മുഹമ്മദി(ﷺ) ന് വെളിപാടുകൾ വന്നിരിക്കാം. എന്നാൽ അവ പൈശാചിക വെളിപാടുകൾ ആയിക്കൂടെ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 12 November 2019

ക്രൈസ്തവ വിമർശകരാണ് മുഹമ്മദ് നബി(ﷺ)ക്ക് ലഭിച്ച വെളിപാടുകൾ പിശാചിൽ നിന്നാണെന്ന ആരോപണം ഉന്നയിക്കുന്നത്. മുഹമ്മദി(ﷺ)ന് ലഭിച്ച വെളിപാടുകൾ പിശാചുബാധയുടെ ഫലമായിട്ടുണ്ടായതാണെന്ന് വരുത്തിത്തീർക്കാനാണ് സി.ഡി ഫാണ്ടർ, ക്ലേയ്ർ ടിസ്ഡാൽ, ജോഷ്മാക് ഡവൽ, ജോൺജിൽ ക്രിസ്റ്റ്‌, ജി. നെഹ്ൽസ് തുടങ്ങിയ ക്രൈസ്തവ ഗ്രന്ഥകാരന്മാരെല്ലാം ശ്രമിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും അതുമൂലമുള്ള പാപപരിഹാരത്തെയും നിഷേധിച്ചുകൊണ്ട് മനുഷ്യരാശിയെ പാപത്തിന്റെ ഗർത്തത്തിൽ തന്നെ തളച്ചിടുവാനുള്ള പിശാചിന്റെ പരിശ്രമമാണ് ഖുർആനിന്റെ രചനക്കു പിന്നിലുള്ളതെന്ന് അവർ വാദിക്കുന്നു. മനുഷ്യശരീരത്തിൽ പിശാച് കയറിക്കൂടുമോ? പിശാചുബാധ കൊണ്ട് ഒരാൾക്ക് രോഗങ്ങളു ണ്ടാവുമോ? തുടങ്ങിയ ചർച്ചകൾ ഇവിടെ അപ്രസക്തമാണ്. ബൈബിൾ പ്രകാരം പിശാചു ബാധിച്ച ഒരാളിൽ കാണപ്പെടുന്ന അസുഖങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കുക.

1. ബുദ്ധിഭ്രമത്താൽ അലറി വിളിക്കൽ (മാർക്കോസ്1:24, ലൂക്കോസ്9:39, യോഹന്നാൻ 10:20)

2. സ്വയം നശീകരണ പ്രവണത (മത്തായി 55:9, 18 :17, 15: 32, മാർക്കോസ് 5: 13, ലൂക്കോസ് 8 :33)

3. നഗ്നമായി നടക്കുന്നതിനുള്ള പ്രവണത (ലൂക്കോസ്8:2,8:35)

4. പിശാചിനാൽ തള്ളിയിടപ്പെടുക (മത്തായി 17:15, മർക്കോസ്1:26, 9:18, 9:20, 9:26)

5. മൂകത (മർക്കോസ് 9:25, 9:32, 12:22, ലൂക്കോസ് 11:14)

6. ബധിരത (മർക്കോസ് 9:25)

7. അന്ധത (മത്തായി 12:22)

8. മറ്റാരും കാണാത്തത് കാണുകയും അറിയുകയും ചെയ്യുക (മർക്കോസ് 1:24, ലൂക്കോസ് 4:3, മത്തായി 8:29)

പിശാചുബാധിതനിൽ കാണപ്പെടുന്നതെന്ന് ബൈബിൾ ഉദ്ഘോഷിക്കുന്ന ലക്ഷണങ്ങളൊന്നും മുഹമ്മദി(ﷺ)ൽ ഉണ്ടായിരുന്നതായി നമുക്ക് കാണാൻ കഴിയുന്നില്ല. ദൈവിക വെളിപാടുകൾ ലഭിക്കുമ്പോൾ അവ ഒരു മണിനാദം പോലെ തനിക്ക് അനുഭവപ്പെടാറുണ്ടെന്നും അതാണ് ഏറ്റവും പ്രയാസകരമായ വെളിപാടു രീതിയെന്നും മുഹമ്മദ് (ﷺ) പറഞ്ഞതാണ് അദ്ദേഹത്തെ പിശാച് ബാധിച്ചിരുന്നുവെന്നും പൈശാചിക വെളിപാടുകളാണ് ഖുർആനെന്നും വാദിക്കുന്നവരുടെ ഒരു തെളിവ്. വെളിപാട് ലഭിച്ചുകൊണ്ടിരുന്ന അതിശൈത്യമുള്ള ഒരു ദിവസം പ്രവാചകന്റെ നെറ്റിയിൽ വിയർപ്പുതുള്ളിയുണ്ടായിരുന്നതായി ഞാൻ കണ്ടുവെന്ന പ്രവാചകപത്നി ആയിശ(റ)യുടെ നിവേദനമാണ് മറ്റൊരു തെളിവ്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. പിശാചുബാധിതന് ചെവിയിൽ മണിയടിക്കുന്നതുപോലെ തോന്നുമെന്നോ അവന്റെ നെറ്റിത്തടം അതിശൈത്യമാണെങ്കിലും വിയർപ്പുതുള്ളികളാൽ നിറയുമെന്നോ ബൈബിളിൽ എവിടെയെങ്കിലുമുണ്ടോ? ഇല്ലെങ്കിൽ, പ്രവാചക(ﷺ)നിൽ പിശാചുബാധ ആരോപിക്കുവാൻ ബൈബിന്റെ അനുയായികൾക്ക് എന്തടിസ്ഥാനമാണുള്ളത്?

പ്രവാചകന് ലഭിച്ച ദൈവിക സന്ദേശങ്ങൾ പിശാചുബാധയുടെ ഉൽപ്പന്നങ്ങളാണെന്ന് പറയുന്നവർ തങ്ങളുടെ തന്നെ വിശുദ്ധന്മാരാണ് പിശാചുബാധയേറ്റവരെന്ന് പറയാൻ നിർബന്ധിതരാവുമെന്നതാണ് വാസ്തവം.

യേശുവിന്റെ ജീവിതകാലമത്രയും അദ്ദേഹത്തെയും അദ്ദേഹം പഠിപ്പിച്ച ആശയങ്ങളെയും നശിപ്പിക്കുവാൻ വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും (അപ്പോസ്തല പ്രവർത്തികൾ 9:1, 26:10, 8:1) അദ്ദേഹത്തിനുശേഷം ക്രിസ്തു തനിക്ക് വെളിപ്പെട്ടിട്ടുണ്ടെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തയാളാണ് 'വിശുദ്ധ പൗലോസ്'. അദ്ദേഹത്തിന് ക്രിസ്തുദർശനം ലഭിച്ച രീതികളെക്കുറിച്ച് ബൈബിൾ വിവരിക്കുന്നത് കാണുക: "പിന്നെ അയാൾ യാത്ര പുറപ്പെട്ട് ഡമസ്കസിനെ സമീപിച്ചപ്പോൾ, പെട്ടെന്ന് ആകാശത്തു നിന്ന് ഒരു പ്രകാശം അയാളുടെ ചുറ്റും മിന്നലൊളി പരത്തി. സാവൂൾ നിലം പതിച്ചു. 'സാവൂൾ, സാവൂൾ നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്? എന്ന് തന്നോട് ചോദിക്കുന്ന ഒരു സ്വരം കേൾക്കായി. അപ്പോൾ അയാൾ ചോദിച്ചു: 'പ്രഭോ നീ ആരാണ്? അവൻ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ. എഴുന്നേറ്റ് നഗരത്തിൽ ചെല്ലുക. നീ ചെയ്യേണ്ടത് എന്തെന്ന് അവിടെ വെച്ച് നിനക്ക് അറിവ് കിട്ടും'. 'അയാളോടൊപ്പം യാത്ര ചെയ്തിരുന്ന ആളുകൾ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ വിസ്മയ സ്തബ്ധരായി നിന്നുപോയി. വീണുകിടന്നിടത്തുനിന്ന് സാവൂൾ എഴുന്നേറ്റു. കണ്ണു തുറന്നിട്ടും അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അതിനാൽ അവർ അയാളെ കൈക്കുപിടിച്ച് ഡമസ്കസിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അയാൾക്ക് കാഴ്ചയില്ലായിരുന്നു. അയാൾ തിന്നുകയോ കുടിക്കുകയോ ചെയ്തതുമില്ല. ( അപ്പോസ്തല പ്രവർത്തികൾ 9:3-9)

നിലം പതിക്കുന്നതും കൂടെയുള്ളവർ കാണാത്തത് കാണുന്നതും കേൾക്കാത്തത് കേൾക്കുന്നതും കണ്ണു കാണാതാവുന്നതുമെല്ലാം പിശാചുബാധയുടെ ലക്ഷണങ്ങളായി സുവിശേഷങ്ങളിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് നാം കണ്ടു. ക്രിസ്തുവിനെ താൻ കണ്ടുവെന്ന് പൗലോസ് അവകാശപ്പെട്ട സംഭവത്തിൽ ഇതെല്ലാം അദ്ദേഹം അനുഭവിക്കുന്നുമുണ്ട്. പൗലോസിന് പിശാചുബാധയാണ് ഉണ്ടായതെന്ന് വാദിച്ചാൽ അത് അംഗീകരിക്കാൻ ക്രൈസ്തവ സമൂഹം സന്നദ്ധരമാവുമോ? മുഹമ്മദി(ﷺ)ന് പിശാചുബാധയായിരുന്നുവെന്ന് സമർത്ഥിക്കുവാൻ ബൈബിളിൽ നിന്ന് ഒരു തെളിവെങ്കിലും ഉദ്ധരിക്കാൻ ക്രൈസ്തവ വിമർശകർക്ക് കഴിയില്ല. അതേസമയം, നിലവിലുള്ള ക്രിസ്തു മതത്തിന്റെ സ്ഥാപകനായ പൗലോസിന് പിശാചുബാധയാണ് അനുഭവപ്പെട്ടതെന്ന് ബൈബിൾ ഉപയോഗിച്ചുകൊണ്ട് സ്ഥാപിക്കാൻ ഒരാൾക്ക് കഴിയും. അപ്പോൾ ആർക്കാണ് പിശാചുബാധ?

ഇനി, മുഹമ്മദ് നബി(ﷺ)ക്ക് പിശാച് ബാധിച്ചതുകൊണ്ടാണ് ഖുർആൻ എഴുതി ഉണ്ടാക്കിയതെന്ന ക്രൈസ്തവ വാദത്തിന്റെ ആണിക്കല്ല് പരിശോധിക്കുക. യേശുക്രിസ്തുവിന്റെ കുരിശു മരണത്തിലൂടെയുള്ള പാപപരിഹാരം എന്ന ആശയത്തെ വിമർശിക്കുന്നതുമൂലമാണല്ലോ ഖുർആൻ പിശാചിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നത്.

എന്നാൽ, യാഥാർഥ്യമെന്താണ്? യേശുക്രിസ്തു പരിശുദ്ധനായിരുന്നുവെന്ന് മുസ്‌ലീംകളും ക്രൈസ്തവരും വിശ്വസിക്കുന്നു. അദ്ദേഹം സർവ്വശക്തനാൽ നിയുക്തനായ വ്യക്തിയാണെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. അദ്ദേഹത്തിന് പിശാചുബാധയുണ്ടായിട്ടില്ലെന്ന് ഇരുകക്ഷികളും പറയുന്നു. എങ്കിൽ, മുഹമ്മദ് നബി (ﷺ)ക്കോ പൗലോസിനോ ആർക്കാണ് പിശാചിൽനിന്ന് വെളിപാടുണ്ടായതെന്ന് പരിശോധിക്കാൻ നമുക്കെന്തുകൊണ്ട് യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമായി അവരുടെ ഉപദേശങ്ങളെ താരതമ്യം ചെയ്തുകൂടാ? പിശാചിൽനിന്ന് വെളിപാടുണ്ടായ വ്യക്തി യേശുവിന്റെ ശത്രുവായിരിക്കുമല്ലോ. ഒരു ദൈവദൂതന്റെ ശത്രു അയാൾ പ്രബോധനം ചെയ്യുന്ന ആശയങ്ങളുടെ ശത്രുവായിരിക്കും എന്നോർക്കുക.

യേശു പറഞ്ഞു: 'നിയമത്തെ(തോറ)യോ പ്രവാചകന്മാരെയോ റദ്ദാക്കാനല്ല ഞാൻ വന്നത്' (മത്തായി 5:17)

ഖുർആൻ പറയുന്നു: 'തീർച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്, അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്' (5:44)

'മർയമിന്റെ മകൻ ഈസ പറഞ്ഞ സന്ദർഭം: ഇസ്രായേൽ സന്തതികളെ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹമ്മദ് എന്ന് പേരുള്ളൊരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ'. (61:6)

പൗലോസ് എഴുതി: 'നിയമാനുഷ്ഠാനങ്ങളെ (തോറ) ആശ്രയിക്കുന്നവരെല്ലാം ശാപഗ്രസ്തരാണ്' (ഗലാത്തിയക്കാർ 3:10)

'ക്രിസ്തു നിയമത്തിന്റെ ശാപത്തിൽ നിന്നു നമ്മെ മോചിപ്പിച്ചിരിക്കുന്നു' (ഗലാത്തിയക്കാർ 3:13)

' അവൻ (യേശു ) തന്റെ ശരീരത്തിൽ, നിയമത്തെ അതിന്റെ കൽപ്പനകളോടും അനുശാസനങ്ങളോടും കൂടി റദ്ദാക്കി' (എഫേസോസുകാർ 2:15)

ഞാൻ നിയമത്തെ റദ്ദാക്കാനല്ല വന്നതെന്ന് യേശു, ഖുർആനും അതുതന്നെ പറയുന്നു. പൗലോസാകട്ടെ യേശു നിയമത്തിൽനിന്ന് ലോകത്തെ രക്ഷിക്കാനാണ് വന്നത് എന്നു സമർഥിക്കുന്നു. ആർക്കാണ് പിശാചിന്റെ വെളിപാട്?

യേശുക്രിസ്തു താൻ ദൈവമാണെന്ന് പഠിപ്പിച്ചിട്ടില്ല. ( മർക്കോസ് 12:29, മത്തായി 4:10) ഇക്കാര്യം ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നു (3:51). എന്നാൽ പൗലോസ് പറഞ്ഞതാകട്ടെ 'പ്രകൃത്യാതന്നെ ദൈവമായിരുന്നിട്ടും ദൈവത്തോട് തനിക്കുള്ള തുല്യതയെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട ഒരു കാര്യമായി അവൻ പരിഗണിച്ചില്ല? ( ഫിലിപ്പിയർ 2:6)'. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമാണ്; സർവ്വസൃഷ്ടികളിലും ആദ്യജാതൻ (കൊളോസിയക്കാർ 1:15) എങ്ങനെയാണ്. യേശുക്രിസ്തുവിന് സ്വയം താൻ ദൈവമാണെന്ന വെളിപാട് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കിൽ അദ്ദേഹം അത് പറയുമായിരുന്നു. എന്നാൽ, പൗലോസിന് യേശു ദൈവമായിരുന്നുവെന്ന് വെളിപാട് കിട്ടി. പ്രസ്തുത വെളിപാട് എവിടെ നിന്നായിരിക്കണം?

അബ്രഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയായിട്ടാണ് പരിച്ഛേദനാകർമത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്. ' നീയും നിനക്ക് ശേഷം തലമുറയായി നിന്റെ സന്തതികളും പാലിക്കേണ്ട ഉടമ്പടി' യെന്ന് പറഞ്ഞുകൊണ്ടാണ് അബ്രഹാമിനോട് കർത്താവ് പരിച്ഛേദന ചെയ്യുന്നതിനുള്ള കൽപ്പന നൽകുന്നത് (ഉൽപത്തി 17:9-14). കർത്താവ് മോശയോട് പറഞ്ഞതായി ബൈബിൾ ഉദ്ധരിക്കുന്നു.'എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേദനം നടത്തണം (ലേവിയർ 12:3). ഈ ദൈവിക കൽപന യേശുവും അനുസരിച്ചിരുന്നു. 'എട്ടു ദിവസം പൂർത്തിയായപ്പോൾ യേശുവിനു പരിച്ഛേദനം നടത്തി' (ലൂക്കോസ് 2:21). പരിച്ഛേദനം ചെയ്യേണ്ടതില്ലെന്ന് യേശു ആരോടും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു ബോധനം ലഭിച്ചിരുന്നില്ല. എന്നാൽ പൗലോസ് പറയുന്നത് കാണുക: 'പരിച്ഛേദനം സ്വീകരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ക്രിസ്തുവിനെക്കൊണ്ട് നേട്ടമില്ല' ( ഗലാത്തിയക്കാർ 5:2). ഈ വെളിപാട് പൗലോസിന് എവിടെനിന്ന് കിട്ടി? ദൈവത്തിൽനിന്നാകാൻ വഴിയില്ല. പിന്നെയോ?

പിശാചിൽ നിന്നാണ് മുഹമ്മദി(ﷺ)ന് വെളിപാടുണ്ടായത് എന്നു പറയാനുള്ള പ്രധാനപ്പെട്ട കാരണം കുരിശുമരണത്തെയും പാപപരിഹാര ബലിയെയും ഖുർആൻ നിഷേധിക്കുന്നുവെന്നതാണല്ലോ. യേശുവിനെയും മാതാവിനെയും പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏക വനിത മറിയമാണെന്നോർക്കുക. യേശു ചെയ്തതായി ബൈബിൾ പറയാത്ത കളിമൺ പക്ഷികളിൽ ഊതി അവയ്ക്ക് ജീവനിടുക തുടങ്ങിയ അത്ഭുതങ്ങളെ കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നുമുണ്ട് (3:49). തൊട്ടിലിൽ വെച്ച് ഉണ്ണിയേശു സംസാരിച്ചതായുള്ള ഖുർആനിക പരാമർശം (19:30) ബൈബിളിലോരിടത്തും കാണുവാൻ സാധ്യമല്ല. യേശുവിന്റെ വിശുദ്ധ വ്യക്തിത്വത്തിൽ കളങ്കമുണ്ടാക്കുന്ന യാതൊന്നും ഖുർആനിലില്ല. യോഹന്നാന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതം കാനായിലെ കല്യാണ വിരുന്നിൽ വെച്ച് മദ്യം നിർമ്മിച്ചു നൽകിയതാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ് (യോഹന്നാൻ 2:1-11) ഖുർആനിൽ ഇത്തരം യാതൊരു പരാമർശവുമില്ല.

'മരത്തിൽ തൂക്കി കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്' (ആവർത്തനം 21:23) എന്നാണ് ബൈബിളിന്റെ സിദ്ധാന്തം. കുരിശിൽ തറക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനായി മുദ്രയടിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് യഹൂദർ കരുതിയത്. പൗലോസ് പറയുന്നതും മറ്റൊന്നല്ല. 'മരത്തിൽ തൂക്കപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ എന്ന് എഴുതിയിരിക്കുന്നത്പോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീരുന്നു' (ഗലാത്യർ 3:13). അപ്പോൾ ക്രൂശീകരണം യേശുവിനെ ശപിക്കപ്പെട്ടവനാക്കുകയാണ് ചെയ്യുന്നത്. ലോകത്തിനുവേണ്ടി യേശു ശാപമായി തീർന്നുവെന്ന വാദം ഖുർആൻ അംഗീകരിക്കുന്നില്ല. ശാപത്തിന്റെ മരക്കുരിശിൽ നിന്ന് തന്നെ രക്ഷിക്കണമേയെന്ന ക്രിസ്തുവിന്റെ പ്രാർത്ഥന (മത്തായി 26:39) ദൈവം കേട്ടില്ലെന്നു കരുതുന്നത് ദൈവീക കാരുണ്യത്തിന്റെ നിഷേധമല്ലാതെ മറ്റെന്താണ്? ശപിക്കപ്പെട്ട മരക്കുരിശിൽ നിന്ന് പടച്ചതമ്പുരാൻ യേശുവിനെ രക്ഷിച്ചു കൊണ്ട് യഹൂദന്മാരുടെ ഗൂഢാലോചനയെ തകർക്കുകയാണ് ചെയ്തത് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് (4:157,158).

മരക്കുരിശിൽ ക്രൂശിക്കുക വഴി യേശുവിനെ ശപിക്കപ്പെട്ടവനാക്കിയെന്ന് യഹൂദന്മാർ.

മരക്കുരിശിൽ മരിച്ച് യേശു ശപിക്കപ്പെട്ടവനായിത്തീർന്നുവെന്ന് പൗലോസ്.

മരക്കുരിശിൽ നിന്ന് പരിശുദ്ധനായ യേശുവിനെ ദൈവം രക്ഷിച്ചുവെന്ന് ഖുർആൻ.

ഏതാണ് പിശാചിന്റെ വെളിപാട്? യേശുവിനെ മഹത്വപ്പെടുത്തുന്നതോ അതല്ല ശാപഗ്രസ്തനാക്കുന്നതോ?

ചുരുക്കത്തിൽ, ഖുർആൻ പൈശാചിക വെളിപാടാണെന്ന് സമർഥിക്കുവാൻ വേണ്ടി തെളിവുകൾ പരതുന്നവർ കുഴിക്കുന്ന കുഴികളിൽ തങ്ങൾ തന്നെയാണ് വീഴുന്നത് എന്നുള്ളതാണ് യാഥാർത്ഥ്യം.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ