സാഹിത്യം സാർഥകമാകുന്നത് ശ്രോതാവിന്റെ മനസ്സിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുമ്പോഴാണെന്ന് പറയാറുണ്ട്. ഈ പരിപ്രേക്ഷ്യത്തിൽ ഖുർആൻ ഒരു ഉത്തമമായ സാഹിത്യകൃതിയാണെന്ന് പറയാനാകുമോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 25 November 2019

സാമൂഹ്യമാറ്റത്തിന് നിമിത്തമാകുന്ന രീതിയിൽ വ്യക്തിയെ പരിവർത്തിപ്പിക്കുവാൻ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോൽ ഉപയോഗിച്ച് പരിശോധിച്ചാൽ ഖുർആൻ ഒരു കുറ്റമറ്റ സാഹിത്യകൃതിയാണെന്ന് പറയാൻ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിനു സമാധാനവും നൽകുന്നതോടൊപ്പം അവന്റെ ഹൃദയത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുർആൻ സൂക്തങ്ങൾ. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയിൽ പരിവർത്തനത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിക്കുവാനുള്ള ഖുർആനിന്റെ കഴിവ് അതിനെ അതുല്യമാകുന്ന ചില സവിശേഷതകളിലൊന്നാണ്.

മുഹമ്മദ് നബി(ﷺ) ഒരിക്കൽ കഅ്ബയുടെ സമീപം വെച്ച് ഖുർആൻ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളിൽ മുസ്ലീങ്ങളും അമുസ്ലീങ്ങളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓതിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്പനപ്രകാരം നബി(ﷺ) സാഷ്ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവൻ ആളുകളും, മുസ്‌ലിം- അമുസ്‌ലിം വ്യത്യാസമില്ലാതെ നബി(ﷺ)യോടൊപ്പം സാഷ്ടാംഗം ചെയ്തുപോയി- ഉമയ്യത്തുബ്നു ഖലഫ് എന്ന അഹങ്കാരിയൊഴികെ. ഖുർആനിന്റെ സ്വാധീനശക്തി! അതിന്റെ കഠിന വിരോധികൾ പോലും അതിന്റെ ആജ്ഞയനുസരിച്ച് സാഷ്ടാംഗം ചെയ്യുന്ന അവസ്ഥ!!

ലബീദു ബ്നു റബീഅ നബി(ﷺ)യുടെ കാലത്തെ അറേബ്യയിലെ അതിപ്രഗൽഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസുന്ദരമായ ഒരു കവിത കഅബയുടെ വാതിലിന്മേൽ പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെല്ലുവാൻ ആർക്കെങ്കിലും കഴിയുമോ എന്നാണ് വെല്ലുവിളി. അവിടെയുണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെക്കാനുള്ള ധൈര്യം വന്നില്ല. അത്രക്ക് മനോഹരമായിരുന്നു ആ കവിത. എന്നാൽ അതിനടുത്തു തന്നെ ഏതാനും ഖുർആൻ സൂക്തങ്ങൾ എഴുതിത്തൂക്കുവാൻ പ്രവാചകാനുചരൻമാർ തയ്യാറായി. തന്റെ വെല്ലുവിളിക്ക് ഉത്തരം നൽകിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലബീദ് ഖുർആൻ വചനങ്ങൾ വായിച്ചു. ഏതാനും വചനങ്ങൾ വായിച്ചതേയുള്ളൂ; അദ്ദേഹം ഖുർആനിന്റെ വശ്യതയിൽ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സിൽ പോലും മാറ്റം സൃഷ്ടിക്കുവാനുള്ള ഖുർആനിന്റെ കഴിവാണ് ഇവിടെ പ്രകടമായത്.

ഉമറുബ്നുൽ ഖത്താബിന്റെ (റ) ഇസ്‌ലാം ആശ്ലേഷം ചരിത്രപ്രസിദ്ധമാണ്. മുഹമ്മദ് നബി(ﷺ)യുടെ തലയെടുക്കുവാനായി ഊരിയ വാളും കൊണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സു മാറ്റിയത് സഹോദരിയിൽ നിന്നും ലഭിച്ച ഫലകത്തിലെ ഖുർആൻ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യവുമായിരുന്നു.

ജുബൈറുബ്നു മക്തൂം എന്ന ബഹുദൈവവിശ്വാസി ഒരിക്കൽ വഴിയിലൂടെ നടന്നു പോവുകയാണ്. മുഹമ്മദ് നബി(ﷺ) മഗ്‌രിബ് നമസ്കാരത്തിൽ സൂറത്തുത്വൂർ ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞു . അതിന്റെ മനോഹാരിത അദ്ദേഹത്തെ ആകർഷിച്ചു. അതിന്റെ സ്വാധീനത്തിൽ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ!

ഖുർആനിന്റെ മനോഹരവും വശ്യവുമായ ശൈലിയെപ്പറ്റി മക്കാ മുശ്രിക്കുകൾ ബോധവാന്മാരായിരുന്നു. പ്രസ്തുത മനോഹാരിതയാണ് പാരമ്പര്യമതത്തിൽനിന്ന് ജനങ്ങൾ കൊഴിഞ്ഞു പോകാൻ ഇടയാക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. നാടുവിടാനൊരുങ്ങിയ അബൂബക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന ഇബ്നുദുഗ്നയോട് മക്കാ നിവാസികൾ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'അബൂബക്കർ ഖുർആൻ ഉറക്കെ പാരായണം ചെയ്യുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അത് കേൾക്കുവാൻ ഇടവരികയും ചെയ്യരുത്. എങ്കിൽ മാത്രമേ ഇവിടെ താമസിക്കുവാൻ അബൂബക്കറിനെ ഞങ്ങൾ അനുവദിക്കുകയുള്ളൂ'.

ഖുർആനിന്റെ ഈ സ്വാധീനശക്തിയാണല്ലോ ജനങ്ങളെ ഇസ്ലാമിലേക്ക് ആകർഷിച്ചത്. കേവലം ഇരുപത്തിമൂന്ന് വർഷക്കാലം കൊണ്ട് അന്ധകാരത്തിന്റെ അഗാധഗർത്തങ്ങളിൽ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിനു മുഴുവൻ മാതൃകായോഗ്യരായ സമുദായമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ഖുർആനിന്റെ ഈ അമാനുഷികതയായിരുന്നുവെന്നതാണ് സത്യം. ആർ.വി.സി ബോഡ്ലി എഴുതിയത് അതാണല്ലോ.

This book transformed the simple shepherds, the merchants and nomads of Arabia into warriors and empire builders (R.V.C. Bodley: The Messenger, The Life of Mohammed - Newyork (1943: page 239)

'അറേബ്യയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞു നടക്കുന്ന വരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാക്കിത്തീർത്തത് ഈ ഗ്രന്ഥമാണ്'.

ഖുർആനിന്റെ സ്വാധീനശക്തിയെക്കുറിച്ച് മോർഗൻ എഴുതി:

The Qur'an succeeded so well in captiving the mind of the audience that several of the opponents thought it the effect of which craft and enchantment (K.W. Morgan: Islam interpreted by Muslims, London (1958 page:27).

'ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്നതിനുള്ള ഖുർആനിന്റെ അത്യപാരമായ ശേഷിയാൽ അത് മാരണമാണെന്നും ആഭിചാരമാണെന്നുമാണ് അതിന്റെ എതിരാളികൾ കരുതിയത്'.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ