അധാർമികതയിൽ മുങ്ങിക്കുളിച്ചിരുന്ന സമൂഹത്തെ ധാർമികതയിലേക്ക് നയിക്കുവാൻ വേണ്ടി മുഹമ്മദ്(ﷺ) രചിച്ച കൃതിയാണ് ഖുർആൻ എന്നു പറഞ്ഞാൽ അതു നിഷേധിക്കുവാൻ കഴിയുമോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 30 October 2019

ജനങ്ങളെ ധാർമികതയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. മദ്യത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും സായൂജ്യമടഞ്ഞിരുന്ന ഒരു സമൂഹത്തെ കേവലം 23 വർഷക്കാലം കൊണ്ട് ധാർമികതയുടെ പ്രയോക്താക്കളും പ്രചാരകരുമാക്കിയ ഗ്രന്ഥമെന്ന ഖ്യാതി ഖുർആനിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാൽ ധാർമിക നവോത്ഥാനത്തിനു വേണ്ടി മുഹമ്മദ്(ﷺ) രചിച്ചുകൊണ്ട് ദൈവത്തിൽ ആരോപിച്ച ഗ്രന്ഥമാണ് ഖുർആൻ എന്ന വാദഗതി അടിസ്ഥാന രഹിതമാണെന്ന് ഒരാവർത്തി വായിക്കുന്ന ഏവർക്കും ബോധ്യമാവും. താഴെ പറയുന്ന വസ്തുതകൾ ശ്രദ്ധിക്കുക.

ഒന്ന്: സത്യസന്ധനായിരുന്നു മുഹമ്മദ്(ﷺ) എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അത്തരമൊരാൾ ധാർമിക നവോത്ഥാനത്തിനു വേണ്ടി ദൈവത്തിന്റെ പേരിൽ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നു കരുതുന്നത് യുക്തിസഹമല്ല. ധാർമിക നവോത്ഥാനത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു വ്യക്തി അക്കാര്യത്തിനുവേണ്ടി സ്വന്തമായി ഒരു വലിയ അധർമ്മം ചെയ്യുകയെന്നത് അവിശ്വസനീയമാണ്. ദൈവത്തിന്റെ പേരിൽ കളവ് പറയുന്നതിനേക്കാൾ വലിയ പാപമെന്ത്?

രണ്ട്: പടച്ച തമ്പുരാന്റെ പേരിൽ കളവു പറയുകയും സ്വയംകൃത രചനകൾ ദൈവത്തിന്റെതാണെന്ന് വാദിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും വലിയ അക്രമിയെന്നാണ് ഖുർആൻ പറയുന്നത്. " അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നൽകപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്നു പറയുകയോ ചെയ്തവനെക്കാളും അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്?(6:93). ഖുർആൻ മുഹമ്മദി(ﷺ)ന്റെ രചനയാണെങ്കിൽ ഈ സൂക്തത്തിൽ പറഞ്ഞ 'ഏറ്റവും വലിയ ആക്രമി' അദ്ദേഹം തന്നെയായിരിക്കുമല്ലോ. തന്നെത്തന്നെ 'ഏറ്റവും വലിയ അക്രമി' യെന്ന് വിളിക്കുവാനും അതു രേഖപ്പെടുത്തുവാനും അദ്ദേഹം തയ്യാറാകുമായിരുന്നുവോ?

മൂന്ന് : സ്വയംകൃത രചനകൾ നടത്തി അത് ദൈവത്തിൽ ആരോപിക്കുന്നവരെ ഖുർആൻ ശപിക്കുന്നുണ്ട്. " എന്നാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിൽനിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്ക് നാശം!"(2:79). ഖുർആൻ മുഹമ്മദി(ﷺ)ന്റെ സൃഷ്ടിയാണെങ്കിൽ ഈ ശാപം അദ്ദേഹത്തിന് കൂടി ബാധകമാണല്ലോ. സ്വന്തമായി ഒരു രചന നിർവഹിക്കുക, ആ രചനയിൽ സ്വന്തത്തെ തന്നെ ശപിക്കുക, ഇത് വിശ്വസനീയമാണോ?

നാല് : ഖുർആൻ ഒന്നിച്ച് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്കിടയിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഖുർആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഓരോ വിഷയങ്ങളിലും ജനങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ്, ചില സന്ദർഭങ്ങളിൽ ഖുർആൻ സൂക്തങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഖുർആൻ പതിനഞ്ചോളം സ്ഥലങ്ങളിൽ 'അവർ നിന്നോട്.....നെക്കുറിച്ചു ചോദിക്കുന്നു. പറയുക.... ' എന്ന ശൈലിയിലുള്ള സൂക്തങ്ങളുണ്ട്. ഓരോ വിഷയങ്ങളിലും പ്രവാചകനോട് അവർ ചോദിച്ച സമയത്ത് അദ്ദേഹത്തിന് ഉത്തരം നൽകാൻ സാധിച്ചില്ലെന്നും പിന്നീട് ഖുർആൻ വാക്യം അവതരിപ്പിച്ചതിനുശേഷം മാത്രമാണ് അത് സാധിച്ചതെന്നുമാണല്ലോ ഇതിൽനിന്ന് മനസ്സിലാവുന്നത്. ധാർമിക നവോത്ഥാനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവാചക (ﷺ)ന്റെ രചനയായിരുന്നു ഖുർആനെങ്കിൽ ജനം ചോദിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തിന് മറുപടി പറയാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന്, മദ്യത്തിൽ നിന്നും ചൂതാട്ടത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നായിരുന്നു പ്രവാചകന്റെ ഉദ്ദേശ്യമെങ്കിൽ അവയെക്കുറിച്ച് ചോദിച്ച ഉടൻതന്നെ അവ പാപമാണ് എന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു. എന്നാൽ, അദ്ദേഹം ചെയ്തത് അതല്ല; സ്വയം മറുപടി പറയാതെ ദൈവിക വെളിപാട് പ്രതീക്ഷിക്കുകയായിരുന്നു. ദൈവ വചനങ്ങൾ വെളിപ്പെട്ടതിനുശേഷമാണ് ഈ തിന്‍മക്കെതിരെയുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചത്.

അഞ്ച്‌ : മുഹമ്മദ് നബി(ﷺ)യെ തിരുത്തുന്ന ചില ഖുർആൻ സൂക്തങ്ങളുണ്ട്. ഖുറൈശി പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കടന്നുവന്ന അന്ധനായ അബ്ദുല്ലാഹിബ്നുഉമ്മിമക്തൂമിനെ പ്രസന്നതയോടെ സ്വീകരിക്കാതിരുന്ന പ്രവാചക(ﷺ)ന്റെ നടപടിയെ തിരുത്തിയ ഖുർആൻ സൂക്തങ്ങൾ (80:1-10) സുവിദിതമാണ്. മറ്റൊരു സംഭവം: മുസ്‌ലിംങ്ങൾക്ക് ഏറെ നാശനഷ്ടങ്ങൾ വിതച്ച ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന്റെ ശരീരത്തിലും ഒരുപാട് മുറിവുകൾ ഉണ്ടായി. യുദ്ധശേഷം അദ്ദേഹം അവിശ്വാസികളിൽ ചിലരെ ശപിക്കുകയും 'അവരുടെ പ്രവാചകനെ മുറിപ്പെടുത്തിയ സമൂഹമെങ്ങനെയാണ് നന്നാവുക?' എന്ന് ആത്മഗതം നടത്തുകയും ചെയ്തു. ഉടൻ ഖുർആൻ സൂക്തമവതരിച്ചു. പ്രവാചക(ﷺ)നെ തിരുത്തിക്കൊണ്ട്. “(നബിയേ), കാര്യത്തിന്റെ തീരുമാനത്തിൽ നിനക്ക് യാതൊരവകാശവുമില്ല. അവൻ (അല്ലാഹു) ഒന്നുകിൽ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കിൽ അവരെ അവൻ ശിക്ഷിച്ചേക്കാം. തീർച്ചയായും അവർ അക്രമികളാകുന്നു"(3:128). ഇതെന്നും പ്രവാചകനിൽ ബോധപൂർവ്വം വന്ന തെറ്റുകളല്ല. താൻ സ്വീകരിച്ച നിലപാടുകളിലുണ്ടായ അബദ്ധം മാത്രം. എന്നിട്ടും അവ തിരുത്തുന്ന വചനങ്ങൾ ഖുർആനിലുണ്ടായി. ജനങ്ങളെ ധർമ്മനിഷ്ഠരാക്കുവാൻ വേണ്ടി പ്രവാചകൻ(ﷺ) പടച്ച ഗ്രന്ഥമായിരുന്നു ഖുർആനെങ്കിൽ അദ്ദേഹത്തിന്റെ നടപടികളെ വിമർശിക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ടാവുമായിരുന്നുവോ?

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ