മുഹമ്മദി(ﷺ)ന് ഉന്മാദ രോഗമുണ്ടായിരുന്നുവെന്നും വെളിപാടുകൾ വരുന്നതുപോലുള്ള തോന്നൽ പ്രസ്തുത രോഗത്തിന്റെ ലക്ഷണമാണെന്നും വന്നുകൂടെ? സമകാലികരാൽ അദ്ദേഹം ഭ്രാന്തനെന്ന് അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 2 November 2019

യുക്തിവാദികളായ വിമർശകന്മാർ പ്രധാനമായും ഉന്നയിക്കുന്ന ആരോപണമാണ് മുഹമ്മദ് (ﷺ) നബിക്ക് ഉന്മാദരോഗ(Schizophrenia) മായിരുന്നുവെന്നത്. ദൈവത്തിന്റെ അസ്ഥിത്വം അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് വെളിപാടുകളുടെ സത്യതയെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ നിരീശ്വരവാദികളോടുള്ള ചർച്ച തുടങ്ങേണ്ടത് ദൈവാസ്തിത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്. പടച്ചതമ്പുരാന്റെ അസ്തിത്വംതന്നെ അംഗീകരിക്കാത്തവരെ അവനിൽ നിന്നുള്ള വെളിപാടുകൾ സത്യസന്ധമാണെന്ന് സമ്മതിപ്പിക്കുന്നതെങ്ങനെ?

ചോദ്യത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി ചർച്ചചെയ്യപ്പെടേണ്ടത്. സമകാലികരാൽ മുഹമ്മദ്(ﷺ) ഭ്രാന്തനെന്ന് വിളിക്കപ്പെട്ടിരുന്നവോ? ഉണ്ടെങ്കിൽ ഭ്രാന്തിന്റെ എന്തെല്ലാം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ ഈ ആരോപണം ഉന്നയിച്ചത്?

നാൽപതു വയസ്സുവരെ സത്യസന്ധനും സർവ്വരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു മുഹമ്മദ്(ﷺ). സുദീർഘമായ ഈ കാലഘട്ടത്തിനിടയ്ക്ക് ആരെങ്കിലും അദ്ദേഹത്തിൽ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി ആരോപിച്ചിട്ടില്ല. പ്രവാചകത്വത്തിനു ശേഷം അദ്ദേഹം ഭ്രാന്തനെന്ന് ആരോപിക്കപ്പെട്ടിരുന്നുവെന്നത് ശരിയാണ്. ഭ്രാന്തനെന്ന് മാത്രമല്ല മുഹമ്മദ്(ﷺ) അധിക്ഷേപിക്കപ്പെട്ടത്; ജോൽസ്യൻ, മാരണക്കാരൻ, മാരണം ബാധിച്ചവൻ, കവി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളെല്ലാം അദ്ദേഹത്തിനുനേരെ ഉന്നയിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ മാനസിക സന്തുലനത്തിലോ വല്ല വ്യത്യാസവും പ്രകടമാ യതുകൊണ്ടാണോ അവർ അങ്ങനെ അധിക്ഷേപിച്ചത്? ആണെന്ന് അവരാരും തന്നെ വാദിച്ചിട്ടില്ല. അവരുടെ പ്രശ്നം ഖുർആനും അതുൾക്കൊള്ളുന്ന ആശയങ്ങളുമായിരുന്നു. തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങൾക്കെതിരെയാണ് മുഹമ്മദ്(ﷺ) സംസാരിക്കുന്നത്. അദ്ദേഹം ദൈവികമാണെന്ന് പറഞ്ഞുകൊണ്ട് ഓതിക്കേൾപ്പിക്കുന്ന ഖുർആനിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുകയും ചെയ്യുന്നു. മുഹമ്മദി(ﷺ)നെ സ്വഭാവഹത്യ നടത്താതെ ജനങ്ങളെ അദ്ദേഹത്തിൽ നിന്നകറ്റാൻ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് കണ്ട പാരമ്പര്യമതത്തിന്റെ കാവൽക്കാർ ബോധപൂർവ്വം കെട്ടിച്ചമച്ച സ്വഭാവഹത്യയായിരുന്നു ഇവയെല്ലാം.

മുഹമ്മദ്(ﷺ) പ്രവാചകത്വം പരസ്യമായി പ്രഖ്യാപിച്ച കാലം. ഹജ്ജ് മാസം ആസന്നമായി. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഹജ്ജിനു വരുന്നവരോട് മുഹമ്മദ്(ﷺ) മതപ്രബോധനം നടത്തുമെന്നും ഖുർആനിന്റെ വശ്യതയിൽ അവർ ആകൃഷ്ടരാവുമെന്നും മക്കയിലെ പ്രമാണിമാർ ഭയന്നു. അവർ യോഗം ചേർന്നു. ഹജ്ജിന് എത്തിച്ചേരുന്നവരോട് ആദ്യമേ തന്നെ മുഹമ്മദി(ﷺ)നെതിരെ പ്രചാരവേലകൾ നടത്താൻ തീരുമാനിച്ചു. മുഹമ്മദി(ﷺ)നെ എങ്ങനെ വിശേഷിപ്പിക്കണം, എന്നതായി പിന്നീടുള്ള ചർച്ച. പലരും പല രൂപത്തിൽ പറയുന്നത് തങ്ങളുടെ വിശ്വാസ്യത തകർക്കും. എല്ലാവർക്കും ഒരേ രൂപത്തിൽ പറയാൻ പറ്റുന്ന ആരോപണമെന്ത്? ചിലർ പറഞ്ഞു: " നമുക്ക് മുഹമ്മദ് ഒരു ജോത്സ്യനാണെന്ന് പറയാം". പൗര പ്രമുഖനായ വലീദുബ്നുമുഗീറ പറഞ്ഞു: " പറ്റില്ല, അല്ലാഹുവാണ് സത്യം അവൻ ജോൽസ്യനല്ല. ജോൽസ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്റെ വാക്കുകൾ ജ്യോൽസ്യന്മാരുടെ പ്രവചനങ്ങളല്ല". മറ്റു ചിലർ പറഞ്ഞു: " നമുക്ക് അവൻ ഭ്രാന്തനാണെന്ന് പറയാം". വലീദ് പറഞ്ഞു: "അവൻ ഭ്രാന്തനല്ല. ഭ്രാന്തന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ഗോഷ്ഠികളോ പിശാചുബാധയോ ഒന്നും അവനില്ല". അവർ പറഞ്ഞു: "എങ്കിൽ അവൻ കവിയാണെന്ന് പറയാം". വലീദ് പ്രതിവചിച്ചു: " അവൻ കവിയല്ല. കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാം. അവൻ പറയുന്നത് കവിതയല്ല". ജനം പറഞ്ഞു: "എങ്കിൽ അവൻ മാരണക്കാരനാണെന്ന് പറയാം'. വലീദ് പ്രതികരിച്ചു: "അവൻ മാരണക്കാരനുമല്ല. മാരണക്കാരെ നമുക്കറിയാം. അവരുടെ കെട്ടുകളോ, ഊത്തുകളോ ഒന്നും അവൻ പ്രയോഗിക്കുന്നില്ല".

അവർ ചോദിച്ചു: " പിന്നെ എന്താണ് നിങ്ങളുടെ നിർദേശം?" അദ്ദേഹംപറഞ്ഞു: "തീർച്ചയായും അവന്റെ വചനങ്ങളിൽ മാധുര്യമുണ്ട്. അതിന്റെ മൂല്യം വിസ്തൃതവും ശാഖകൾ ഫല സമൃദ്ധവുമാണ്. നിങ്ങൾ അവനെപ്പറ്റി എന്തുപറഞ്ഞാലും അതു നിരർത്ഥകമാണെന്നു തെളിയും. പിതാവിനും മക്കൾക്കുമിടയിലും ഭാര്യക്കും ഭർത്താവിനുമിടയിലും ജ്യേഷ്ഠനും അനുജനുമിടയിലും പിളർപ്പുണ്ടാക്കുവാൻ വേണ്ടിവന്ന ജാലവിദ്യക്കാരനാണ് അവനെന്ന് പറയുന്നതാണ് നല്ലത്!" ജനം ഇതംഗീകരിച്ചു. അവർ പ്രചാരണം തുടങ്ങി.

ഈ സംഭവം മനസ്സിലാക്കിത്തരുന്ന വസ്തുതയെന്താണ്? പ്രവാചക പ്രബോധനങ്ങളിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാൻ വേണ്ടി ശത്രുക്കൾ മെനഞ്ഞെടുത്ത പലതരം ദുഷ്പ്രചാരണങ്ങളിലൊന്നു മാത്രമാണ് അദ്ദേഹം ഭ്രാന്തനാണെന്ന ആരോപണം. ഈ പ്രചാരണം നടത്തിയിരുന്നവർക്കു തന്നെ അതിൽ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, അവരുടെ പ്രചാരണത്തെ ഒരു തെളിവായി സ്വീകരിക്കുന്നത് അബദ്ധമാണ്.

പ്രവാചകൻ ജീവിച്ചത് പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പാണ്. അദ്ദേഹത്തിന് ഉന്മാദ രോഗമുണ്ടായിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുവാൻ ഇപ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവിച്ചിരിക്കാത്തതിനാൽ നമുക്ക് കഴിയില്ല. അദ്ദേഹത്തിനുണ്ടായ വെളിപാടുകളും സ്വപ്നദർശനങ്ങളുമാണ് മുഹമ്മദ്(ﷺ) ഉന്മാദ രോഗിയായിരുന്നുവെന്ന് വാദിക്കുന്നവർക്കുള്ള തെളിവ്. വെളിപാടുകൾ സ്വീകരിക്കുമ്പോൾ പ്രവാചകനിൽ കാണപ്പെട്ട ഭാവവ്യത്യാസങ്ങളെയും വഹിയ് എങ്ങനെയാണെന്നുള്ള പ്രവാചകന്റെ വിവരണങ്ങളെയും വിശദീകരിക്കുന്ന ഹദീസുകളുടെ വെളിച്ചത്തിലാണ് വിമർശകന്മാർ ഈ വാദമുന്നയിക്കുന്നത്. ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രവാചകനിൽ കാണപ്പെട്ടിരുന്നുവോയെന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചാൽ ഈ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് സുതരാം വ്യക്തമാകും.

ഒന്ന് : ഉന്മാദ രോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഈ വൈരുദ്ധ്യം പ്രകടമായിരിക്കും.

മുഹമ്മദി(ﷺ)ന്റെ ജീവിതവും സംസാരങ്ങളും പരിശോധിക്കുക. യാതൊരു രീതിയിലുള്ള സ്വഭാവ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന പെരുമാറ്റ രീതികളുടെയും പൂർവാപരബന്ധമില്ലാത്ത സംസാരത്തിന്റെയും ഉടമസ്ഥനായിരുന്നു മുഹമ്മദ് നബി (ﷺ)യെങ്കിൽ അദ്ദേഹത്തിന് പരശ്ശതം അനുയായികളുണ്ടായതെങ്ങനെ? സാധാരണയായി നാം മനസ്സിലാക്കുന്ന 'ദിവ്യൻ' മാരുടെ അനുയായികളെപ്പോലെയായിരുന്നില്ല മുഹമ്മദി(ﷺ)ന്റെ അനുചരന്മാർ. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനു വേണ്ടി മത്സരിക്കുകയായിരുന്നു അവർ. ഒരു ഉന്മാദരോഗിയുടെ വാക്കുകൾ അനുസരിക്കുവാൻ വേണ്ടി ജനസഹസ്രങ്ങൾ മത്സരിച്ചുവെന്നു പറഞ്ഞാൽ അത് വിശ്വസിക്കാനാവുമോ?

രണ്ട് : ഉന്മാദരോഗികളുടെ പ്രതികരണങ്ങൾ വൈരുദ്ധ്യാത്മകമായിരിക്കും. സന്തോഷ വേളകളിൽ പൊട്ടിക്കരയുകയും സന്താപ വേളയിൽ പൊട്ടിച്ചിരിക്കുകയും ചെയ്യും. വെറുതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവവും കണ്ടുവരാറുണ്ട്.

മുഹമ്മദ്( ﷺ)യുടെ പ്രതികരണങ്ങൾ സമചിത്തതയോടുകൂടിയുള്ളതായിരുന്നു. ഒരു സംഭവം: പ്രവാചകൻ(ﷺ) ഒരു മരത്തണലിൽ വിശ്രമിക്കുകയാണ്. പെട്ടെന്ന് ഊരിപ്പിടിച്ച വാളുമായി മുന്നിൽ ഒരു കാട്ടാളൻ പ്രത്യക്ഷപ്പെട്ടു. അയാൾ ചോദിച്ചു: "എന്നിൽനിന്ന് നിന്നെ ഇപ്പോൾ ആര് രക്ഷിക്കും". പ്രവാചകൻ അക്ഷോഭ്യനായി മറുപടി പറഞ്ഞു: 'അല്ലാഹു'. ഈ മറുപടിയുടെ ദൃഢത കേട്ട് കാട്ടാളന്റെ കൈയിൽ നിന്ന് വാൾ വീണുപോയി.

ഒരു ഉന്മാദ രോഗിയിൽ നിന്ന് ദൃഢചിത്തതയോടുകൂടിയുള്ള ഇത്തരം പെരുമാറ്റങ്ങൾ പ്രതീക്ഷിക്കുവാൻ കഴിയുമോ?

മൂന്ന് : ഉന്മാദരോഗികൾ അന്തർമുഖരായിരിക്കും. പുറമേയുള്ള ലോകത്ത് നടക്കുന്ന സംഭവങ്ങളിലൊന്നും അവർക്ക് യാതൊരു താൽപര്യവും കാണുകയില്ല.

മുഹമ്മദ് നബി(ﷺ) അന്തർമുഖനായിരുന്നില്ല. തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ അതീവ താൽപര്യത്തോടെ നിരീക്ഷിക്കുകയും തന്റെ പങ്ക് ആവശ്യമെങ്കിൽ നിർവഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണദ്ദേഹം. ജനങ്ങൾക്ക് ധാർമിക നിർദ്ദേശങ്ങൾ നൽകുക മാത്രമല്ല, അവർക്ക് മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കുകകൂടി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

ലാമാർട്ടിൻ എഴുതി: 'തത്വജ്ഞാനി, പ്രസംഗകൻ, ദൈവദൂതൻ, നിയമനിർമ്മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്പങ്ങളിൽ നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബന്ധുരമായ വിശ്വാസ പ്രമാണങ്ങളുടെയും പുനസ്ഥാപകൻ, ഇരുപത് ഭൗതിക സാമ്രാജ്യങ്ങളുടെ സ്ഥാപകൻ - അതായിരുന്നു മുഹമ്മദ്. മനുഷ്യത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വെച്ച് പരിഗണിക്കുമ്പോൾ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാൾ മഹാനായ മറ്റു വല്ല മനുഷ്യനുമുണ്ടോ?" (Historic De La Turquie, Vol, 2 Page 277).

അന്തർമുഖനായ ഒരു ഉന്മാദരോഗിയെക്കുറിച്ച വിലയിരുത്തലാണോ ഇത്?

നാല് : ഉന്മാദരോഗികൾക്ക് നിർണിതമായ ഏതെങ്കിലും ലക്ഷ്യത്തിനുവേണ്ടി വ്യവസ്ഥാപിതമായി പ്രവർത്തിക്കാൻ കഴിയില്ല. കാര്യമായി യാതൊന്നും ചെയ്യാനാവാത്ത ഇവർ ശാരീരികമായും മാനസികമായും തളർന്നവരായിരിക്കും.

മുഹമ്മദ് നബി(ﷺ) ജനങ്ങളെ സത്യമാർഗത്തിലേക്ക് നയിക്കുന്നതിനു വേണ്ടി അയക്കപ്പെട്ട ദൈവദൂതന്മാരിൽ അന്തിമനായിരുന്നു. തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം രണ്ടു ദശാബ്ദത്തിലധികം ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചിട്ടയോടു കൂടിയുള്ള പ്രബോധന പ്രവർത്തനങ്ങൾ വഴി ജനസഹസ്രങ്ങളെ ദൈവികമതത്തിലേക്ക് ആകർഷിക്കുവാൻ മുഹമ്മദി(ﷺ)ന് സാധിച്ചു. സാംസ്കാരിക രംഗത്ത് വട്ട പൂജ്യത്തിലായിരുന്ന ഒരു ജനവിഭാഗത്തെ ലോകത്തിനു മുഴുവൻ മാതൃകയാക്കി പരിവർത്തിപ്പിക്കുവാൻ വേണ്ടിവന്നത് കേവലം ഇരുപത്തിമൂന്ന് വർഷങ്ങൾ മാത്രം. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് മുഹമ്മദ്(ﷺ) എന്ന ചരിത്രത്തെ നിഷ്പക്ഷമായി നോക്കിക്കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം ഒരു ഉന്മാദ രോഗിക്ക് കഴിയുന്നതാണെന്ന് പ്രസ്തുത രോഗത്തെക്കുറിച്ച് അൽപമെങ്കിലും അറിയുന്നവരാരെങ്കിലും സമ്മതിക്കുമോ?

അഞ്ച്‌ : ഉന്മാദരോഗി അശരീരികൾ കേൾക്കുകയും(Auditory Hallucination) മിഥ്യാ ഭ്രമത്തിലായിരിക്കുകയും (Delusion) മായാദൃശ്യങ്ങൾ കാണുകയും (Hallucination) ചെയ്യും. ഈ അശരീരികളും മായാദൃശ്യങ്ങളും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമുള്ളതായിരിക്കില്ല.

മുഹമ്മദ് നബി(ﷺ)ക്കുണ്ടായ വെളിപാടുകളും ദർശനങ്ങളും ഈ ഗണത്തിൽ പെടുത്തിക്കൊണ്ടാണ് വിമർശകർ അദ്ദേഹത്തിൽ ഉന്മാദരോഗം ആരോപിക്കുന്നത്. ഉന്മാദരോഗത്തിന്റെ മറ്റു ലക്ഷണങ്ങളൊന്നും നബിയിൽ ഉണ്ടായിരുന്നില്ലെന്ന് നാം മനസ്സിലാക്കി. അപ്പോൾ ഈ വെളിപാടുകളുടെ മാത്രം വെളിച്ചത്തിൽ അദ്ദേഹം ഉന്മാദരോഗിയാണെന്ന് പറയുന്നതെങ്ങനെ? ഉന്മാദരോഗിക്കുണ്ടാവുന്ന 'വെളിപാടു'കൾ അയാളുടെ രോഗത്തിന്റെ ലക്ഷണമാണ്. ഈ വെളിപാടുകൾ അയാളുടെ വൈയക്തിക മേഖലകളുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. എന്നാൽ, മുഹമ്മദി (ﷺ)നുണ്ടായ വെളിപാടുകളോ ? ആ വെളിപാടുകൾ ഒരു ഉത്തമ സമൂഹത്തെ പടിപടിയായി വാർത്തെടുക്കുകയായിരുന്നു. ആദ്യം ദൈവബോധവും പരലോകചിന്തയും ജനങ്ങളിൽ വളർത്തി. ഘട്ടം ഘട്ടമായി സമൂഹത്തെ മുച്ചൂടും ബാധിച്ചിരുന്ന എല്ലാ തിന്മകളുടെയും അടിവേരറുത്തു. അങ്ങനെ ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്ക് നിമിത്തമാകുവാൻ മുഹമ്മദി(ﷺ)ന് ലഭിച്ച വെളിപാടുകൾക്ക് കഴിഞ്ഞു. അത് സൃഷ്ടിച്ച വിപ്ലവം മഹത്തരമാണ്. ചരിത്രകാലത്ത് അതിനു തുല്യമായ മറ്റൊരു വിപ്ലവം നടന്നിട്ടില്ല.

ഉന്മാദരോഗി കേൾക്കുന്ന അശരീരികൾക്ക് ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിക്കോ നിസ്തുലമായ ഒരു വിപ്ലവത്തിനോ നിമിത്തമാകുവാൻ കഴിയുമോ?

മുഹമ്മദി(ﷺ)ന് ഉന്മാദരോഗമായിരുന്നുവെന്നും അദ്ദേഹം ശ്രവിച്ച അശരീരികളാണ് ഖുർആനിലുള്ളതെന്നുമുളള വാദം പരിഗണന പോലും അർഹിക്കാത്ത ആരോപണം മാത്രമാന്നെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ