അബൂബക്കർ(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആൻ കോപ്പി ഇന്ന് നിലനിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 20 April 2020

ഇല്ല. സൈദുബ്നു സാബിത്ത് (റ) ക്രോഡീകരിച്ച മുസ്ഹഫ് ഖലീഫയായിരുന്ന അബൂബക്കർ (റ)ന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടാം ഖലീഫ ഉമർ(റ)ന്റെ കൈവശമായി. ഉമർ(റ)ന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രിയും മുഹമ്മദ് ﷺ ന്റെ പത്നിയുമായിരുന്ന ഹഫ്സ (റ) യുടെ കൈവശമായി മുസ്ഹഫിന്റെ സൂക്ഷിപ്പ്. ആദ്യം മുതലെ ഹഫ്സ(റ)യുടെ കൈവശമായിരുന്നു ഈ കോപ്പിയെന്നും അഭിപ്രായമുണ്ട്. പ്രസ്തുത പതിപ്പിന് ഖുർആനിന്റെ ഔദ്യോഗിക പതിപ്പിന്റെ സ്ഥാനമുണ്ടായിരുന്നുവെങ്കിലും മറ്റു പല വ്യക്തികളുടെ കൈവശവും ഖുർആന്റെ ഏടുകളുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ടവയും ശേഷം പകർത്തിയെഴുതിയതുമായ ഏടുകൾ. എന്നാൽ, ഈ രേഖകളെയൊന്നുമായിരുന്നില്ല സാധാരണ ജനങ്ങൾ പൊതുവായി തങ്ങളുടെ പഠനത്തിനും പാരായണത്തിനും ആശ്രയിച്ചിരുന്നത്. അവർ അവർക്കിടയിലുണ്ടായിരുന്ന മനഃപാഠമാക്കിയ വ്യക്തികളെയും അവരിൽ നിന്ന് പകർത്തിയെഴുതിയ സ്വകാര്യ ഏടുകളെയുമായിരുന്നു ആശ്രയിച്ചിരുന്നത്.

മൂന്നാം ഖലീഫ ഉസ്മാൻ (റ)ന്റെ ഭരണ കാലം. ഹിജ്റ 23-ാം വർഷമായപ്പോഴേക്ക് ഇസ്‌ലാം കൂടുതൽ പ്രചരിക്കുകയും പുതിയ ഭൂപ്രദേശങ്ങൾ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വരുതിക്കുള്ളിൽ വരികയും ചെയ്തു. അറബികളും അനറബികളുമായ ആയിരക്കണക്കിനാളുകൾ ഇസ്‌ലാമിലേക്ക് കടന്നു വന്നു. അറബിഭാഷ അറിയാത്തവരുടെ ഇസ്‌ലാം ആശ്ലേഷം ഖുർആൻ പാരായണത്തിൽ ചില പ്രശ്നങ്ങളുണ്ടാക്കുന്നതായി ചിലർ ഉസ്മാൻ(റ)ന്റെ ശ്രദ്ധയിൽ പെടുത്തി. അർമീനിയ, അസർബൈജാൻ എന്നിവിടങ്ങളിലുണ്ടായ യുദ്ധങ്ങളുടെ അവസരത്തിൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ ഖുർആൻ പാരായണത്തിന്റെ രീതിയിലും ഉച്ചാരണക്രമത്തിലും അവർ വമ്പിച്ച വ്യത്യാസം വരുത്തുന്നത് കണ്ട് പ്രവാചകാനുചരൻ ഹുദൈഫ(റ)യായിരുന്നു ഈ പ്രശ്നം ഖലീഫയുടെ ശ്രദ്ധയിൽ പെടുത്തിയ ആദ്യ വ്യക്തികളിൽ ഒരാൾ. ഈ രൂപത്തിൽ മുന്നോട്ടു പോയാൽ ഖുർആനിനെ സംബന്ധിച്ച് മുസ്‌ലിംകൾക്കിടയിൽ സാരമായ ഭിന്നിപ്പ് ഉടലെടുക്കാൻ കാരണമായേക്കുമെന്ന് ദീർഘദർശികളായ പ്രവാചകാനുചരന്മാർ ശ്രദ്ധയിൽ പെടുത്തി. അനിവാര്യമായ നടപടികളുണ്ടാവണമെന്ന് അവർ ഖലീഫയോട് ആവശ്യപ്പെട്ടു.

ഉസ്മാൻ(റ) ഹഫ്സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുർആൻ പ്രതി കൊണ്ടുവരാൻ കൽപിച്ചു. ഇതിന്റെ പകർപ്പുകൾ ശരിയായ ഖുറൈശി ഉച്ചാരണ രീതി പ്രകാരം തയ്യാറാക്കുന്നതിനായി സൈദുബ്നു സാബിത്ത് (റ)ന്റെ തന്നെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. അറബിയുടെ ആഖാര ഉച്ചാരണരീതി (standard pronunciation) യാണ് ഖുറൈഷി രീതി. അബ്ദുല്ലാഹിബ്നു സുബൈർ, സൈദുബ്നുൽ ആസ്വി, അബ്ദുറഹ്മാനുബ്നു ഹിശാം തുടങ്ങിയവരായിരുന്നു മറ്റ് അംഗങ്ങള്‍. ഹഫ്സ (റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക മുസ്ഹഫിന്റെ ആഖാര ഉച്ചാരണരീതി പ്രകാരമുള്ള പതിപ്പുകൾ തയ്യാറാക്കുകയായിരുന്നു ഇവരുടെ ഉത്തരവാദിത്തം. അവർ ഈ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചു. ഹഫ്സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുർആൻ പ്രതി സമാഹരിച്ച സൈദുബ്നു സാബിത്തു തന്നെ ഈ ഉത്തരവാദിത്ത നിർവ്വഹണത്തിന് നേതൃത്വം നൽകിയിരുന്നതിനാൽ അബദ്ധങ്ങളൊന്നും പിണയാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ പ്രത്യേകം സാധിച്ചുവെന്ന് പറയാവുന്നതാണ്.

ഇങ്ങനെ തയ്യാറാക്കിയ പ്രതികൾ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമൻ, ബഹ്റൈൻ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തു. അതിനു ശേഷം വ്യക്തികൾ സൂക്ഷിച്ചിരുന്ന എല്ലാ ഏടുകളും കത്തിച്ചു കളയാൻ ഖലീഫ ഉത്തരവ് നൽകി. ഈ ആധികാരിക കോപ്പികൾ പ്രകാരം മാത്രമേ ഖുർആൻ പാരായണം പാടുള്ളുവെന്നും കൽപന നൽകി. ഉസ്മാൻ(റ) കോപ്പികളെടുത്തു നൽകിയ മുസ്ഹഫുകളുടെ പകർപ്പുകളാണ് ഇന്ന് ലോക വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ്തുത ഒറിജിനൽ കോപ്പികൾ ഇന്നും നിലവിലുണ്ട്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ