, എല്ലാവര്‍ക്കും അറിയാം)

فَتُكَذِّبُونِي فِيمَا أَقُولُ مِنْ ذَلِكَ

അങ്ങനെയുളള വല്ല കാര്യങ്ങളും ഞാന്‍ നിങ്ങളോട് പറയുകയാണെങ്കില്‍ നിങ്ങള്‍ എന്നെ കളവാക്കിക്കോളൂ

لِأَنَّهُ لَا يَنْبَغِي أَنْ يَكُونَ رَبًّا إِلَّا مَنْ لَهُ مُلْكُ كُلِّ شَيْءٍ

കാരണം, എല്ലാത്തിന്‍റെയും ആധിപത്യമുള്ളവനല്ലാതെ റബ്ബ് ആകുന്നത് അനുയോജ്യമല്ല

وَبِيَدِهِ كُلُّ شَيْءٍ

അവന്‍റെ കൈകളിലാണ് എല്ലാ കാര്യങ്ങളും

وَمَنْ لَا يَخْفَى عَلَيْهِ خَافِيَةٌ

അവന് യാതൊന്നും തന്നെ മറഞ്ഞുകിടക്കുകയില്ല

وَذَلِكَ هُوَ اللَّهُ الَّذِي لَا إِلَهَ غَيْرُهُ

അത് അല്ലാഹു മാത്രമാണ്, അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല തന്നെ (തഫ്സീര്‍ ത്വബരി 11/371)

ഈ ആശയത്തില്‍ ഒരുപാട് ആയത്തുകളുണ്ട്...

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല) (27/65).

മതം മതമാകുന്നതു തന്നെ ഗ്വൈബിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്.

എല്ലാ മതങ്ങളും അദൃശ്യമായ വിശ്വാസത്തിലധിഷ്ടിതമായ മതങ്ങളാണ്...

ഗ്വൈബിലുള്ള വിശ്വാസത്തിന്‍റെ കുറവുകളും ന്യൂനതകളുമാണ് ഇസ്ലാമില്‍നിന്നും മറ്റു മതങ്ങളെ വേര്‍തിരിക്കുന്നത്.

എല്ലാ വിശ്വാസവൈകല്യങ്ങളെയും തിരുത്തി ഗ്വൈബിയായ വിശ്വാസത്തിന്‍റെ സംശുദ്ധമായ രൂപമാണ് ഖുര്‍ആനും നബിചര്യയും...

 

غيب (ഗ്വൈബ്) എന്ന വാക്കിന് അദൃശ്യം അഥവാ മറഞ്ഞകാര്യം എന്നാണ് വാക്കാര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞതൊക്കെ ഭാഷയില്‍ ഗ്വൈബ് എന്ന് പ്രയോഗിക്കാറുണ്ട്.

ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ, സ്വന്തത്തെ കാത്തുസൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി നിസാഇലെ 34 ാം ആയത്തില്‍ حَافِظَاتٌ لِّلْغَيْبِ … ഈ പ്രയോഗം ഭാഷാര്‍ത്ഥം പരിഗണിച്ചാണ്.

സാങ്കേതികമായി, ഗ്വൈബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്, അല്ലാഹുവിന്‍റെ ദാത്തില്‍ (സത്തയില്‍), മലക്കുകളില്‍, പരലോകം, വിചാരണ, സ്വര്‍ഗ്ഗം, നരകം, ഖബ്റിലെ അനുഭവങ്ങള്‍ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ടോ, ആന്തരേന്ദ്രിയങ്ങള്‍ വഴിയോ, ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തത്... നമുക്ക് വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ട് മാത്രം അറിയാന്‍ കഴിയുന്നത്.

ഈ ഗ്വൈബിനെ കുറിച്ച് വിശദമായി മനസ്സിലാക്കിത്തരുവാന്‍ വേണ്ടി, പണ്ഡിതന്മാര്‍ ഗ്വൈബിന് ചില قِسْمٌ കളാക്കി (ഭാഗങ്ങളാക്കി) വിഭജിക്കുന്നുണ്ട് (أقسام الغيب)

تَقْسِيمُهُ بِاِعْتِبَاِر عِلْمِهِ وَمَعْرِفَتِهِ (അറിവിന്‍റെയും ധാരണയുടെയും അടിസ്ഥാനത്തിലുള്ള ഗ്വൈബിന്‍റെ വിഭജനമാണ്).

ഈ ഗ്വൈബ് രണ്ട് രൂപത്തിലാണ് ഉള്ളത്.

1) غَيْبٌ مُطْلَقٌ (നിരുപാധികമായ, യഥാര്‍ത്ഥ ഗ്വൈബ്). ഇത് അല്ലാഹുവിന് മാത്രം അറിയുന്ന, മറ്റൊരു സൃഷ്ടികള്‍ക്കും അറിയാത്ത കാര്യമാണ്.

ഉദാഹരണം, അന്ത്യനാള്‍ എന്ന് സംഭവിക്കും എന്ന വിഷയത്തിലുള്ള അറിവ്... ഒരു വെള്ളിയാഴ്ച ദിവസമാണ് സംഭവിക്കുക എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്, എന്നാണ് എന്ന് അല്ലാഹുവിന് മാത്രം അറിയാം.

وَيَقُولُونَ مَتَىٰ هَـٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ

അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്?) നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ).

قُلْ إِنَّمَا الْعِلْمُ عِندَ اللَّـهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ

പറയുക: ആ അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. (67: 25, 26)

ഇത് അല്ലാഹുവിന് മാത്രം അറിയുന്ന غَيْبٌ مُطْلَقٌ…

وَعِندَهُ مَفَاتِحُ الْغَيْبِ لاَ يَعْلَمُهَا إِلاَّ هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. (6/59)

 

ഇതിന്‍റെ വിശദീകരണമായിട്ടാണ് സൂറത്ത് ലുഖ്മാനില്‍ അല്ലാഹു പറയുന്നത്...

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ

തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്.

وَيُنَزِّلُ الْغَيْثَ

അവന്‍ മഴപെയ്യിക്കുന്നു.

وَيَعْلَمُ مَا فِي الْأَرْحَامِ

ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു

وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا

നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല.

وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.

إِنَّ اللَّهَ عَلِيمٌ خَبِيرٌ

തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (31/34)

ഈ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുകഥീര്‍(റഹി) പറയുന്നു

അല്ലാഹുവിന് മാത്രം അറിയുന്ന മറ്റാര്‍ക്കും അറിയാന്‍ സാധിക്കാത്ത അദൃശ്യങ്ങളുടെ താക്കോലിനെ സംബന്ധിച്ചാണ് അല്ലാഹു ഇവിടെ പരാമര്‍ശിക്കുന്നത്.

അവ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആര്‍ക്കും അറിയില്ല.

അവസാനനാള്‍ സംഭവിക്കുന്ന സമയം അല്ലാഹുവിന് മാത്രമറിയുന്ന കാര്യമാണ്, എന്നാല്‍ അവസാനനാളിനെ സംബന്ധിച്ച് ചുമതലയേല്പിഅക്കപ്പെട്ട മലക്കുകളോട് അല്ലാഹു കല്പിക്കുമ്പോള്‍ ആ മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്‍റെ സൃഷ്ടികളും അറിയുന്നതാണ്.

ഗര്‍ഭാശയത്തില്‍ എന്താണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് അവനല്ലാതെ മറ്റാര്‍ക്കുമറിയില്ല, എന്നാല്‍ ഗര്‍ഭാശയത്തില്‍ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ആണോ പെണ്ണോ, സൌഭാഗ്യവാനോ ദൌര്‍ഭാഗ്യവാനോയെന്ന് രേഖപ്പെടുത്താന്‍ കല്‍പ്പിക്കപ്പെട്ട മലക്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ അതിന്‍റെ ചുമതലയുളള മലക്കുകളും, അല്ലാഹു ഉദ്ദേശിക്കുന്ന അവന്‍റെ സൃഷ്ടികളും അതിനെ സംബന്ധിച്ച് അറിയുന്നതാണ്.

ഒരാള്‍ ഐഹികവും പാരത്രികവുമായ ലോകത്ത് എന്താണ് സമ്പാദിക്കാന്‍ പോകുന്നതെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ, അതുപോലെ ക്വുര്‍ആന്‍ പറയുന്നത് പോലെ,

وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. (31/34)

ഇതാണ് ക്വുര്‍ആന്‍ പറയുന്നത്,

وَعِندَهُ مَفَاتِحُ الْغَيْبِ لاَ يَعْلَمُهَا إِلاَّ هُوَ

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല (6/59)

ഈ 5 കാര്യങ്ങളെയാണ് مَفَاتِحُ الْغَيْبِ (അദൃശ്യത്തിന്‍റെ താക്കോല്‍) എന്ന് പറയുന്നത്. ഇബ്നു ഉമര്‍(റ)ല്‍ നിന്നും ഇമാം ബുഖാരി നബി(സ) പറഞ്ഞതായി ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്.

അല്ലാഹുവിന് മാത്രം അറിയുന്ന ഈ കാര്യങ്ങള്‍, അല്ലാഹു മറ്റുളളവര്ക്ക് അറിയിച്ചു കൊടുത്താല്‍ മാത്രമാണ് സൃഷ്ടികള്ക്ക് അറിയാന്‍ സാധിക്കുക...

 

2) غَيْبٌ مُقَيَّدٌ (ഉപാധിയോടു കൂടിയുള്ള, സോപാധികമായ ഗ്വൈബാണ് ഇത്, ഇത് ആപേക്ഷിക ഗ്വൈബാണ്).

 

അല്ലാഹു അറിയിച്ചു കൊടുത്തതുകൊണ്ടോ, അല്ലെങ്കില്‍ വേറെ ഒരാളുടെ സാന്നിധ്യത്തിലോ സംഭവിക്കുന്നതായ കാര്യങ്ങളാണ് ഇത്.

 

മറഞ്ഞ കാര്യങ്ങള്‍ ചിലപ്പോള്‍ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടുപിടിക്കുവാന്‍ കഴിയുന്നതായിരിക്കും. ഇരുട്ടില്‍ മനുഷ്യന് കാണാന്‍ കഴിയാത്തത് പൂച്ചക്ക് കാണാന്‍ സാധിച്ചേക്കും. ജിന്ന് വര്‍ഗ്ഗത്തില്‍പ്പെട്ട അല്ലാഹുവിന്‍റെ സൃഷ്ടികള്ക്ക് കാണാന്‍ കഴിയുന്നത് മനുഷ്യന് കാണാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇതൊന്നും ഒന്നാമത്തേത് غَيْبٌ مُطْلَقٌ നിരുപാധികമായ സാക്ഷാല്‍ ഗ്വൈബ് അല്ല. മറിച്ച്, غَيْبٌ مُقَيَّدٌ (ഉപാധിയോടു കൂടിയുള്ള, സോപാധികമായ ഗ്വൈബാണ്).

രണ്ടാമത്തെ വിഭജനം:

غَيْبٌ بِاِعْتِبَاِر الزَّمَانِ (കാലത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനമാണ്).

ഈ ഗ്വൈബ് മൂന്ന് രൂപത്തിലാണ് ഉള്ളത്.

1) غَيْبٌ مَاضٍ (കഴിഞ്ഞുപോയ അദൃശ്യകാര്യം)...

അന്ന് ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച് അത് ഗ്വൈബ് അല്ല... എന്നാല്‍ നമുക്ക് അതൊക്കെ ഗ്വൈബായ സംഭവങ്ങളാണ്.

ഉദാഹരണം... അല്‍ ഉഖബാ ഉള്‍ക്കടലിന്‍റെയും സീനാ ഉപദ്വീപിന്‍റെയും വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന, പര്‍വ്വത നിരകളെ തൊട്ടുകിടക്കുന്ന പ്രദേശമാണ് റഖീം. ഇവിടെയാണ് ഗുഹാവാസികള്‍...

അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു...

سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ

അവര്‍ (ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്, നാലാമത്തെത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തെത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. (18/22)

പിന്നീട്, അവരുടെ എണ്ണത്തെപ്പറ്റി അല്ലാഹു പറഞ്ഞത് എന്താണ്?

قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ

പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. (18/22)

ഈ അസ്ഹാബുല്‍ കഹ്ഫിന്‍റെ കഥ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടതായിരുന്നു.. നബി(സ)യോട് ചോദിച്ചു, നാളെ പറഞ്ഞുതരാം, ഇന്‍ ശാ അല്ലാഹ് പറഞ്ഞില്ല...

അല്ലാഹു നബി(സ)യോട് പറയുന്നു...

وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدً

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. (18/23)

إِلَّا أَن يَشَاءَ اللَّـهُ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا

അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓര്‍മ്മ വരുമ്പോള്‍) നിന്‍റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്‍റെ രക്ഷിതാവ് എന്നെ ഇതിനെക്കാള്‍ സന്മാര്‍ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക. (18/23,24)

2) غَيْبٌ حَاضِرٌ (വര്‍ത്തമാന കാലഘട്ടത്തില്‍ സംഭവിക്കുന്ന അദൃശ്യകാര്യങ്ങള്‍). ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്... ഞാന്‍ ഇവിടെ ഏത് അവസ്ഥയിലാണ് എന്നത് എന്‍റെ പരിസരത്തുളളവര്‍ക്ക് അറിയാം, അല്ലാത്തവര്‍ക്ക് അദൃശ്യമാണ്.

നബി(സ)യുടെ ഒരു ചരിത്രത്തില്‍ കാണാം...

ഇബ്നു ഹജറുല്‍ അസ്ഖലാനി(റഹി) പറയുന്നു:

വിശ്വാസം കൃത്യമായ രൂപത്തില്‍ രൂഢമൂലമാകാത്തവര്‍ വിചാരിക്കുന്നത് പ്രവാചകത്വം ശരിയാവണമെങ്കില്‍ എല്ലാ അദൃശ്യകാര്യങ്ങളും അറിയേണ്ടതുണ്ട്. ഇബ്നു ഇസ്ഹാഖിന്‍റെ അല്മതഗാസി എന്ന ഗ്രന്ഥത്തില്‍ കാണാം: നബി(സ)യുടെ മൃഗം വഴിതെറ്റിപോവുകയുണ്ടായി, അപ്പോള്‍ സൈദ്ബ്നു ലസ്വീത് എന്ന വ്യക്തി പറയുകയുണ്ടായി, മുഹമ്മദ് ആകാശങ്ങളിലെ വാര്‍ത്ത അറിയിച്ച് തരുന്ന നബിയാണെന്ന് വാദിക്കുന്നുണ്ടല്ലോ, അദ്ദേഹത്തിന് തന്‍റെ മൃഗം എവിടെയെന്ന് പോലും അറിയില്ലേ?

ഇതറിഞ്ഞ നബി(സ), ഇന്ന മനുഷ്യന്‍ ഇങ്ങനെയെല്ലാം പറയുന്നത് കേട്ടല്ലോ, അല്ലാഹു തന്നെയാണ് സത്യം! തീര്‍ച്ചയായും അല്ലാഹു അറിയിച്ചു തരുന്നതല്ലാതെ എനിക്ക് ഒന്നും അറിയില്ല, ആ മൃഗത്തെ സംബന്ധിച്ച് അല്ലാഹു എനിക്ക് അറിയിച്ചു തരികയുണ്ടായി, മൃഗം ഇന്ന മലയുടെ ചെരുവിലാണ്, ഒരു മരച്ചുവട്ടിലുണ്ട്, അങ്ങിനെ അവര്‍ അവിടെപോയി അതിനെ കൊണ്ടുവരികയും ചെയ്തു. ഇവിടെ നബി(സ)ക്ക് അല്ലാഹു അറിയിച്ചുകൊടുക്കുന്നതല്ലാതെ അറിയില്ലായെന്ന് കൃത്യമായി വ്യക്തമാക്കുകയുണ്ടായി, അതാണ് അല്ലാഹു പറഞ്ഞതിന്‍റെ ആശയം

عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدً

എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

إِلَّا مَنِ ارْتَضَى مِن رَّسُولٍ

അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ.

فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدً

എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്). سورة الجن 26 - 27

(ഫത്ഹുല്‍ ബാരി, 13/364)

ഇബ്നു ഇസ്ഹാഖ് അദ്ദേഹത്തിന്‍റെ ചരിത്രത്തില്‍ സൈദ്ബ്നു ലസ്വീത് തൌബ ചെയ്തു എന്നും ഇല്ല എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്...

ഇത്ര വ്യക്തമായ തെളിവുകള്‍ ക്വുര്‍ആനിലും സുന്നത്തിലും ചരിത്രത്തിലുമെല്ലാം ഉണ്ടായിട്ടും മുസ്ലിംകളില്‍ ഇവ്വിഷയകമായ വ്യതിയാനങ്ങള്‍ ധാരാളം... മാല മൌലൂദുകളില്‍ നബി(സ)ക്ക് അദൃശ്യമറിയും എന്ന നിലക്ക് അദ്ദേഹത്തെ ളിച്ച് പ്രാര്‍ത്ഥിക്കുന്നു...

3) غَيْبٌ مُسْتَقْبَلِيٌّ (ഭാവിയില്‍ സംഭവിക്കാന്‍ ഇരിക്കുന്ന കാര്യങ്ങള്‍).... കാലത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്വൈബ് ആകുന്നു ഇത്.

 

അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ ആര്‍ക്കും അറിയാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് നബി(സ) നാളെ വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ കഴിയുന്ന ആളുകളുടെ അവസ്ഥ പറഞ്ഞത്... നരകത്തില്‍ ചിലയാളുകളുടെ അവസ്ഥ കണ്ടു എന്ന് പറഞ്ഞത്...

ഭാവിയെ കുറിച്ച് അല്ലാഹുവിനല്ലാതെ ആര്‍ക്കും തന്നെ അറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് നബി(സ) ഭാവി പ്രവചിക്കുന്ന ആളുകളുടെ അടുക്കലേക്ക് പോകുന്നത് വളരെ ശക്തമായി എതിര്‍ത്തത്. നബി(സ) പറയുകയാണ്,

مَنْ أَتَىَ عَرّاف

ആരെങ്കിലും ഒരു ജ്യോത്സ്യന്‍റെ അടുക്കല്‍ ചെന്ന്

فَسَأَلَهُ عَنْ شَيْءٍ

അയാളോട് വല്ലതിനെ കുറിച്ചും ചോദിക്കുകയും

فَصَدَّقَهُ

എന്നിട്ടത് വിശ്വസിക്കുകയും ചെയ്താല്‍

لَمْ تُقْبَلْ لَهُ صَلاَةُ أَرْبَعِينَ يَوْماً"

അവന്‍റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുന്നതല്ല. (മുസ്ലിം)

ഇമാം അഹ്മദും, അബൂദാവൂദും റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീഥില്‍ ഉള്ളത്... ആരെങ്കിലും പ്രശ്നക്കാരനെ സമീപിച്ച് അയാള്‍ പറഞ്ഞത് വിശ്വസിച്ചാല്‍,

فَقَدْ بَرَأَ مِمَّا أُنْزِلَ عَلَى مُحَمَّدٍ

മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണ്ണമായതില്‍ (ക്വുര്‍ആനില്‍) നിന്ന് അവന്‍ വ്യതിചലിച്ചു പോയി.

എന്തെങ്കിലും കളങ്ങളോ കരുക്കളോ മറ്റോ ഉപയോഗിച്ച പ്രശ്നം നോക്കുന്ന എല്ലാവരും عَرّاف അഥവാ ജ്യോത്സ്യന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥ പരിധിയില്‍ വരും. ഇന്ന് അത് കണക്കുനോക്കല്‍, മഷിനോട്ടം, ഇസ്മിന്‍റെ പണി, മന്ത്രവാദം എന്നിങ്ങനെ പലപേരുകളിലുമായി അറിയപ്പെടുന്ന ഒരു കാര്യമാണ്.

മൂന്നാമത്തെ വിഭജനം:

غَيْبٌ بِاِعْتِبَاِر وُرُودِهِ (സ്രേതസ്സുകളിലൂടെ അറിയിക്കപ്പെട്ട ഗ്വൈബുകളാണ്).

ഈ ഗ്വൈബും മൂന്ന് രൂപത്തിലാണ്.

1) غَيْبٌ جَاءَ فِي القُرْآَن (ക്വുര്‍ആനില്‍ വന്ന ഗ്വൈബിയായ സംഗതികള്‍).

ഉദാഹരണം: പുര്‍വ്വ സമുദായത്തിന്‍റെ ആ ചരിത്രം, അതുപോലെ തന്നെ ലോകവസാനത്തിന്‍റെ ഭയാനകരമായ നിമിഷങ്ങള്‍.

2) غَيْبٌ جَاءَ فِي السُّنَّةِ الصَّحِيحَةِ (നബി(സ)യുടെ സുന്നത്തിലൂടെ, അതായത് ഹദീഥിലൂടെ സ്വഹീഹായി വന്ന ഗ്വൈബിയായ കാര്യങ്ങള്‍).

ഉദാഹരണം: നബി(സ)യുടെ മിഅ്റാജ് യാത്ര, അതുപോലെ അന്ത്യനാളില്‍ ഇമാം മഹ്ദിവരുന്നത്, ദജ്ജാല്‍ വരുന്നത്.

3) غَيْبٌ جَاءَ عَنْ طَرِيقِ الإِسْرَائِلِيَاتِ وَالْأَخْبَار اَّلتِي لَا يَعْلَمُ صِدْقَهَا وَلَا كَدِبهَا (പൂര്‍വ്വകാല വേദക്കാരായ, ഇസ്റാഈല്യത്തിന്‍റെ മാര്‍ഗത്തിലൂടെയും, സത്യമാണോ കളവാണോ എന്ന് അറിയാത്ത മറ്റുമാര്‍ഗങ്ങളിലൂടെയും വന്ന വാര്‍ത്തകള്‍).

നംറൂദും സംഘവും ഇബ്രാഹീം നബി(അ)യെ തീയില്‍ എറിഞ്ഞ സംഭവം...

അല്ലാഹു തീയിനോട് ഇബ്രാഹീം(അ)ക്ക് തണുപ്പും സമാധാനവുമാകാന്‍ കല്‍പിച്ചു. ഇക്കാര്യം സൂറത്തുല്‍ അമ്പിയാഅ് 36ല്‍ കാണാം... എന്നാല്‍ ചില ഇസ്രാഈല്യത്തുകളില്‍ ഇബ്രാഹീം നബി(അ) തീയില്‍ 7 ദിവസം കഴിച്ചുകൂട്ടി എന്നും അത് ഭൂമിയിലെ സുന്ദരമായ ദിവസങ്ങളായാണ് അനുഭവപ്പെട്ടത് എന്നുമൊക്കെ കാണാം... ഇതിന്‍റെയെല്ലാം സത്യാവസ്ഥ അല്ലാഹുവിന്നറിയാം.

ഇതെല്ലാം പരിഗണിച്ചുകൊണ്ടുളള വിശ്വാസമാണ് സൂറഃത്തുല്‍ ബക്വറയിലെ 3 ാമത്തെ ആയത്ത് الَّذِينَ يُؤْمِنُونَ بِالْغَيْبِ അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്... അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ ജീവിതത്തില്‍ സൂക്ഷിച്ച് ജീവിക്കുന്ന മുത്വക്വീങ്ങളുടെ സ്വഭാവഗുണങ്ങളില്‍ പെട്ടതാണ് ഇത്.

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين
0
0
0
s2sdefault

റൗദത്തുല്‍ ഖുതുബ് : മറ്റു ലേഖനങ്ങൾ