മനുഷ്യർക്ക് സന്മാർഗദർശനം നൽകുന്നതിനായി ദൈവംതമ്പുരാൻ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആനെങ്കിൽ അത് മുഴുവനായി ഒരു ഗ്രന്ഥ രൂപത്തിൽ അവതരിപ്പിച്ചു കൂടാമായിരുന്നുവോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 23 March 2020

മുഹമ്മദി (ﷺ)ന്റെ കാലത്തുതന്നെ അവിശ്വാസികൾ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. ഖുർആൻ പറയുന്നത് കാണുക: “സത്യനിഷേധികൾ പറഞ്ഞു. ഇദ്ദേഹത്തിന് ഖുർആൻ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിർത്താൻ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തിരിക്കുന്നു” (25:32).

“നീ ജനങ്ങൾക്ക് സാവകാശത്തിൽ ഓതിക്കൊടുക്കേണ്ടതിനായി ഖുർആനെ നാം (പല ഭാഗങ്ങളായി) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു”. (17:106)

ഈ സൂക്തങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഖുർആൻ ഒന്നിച്ച് ഗ്രന്ഥരൂപത്തിൽ അവതരിപ്പിക്കാതിരുന്നതെന്ന് നമുക്കു മനസ്സിലാകുന്നു. അവസാന നാളുവരെയുള്ള മുഴുവൻ മനുഷ്യർക്കും മാർഗദർശനം നൽകേണ്ട വേദഗ്രന്ഥമാണ് ഖുർആൻ. അത് തോറെയെപ്പോലെ കേവലം കുറെ നിയമങ്ങളുടെ സംഹിതയല്ല. വിശ്വാസ പരിവർത്തനത്തിലൂടെ ഒരു സമൂഹത്തെ എങ്ങനെ വിമലീകരിക്കാമെന്ന് പ്രായോഗികമായി കാണിച്ചുതരുന്ന ഗ്രന്ഥമാണത്. ഖുർആനിന്റെ അവതരണത്തിനനുസരിച്ച് പരിവർത്തിതമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ ചിത്രം കൂടി ഉപയോഗിച്ചു കൊണ്ടാണ് ഓരോ സൂക്തത്തിന്റെയും പൂർണമായ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നത്. ഒറ്റയടിക്കാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടതെങ്കിൽ ഈ രൂപത്തിൽ നമുക്ക്‌ അത് മനസ്സിലാക്കുവാൻ കഴിയുകയില്ലായിരുന്നു. അത് നൂറുശതമാനം പ്രായോഗികമായ ഒരു ഗ്രന്ഥമാണെന്ന് പറയുവാനും സാധിക്കുമായിരുന്നില്ല. വളർന്നുകൊണ്ടിരുന്ന ഒരു സമൂഹത്തിന് ഘട്ടങ്ങളായി നൽകിയ മാർഗനിർദ്ദേശങ്ങളെന്ന നിലയ്ക്ക് - പ്രസ്‌തുത മാർഗനിർദേശങ്ങൾക്കൊപ്പം ആ സമൂഹം മാറിക്കൊണ്ടിരിക്കുന്നു - അത് പൂർണമായും പ്രായോഗികമാണെന്ന് നമുക്ക് ഉറപ്പിച്ചു പറയുവാനാകും.

ഖുർആൻ ഘട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടതു കൊണ്ടുള്ള ഗുണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1 . ദീർഘകാലമായി സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളും അധാർമികതകളും ഒറ്റയടിക്ക് നിർത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമേ അവ നിർത്തൽ ചെയ്യാനാകൂ. താൽക്കാലിക നിയമങ്ങൾ വഴി പ്രസ്തുത പ്രവർത്തനങ്ങളിൽനിന്ന് ജനങ്ങളെ ക്രമേണ അകറ്റിക്കൊണ്ട് അവസാനം സ്ഥിരമായ നിയമങ്ങൾ നടപ്പിൽ വരുത്തുകയാണ് പ്രായോഗികം. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽകുന്നു.

2 . ജനങ്ങളിൽനിന്നും ഉയർന്നുവരുന്ന സംശയങ്ങൾക്കും അപ്പപ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾക്കും തദവസരത്തിൽ തന്നെ പരിഹാരമുണ്ടാവുന്ന രീതിയിൽ ദൈവിക സന്ദേശങ്ങൾ ലഭിക്കുന്നത് പ്രബോധിത ജനതയിൽ കൂടുതൽ ഫലപ്രദമായ പരിവർത്തനങ്ങളുണ്ടാവുന്നതിന് നിമിത്തമാകുന്നു.

3 . ഒറ്റപ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിർദ്ദേശങ്ങൾ ഒരൊറ്റ ദിവസംതന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂർണമായി വിമലീകരിക്കപ്പെട്ട ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനും സാധിക്കുന്നു.

4. ഇടയ്ക്കിടക്ക് ദൈവിക ബോധനം ലഭിക്കുന്നത് പ്രവാചകന് മനഃസമാധാനവും ഹൃദയദാർഢ്യവുമുണ്ടാവുന്നതിന് കാരണമാവുന്നു.

5. നിരക്ഷരനായ മുഹമ്മദി (ﷺ)ന് ഖുർആൻ പഠിക്കുവാനും മനഃപ്പാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽകുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു.

6. പ്രവാചകന്റെ അനുയായികൾക്ക് ഖുർആൻ മനഃപ്പാഠമാക്കുന്നതിനും അതിലെ വിഷയങ്ങൾ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും കുറേശ്ശെയുള്ള അവതരണം വഴി സാധിക്കുന്നു.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ