വ്യത്യസ്ത സമയങ്ങളിൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ സൂക്തങ്ങളെല്ലാം ഒന്നായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 25 March 2020

ഖുർആൻ അവതരണത്തോടൊപ്പം തന്നെ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുർആൻ അവതരിപ്പിച്ച പടച്ചതമ്പുരാൻ തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: “തീർച്ചയായും അതിന്റെ (ഖുർആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാൽ ആ ഓത്ത് നീ പിന്തുടരുക" (75:17,18).

മുഹമ്മദി (ﷺ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോൾ അത് എത്തിച്ചു കൊടുക്കുന്ന ജിബ്‌രീൽ (അ) തന്നെ അത് ഏത് അധ്യായത്തിൽ എത്രാമത്തെ വാക്യമായി ചേർക്കേണ്ടതാണെന്നു കൂടി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഖുർആൻ എഴുതിവെക്കുന്നതിന് വേണ്ടി സന്നദ്ധരായ പ്രവാചകാനുചരന്മാർ ‘കുത്താബുൽ വഹ്‌യ്' (ദിവ്യബോധനത്തിന്റെ എഴുത്തുകാർ) എന്നാണ് അറിയപ്പെട്ടിരുന്നത് . അൻസാറുകളിൽപെട്ട ഉബയ്യ്ബ്നു കഅ്‌ബ്, മുആദുഇബ്നു ജബൽ, സൈദുബ്നുസാബിത്ത്, അബൂസൈദ്(റ) എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. തുകൽ കഷ്ണങ്ങളിലായിരുന്നു അവർ പ്രധാനമായും ഖുർആൻ എഴുതിവെച്ചിരുന്നത്. പ്രവാചക (ﷺ)ന് ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാൽ അദ്ദേഹം ഈ എഴുത്തുകാരെ വിളിക്കും. ജിബ്‌രീൽ അദ്ദേഹത്തോട് നിർദേശിച്ച ക്രമം അദ്ദേഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങൾ ഏത് അധ്യായത്തിൽ എത്രാമത്തെ വചനങ്ങളായി ചേർക്കണമെന്നും നിർദേശം നൽകും. ഇതു പ്രകാരം അവർ എഴുതിവെക്കും. ഇങ്ങനെ, പ്രവാചക (ﷺ) യുടെ കാലത്തു തന്നെ - ഖുർആൻ അവതരണത്തോടൊപ്പം തന്നെ - അതിന്റെ ക്രോഡീകരണവും നടന്നുവെന്നതാണ് വാസ്തവം.

ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകൾ കാണുക: ഉസ്മാൻ (റ) നിവേദനം ചെയ്യുന്നു: “ദൈവദൂതന്(ﷺ) ഓരോ അവസരത്തിൽ വിവിധ അധ്യായങ്ങൾ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടൽ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകൾ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തിൽ രേഖപ്പെടുത്തുകയെന്ന് കൽപ്പിക്കുമായിരുന്നു”.(തുർമുദി)

"ജിബ്‌രീൽ എല്ലാ വർഷവും പ്രവാചക(ﷺ)ന് ഒരു പ്രാവശ്യം ഖുർആൻ കേൾപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ട വർഷത്തിലാകട്ടെ രണ്ടു പ്രാവശ്യം കേൾപ്പിക്കുകയുണ്ടായി". (ബുഖാരി).

ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോൾ തന്നെ അത് ഏത് സൂറത്തിലെ എത്രാമത്തെ വാക്യമാണെന്ന ദൈവിക നിർദ്ദേശമുണ്ടാവുന്നു. അത് പ്രകാരം എഴുതിവെക്കാൻ പ്രവാചകൻ (ﷺ) എഴുത്തുകാരോട് നിർദ്ദേശിക്കുന്നു. എല്ലാവർഷവും ജിബ്‌രീൽ (അ) വന്ന് അതുവരെ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങൾ ക്രമത്തിൽ ഓതിക്കേൾപ്പിക്കുന്നു. അത് പ്രവാചകൻ(ﷺ) കേൾക്കുന്നു . ശേഷം പ്രവാചകൻ ജിബ്‌രീലിനെ ഓതിക്കേൾപ്പിക്കുന്നു. അങ്ങനെ ഖുർആനിന്റെ ക്രമത്തിന്റെ കാര്യത്തിലുള്ള ദൈവിക നിർദേശം പൂർണമായി പാലിക്കാൻ പ്രവാചക (ﷺ)ന് സാധിച്ചിരുന്നു. "തീർച്ചയായും അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാധ്യതയാകുന്നു” (75:17) വെന്ന ദൈവിക സൂക്തത്തിന്റെ സത്യസന്ധമായ പുലർച്ചയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ