എന്താണ് ഖുർആൻ?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update 04 October 2019

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനിൽനിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുർആൻ . അന്തിമ പ്രവാചകനായ മുഹമ്മദി(ﷺ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യൻ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്.

'ഖുർആൻ ' എന്ന പദത്തിന് 'വായന' എന്നും 'വായിക്കപ്പെടേണ്ടത് ' എന്നും ,'വായിക്കപ്പെടുന്നത്' എന്നും അർത്ഥമുണ്ട്. 'വായിക്കപ്പെടുന്ന രേഖ' എന്ന അർത്ഥത്തിൽ ഖുർആനിൽ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. (13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെ പോലെ നിയമസംഹിതയോ (തൗറാത്ത് ), സങ്കീര്‍ത്തനങ്ങളോ (സബൂർ), സുവിശേഷ വർത്തമാനങ്ങളോ (ഇൻജീൽ) മാത്രമല്ല ഖുർആൻ. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന് സത്യവിശ്വാസികളാൽ ആവർത്തിച്ച് വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളിൽ കൊത്തിവെച്ച് സ്വജീവിതം അതനുസരിച്ച് വാർക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുർആൻ എന്ന് നാമകരണം ചെയ്യപ്പെട്ടത് . യഥാർത്ഥ കാരണം അത് അവതരിപ്പിച്ച നാഥന് മാത്രമേ അറിയൂ.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡമാണ് ഖുർആൻ. അതിൽ കൽപ്പിച്ചതെല്ലാം നന്മയും അതിൽ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന് അവൻ മനസ്സിലാക്കുന്നു . ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നത് 'ഫുർഖാൻ ' എന്നാണ് (2:53, 2:185, 3:4, 25:1) ' സത്യാസത്യവിവേചകം ' എന്നർത്ഥം.

കിതാബ് (ഗ്രന്ഥം), ദിക്ർ (ഉദ്‌ബോധനം), നൂർ (പ്രകാശം) , ഹുദാ (സന്മാർഗം), ബുർഹാൻ ( തെളിവ് ), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്), മുഹൈമിൻ (പൂർവ്വവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷിക്കുന്നത്) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇവയിലൂടെ ഖുർആനിന്റെ ധർമ്മത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ