ഖുർആനിന്റെ രചനയക്ക് പിന്നിലെ ലക്ഷ്യം മുഹമ്മദി( ﷺ )ന്റെ ഭൗതിക നേട്ടങ്ങളോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 16 October 2019

അനാഥനായി വളർന്ന മുഹമ്മദ്(ﷺ) ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിരിക്കാം. എന്നാൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ നാൽപതുകാരിയായ കച്ചവടക്കാരി ഖദീജ(റ) യെ വിവാഹം ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ ജീവിതനിലവാരം സ്വാഭാവികമായും മെച്ചപ്പെട്ടതായി മാറിയിരിക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഖദീജ(റ)യുടെ ഭർത്താവായിരുന്ന അദ്ദേഹം സാമ്പത്തിക ക്ലേശങ്ങൾ അനുഭവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്. ഖദീജ(റ)യുമായുള്ള മുഹമ്മദി(ﷺ)ന്റെ വിവാഹം നടന്നത് പ്രവാചകത്വം ലഭിക്കുന്നതിന് 15 വർഷങ്ങൾക്കു മുമ്പാണ്. പതിനഞ്ചുവർഷം സാമ്പത്തികക്ലേശം കൂടാതെ ജീവിച്ചതിനുശേഷമാണ് താൻ പ്രവാചകനാണെന്നും ഖുർആൻ ദൈവവചനമാണെന്നുള്ള അവകാശവാദങ്ങളുമായി മുഹമ്മദ് (ﷺ) രംഗപ്രവേശനം ചെയ്യുന്നതെന്നർത്ഥം. ഖുർആൻ ദൈവികമാണെന്ന് വാദിക്കുക വഴി ഭൗതിക ലാഭമാണ് അദ്ദേഹം ഇച്ഛിച്ചതെങ്കിൽ ഈ വാദം ഉന്നയിച്ചതിനുശേഷം അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിരിക്കണമല്ലോ. എന്നാൽ, എന്തായിരുന്നു സ്ഥിതി?

പ്രവാചക പത്നി ആഇഷ(റ) പറയുന്നു: "ഞങ്ങളുടെ വീട്ടിൽ ഒന്നും പാകംചെയ്യാനില്ലാത്തതിനാൽ അടുപ്പു പുകയാതെ ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു പോകാറുണ്ടായിരുന്നു . ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോൾ മദീനത്തുകാർ കൊണ്ടുവന്ന ആട്ടിൻപാലും ഈത്തപ്പഴത്തോടു കൂടെയുണ്ടാവും".

ആഇശ (റ) ഒരാളോട് പഴയകാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. മദീനയിലേക്കുള്ള പാലായനത്തിനുശേഷം പ്രവാചകനും കുടുംബവും സഹിച്ച പ്രയാസങ്ങളാണ് പ്രതിപാദ്യം. ഒരു രാത്രി തപ്പിത്തടഞ്ഞുകൊണ്ട് വീട്ടുജോലികൾ ചെയ്തകാര്യം അവർ പറഞ്ഞു. അയാൾ ചോദിച്ചു: "വിളക്കില്ലായിരുന്നുവോ?" അവർ പ്രതിവചിച്ചു: "വിളക്ക് കത്തിക്കാനുള്ള എണ്ണ ഞങ്ങളുടെ പക്കലുണ്ടായിരുന്നുവെങ്കിൽ വിശപ്പ് മാറ്റാൻ അത് കുടിക്കുമായിരുന്നു; കത്തിക്കുന്നതിന് പകരം ".

ഇത് പ്രവാചകന്റെ ആദ്യകാലത്തെ മാത്രം അവസ്ഥയല്ല. മുഹമ്മദ് (ﷺ) ശക്തമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ ഇതിൽ നിന്ന് ഒട്ടും മെച്ചമായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യത്തിലെ അധിപന്റെ അന്തപുരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന ഉമർ (റ) തന്നെ പറയട്ടെ:

"പ്രവാചകന്റെ മുറിയിൽ ഊറക്കിട്ട മൂന്ന് തോൽക്കഷണങ്ങളും ഒരു മൂലയിൽ അല്പം ബാർലിയുമല്ലാതെ മറ്റൊന്നും തന്നെ ഞാൻ കണ്ടില്ല. ഞാൻ കരഞ്ഞുപോയി. പ്രവാചകൻ ചോദിച്ചു: 'എന്തിനാണ് താങ്കൾ കരയുന്നത്?' ഞാൻ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! ഞാനെങ്ങനെ കരയാതിരിക്കും? താങ്കളുടെ ശരീരത്തിൽ ഈത്തപ്പനയോലകളുടെ പാട് ഞാൻ കാണുന്നു. ഈ മുറിയിൽ എന്തെല്ലാമുണ്ടെന്നും ഞാനറിയുന്നു. അല്ലാഹുവിന്റെ ദൂതരേ! സമൃദ്ധമായ വിഭവങ്ങൾക്കു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. അവിശ്വാസികളും അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമായ പേർഷ്യക്കാരുടെയും റോമക്കാരുടെയും രാജാക്കന്മാർ - സീസറും കൈസറുമെല്ലാം - അരുവികളൊഴുകുന്ന തോട്ടങ്ങളിൽ വസിക്കുമ്പോൾ അല്ലാഹുവിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ജീവിക്കുന്നത് ദാരുണമായ പട്ടിണിയിൽ!' എന്റെ ഈ സംസാരം കേട്ടപ്പോൾ തലയിണയിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ (ﷺ)എഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു: ' ഉമർ! താങ്കൾ ഈ വിഷയത്തിൽ ഇനിയും സംശയാലുവാണോ? ഭൗതിക ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാൾ നല്ലത് മരണാനന്തര ജീവിതത്തിലെ സുഖ സൗകര്യങ്ങളാണ്. അവിശ്വാസികൾ അവരുടെ നന്മയുടെ വിഹിതം ഈ ജീവിതത്തിൽ ആസ്വദിക്കുന്നു. നമ്മുടേതാകട്ടെ മരണാനന്തര ജീവിതത്തിലേക്കുവേണ്ടി ബാക്കി വെച്ചിരിക്കുകയാണ്'. ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു: 'ദൈവദൂതരെ! എനിക്കുവേണ്ടി മാപ്പിനപേക്ഷിച്ചാലും, എനിക്കു തെറ്റിപ്പോയി".

ഖുർആൻ ഭൗതിക ലാഭങ്ങൾക്ക് വേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദ് (ﷺ)ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദിനാർ മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യൻ ധനമോഹിയായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ഖുർആനിന്റെ രചനയ്ക്കു പിന്നിൽ ധനമോഹമായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദി ന്യൂ കാത്തോലിക് എൻസൈക്ലോപീഡിയപോലും സമ്മതിച്ചിട്ടുണ്ട്. "മുഹമ്മദി(ﷺ)ന്റെ മതവിപ്ലവത്തിനു പിന്നിൽ ധനമോഹമായിരുന്നുവെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായി അറിയപ്പെടുന്ന വസ്തുക്കൾ ഈ ധാരണക്കെതിരാണ്" (The New Catholic Encyclopedia Vol lX, page 1001).

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ