എന്താണ് തൗരിയ?

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 March 12, 20 Shaʻban, 1444 AH

അവലംബം: islamqa

ചോദ്യം: "التورية" എപ്പോഴാണ് അനുവദനീയം ആകുക?. അനിവാര്യ ഘട്ടങ്ങളിൽ മാത്രമേ അനുവദനീയം ആവുകയുള്ളൂ എങ്കിൽ ഈ അനിവാര്യതക്ക് പരിഗണനീയമായ കാര്യം എന്താണ്?.

ഉത്തരം: മറച്ചുവെക്കുക എന്നാണ് തൗരിയ(التورية) എന്നതിന്‍റെ ഭാഷാപരമായ അർത്ഥം.

فَبَعَثَ اللّهُ غُرَابًا يَبْحَثُ فِي الأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءةَ أَخِيهِ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا الْغُرَابِ فَأُوَارِيَ سَوْءةَ أَخِي فَأَصْبَحَ مِنَ النَّادِمِينَ ( المائدة / 31).

"അപ്പോള്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു. (മാഇദ: 31)."

يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْءَاتِكُمْ وَرِيشًا وَلِبَاسُ التَّقْوَىَ ذَلِكَ خَيْرٌ ذَلِكَ مِنْ آيَاتِ اللّهِ لَعَلَّهُمْ يَذَّكَّرُونَ (الأعراف / 26 ).

"ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌." (അഅ്‌റാഫ്: 26).

കേൾക്കുന്ന വ്യക്തി ഒരു അർത്ഥം മനസ്സിലാക്കുകയും എന്നാൽ പറയുന്ന വ്യക്തി അതു കൊണ്ട് മറ്റൊരു അർത്ഥം ഉദ്ദേശിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതിനാണ് സാങ്കേതികമായി تورية എന്ന് പറയുന്നത്. ഉദാഹരണമായി; ഒരു വ്യക്തി പറയുന്നു: "എന്‍റെ അടുക്കൽ പോക്കറ്റിൽ ഒരു രൂപ ഇല്ല" ഇത് കേൾക്കുന്ന വ്യക്തി അദ്ദേഹത്തിന്‍റെ കയ്യിൽ നയാ പൈസ ഇല്ല എന്ന് മനസ്സിലാക്കുന്നു. എന്നാൽ പറയുന്ന വ്യക്തി ഉദ്ദേശിച്ചത് "ഒരു രൂപ ഇല്ല എന്നും വലിയ സംഖ്യകൾ ആണ് ഉള്ളത് എന്നുമാണ്". ഇത്തരം സംസാര രീതിക്കാണ് തൗരിയത് എന്ന് പറയുന്നത്.

മനുഷ്യൻ നേരിടുന്ന ചില പ്രയാസങ്ങളുടെ സന്ദർഭങ്ങളിൽ രക്ഷപ്പെടുവാൻ വേണ്ടി മതം അനുവദിച്ച ഒരു വിഷയമായിക്കൊണ്ടാണ് "തൗരിയ" കണക്കാക്കപ്പെടുന്നത്. അതായത് ചില വ്യക്തികൾ നമ്മോടു ചില കാര്യങ്ങൾ ചോദിക്കുന്നു. നമ്മളാകട്ടെ അത് തുറന്നു പറയാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ കളവു പറയാനും ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദർഭങ്ങളിലാണ് ഇത് ഉപയോഗപ്പെടുത്താറുള്ളത്.

മതപരമായ ലക്ഷ്യങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിലാണ് ഇത് അനുവദനീയമാകുന്നത്. എന്നാൽ ഇതു തന്നെ ഒരു രീതിയായി എടുക്കുക എന്നുള്ളത് ഒരിക്കലും ശരിയല്ല. അന്യായമായ ഒന്നു നേടിയെടുക്കാനോ ന്യായത്തെ തടയാനോ ഇത് ഒരിക്കലും ഉപയോഗിക്കുകയും അരുത്.

ഇമാം നവവി(റഹി) പറയുന്നു:

قال العلماء :‏ فإن دعَت إلى ذلك مصلحة شرعيَّة راجحة على خداع المخاطب ، أو دعت إليه حاجة لا مندوحة عنها إلا بالكذب : فلا بأس بالتعريض ،‏ فإن لم تدع إليه مصلحة ولا حاجة : فهو مكروه وليس بحرام ، فإن توصل به إلى أخذ باطل أو دفع حق فيصير حينئذ حراماً ، وهذا ضابط الباب.( الأذكار : ‏380 )

"നാം അഭിമുഖീകരിക്കുന്ന വ്യക്തിയോട് കുതന്ത്രം കാണിക്കേണ്ട മതപരമായ ഒരു ആവശ്യം നേരിടുകയോ കളവു പറഞ്ഞാലല്ലാതെ രക്ഷപ്പെടാൻ സാധ്യമല്ലാത്ത സാഹചര്യങ്ങൾ വരികയോ ചെയ്താൽ തൗരിയ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. അന്യായമായ ഒന്നു നേടിയെടുക്കാനോ ന്യായത്തെ തടയാനോ ആണെങ്കിൽ അത് ഹറാമിന്‍റെ പരിധിയിലാണ്. ഇതാണ് ഈ വിഷയത്തിലെ നിയമം.” (അല്‍അദ്കാര്‍ 380)

മസ്‍ലഹതോ ആവശ്യമോ ഇല്ലാതെ "തൗരിയത്" ഹറാമാണ് എന്ന് തന്നെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ(റഹി)ക്കും ഈ അഭിപ്രായമാണ് ഉള്ളത്.

(الاختيارات: 563 ).

തൗരിയത് ഉപയോഗിക്കുവാൻ നബി(സ) നിർദേശം നൽകിയ ചില അവസ്ഥകളുണ്ട്.

ഉദാഹരണമായി; ജമാഅത്ത് നമസ്കാരം നടന്നു കൊണ്ടിരിക്കെ ഒരു വ്യക്തിക്ക് വുളൂഅ് നഷ്ടപ്പെട്ടു. ഈ ഒരു പ്രതിസന്ധി സാഹചര്യത്തിൽ ആ വ്യക്തി എന്ത് ചെയ്യും? അവൻ മൂക്കുപൊത്തിപ്പിടിച്ച് അവിടെ നിന്നും പുറത്തു പോരണം എന്നാണ് അതിനുളള ഉത്തരം. ഇതിന് എന്താണ് തെളിവ്? ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞിട്ടുണ്ട്:

" إذا أحدث أحدكم في صلاته فليأخذ بأنفه ثم لينصرف " - سنن أبي داود ( 1114 ) ، وهو في " صحيح سنن أبي داود " ( 985 )

"നിങ്ങളിലാർക്കെങ്കിലും നമസ്കാര സന്ദർഭത്തിൽ വുളൂഅ് നഷ്ടപ്പെട്ടാൽ അവൻ തന്‍റെ മൂക്ക് പിടിക്കുകയും അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്യട്ടെ" (അബൂദാവൂദ്: 1114)

ഇമാം ത്വീബി പറയുന്നു:

قال الطيبي : أمر بالأخذ ليخيل أنه مرعوف ( والرعاف هو النزيف من الأنف ) ، وليس هذا من الكذب ، بل من المعاريض بالفعل ، ورُخِّص له في ذلك لئلا يسوِّل له الشيطان عدم المضي استحياء من الناس ا.هـ " مرقاة المفاتيح شرح مشكاة المصابيح " ( 3 / 18 )

"തനിക്ക് മൂക്കൊലിപ്പാണ് എന്ന് ജനങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ് മൂക്കു പൊത്തിപ്പിടിച്ചു പോരാൻ പറഞ്ഞത്. ഇത് കളവല്ല. മറിച്ച് പ്രവർത്തനം കൊണ്ട് (മറ്റൊരു കാര്യത്തെ) മറച്ചുവയ്ക്കലാണ്. എന്തിനാണ് ഈ ഇളവ് നൽകിയത്? കീഴ്‍വായു പോയ ഒരു വ്യക്തിക്ക് ലജ്ജ കാരണം നമസ്കാരത്തിൽ നിന്നും പിരിഞ്ഞു പോരാതിരിക്കാൻ പിശാച് അവനെ പ്രേരിപ്പിച്ചേക്കാം." (മിർഖാത്: 3/18).

അനുവദിക്കപ്പെട്ട തൗരിയതിന്‍റെയും മറച്ചുവെക്കലിന്‍റെയും ഭാഗമാണിത്. ഇദ്ദേഹത്തെ കാണുന്ന വ്യക്തി മൂക്ക് ചീറ്റാൻ വേണ്ടി പുറത്തേക്ക് പോവുകയാണ് എന്നാണ് കരുതുക.

മുസ്‌ലിമായ ഒരു വ്യക്തി പ്രയാസങ്ങളായ വിഷയങ്ങളെ നേരിടേണ്ടി വരികയും തനിക്കു ബാധിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനോ തന്നെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയോ ഒരു നിരപരാധിയെ രക്ഷപ്പെടുത്താനോ പെട്ടുപോയ കുരുക്കിൽ നിന്ന് മോചനം നേടുവാനോ യാഥാർത്ഥ്യത്തിന് എതിരെ സംസാരിക്കേണ്ടി വരുന്നു. ഇത്തരം ആവശ്യ സന്ദർഭങ്ങളിൽ ഇസ്‌ലാം വെച്ച പരിഹാരമാണ് "തൗരിയത്" എന്നുള്ളത്. ഇമാം ബുഖാരി (റഹി) ഈ പേരിൽ ഒരു അധ്യായം തന്നെ തന്‍റെ സ്വഹീഹിൽ നൽകിയിട്ടുണ്ട് .

(باب المعاريض مندوحة عن الكذب" صحيح البخاري ، كتاب الأدب ، باب ( 116 )

 

മുൻഗാമികൾ നടത്തിയിട്ടുള്ള ചില തൗരിയതുകൾ നമുക്ക് മനസ്സിലാക്കാം. ഇമാം ഇബ്നുൽഖയ്യിം തന്‍റെ إغاثة اللهفان എന്ന ഗ്രന്ഥത്തിൽ അത് വിശദീകരിക്കുന്നുണ്ട്.

ഹമ്മാദ്(റ)യെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിട്ടുണ്ട്. താൻ കൂടെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും തന്‍റെ അടുക്കലേക്ക് വന്നാൽ വേദന ഉള്ളതുപോലെ അദ്ദേഹം ഇപ്രകാരം പറയും: ضرسي ، ضرسي (എന്‍റെ പല്ല്! എന്‍റെ പല്ല്!) {മോശം സ്വഭാവക്കാരൻ എന്നും ഈ വാക്കിന് അർത്ഥമുണ്ട്} കൂടെ ഇരിക്കുന്നത് കൊണ്ട് യാതൊരു നന്മയും ഇല്ലാത്ത ആ ഭാരത്തെ അദ്ദേഹം അങ്ങനെ ഒഴിവാക്കുകയും ചെയ്യും.

ഖലീഫ മഹ്ദിയുടെ സദസ്സിലേക്ക് സുഫ്‌യാനുസ്സൗരി(റഹി)യെ കൊണ്ടുവരപ്പെട്ടു. മഹ്ദി അദ്ദേഹത്തെ ഏറെ നന്നാക്കിപ്പറഞ്ഞു. സുഫ്‌യാനുസ്സൗരി(റഹി) അവിടെനിന്നും ഇറങ്ങി പ്പോകാൻ ഉദ്ദേശിച്ചു. അപ്പോൾ മഹ്ദി പറഞ്ഞു: നിങ്ങൾ ഇവിടെ ഇരിക്കൽ നിർബന്ധമാണ്. എന്നാൽ അദ്ദേഹം ഞാൻ മടങ്ങി വരാം എന്ന് സത്യം ചെയ്യുകയും തന്‍റെ ചെരുപ്പ് കവാടത്തിൽ വെച്ച് പുറത്തു പോവുകയും ചെയ്തു. അൽപ ശേഷം അദ്ദേഹം മടങ്ങി വന്നു. എന്നിട്ട് തന്‍റെ ചെരിപ്പുകൾ എടുത്തു വീണ്ടും തിരിച്ചു പോയി. സുഫ്‌യാനുസ്സൗരി(റഹി)യുടെ ഈ ചെയ്തിയെ പറ്റി ഖലീഫ ചോദിച്ചപ്പോൾ ആളുകൾ ഇപ്രകാരം പറഞ്ഞു: അദ്ദേഹം മടങ്ങി വരും എന്ന് സത്യം ചെയ്തു. അദ്ദേഹം മടങ്ങി വരികയും തന്‍റെ ചെരുപ്പ് എടുക്കുകയും ചെയ്തു.

ഇമാം അഹ്‍മദ്(റഹി) തന്‍റെ വീട്ടിൽ ഇരിക്കുകയായിരുന്നു. തന്‍റെ കൂടെ ചില വിദ്യാർഥികളും ഉണ്ടായിരുന്നു. മർവദി(റഹി) അക്കൂട്ടത്തിൽ പെട്ട ഒരാളായിരുന്നു. ഈ അവസരത്തിൽ വീടിന്‍റെ പുറത്തു നിന്നും ഒരാൾ മർവദി(റഹി)യെ ചോദിച്ചു കൊണ്ട് വന്നു. എന്നാൽ മർവദി(റഹി) പുറത്തു പോകുന്നത് ഇമാം അഹ്‍മദുബ്നു ഹമ്പൽ(റഹി) ഇഷ്ടപ്പെട്ടിരുന്നില്ല. അപ്പോൾ ഇമാം അഹ്‍മദ്(റഹി) പറഞ്ഞു: "മർവദി ഇവിടെ ഇല്ല. മർവദി ഇവിടെ എന്തുചെയ്യാനാണ്? ഇത് പറയുമ്പോൾ ഇമാം അഹ്‍മദ്(റഹി) തന്‍റെ വിരൽ കൊണ്ട് മറുകയ്യിന്‍റെ കൈപത്തിയിലേക്ക് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ചോദിച്ച വ്യക്തിയാകട്ടെ അത് കണ്ടിരുന്നതുമില്ല.

(إغاثة اللهفان : ابن القيم 1/381)
(الآداب الشرعية: ابن مفلح 1/14 )

എന്നാൽ വളരെ അത്യാവശ്യഘട്ടങ്ങളിലും നിർണ്ണായക സമയങ്ങളിലും മാത്രമേ ഒരു മുസ്‌ലിം "തൗരിയ" ഉപയോഗിക്കാവൂ. അതിനു ചില കാരണങ്ങളുണ്ട്.

(1) തൗരിയ വർദ്ധിപ്പിച്ചാൽ കളവിലേക്ക് എത്താൻ സാധ്യതയുണ്ട്.

(2) വിശ്വസ്തരായ സുഹൃത്തുക്കൾ നഷ്ടപ്പെടും. കാരണം തന്‍റെ സുഹൃത്ത് പറയുന്ന വാക്കുകൾ പ്രത്യക്ഷാർത്ഥത്തിലാണോ അതോ മറ്റൊരു അർത്ഥത്തിലാണോ പറഞ്ഞത് എന്ന് സുഹൃത്തുക്കൾ പരസ്പരം സംശയിക്കും.

(3) "തൗരിയത്" നടത്തിയ വ്യക്തിയുടെ വാക്കുകൾക്ക് എതിരായി കാര്യങ്ങളുടെ വസ്തുതകൾ അത് കേട്ട വ്യക്തിക്ക് പിന്നീട് ബോധ്യപ്പെട്ടാൽ ഈ വ്യക്തിയുടെ അടുക്കൽ അതു പറഞ്ഞ വ്യക്തി നുണയനായി മാറും. ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള അഭിമാനം സംരക്ഷിക്കപ്പെടുക എന്ന അടിസ്ഥാന നിയമത്തിന് എതിരാണ് ഇത്.

(4) ഞാൻ മറ്റുള്ളവരെ അവർ ഉദ്ദേശിച്ചതിൽ നിന്നും അശ്രദ്ധനാക്കിയല്ലോ എന്ന ഒരു തോന്നൽ ഉണ്ടാവുകയും അതിന്‍റെ ഭാഗമായി ഞാനൊരു വലിയ ആളായിപ്പോയി എന്നുള്ള പൊങ്ങച്ച മനോഭാവവും "തൗരിയത്" നടത്തിയ ആളുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. (ഞാനവനെ പറ്റിച്ചല്ലോ എന്ന ചിന്ത).

അല്ലാഹുവാണ് നന്നായി അറിയുന്നവൻ.

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ