ഖുർആനിന്റെ പ്രതിപാദനശൈലി?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 12 October 2019

പടച്ചതമ്പുരാന്റെ വചനങ്ങളാണ് ഖുർആനിലുള്ളത്. മനുഷ്യരാണ് അതിന്റെ സംബോധിതർ. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദന ശൈലിയല്ല ഖുർആൻ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപോലെ സമർത്ഥനത്തിന്റെ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേ പ്രതിപാദനത്തിന്റെ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തിന്റെ ശൈലിയോ അല്ല ഖുർആനിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ശൈലികളെല്ലാം ഖുർആൻ സ്വീകരിക്കുന്നുണ്ടുതാനും. നിർണയിക്കപ്പെട്ട ഒരു കേന്ദ്ര വിഷയത്തിന്റെ ശാഖകളും ഉപശാഖകളും വിശദീകരിച്ചു കൊണ്ട് ഉദ്ദേശിച്ച കാര്യം സമർത്ഥിക്കുകയല്ല ഖുർആൻ ചെയ്യുന്നത്. വിഷയങ്ങൾ നിർണയിച്ച് അതിന്റെ അടിസ്ഥാനത്തിൽ അധ്യായങ്ങളും ശീർഷകങ്ങളും തരംതിരിക്കുകയെന്ന ശൈലിയല്ല ഖുർആനിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങൾ കൂടിക്കുഴഞ്ഞ രീതിയിലാണ് അതിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.

പ്രബോധിതരോട് സമർഥമായി സംവദിക്കുന്ന ശൈലിയാണ് ഖുർആനിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയാം. മനുഷ്യരെ രക്ഷാമാർഗം പഠിപ്പിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. അതിനത് ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. സദ് വർത്തമാനങ്ങളും അതോടൊപ്പം താക്കീതും അതിന്റെ സൂക്തങ്ങൾക്കിടക്ക് കടന്നുവരുന്നു. സത്യമാർഗം സ്വീകരിച്ചാൽ ലഭിക്കാൻ പോകുന്ന പ്രതിഫലത്തെയും തിരസ്‌കരിച്ചാലുള്ള ഭവിഷ്യത്തുകളെയും കുറിച്ച് അത് ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും തട്ടിയുണർത്തിക്കൊണ്ട് തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുവാനും അങ്ങിനെ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്താനും അത് ആവശ്യപ്പെടുന്നു. ഇതെല്ലം കൂടിക്കുഴഞ്ഞുകൊണ്ടാണ് കടന്നു വരുന്നത്.

പ്രബോധിതരുടെ താല്പര്യം പരിഗണിച്ച്‌ പടച്ചതമ്പുരാൻ സ്വീകരിച്ചതാണ് ഈ ശൈലി. ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഉൾപ്പെടുന്ന മനുഷ്യസമൂഹത്തിന്റെ മൊത്തം ബോധവൽക്കരണത്തിന് ഉതകുന്നതത്രെ ഈ ശൈലി. ഖുർആനിന്റെ സവിശേഷമായ ഈ പ്രതിപാദനശൈലിയെക്കുറിച്ച് മനസ്സിലാക്കാതെ ഒരു വൈജ്ഞാനിക ഗ്രന്ഥത്തെയോ ചരിത്രപുസ്തകത്തെയോ സമീപിക്കുന്ന രീതിയിൽ ഖുർആനിനെ സമീപിക്കുന്നത് അതിനെ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നതിന് വിഘാതമാകും.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ