ഹൈന്ദവ വേദങ്ങളെക്കുറിച്ച് ഖുർആൻ എന്ത് പറയുന്നു?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 8 October 2019

എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. 'ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല' (35:24) എന്നാണ് ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. അപ്പോൾ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലയ്ക്ക് ഇന്ത്യയിലും പ്രവാചകന്മാർ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരിൽ ചിലർക്ക് വേദഗ്രന്ഥങ്ങളും നൽകപ്പെട്ടിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുകയോ അവമതിക്കുകയോ ചെയ്യാൻ മുസ്‌ലിമിന് പാടില്ല. പ്രവാചകന്മാർക്കിടയിൽ വിവേചനം കല്പിക്കുന്നതിനെതിരെ ഖുർആൻ ശക്തമായി താക്കീതു നൽകുന്നുണ്ട് (4:150). അപ്പോൾ ഇന്ത്യയിലേക്ക് പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും അവർക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയും ഖുർആൻ ആദരിക്കുന്നു, അംഗീകരിക്കുന്നു.

എന്നാൽ, ഇന്ന് നിലനിൽക്കുന്ന ശ്രുതി ഗ്രന്ഥങ്ങളിലേതെങ്കിലും (വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ) പടച്ചതമ്പുരാൻ പ്രവാചകന്മാർക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളാണെന്ന് പറയാൻ കഴിയുമോ? ഇവ ദൈവത്തിങ്കൽനിന്ന് ശ്രവിക്കപ്പെട്ടതിനാലാണ് ശ്രുതിയെന്നു വിളിക്കുന്നതെന്നാണ് വിശ്വാസം.

ദൈവത്തിങ്കൽനിന്ന് മനുഷ്യർക്ക് പ്രത്യേകമായ സന്ദേശങ്ങൾ അവതരിക്കപ്പെടുന്നുവെന്ന വിശ്വാസം ഹിന്ദുക്കൾക്കിടയിൽ നിലനിന്നിരുന്നുവെന്ന് ശ്രുതി സങ്കല്പം വ്യക്തമാക്കുന്നു. നടേ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം ശ്രുതികളായി വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ ഏതെല്ലാം പ്രമാണികമാണെന്ന കാര്യത്തിൽ അഭിപ്രായാന്തരങ്ങളുണ്ട്. ആര്യസാമ്രാജ്യ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതി നാല് വേദസംഹിതകൾക്കു മാത്രമാണ് അപ്രമാദിത്വമുള്ളതെന്ന് വാദിക്കുമ്പോൾ സ്വാമി വിവേകാനന്ദനെ പോലുള്ളവർ ഉപനിഷത്തുകൾക്കാണ് പ്രഥമ പ്രാധാന്യം നൽകുന്നത്.

അടിസ്ഥാന ശ്രുതിഗ്രന്ഥങ്ങൾക്ക് പോലും തെറ്റുകൾപറ്റാമെന്ന് അഭിപ്രായപ്പെട്ട ഹിന്ദുമത പണ്ഡിതന്മാരുണ്ട്. 'വേദങ്ങൾ തെറ്റ് പറ്റാത്തവയോ സർവ്വതും ഉൾക്കൊള്ളുന്നവയോ അല്ല' (Indian Religions page 22) എന്ന ഡോ. രാധാകൃഷ്‌ണന്‍റെ വീക്ഷണവും 'വേദങ്ങളിൽ യുക്തിയുമായി പൊരുത്തപ്പെടുന്നിടത്തോളം ഭാഗങ്ങൾ ഞാൻ സ്വീകരിക്കുന്നു. വേദങ്ങളിലെ ചില ഭാഗങ്ങൾ പ്രഥമ ദൃഷ്ടിയിൽ പരസ്പരവിരുദ്ധങ്ങളാണ്'. (വിവേകാനന്ദ സാഹിത്യ സർവസ്വം വോല്യം- 4, പുറം- 55) എന്ന സ്വാമി വിവേകാനന്ദന്‍റെ നിലപാടും വേദങ്ങൾ നൂറുശതമാനം ദൈവിക വചനങ്ങളാണുൾക്കൊള്ളുന്നതെന്ന വാദഗതിയുടെ മുനയൊടിക്കാൻ പോന്നതാണ്.

പൊതുവെ പറഞ്ഞാൽ, ഇന്ത്യയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച വ്യക്തമായ ചിത്രം നൽകുന്ന ഗ്രന്ഥങ്ങളാണ് ശ്രുതികൾ. ഇന്ത്യയിലേക്ക് നിയുക്തരായ പ്രവാചകന്മാർ പ്രബോധനം ചെയ്ത ആശയങ്ങളുടെ ശകലങ്ങൾ ഇവയിൽ കാണാനാവുമായിരിക്കണം. എന്നാൽ, ഇവ പൂർണ്ണമായും ദൈവികമാണെന്ന വാദം അടിസ്ഥാനരഹിതമാണ്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ