മുഹമ്മദി(ﷺ)ന്റെ കാലത്ത് ഖുർആൻ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപെട്ടിരുന്നുവോ ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 1 April 2020

ഈ ചോദ്യത്തിന് ‘അതെ’ യെന്നും ‘ഇല്ല’ യെന്നും ഉത്തരം പറയാം. ഒരു ഗ്രന്ഥം ക്രോഡീകരിക്കുകയെന്നു പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം. ആദ്യം മുതൽ അവസാനം വരെയുള്ള അധ്യായങ്ങൾ ഏതെല്ലാമാണെന്നും അവയിലെ വാക്യങ്ങൾ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞു കൊടുക്കുകയും അതു പ്രകാരം തന്റെ അനുയായികളിൽ നല്ലൊരു ശതമാനത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതു കൊണ്ട് ഒരു ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കിൽ മുഹമ്മദി (ﷺ) ന്റെ കാലത്തുതന്നെ ഖുർആൻ ക്രോഡീകരിക്കപെട്ടുവെന്ന് പറയാവുന്നതാണ്. എന്നാൽ, രണ്ടു പുറംചട്ടകൾക്കുള്ളിൽ ഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും തുന്നിച്ചേർത്തു കൊണ്ട് പുറത്തിറക്കുകയാണ് ക്രോഡീകരണം കൊണ്ടുള്ള വിവക്ഷയെങ്കിൽ ഖുർആൻ മുഹമ്മദി(ﷺ)ന്റെ ജീവിതകാലത്ത് ക്രോഡീകരിക്കപെട്ടിട്ടില്ല എന്നും പറയാവുന്നതാണ്.

പ്രവാചകന്റെ ജീവിതകാലത്തിനിടയിൽ ഖുർആൻ ക്രോഡീകരിക്കുക അസാധ്യമായിരുന്നുവെന്നതാണ് വാസ്‌തവം. ഖുർആൻ അവതരണത്തിന്റെ ശൈലി നമുക്കറിയാം. 'ജിബ്‌രീൽ വരുന്നു. ഖുർആൻ സൂക്തങ്ങൾ ഓതി കേൾപ്പിക്കുന്നു. അത് ഏത് അധ്യായത്തിൽ എത്രാമത്തെ വാക്യമായി ചേർക്കണമെന്ന് നിർദേശിക്കുന്നു'. ഇതായിരുന്നുവല്ലോ രൂപം. വിവിധ സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങൾ കാലഗണനയമനുസരിച്ചല്ല അധ്യായങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ അവാസാനത്തെ സൂക്‌തം കൂടി അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷമേ അവസാനമായി ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുവാൻ കഴിയുമായിരുന്നുള്ളൂ. പ്രവാചകന്റെ വിയോഗത്തിന് ഒമ്പത് ദിവസങ്ങൾക്ക് മുമ്പാണ് അവസാനത്തെ ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഈ ഒമ്പത് ദിവസങ്ങൾക്കിടക്ക് അത് ഗ്രന്ഥരൂപത്തിലാക്കുക പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഖുർആൻ പൂർണമായും മനഃപാഠമാക്കിയ ഒട്ടനവധി അനുചരന്മാർ ഉണ്ടായിരുന്നതുകൊണ്ടും തുകൽ ചുരുളുകളിലും മറ്റു പല വസ്തുക്കളിലുമായി ഖുർആൻ മുഴുവനായി എഴുതിവെച്ചിരുന്നുവെന്നതു കൊണ്ടും ഖുർആനിനെ സംരക്ഷിക്കുകയെന്നത് പടച്ചതമ്പുരാൻ തന്നെ ഒരു ബാധ്യതയായി ഏറ്റെടുത്തത് കൊണ്ടും അതൊരു പുസ്തക രൂപത്തിലാക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി പ്രവാചകൻ (ﷺ) കരുതിയിരുന്നില്ല എന്ന് പറയുന്നതാവും ശരി.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ