ക്വുര്‍ആനിന്‍റെ ഏടുകള്‍ ആട് തിന്ന സംഭവം

ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2021 February 21 1442 Rajab 9

വിവ. ഫദ്‍ലുൽഹഖ് ഉമരി ആമയൂർ

അവലംബം: islamqa

ചോദ്യം: ഇബ്നു മാജയുടെ 1934-ാം നമ്പർ ഹദീസ് ക്രൈസ്തവനായ ഒരു വ്യക്തി മുസ്ലിംകളും ക്രൈസ്തവരുമുള്ള ഒരു ചർച്ചാഗ്രൂപ്പിൽ ഇട്ടിരുന്നു. ആട് ക്വുർആൻ തിന്നതുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സംഭവമാണത്. ഇതിന്‍റെ വസ്തുതയും ചരിത്രവും സമ്പൂർണ്ണമായി അറിയാൻ താല്‍പര്യപ്പെടുന്നു. എന്താണത്?.

ഉത്തരം: ഇബ്നു മാജയുടെ 1934-ാം നമ്പർ ഹദീസ് ക്രൈസ്തവനായ ഒരു വ്യക്തി മുസ്ലിംകളും ക്രൈസ്തവരുമുള്ള ഒരു ചർച്ചാഗ്രൂപ്പിൽ ഇട്ടിരുന്നു. ആട് ക്വുർആൻ തിന്നതുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സംഭവമാണത്. ഇതിന്‍റെ വസ്തുതയും ചരിത്രവും സമ്പൂർണ്ണമായി അറിയാൻ താല്‍പര്യപ്പെടുന്നു. എന്താണത്?

 

ഉത്തരം: ചോദ്യത്തിന്‍റെ ഉത്തരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹദീസുകളുമായി ബന്ധപ്പെട്ട ഒരു ചെറിയ വിശകലനം ഇവിടെ ആവശ്യമാണ്. ഗവേഷണാത്മകമായ വിശദീകരണമോ പ്രശ്ന പരിഹാരമോ മാത്രം മതിയായ ഒരു വിഷയമല്ല ഇത്. അതുകൊണ്ടുതന്നെ ഹദീസിന്‍റെ പരമ്പരയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. അപ്പോൾ കാര്യം വ്യക്തമാവുകയും ചെയ്യും. ഈ ഹദീസിന്‍റെ എല്ലാ പദങ്ങളും ഹദീസ് വന്നിട്ടുള്ള എല്ലാ വഴികളും താഴെക്കാണുന്ന പരമ്പരയിലൂടെ ഉളളതാണ്.

عبد الله بن أبي بكر بن حزم ، عن عمرة بنت عبد الرحمن ، عن عائشة رضي الله عنها من كلامها موقوفا عليها.

"ആഇശ رضي الله عنها യിൽ നിന്ന് ഉംറ ബിൻതു അബ്ദുറഹ്‍മാനും അദ്ദേഹത്തിൽ നിന്ന് അബ്ദുല്ലാഹിബിനു അബീബകറും നിവേദനം ചെയ്യുന്നു. ആഇശ رضي الله عنها വരെയാണ് ഇതിന്‍റെ പരമ്പര എത്തുന്നത്. അതു കൊണ്ട് ഇതിന് മൗഖൂഫ് (അതായത് സ്വഹാബിയിൽ അവസാനിക്കുന്ന റിപ്പോർട്ട് എന്ന അർത്ഥം) എന്നു പറയുന്നു.

ഈ പരമ്പരയിൽ പറഞ്ഞ അബ്ദുല്ലാഹിബിനു അബീബകറിൽ നിന്നാണ് മറ്റുള്ളവരെല്ലാം റിപ്പോർട്ട് ചെയ്യുന്നത്. ആ റിപ്പോർട്ടുകൾ പല രൂപത്തിൽ ഉണ്ട്.

(1) يرويه يحيى بن سعيد الأنصاري ، ولفظه : ( نَزَلَ فِي الْقُرْآنِ عَشْرُ رَضَعَاتٍ مَعْلُومَاتٍ ، ثُمَّ نَزَلَ أَيْضًا خَمْسٌ مَعْلُومَاتٌ )

"യഹ്‌യബ്നു സഈദുൽ-അൻസാരി رضي الله عنه വാണ് അത് റിപ്പോർട്ട് ചെയ്യുന്ന ഒരാൾ. അദ്ദേഹത്തിന്‍റെ റിപ്പോർട്ടിൽ വന്ന പദങ്ങൾ ഇപ്രകാരമാണ്".

نَزَلَ فِي الْقُرْآنِ عَشْرُ رَضَعَاتٍ مَعْلُومَاتٍ ، ثُمَّ نَزَلَ أَيْضًا خَمْسٌ مَعْلُومَاتٌ.(مسلم: 1452)

 

"ക്വുർആനിൽ (ആദ്യം) അറിയപ്പെട്ട പത്ത് തവണ മുല കുടിക്കുന്നതിലൂടെ (ബന്ധം സ്ഥാപിക്കപ്പെടുന്ന) വചനം ഇറങ്ങി. പിന്നീട് അഞ്ചു തവണ എന്ന വചനം ഇറങ്ങി". (മുസ്‌ലിം: 1452).

ഈ ഹദീസ് നമ്മൾ പരിശോധിച്ചാൽ ഖുർആനിൽ നിന്ന് ഏതെങ്കിലും ഭാഗം ആടു തിന്നതോ ചിതൽ തിന്നതോ ആയ ഒരു പരാമർശവും വന്നിട്ടില്ല.

(2) يرويه الإمام مالك رحمه الله ، ولفظه : ( كَانَ فِيمَا أُنْزِلَ مِنَ الْقُرْآنِ عَشْرُ رَضَعَاتٍ مَعْلُومَاتٍ يُحَرِّمْنَ ، ثُمَّ نُسِخْنَ بِخَمْسٍ مَعْلُومَاتٍ ، فَتُوُفِّيَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ فِيمَا يُقْرَأُ مِنَ الْقُرْآنِ .( الموطأ: كتاب الرضاع/17)

"വിവാഹ ബന്ധം നിഷിദ്ധമാകുന്ന പത്തു തവണയുള്ള മുല കൂടിയെ സംബന്ധിച്ച് ക്വുർആനിൽ ആയത്ത് അവതിരിച്ചിരുന്നു. പിന്നീട് നിയമം അഞ്ചുതവണയുള്ള മുല കുടിയുടെ ആയത്തിലൂടെ ഭേദഗതി ചെയ്യപ്പെട്ടു. (نسخ എന്നാണ് ഇതിനു പറയുക). നബി صلى الله عليه وسلم മരിക്കുന്ന സന്ദർഭത്തിൽ ഈ വചനം (അഞ്ചുതവണ മുല കുടിക്കുന്നതിലൂടെ വിവാഹബന്ധം നിഷിദ്ധമാകുന്നതുമായി ബന്ധപ്പെട്ട ആയത്ത്) ക്വുർആനിൽ പാരായണം ചെയ്യപ്പെട്ടിരുന്നു." (ഇമാം മാലിക رَحِمَهُ ٱللَّٰهُ തന്‍റെ മുവത്വഇൽ - 17 രേഖപ്പെടുത്തിയിട്ടുണ്ട്).

 

മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ഹദീസിലും ഖുർആനിന്‍റെ ഏതെങ്കിലും ഭാഗം ആടോ ചിതലോ തിന്നതുമായി ബന്ധപ്പെട്ട ഒരു പരാമർശവുമില്ല. ആദ്യം സൂചിപ്പിച്ച ഹദീസിൽ ഇല്ലാത്ത ഒരു പദം അധികമായി (നബി صلى الله عليه وسلم മരിക്കുന്ന സന്ദർഭത്തിൽ ഈ വചനം ക്വുർആനിൽ പാരായണം ചെയ്യപ്പെട്ടിരുന്നു.) ഈ റിപ്പോർട്ടിൽ വന്നു എന്ന് മാത്രം.

(3) محمد بن إسحاق ، ولفظه : ( لَقَدْ أُنْزِلَتْ آيَةُ الرَّجْمِ ، وَرَضَعَاتُ الْكَبِيرِ عَشْرٌ ، فَكَانَتْ فِي وَرَقَةٍ تَحْتَ سَرِيرٍ فِي بَيْتِي ، فَلَمَّا اشْتَكَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَشَاغَلْنَا بِأَمْرِهِ ، وَدَخَلَتْ دُوَيْبَةٌ لَنَا فَأَكَلَتْهَا. (الإمام أحمد في "المسند": 43/343)

"മുഹമ്മദുബ്നു ഇസഹാഖിന്‍റെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: റജ്മിന്‍റെ (വ്യഭിചരിച്ചവനെ എറിഞ്ഞ് കൊല്ലുന്ന നിയമം) ആയത്തും പത്തു തവണ മുല കുടിക്കുന്നതിലൂടെ മുലകുടിബന്ധം സ്ഥാപിക്കപ്പെടുന്ന ആയത്തും

അവതരിക്കപ്പെട്ടു. എന്‍റെ വീട്ടിൽ കട്ടിലിനടിയിൽ ഒരു പലകയിൽ (ഇലയിലോ മറ്റോ രേഖപ്പെടുത്തി വെച്ചത്) ആണ് അത് ഉണ്ടായിരുന്നത്. നബി صلى الله عليه وسلم ക്ക് രോഗം ശക്തമായപ്പോൾ ഞങ്ങൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകി. ആ സന്ദർഭത്തിൽ വീട്ടിൽ ഞങ്ങളുടെ ചെറിയ ജീവി(دويبة) (ആട്) പ്രവേശിക്കുകയും അതു തിന്നു കളയുകയും ചെയ്തു". (അഹ്മദ്: 43/343)

 

ഇബ്നുമാജയുടെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്

فَلَمَّا مَاتَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَتَشَاغَلْنَا بِمَوْتِهِ دَخَلَ دَاجِنٌ فَأَكَلَهَا.

"നബി صلى الله عليه وسلم മരണപ്പെട്ടപ്പോൾ ഞങ്ങൾ നബി صلى الله عليه وسلم യുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകി. അപ്പോൾ ഒരു ആട് വന്ന് അത് തിന്നു".(ഇബ്നു മാജ: 1944).

 

യഹ്‌യബ്നു സഈദിൽഅൻസാരി رضي الله عنه വും മാലികുബ്നു അനസും رضي الله عنه റിപ്പോർട്ട് ചെയ്തതിൽ നിന്നും വ്യത്യസ്തമായി ചില അധികം പദങ്ങളോടെ ഈ റിപ്പോർട്ട് വന്നിട്ടുണ്ട്. ഇതാണ് ചോദ്യകർത്താവിന്‍റെ മർമ്മവും.

 

വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലുന്നതുമായി ബന്ധപ്പെട്ട ആയത്തും പത്തു തവണ മുല കുടിക്കുന്നതിലൂടെ വിവാഹബന്ധം നിഷിദ്ധമാകുന്നതുമായ ആയത്തും വീട്ടിൽ വളർത്തുന്ന ആട് വന്ന് തിന്ന് നശിപ്പിച്ചു എന്നതാണ് ഇവിടത്തെ പരാമർശം.

മുഹമ്മദഉബ്നു ഇസഹാക്കിന്‍റെ റിപ്പോർട്ടിൽ മറ്റു ഹദീസുകൾക്ക് വിരുദ്ധമായി വന്ന ഈ പദം തന്നെ ഹദീസിന്‍റെ പണ്ഡിതന്മാർക്ക് ഈ റിപ്പോർട്ട് (ضعيف) ദുർബലവും (مردود) തള്ളപ്പെടേണ്ടതും (شاذ) സ്വഹീഹുകൾക്ക് വിരുദ്ധമായി ഒറ്റപ്പെട്ടതും ആണെന്ന വിധി നൽകാൻ മതിയായതാണ്.

 

ഒറ്റപ്പെട്ട (شاذ) എന്നതിന് പണ്ഡിതൻമാർ കൊടുക്കുന്ന നിർവചനം ഇപ്രകാരമാണ്:

الحديث الذي يخالف فيه الراوي الثقة ما رواه الثقات الأحفظ منه أو الأكثر عددا .

"കൂടുതൽ പ്രബലരും കൂടുതൽ എണ്ണം ആളുകളും റിപ്പോർട്ട് ചെയ്തതിനു എതിരായി പ്രബലനായ ഒരു വ്യക്തി റിപ്പോർട്ട് ചെയ്യുന്ന ഹദീസ്".

 

സുരക്ഷിതവും ബുദ്ധിപരവുമായിട്ടുള്ള ഒരു നിയമമാണിത്. കാരണം, ഒരേ ഹദീസ് ഒരുപാട് ആളുകൾ ഒരേ രൂപത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വ്യക്തി അതെങ്ങനെ റിപ്പോർട്ട് ചെയ്യും? മാത്രവുമല്ല, ഇവരാകട്ടെ കൂടുതൽ എണ്ണവും പദവിയിൽ ഉന്നതരുമാണ്. പ്രാകൽഭ്യതയിൽ ശക്തി കൂടിയവരുമാണ്. ഈ ആളുകൾ എന്തു കൊണ്ട് കൂടുതലായി വന്ന പദവും വൈരുദ്ധ്യമായി വന്ന പദവും റിപ്പോർട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

 

റിപ്പോർട്ടർമാരുടെ വൈരുദ്ധ്യങ്ങളും ഒറ്റപ്പെടലുകളും മനസ്സിലാക്കാൻ ഇതല്ലാത്ത മറ്റു വല്ല നിയമങ്ങളും ഉണ്ടോ? ഇല്ലായെങ്കിൽ മാലികുബ്നു അനസും رضي الله عنه യഹിയബ്നു സഈദുൽഅൻസാരിയും رضي الله عنه റിപ്പോർട്ട് ചെയ്തതിനപ്പുറമായി മുഹമ്മദുബ്നു ഇസഹാഖിന്‍റെ ഹദീസിൽ ആഇശ رضي الله عنها യിൽ നിന്നും വന്നിട്ടുള്ള ആ പദം നമ്മെ എങ്ങനെ തൃപ്തിപ്പെടുത്തും?!.

 

മാലികുബ്നു അനസും رضي الله عنه യഹ്‌യബ്നു സഈദുമാകട്ടെ رضي الله عنه ഹദീസിന്‍റെ വിഷയത്തിലെ തല ചൂടാ മന്നന്മാരാണ്. എത്രത്തോളമെന്ന് വെച്ചാൽ, ഇമാം സുഫ്‌യാനുസ്സൗരി رَحِمَهُ ٱللَّٰهُ പറയുന്നു;

كان يحيى بن سعيد الأنصارى أجل عند أهل المدينة من الزهري ، وعده علي بن المديني أحد أصحاب صحة الحديث وثقاته ومن ليس فى النفس من حديثهم شيء ، وقال فيه أحمد بن حنبل : أثبت الناس ، وقال وهيب : قدمت المدينة فلم أر أحدا إلا وأنت تعرف وتنكر غير مالك ويحيى بن سعيد . انظر : " تهذيب التهذيب " (11/223)

"യഹ്‌യബ്നു സഈദുൽഅൻസാരി رضي الله عنه മദീനക്കാരുടെ അടുക്കൽ (زهري) സുഹ്‌രിയെക്കാൾ മഹത്വമേറിയ പദവിയിലുള്ള ആളാണ്. ഹദീസിന്‍റെ സ്വീകാര്യത അറിയിക്കുന്നതിനും അതിന്‍റെ പ്രബലരിലുള്‍പെട്ട ഒരാളായിക്കൊണ്ടാണ് യഹ്‌യബ്നു സഈദുൽഅൻസാരി رضي الله عنه യെ ഇമാം ഇബ്നു മഈൻ رَحِمَهُ ٱللَّٰهُ കണക്കാക്കുന്നത്. ഇമാം അഹ്‍മദ് ബ്നു ഹമ്പൽ رَحِمَهُ ٱللَّٰهُ പറയുന്നു: ഹദീസ് വിഷയത്തിൽ ഏറ്റവും ഉറച്ച (പ്രാഗല്ഭ്യൻ) ആളാണ് അദ്ദേഹം. ഇമാം വുഹൈബ رَحِمَهُ ٱللَّٰهُ പറയുന്നു: ഞാൻ മദീനയിൽ ചെന്നപ്പോൾ അവിടെ കണ്ട ആളുകളെല്ലാം നിങ്ങൾ അംഗീകരിക്കുന്നവരും എതിർക്കുന്നവരുമായിരുന്നു. മാലികിബ്നു അനസും رضي الله عنه യഹ്‌യബ്നു സഈദും رضي الله عنه ഒഴികെ. (അവരെ എതിർക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല)". (തഹ്‌ദീബുത്തഹ്ദീബ്: 11/223)

 

മാത്രവുമല്ല ചില ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ മുഹമ്മദുബ്നു ഇസ്ഹാഖ رَحِمَهُ ٱللَّٰهُ വിമർശന വിധേയനാണ്. അദ്ദേഹത്തിന്‍റെ റിപ്പോർട്ടുകളിൽ ചില അബദ്ധങ്ങളും പ്രഗൽഭരായിട്ടുള്ള ആളുകൾ റിപ്പോർട്ട് ചെയ്തതിന് എതിരായ റിപ്പോർട്ടുകളും ഹദീസ് നിരൂപകന്മാർ പരിചയിച്ചിട്ടുണ്ട്. പ്രബലൻമാരും ഹാഫിളുകളും (ഹദീസിന്‍റെ വിഷയത്തിൽ വരുന്ന പ്രാഗല്ഭ്യത അറിയിക്കുന്ന ഒരു പദമാണحافظ് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഖുർആൻ മനഃപാഠമാക്കിയ വ്യക്തി എന്നല്ല) ആയിട്ടുള്ള പണ്ഡിതന്മാർ റിപ്പോർട്ട് ചെയ്തതിന് വിരുദ്ധമായും ഒറ്റപ്പെട്ട പദങ്ങളാലും വരുന്ന ഇത്തരം ആളുകളുടെ റിപ്പോർട്ടുകൾ സ്വീകാര്യമല്ല.

 

മുഹമ്മദുബ്നു ഇസഹാഖിനെ സംബന്ധിച്ച് പണ്ഡിതന്മാർ പറയുന്നത് ഇങ്ങിനെയാണ്;

حنبل بن إسحاق : سمعت أبا عبد الله يقول : ابن إسحاق ليس بحجة .

"ഹമ്പലുബ്നു ഇസ്‌ഹാഖ് പറയുന്നു: അബു അബ്ദില്ല പറയുന്നത് (അഹ്‍മദ് ബ്നു ഹമ്പൽ) ഞാൻ കേട്ടിട്ടുണ്ട്: ഇബ്നു ഇസഹാഖ് തെളിവല്ല".

وقال عبد الله بن أحمد : لم يكن – يعني أحمد بن حنبل - يحتج به فى السنن .

"അബ്ദുല്ലാഹിബ്നു അഹ്‍മദ് പറയുന്നു: അഹ്‍മദുബ്നു ഹമ്പൽ ഹദീസുകളുടെ വിഷയത്തിൽ മുഹമ്മദുബ്നു ഇസ്ഹാഖിനെ കൊണ്ട് തെളിവ് പിടിക്കാറില്ല".

وقال أيوب بن إسحاق : سألت أحمد بن حنبل ، فقلت : يا أبا عبد الله ! ابن إسحاق إذا تفرد بحديث تقبله ؟ قال : لا ، والله إني رأيته يحدث عن جماعة بالحديث الواحد ، ولا يفصل كلام ذا من ذا .

"അയ്യൂബുബ്നു ഇസ്ഹാഖ് പറയുന്നു: അഹ്‍മദുബ്നു ഹമ്പലിനോട് ഞാൻ ചോദിച്ചു; അല്ലയോ അബൂ അബ്ദില്ല, മുഹമ്മദുബ്നു ഇസ്ഹാഖ് ഒരു ഹദീസ് ഒറ്റപ്പെട്ട നിലക്ക് റിപ്പോർട്ട് ചെയ്താൽ നിങ്ങൾ ആ ഹദീസ് സ്വീകരിക്കുമോ? അദ്ദേഹം പറഞ്ഞു: ഇല്ല. മാത്രവുമല്ല, ഒരേ ഹദീസ് ഒരു സംഘത്തിൽ നിന്ന് റിപ്പോർട്ട് ചെയ്താൽ പോലും ഞാനത് സ്വീകരിക്കുകയില്ല. കാരണം, ആരു പറഞ്ഞു എന്ന് വേർതിരിക്കാൻ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം".

 

وضعفه يحيى بن معين في إحدى الروايات عنه ، وقال النسائي : ليس بالقوي ، وقال الدارقطني : اختلف الأئمة فيه ، وليس بحجة ، إنما يعتبر به. "تهذيب التهذيب " (9/45)،

"ഇബിനു മഈനിൽ നിന്നും വന്നിട്ടുള്ള പല റിപ്പോർട്ടുകളിൽ ഒരു റിപ്പോർട്ടിൽ മുഹമ്മദുബ്നു ഇസ്ഹാഖ് ദുർബലനാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം നസാഈ رَحِمَهُ ٱللَّٰهُ പറയുന്നു: അദ്ദേഹം (ഹദീസ് വിഷയത്തിൽ) ശക്തനല്ല. ഇമാം ദാറഖുത്വ്‌നി رَحِمَهُ ٱللَّٰهُ പറയുന്നു: അദ്ദേഹത്തിന്‍റെ കാര്യത്തിൽ ഹദീസിന്‍റെ ഇമാമുമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. അദ്ദേഹം തെളിവിനു കൊള്ളുന്ന ആളല്ല". (തഹ്ദീബുത്തഹ്ദീബ്: 9/45)

 

ഈ വിഷയം ഒന്നുകൂടി വ്യക്തമാക്കിത്തരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അബ്ദുല്ലാഹിബ്നു അബീബകറിൽ നിന്നും ഇതേ ഹദീസ് മുഹമ്മദുബ്നു ഖാസിം റിപ്പോർട്ട് ചെയ്യുന്നുണ്ട്. (മുതാബഅത് എന്നാണ് ഇതിനു പറയുക) അതിലും മുഹമ്മദുബ്നു ഇസ്‌ഹാഖ് കൊണ്ടുവന്ന അധികം പദങ്ങൾ ഇല്ല. ആ റിപ്പോർട്ട് ഇപ്രകാരമാണ്.

حدثنا محمد بن خزيمة ، حدثنا الحجاج بن منهال ، قال : حدثنا حماد بن سلمة ، عن عبد الرحمن بن القاسم ، عن القاسم بن محمد ، عن عمرة ، أن عائشة رضي الله عنها قالت : ( كَانَ فِيمَا أُنْزِلَ مِنَ الْقُرْآنِ ثُمَّ سَقَطَ : أَنْ لَا يُحَرِّمُ مِنَ الرَّضَاعِ إِلَّا عَشْرُ رَضَعَاتٍ، ثُمَّ نَزَلَ بَعْدُ : أَوْ خَمْسُ رَضَعَاتٍ .(شرح مشكل الآثار :11/486)

(മുകളിൽ കൊടുത്ത ഹദീസുകളുടെ അതേ അർത്ഥം).

 

ചുരുക്കത്തിൽ, ആട് വന്ന് ക്വുർആൻ തിന്ന കഥ ദുർബലവും സ്ഥിരപ്പെടാത്തതുമാണ്.

ഇമാം ഇബ്നു ഖുതൈബ رَحِمَهُ ٱللَّٰهُ പറയുന്നു:

ألفاظ حديث مالك خلاف ألفاظ حديث محمد بن إسحاق ، ومالك أثبت عند أصحاب الحديث من محمد بن إسحاق " انتهى من " تأويل مختلف الحديث " (ص/443)

"മാലിക്കിന്‍റെ ഹദീസിൽ വന്ന പദങ്ങൾ മുഹമ്മദുബ്നു ഇസഹാഖിന്‍റെ ഹദീസിൽ വന്ന പദങ്ങൾക്ക് എതിരാണ്. മാലികാകട്ടെ ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ മുഹമ്മദുബ്നു ഇസഹാഖിനെക്കാൾ പ്രബലനാണ്." (തഅ്‌വീലു മഖ്തലഫുൽ ഹദീസ്: പേജ്/443)

 

ഇമാം അഹ്‍മദുബ്നു ഹമ്പലി رَحِمَهُ ٱللَّٰهُ ന്‍റെ മുസ്നദിന് തഹ്ഖീഖ് എഴുതിയ പണ്ഡിതൻ പറയുന്നു:

إسناده ضعيف لتفرد ابن إسحاق - وهو محمد - وفي متنه نكارة.( طبعة مؤسسة الرسالة ;43/343).

"ഇബ്നു ഇസ്ഹാഖ് (മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി) തനിച്ച് റിപ്പോർട്ട് ചെയ്ത കാരണത്താൽ ഇതിന്‍റെ പരമ്പര ദുർബലമാണ്. അതിന്‍റെ ഉളളടക്കത്തില്‍ (മത്‌ന്) അസ്വീകാര്യതയുടെ അടയാളങ്ങളുണ്ട്."

(طبعة مؤسسة الرسالة ;43/343).

ഇമാം ആലൂസി رَحِمَهُ ٱللَّٰهُ പറയുന്നു:

وأما كون الزيادة كانت في صحيفة عند عائشة فأكلها الداجن ، فمن وضع الملاحدة وكذبهم في أن ذلك ضاع بأكل الداجن من غير نسخ ، كذا في الكشاف " انتهى من " روح المعاني " (11/140)

"ആഇശ رضي الله عنها യുടെ അടുക്കൽ ഉണ്ടായിരുന്ന ഫലകത്തിൽ നിന്നും ആടു വന്നു തിന്നു എന്ന അധിക പ്രയോഗം മതനിർമ്മിതവാദികളുടെ കെട്ടിച്ചമക്കലും നിയമഭേദഗതി ചെയ്യാതെ തന്നെ ക്വുർആനിലെ ആ ഭാഗം ആട് തിന്നു നഷ്ടപ്പെട്ടു എന്നത് കളവുമാണ്. ഇപ്രകാരമാണ് കശ്ശാഫിൽ (സമഖ്ശരിയുടെ തഫ്സീറിൽ) ഉള്ളത്" (റൂഹുൽമആനി: 11/140).

 

ഇബ്നു ഹസം رَحِمَهُ ٱللَّٰهُ പറയുന്നു:

صح نسخ لفظها ، وبقيت الصحيفة التي كتبت فيها - كما قالت عائشة - رضي الله عنها فأكلها الداجن ، ولا حاجة بأحد إليها ، وهكذا القول في آية الرضاعة ولا فرق ، وبرهان هذا : أنهم قد حفظوها كما أوردنا ، فلو كانت مثبتة في القرآن لما منع أكل الداجن للصحيفة من إثباتها في القرآن من حفظهم .فبيقين ندري أنه لا يختلف مسلمان في أن الله تعالى افترض التبليغ على رسوله صلى الله عليه وسلم ، وأنه عليه الصلاة والسلام قد بلغ كما أمر ...فصح أن الآيات التي ذهبت لو أمر رسول الله صلى الله عليه وسلم بتبليغها لبلغها ، ولو بلغها لحفظت ، ولو حفظت ما ضرها موته ، كما لم يضر موته عليه السلام كل ما بلغ فقط من القرآن " انتهى من " المحلى " (12/177).

"വ്യഭിചരിച്ച വ്യക്തിയെ എറിഞ്ഞു കൊല്ലുക എന്നു പറഞ്ഞു വന്ന ആ പദങ്ങൾ എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്. (ആ നിയമം നിലവിൽ ഉണ്ടെങ്കിലും വചനം അല്ലാഹു ഖുർആനിൽ നിന്നും മാറ്റിയിട്ടുണ്ട്) എന്നാൽ അത് എഴുതപ്പെട്ട ഭാഗം ആയിശ رضي الله عنها യുടെ വീട്ടിൽ അവശേഷിച്ചിരുന്നു. -അപ്രകാരമാണല്ലോ ആഇശ رضي الله عنها പറയുന്നത്- ഇതുപോലെ തന്നെയാണ് മുലകുടിയുമായി ബന്ധപ്പെട്ട വചനത്തിന്‍റെ കാര്യവും. അവ രണ്ടും തമ്മിൽ വ്യത്യാസമില്ല. നാം മുമ്പ് പറഞ്ഞതു പോലെ അവർ അത് സൂക്ഷിച്ചുവെച്ചു. ഇനി അത് അഥവാ ക്വുർആനിൽ ഉള്ളതാണെങ്കിൽ അത് എഴുതപ്പെട്ട ഭാഗം ആട് തിന്നു എന്നുള്ളതു കൊണ്ട് ക്വുർആനിൽ വരാതിരിക്കുകയില്ല. ജനങ്ങൾക്ക് എത്തിച്ചു കൊടുക്കൽ അല്ലാഹു മുഹമ്മദ് നബി صلى الله عليه وسلم ക്ക് നിർബന്ധമാക്കിയിട്ടുണ്ട് എന്നും അത് അല്ലാഹു കല്പിച്ചതു പോലെ മുഹമ്മദ് നബി صلى الله عليه وسلم കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ട് എന്നും മുസ്‌ലിംകൾക്കിടയിൽ ഭിന്നത ഇല്ലാത്ത കാര്യമാണ്. അപ്പോൾ നഷ്ടപ്പെട്ടുപോയി എന്ന് പറയുന്ന വചനങ്ങൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുവാൻ വേണ്ടി അല്ലാഹു മുഹമ്മദ് നബി صلى الله عليه وسلم യോട് കല്പിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും മുഹമ്മദ് നബി صلى الله عليه وسلم അത് എത്തിച്ചു കൊടുത്തിട്ടുണ്ടായിരിക്കും. നബി صلى الله عليه وسلم അത് എത്തിച്ചു കൊടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ സംരക്ഷിക്കപ്പെട്ടതാണെങ്കിൽ മുഹമ്മദ് നബി صلى الله عليه وسلم യുടെ മരണം കൊണ്ട് അതിനു യാതൊരു ദോഷവും സംഭവിക്കുകയില്ല. നബി صلى الله عليه وسلم യുടെ മരണം കൊണ്ട് ഖുർആനിൽ നിന്നും നബി صلى الله عليه وسلم എത്തിച്ചു കൊടുത്തവക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ". (അൽ മുഹല്ലാ: 12/177)

 

ഇമാം ബാഖില്ലാനി رَحِمَهُ ٱللَّٰهُ പറയുന്നു:

وليس على جديدِ الأرض أجهلُ ممن يظُنُ أن الرسولَ والصحابةَ كانوا جميعا يُهملون أمرَ القرآن ويعدِلون عن تحفُظه وإحرازِه ، ويعوِّلون على إثباته في رقعةٍ تُجعَلُ تحتَ سريرِ عائشةَ وحدَها ، وفي رقاعٍ ملقاةِ ممتهَنةٍ ، حتى دخلَ داجنُ الحي فأكلَها أو الشاةُ ضاع منهم وتفقَت ودرسَ أثرُه وانقطعَ خبره ! وما الذي كان تُرى يبعثُ رسولَ الله صلى الله عليه وسلم على هذا التفريطِ والعجز والتواني ، وهو صاحبُ الشريعة ، والمأمورُ بحفظِه وصيانتِه ونصب الكَتَبةِ له ، ويَحضُرُه خَلْقٌ كثيرٌ متبتلون لهذا الباب ، ومنصوبون لكتبِ القرآن الذي يَنزِل ...فقد بان بجملةِ ما وصفناه من حالِ الرسولِ والصحابةِ أنه لا يجوزُ أن يذهبَ عليهم شيءٌ من كتاب الله تعالى قلَّ أو كَثرُ ، وأنّ العادةَ تُوجِبُ أن يكونوا أقربَ الناسِ إلى حفظِه وحراستِه وما نزلَ منه وما وقع وتاريخهِ وأسبابهِ وناسخِه ومنسوخِه " انتهى باختصار من " الانتصار للقرآن " (1/412-418)

"നബി صلى الله عليه وسلم യും സ്വഹാബിമാരും ഒന്നടങ്കം ക്വുർആനിലെ കാര്യം അവഗണിക്കുകയും ക്വുർആനിനെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ നിന്ന് നീങ്ങിപ്പോയി എന്നും ആഇശ رضي الله عنها യുടെ കട്ടിലിനടിയിൽ മാത്രം ഇട്ടുവെച്ച ഒരു രേഖയിൽ അവരെല്ലാവരും അവലംബം അർപ്പിച്ചു എന്നും അങ്ങനെ അത് ആടു വന്ന് തിന്നു എന്നും അതിനെക്കുറിച്ച് ഒരു രേഖയും ഇല്ലാത്ത വിധം നഷ്ടപ്പെട്ടു പോയി എന്നും പറയുന്നവരെക്കാൾ വിവരദോഷി ഭൂമിക്ക് മുകളിൽ മറ്റൊരാളും ഇല്ല. ഈ ശരീഅത്ത് (മത് നിയമങ്ങൾ) ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ആളാണ് നബി صلى الله عليه وسلم . അതിനെ സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും കൽപ്പിക്കപ്പെട്ട ആളാണ് നബി صلى الله عليه وسلم . ക്വുർആനിന് പ്രത്യേകമായി എഴുത്തുകാരെ നിശ്ചയിച്ച ആളാണ് നബി صلى الله عليه وسلم . ഈ വിഷയത്തിൽ താല്പര്യം കാണിച്ചു കൊണ്ട് പല ആളുകളും നബി صلى الله عليه وسلم യുടെ അടുക്കൽ വരാറുണ്ട്. ക്വുർആനിൽ നിന്നും വചനങ്ങൾ ഇറങ്ങുമ്പോൾ എഴുതി രേഖപ്പെടുത്തുവാൻ ആളുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള ഒരു നബി صلى الله عليه وسلم (ഖുർആനിലെ ഒരു ആയത്തിന്‍റെ കഷണം ആട് തിന്നു പോകുമാറ്) അശ്രദ്ധയോടെയും അവഗണനയോടെയും അതിനെ ഇട്ടു എന്ന് പറയുവാൻ സാധ്യമാണോ. മുലകുടിയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യഭിചാരിയെ എറിഞ്ഞുകൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ഉൾക്കൊള്ളുന്ന ഭാഗങ്ങൾ എല്ലാ സ്വഹാബിമാർക്കും നഷ്ടപ്പെടുകയും എന്നിട്ട് ആഇശ رضي الله عنها യുടെ കൈകളിൽ മാത്രം കിട്ടുകയും അത് അവഗണനയോടു കൂടി കട്ടിലിനടിയിൽ ഇട്ടു എന്നും എങ്ങനെ പറയാൻ സാധിക്കും?. കുറച്ചാകട്ടെ കൂടുതലാകട്ടെ ആരിൽ നിന്നും ഒന്നും തന്നെ നഷ്ടപ്പെട്ടു പോവുകയുമില്ല എന്ന് നബി صلى الله عليه وسلم യുടെയും സ്വഹാബത്തിന്‍റെയും അവസ്ഥകൾ വിശദീകരിച്ചതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ക്വുർആൻ സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഏറ്റവും അടുത്തവരാണവർ. അതിലെ ആദ്യം ഇറങ്ങിയതും അവസാനം ഇറങ്ങിയതും അറിയുന്നത് അവരാണ്. നിയമഭേദഗതി ചെയ്യപ്പെട്ടതും അതിന്‍റെ ചരിത്രവും അറിയുന്നവരും അവരാണ്". (അൽഇൻത്വിസ്വാറു ലിൽഖുർആൻ: 1/412-418)

 

ഏതായാലും, ഒരു മുസ്‌ലിം എപ്പോഴും ബോധവാനായിരിക്കണം. എപ്പോഴും ഉണർന്നിരിക്കണം. എന്തു വാദങ്ങൾ ആര് കൊണ്ടുവന്നാലും അതെല്ലാം വിശ്വസിക്കുന്നവനാകരുത്. അവിടെയും ഇവിടെയും ഉദ്ധരിക്കപ്പെടുന്ന കഥകളും ഖുറാഫാത്തുകളും വ്യാജപ്രചാരണങ്ങളും പിൻപറ്റുന്നവനാകരുത്. പ്രത്യേകിച്ചും ഗ്രൂപ്പുകളിലും ക്ലബ്ബുകളിലുമൊക്കെ ഉണ്ടാകുന്ന ഇത്തരം ചർച്ചകള്‍. കാരണം അവിടെ കയറി വരുന്നവരിൽ സത്യവാനും നുണയനും ഉണ്ടായിരിക്കാം. പണ്ഡിതരും അല്ലാത്തവരും ഉണ്ടായിരിക്കാം. ആത്മാർത്ഥത ഉള്ളവനും കപട വിശ്വാസിയും അസൂയാലുവും ഉണ്ടായിരിക്കാം. പണ്ഡിതന്മാരോട് അന്വേഷിച്ചു കൊണ്ടും അംഗീകൃതമായ ഇസ്‌ലാമിക ഗ്രന്ഥങ്ങൾ പരിശോധിച്ചു കൊണ്ടും സൂക്ഷ്മത പാലിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യേണ്ട മേഖലകളാണ് ഇതെല്ലാം. അത്തരം ഗ്രന്ഥങ്ങളെല്ലാം ഇന്ന് സർവ്വ വ്യാപകമാണ്. അൽഹംദുലില്ലാ. അല്ലാഹു പറയുന്നത് കാണുക:

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا .(الإسراء/36)

"നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌". (ഇസ്‍റാഅ് 36)

 

അല്ലാഹു അഅ്‍ലം

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ