വിവിധ ഭാഷകളിൽ ഉണ്ടായിട്ടുള്ള അദ്വിതീയമായ സാഹിത്യ കൃതികളെപ്പോലെ ഒരു സാഹിത്യ സൃഷ്ടി മാത്രമല്ലെ ഖുർആൻ. അത്തരം സാഹിത്യ കൃതികൾക്ക് തുല്യമായ ഒരു കൃതിയുണ്ടാക്കാൻ നടത്തുന്ന വെല്ലുവിളിയെപോലെ വ്യർത്ഥമല്ലേ ഖുർആനിലെ വെല്ലുവിളിയും?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 15 February 2020

ഇംഗ്ലീഷിൽ ഷേക്സ്‌പിയറെ വെല്ലുന്ന ഒരു നാടകകൃത്തില്ല. ജർമൻ ഭാഷയിലാണെങ്കിൽ ഗോയ്‌ഥേയും ഷില്ലറും അവരുടെ നാടക രചനയിൽ അത്യുന്നതന്മാരാണ്. പേർസ്യനിൽ ഹാഫിളും റൂമിയും അദ്വിതീയരാണ്. സംസ്‌കൃതത്തിൽ ഋഗ്വേദം അതുല്യമായ രചനയാണ്‌. ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇത് പോലെ അറബിയിലും മനോഹരമായ രചനകളുണ്ടായിട്ടുണ്ട്. ഈ രചനകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഖുർആനിന്റെ രൂപവും ശൈലിയും ഉള്ളടക്കവുമെല്ലാം. ഷേക്‌സ്പിയറുടെ നാടകങ്ങളും ഗോയ്‌ഥെയുടെയും ഹോമറുടെയും കൃതികളുമെല്ലാം കഥനങ്ങളും ആസ്വാദനത്തിനു വേണ്ടിയുള്ളതുമാണ്. അവ മാനുഷിക വികാരത്തെ മാത്രം സംതൃപ്തമാക്കാനുതകുന്നതാണ്.

ഖുർആനിക വചനങ്ങൾ ആസ്വാദനം നൽകുന്നതോടൊപ്പം പരിവർത്തനങ്ങളുണ്ടാക്കുകയും ചെയ്യുന്നു. സന്തോഷത്തോടൊപ്പം ശാന്തിയും നൽകുന്നു. കഥനങ്ങളോടൊപ്പം പാഠങ്ങളും പഠിപ്പിക്കുന്നു. മനുഷ്യരെ ഒന്നും പുറത്തു നിന്ന് അടിച്ചേൽപ്പിക്കുകയല്ല ഖുർആൻ ചെയ്യുന്നത്. അവന് അകത്തു നിന്ന് തന്നെ കർമ്മങ്ങൾക്കുള്ള പ്രചോദനമുണ്ടാക്കുകയാണ്. ബുദ്ധിക്ക് സംതൃപ്തിയും വികാരങ്ങൾക്ക് പൂർത്തീകരണവും നൽകിക്കൊണ്ട് ആളുകളെ പ്രവർത്തന നിരതമാക്കുകയാണ് അവ ചെയ്യുന്നത്. മദ്യം നിരോധിച്ചു കൊണ്ടുള്ള സൂക്തങ്ങൾ (5:90,91) ഉദാഹരണം. പ്രസ്തുത സൂക്തങ്ങളിലെ കല്പന സ്വയമേവ നിറവേറ്റുകയാണ് അത് കേട്ടവർ ചെയ്തത്. മദീനാ തെരുവിലൂടെ മദ്യച്ചാലുകൾ ഒഴുകിയതിന് കാരണമതായിരുന്നു. മനുഷ്യവിരചിതമായ ഒരു സാഹിത്യ സൃഷ്ടിക്കും സാധിക്കാത്ത ഒരു കാര്യമാണിത്. ഒരാളുടെയല്ല, ഒരായിരം പേരുടെയുമല്ല. ലക്ഷങ്ങളുടെ ഹൃദയങ്ങൾക്കകത്തേക്ക് തുളച്ചു കയറി ഒരേ രൂപത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നവരായി മാറ്റിയെടുക്കുകയെന്നത് മനുഷ്യകഴിവിന്നതീതമാണ്. മനുഷ്യ മനസ്സിന്റെ സ്പന്ദതാളങ്ങളെയും ലയത്തെയും കുറിച്ച് വ്യക്തമായി അറിയാവുന്ന പടച്ച തമ്പുരാനു മാത്രമേ അത്തരമൊരു രചന സാധ്യമാകു.

ഏതു ഭാഷയിലെയും സാഹിത്യ കൃതികളെടുത്ത് പരിശോധിക്കുക. അവയുടെ സാഹിത്യ മൂല്യത്തെക്കുറിച്ച് നാം സംസാരിക്കുന്നത് അത് എഴുതപ്പെട്ട കാലത്തെ ഭാഷയുടെയും അറിവിന്റെയും ഭൂമികയിൽ നിന്ന് കൊണ്ടാണ്. അവയിലൊന്നിന്റെയും ഭാഷകൾ ഇപ്പോൾ ജീവൽ ഭാഷകളേയല്ല. ഷേക്‌സ്‌പിയറുടെ ഇംഗ്ലീഷും ഋഗ്വേദത്തിന്റെ സംസ്കൃതവുമൊന്നും ഇന്ന് ജീവിച്ചിരിക്കുന്ന ഭാഷകളല്ല. ഈ ഭാഷകളെല്ലാം ഒട്ടനവധി പരിണാമ പ്രക്രിയകൾക്ക് വിധേയമായി. ഖുർആനിന്റെ ഭാഷയും സൗന്ദര്യവും ഇവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഖുർആൻ അവതരിപ്പിക്കപ്പെട്ട് പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഖുർആനിക അറബിതന്നെയാണ് ഇന്നും അറബികൾക്ക് ആധാരഭാഷ (standard language) യായി നിലനിൽക്കുന്നത്. ദൈവിക നിയമങ്ങളെ പോലെത്തന്നെ ദൈവിക ഗ്രന്ഥത്തിന്റെ ഭാഷക്കും ഗണ്യമായ മൗലീക മാറ്റങ്ങളൊന്നും കൂടാതെ പതിനാലു നൂറ്റാണ്ടു കാലം നിലനിൽക്കുവാൻ കഴിഞ്ഞുവെന്നത് തന്നെ ഒരു അമാനുഷിക ദൃഷ്ടാന്തമാണ്. ഭാഷാ പരിണാമത്തെയും, കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകൾക്കിടയിൽ മറ്റു ഭാഷകൾക്കുണ്ടായ മാറ്റങ്ങളെയും കുറിച്ച് പഠിച്ചവർക്കേ ഖുർആനിന്റെ മാത്രമായ ഈ സവിശേഷത വ്യക്തമായി മനസ്സിലാകു.

സത്യത്തിൽ, മറ്റു സാഹിത്യ കൃതികൾ ഖുർആനുമായി താരതമ്യം ചെയ്യാനേ അർഹമല്ലാത്തവയാണ്. അവയെല്ലാം ഓരോ പ്രത്യേക സാഹചര്യങ്ങളുടെ സൃഷ്ടി; ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട സംഭവങ്ങളുമായി മാത്രം ബന്ധപ്പെട്ടവ; ജനങ്ങളെ ആസ്വദിപ്പിക്കുകയെന്ന ഉദ്ദേശത്തോടു കൂടി മാത്രം രചിക്കപ്പെട്ടവ. ഖുർആനാകട്ടെ, ജനങ്ങളെ അഭ്യസിപ്പിക്കുവാനുള്ളതാണ്. അത്തരമൊരു ഗ്രന്ഥം ആസ്വാദനം നൽകുകയെന്നത് വളരെ വിരളമാണ്. ഖുർആനിക സൂക്തങ്ങൾ ഒരേ സമയം തന്നെ അത് അവതരിപ്പിക്കപ്പെട്ട കാലത്തെ സാഹചര്യങ്ങളോടും മറ്റു കാലങ്ങളിലെ തത്തുല്യമായ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നവയാണ്. ബാഹ്യമായി ആസ്വദിപ്പിക്കുക ഖുർആനിന്റെ ലക്ഷ്യമേയല്ല. എന്നാൽ ഖുർആനിക വചനങ്ങൾ മനസ്സിന് സംതൃപ്തിയും കുളിർമയും നൽകുകയും അതിന്റെ മനോഹാരിതയിൽ മനസ്സ് പകച്ചു നിന്നുപോവുകയും ചെയ്യുന്നു.

മറ്റു ഗ്രന്ഥങ്ങളിൽ നിന്നെല്ലാം ഖുർആനിനെ വ്യതിരിക്തമാക്കുന്ന അതിന്റെ സുപ്രധാനമായ പ്രത്യേകത അത് മുന്നോട്ടു വെക്കുന്ന വെല്ലുവിളിയാണ്. മറ്റു കൃതികളുടെയൊന്നും രചയിതാക്കൾക്ക് തങ്ങളുടെ ഗ്രന്ഥത്തിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാനായി വെല്ലുവിളിക്കുവാനുള്ള ധൈര്യമുണ്ടായിട്ടില്ല. ധൈര്യമുണ്ടാവുകയുമില്ല. മറ്റൊരാളുടെ കഴിവ് എത്ര മാത്രമുണ്ടെന്ന് മനസ്സിലാക്കാൻ ആർക്കാണ് സാധിക്കുക? അതിനു ഒരാൾക്കും സാധിക്കുകയില്ലെന്നതു കൊണ്ട് തന്നെ അത്തരമൊരു വെല്ലുവിളി നടത്താൻ സർവശക്തനായ സ്രഷ്ടാവിനല്ലാതെ ഒരാൾക്കും കഴിയുകയില്ല. ലോകോത്തര സാഹിത്യ കൃതികളൊന്നും തന്നെ അത്തരമൊരു വെല്ലുവിളി നടത്തുന്നുമില്ല.

ചുരുക്കത്തിൽ, ഖുർആനുമായി താരതമ്യത്തിനുപോലും മറ്റു സാഹിത്യഗ്രന്ഥങ്ങളൊന്നും അർഹമല്ലെന്നതാണ് വാസ്തവം.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ