തിന്മയുടെ സൃഷ്ടിപ്പ്

ഡോ: മുഹമ്മദ് മുസ്തഫ അല്‍ജിബാലി

Last Update 2017 May 06 1438 Shahbaan 9

വിവ: മുഹമ്മദ് സിയാദ്

നന്മയുടെയും തിന്മയുടെയും നിര്‍വചനം

നന്മതിന്മകളെ സംബന്ധിച്ച് താഴെ പറയും പ്രകാരം നിര്‍വചിക്കാവുന്നതാണ്:

1. നന്മ: ആനന്ദവും ആത്മസംതൃപ്തിയുമുണ്ടാക്കുന്നതും മനുഷ്യപ്രകൃതിയുമായി യോജിക്കുന്നതുമായ എല്ലാ കാര്യങ്ങളും.

2. തിന്മ: അസന്തുഷ്ടിയും ഉപദ്രവമുണ്ടാകുന്നതും, മനുഷ്യപ്രകൃതിക്ക് എതിര്‍നില്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളും.

അല്ലാഹുവാണ് സകല വസ്തുക്കളെയും സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കി. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ കാണുന്ന തിന്മകളും ഇതില്‍ ഉള്‍പ്പെടും. അതിന്‍റെയര്‍ഥം പരമമായ നന്മയുടെ ഉടമയും അത്യുദാത്തനുമായ അല്ലാഹു തിന്മയെ സൃഷ്ടിക്കുന്നു എന്നാണോ? പല ആളുകളേയും കുഴക്കിയിട്ടുളളതും അവരെ നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ചതുമായ സുപ്രധാന ചോദ്യമാണ് നാം ഇവിടെ വിശദീകരിക്കുന്നത്.

തെറ്റായ വീക്ഷണങ്ങള്‍

തിന്മയുടെ സൃഷ്ടിപ്പിനെ കുറിച്ച് പലരും തെറ്റായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവരുടെ വീക്ഷണങ്ങളില്‍ പലതും താഴെ കാണുന്ന രൂപത്തിലാണ്:

1. ഒരു വിഭാഗം വാദിക്കുന്നത് അല്ലാഹു തിന്മയെ സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നാണ്. അതിനര്‍ത്ഥം തിന്മ അല്ലാഹു അല്ലാത്ത മറ്റാരോ സൃഷ്ടിച്ചതായിരിക്കാമെന്ന്. അതാകട്ടെ, വ്യക്തമായ ശിര്‍ക്കാണ്. കാരണം നന്മക്കും തിന്മക്കുമായി രണ്ട് വ്യത്യസ്ത സ്രഷ്ടാക്കളെ സങ്കല്‍പിക്കലാണത്.

2. മറ്റൊരു വിഭാഗം വാദിക്കുന്നത് അല്ലാഹു ഈ ലോകത്തേയും അതിലെ ചരാചരങ്ങളേയും സൃഷ്ടിച്ച ശേഷം അവയെ പരിപാലിക്കാതെ തനിയെ വിട്ടിരിക്കുന്നു എന്നാണ്. സൃഷ്ടിപ്പിന് ശേഷം വന്നുഭവിക്കുന്ന ഏതെങ്കിലും തിന്മ അല്ലാഹുവിന്‍റെ ചെയ്തിയില്‍പെട്ടതല്ല എന്നാണവരുടെ വിശ്വാസം. ഈ വിഭാഗവും ആദ്യവിഭാഗത്തെപോലെ രണ്ട് സ്രഷ്ടാക്കളെ സങ്കല്‍പിക്കുയാണ് ചെയ്യുന്നത്. (മാത്രമല്ല, ലോകസൃഷ്ടിപ്പിനു ശേഷം അതിന്‍റെ പരിപാലനം അല്ലാഹു നിര്‍ത്തിവെച്ചു എന്ന ഗുരുതരമായ വ്യതിയാനം കൂടി ഈ വിഭാഗത്തിനുണ്ട്).

3. മൂന്നാമത്തെ വിഭാഗം വാദിക്കുന്നത് ആവശ്യമുള്ളതെന്തും സൃഷ്ടിക്കാന്‍ അല്ലാഹുവിന് സ്വാതന്ത്രമുള്ളതുകൊണ്ടുതന്നെ നന്മകളും തിന്മകളും സൃഷ്ടിക്കുന്നതും അവന്‍ തന്നെയാണ് എന്നാണ്. അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യാവതല്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം വ്യക്തമായ തിന്മ സൃഷ്ടിക്കുതില്‍ നിന്നും അല്ലാഹു പരിശുദ്ധനാണ്.

ശരിയായ നിലപാട്

നന്മ തിന്മകളെ സംബന്ധിച്ച ശരിയായ വീക്ഷണം ഉപശീര്‍ഷകങ്ങളിലൂടെ ശേഷം വിവരിക്കുന്നതാണ്. അതിന് മുമ്പ് ഒരു ഉദാഹരണം ശ്രദ്ധിക്കുക.

പെയിന്‍റിങ്ങിന്‍റെ ഉദാഹരണം

നിപുണനായ ഒരു ചിത്രകാരന്‍ രൂപകല്‍പന ചെയ്ത ഒരു വര്‍ണചിത്രം നമുക്ക് സങ്കല്‍പിക്കാം. അകലെ നിന്ന് നോക്കിയാല്‍, അത് സുന്ദരവും കുറ്റമറ്റതുമായി നാം കാണും. അതിന്‍റെ പകിട്ടില്‍ ആകൃഷ്ടരാവുകയും വിവിധ വര്‍ണങ്ങള്‍ ഇണങ്ങിച്ചേരുന്ന അതിന്റെ സൗകുമാര്യതയില്‍ നമുക്ക് മതിപ്പ്‌തോന്നുകയും ചെയ്യും. അത് മൊത്തത്തില്‍ സുന്ദരമാണെന്ന് നാം അഭിപ്രായപ്പെടും.

എന്നാല്‍ സൂക്ഷ്മനിരീക്ഷകനായ ഒരാള്‍ അതേ വര്‍ണചിത്രത്തെ കണിശമായി പരിശോധിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ പറയും: ''എന്തിനാണ് ഈ ചിത്രകാരന്‍ ഇവിടെ ഇരുണ്ട നിറം നല്‍കിയത്? എന്തിനാണ് ഈ പിളര്‍ന്ന പാറക്കല്ലുകള്‍ വരച്ചുവെച്ചത്? വിദഗ്ദനായ ചിത്രകാരനാണെങ്കില്‍ ഇതില്‍ ജ്വലിക്കുന്ന നിറങ്ങളും, പൂര്‍ണാകാര വസ്തുക്കളും മാത്രമേ വരക്കൂ.''

ഈ സൂക്ഷ്മനിരീക്ഷകന്‍ ചിത്രത്തിലെ 'ബാഹ്യതലവൈരൂപ്യം' മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതെല്ലാം ചേര്‍ന്ന് എങ്ങനെ മൊത്തത്തിലുള്ള സൗന്ദര്യമാകുന്നുവെന്ന് കാണുന്നതില്‍ പരാജയപ്പെടുന്നു. സകലവസ്തുക്കളും വര്‍ണങ്ങളും ഒന്നിച്ചുചേര്‍ന്ന് പൂര്‍ണ സൗന്ദര്യമായിത്തീരുന്നത് കണ്ടെത്തുന്നതില്‍ അയാള്‍ പരാജിതനാണ്. ഇരുണ്ട നിറങ്ങളാണ് ജ്വലിക്കുന്ന നിറങ്ങള്‍ക്ക് ഊന്നല്‍ നകുന്നതെന്നും, ഒരു ചിത്രം സമ്പൂര്‍ണമാകണമെങ്കില്‍ അപൂര്‍ണ വസ്തുക്കള്‍ ആവശ്യമായി വരുമെന്നും അയാള്‍ മനസ്സിലാക്കിയില്ല. അതിനാല്‍, ആ വര്‍ണചിത്രം മൊത്തത്തില്‍ മങ്ങിയതോ വൈരൂപ്യമുള്ളതോ അല്ല, മറിച്ച് ശോഭനവും ആകര്‍ഷകവുമാണ്. എന്നാല്‍ ചിത്രത്തിന്‍റെ ഭാഗികമായ നിരീക്ഷകനല്ല, അതിനെ സമ്പൂര്‍ണമായി വിലയിരുത്തുന്നവനേ, അവ്വിധത്തില്‍ ആസ്വദിക്കാനാവൂ. ഈ ഉദാഹരണം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അല്ലാഹുവിന്‍റെ സൃഷ്ടികളിലുള്ള തിന്മയുടെ സ്വഭാവത്തെക്കുറിച്ച് താഴെ വരുന്ന ചര്‍ച്ചയും മനസ്സിലാകും.

 

1. അല്ലാഹു മാത്രമാണ് സ്രഷ്ടാവ്

അല്ലാഹു മാത്രമാണ് സ്രഷ്ടാവെന്നകാര്യം നാം മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. സൃഷ്ടിക്കപ്പെട്ടതും ഇനി സൃഷ്ടിക്കാനിരിക്കുന്നതുമായ ഏതൊരു വസ്തുവും അവന്‍റെ മാത്രം സൃഷ്ടിയാണ്. അവനെ കൂടാതെ മറ്റൊരു സ്രഷ്ടാവില്ല. ഉദാഹരണത്തിന്, അല്ലാഹു പറയുന്നു:

الزمر: ٦٢ - اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ

''അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു.''(സുമര്‍ 62)

ദുരന്തങ്ങളുണ്ടാകുന്നത് പോലും അല്ലാഹുവിന്‍റെ ഉദ്ദേശത്തോടും അനുമതിയോടും കൂടിയാണ്. അല്ലാഹു പറയുന്നു:

التغابن: ١١ - مَا أَصَابَ مِنْ مُصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

''അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്നപക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.''(അത്തഗാബുന്‍ 11)

അബൂഹുറയ്‌റ(റ) നിവേദനം: നബി(ﷺ) പറഞ്ഞു:

إِنَّ الله خلق السموات والأرض وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ، يَوْمَ السَّابِعِ، وَخَلَقَ التُّرْبَةَ يَوْمَ السَّبْتِ، وَالْجِبَالَ يَوْمَ الأَحَدِ، وَالشَّجَرَ يَوْمَ الاثْنَيْنِ، وَالشَّرَّ يَوْمَ الثُّلاثَاءِ، وَالنُّورَ يَوْمَ الأَرْبَعَاءِ، وَالدَّوَابَّ يَوْمَ الْخَمِيسِ، وَآدَمَ يَوْمَ الْجُمُعَةِ فِي آخِرِ سَاعَةٍ مِنَ النَّهَارِ بَعْدَ الْعَصْرِ، خَلَقَهُ مِنْ أَدِيمِ الأَرْضِ بِأَحْمَرِهَا وَأَسْوَدِهَا وَطَيِّبِهَا وَخَبِيثِهَا، مِنْ أَجْلِ ذَلِكَ جَعَلَ اللَّهُ مِنْ آدَمَ: الطيب والخبيث

''നിശ്ചയം, ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും അല്ലാഹു ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചു. പിന്നെ ഏഴാമത്തെ ദിവസം അവന്‍ അര്‍ശില്‍ ആരോഹിതനായി. ശനിയാഴ്ച മണ്ണും, ഞായറാഴ്ച പര്‍വ്വതങ്ങളും തിങ്കളാഴ്ച സസ്യവൃക്ഷാദികളെയും ചൊവ്വാഴ്ച തിന്മയെയും (വെറുക്കപ്പെട്ടവയെയും), ബുധനാഴ്ച പ്രകാശത്തെയും വ്യാഴാഴ്ച ജന്തുജാലങ്ങളെയും വെള്ളിയാഴ്ച അസ്‌റിന് ശേഷമുള്ള പകലിന്‍റെ അന്ത്യയാമത്തില്‍ ആദമിനെയും സൃഷ്ടിച്ചു. അദ്ദേഹത്തെ ചുവപ്പും കറുപ്പും (നിറമുള്ള), നല്ലതും ചീത്തയുമായ ഭൂമിയിലെ മണ്ണ്‌കൊണ്ട് സൃഷ്ടിച്ചതാണ്. അത് കാരണം, അല്ലാഹു ആദമില്‍ നിന്നും നല്ലതിനെയും ചീത്തയെയും കൊണ്ടുവന്നു. (വിവ: മുഹമ്മദ് സിയാദ്, മുസ്ലിമും നസാഇയും മറ്റും. ചില ഹദീസ് പണ്ഡിതന്മാര്‍ ഇതിനെ ദുര്‍ബലമായി കണക്കാക്കി. എന്നാല്‍ അല്‍ബാനി അതിനെ ഖണ്ഡിച്ചുകൊണ്ട് സ്വഹീഹാണ് എന്ന് ഉറപ്പുവരുത്തി (അസ്സഹീഹ 1833, മുഖ്തസ്വര്‍ അല്‍ ഉലുവ്വ് 71, അല്‍ മിശ്കാത്ത് 5666))

ഈ ഹദീഥിലെ ''വെറുക്കപ്പെട്ടത് അഥവാ തിന്മ'' എന്നത് ദുരന്തങ്ങളെയും ഹാനികരമായ ജീവികളെയും മനുഷ്യര്‍ വെറുക്കുകയും മോശമായി കണക്കാക്കുകയും ചെയ്യുന്ന മറ്റു പാതകങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.

 

2. സൃഷ്ടിപ്പിന് പിന്നില്‍ ഒരു യുക്തിയുണ്ട്

അല്ലാഹു സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ഒരു യുക്തിയുണ്ട്. അവന്‍ ഒന്നും വ്യര്‍ത്ഥമായോ അബദ്ധത്തിലോ സൃഷ്ടിക്കുകയില്ല. അല്ലാഹു പറയുന്നു:

الدخان: ٣٨ - ٣٩ (39) وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ (38) مَا خَلَقْنَاهُمَا إِلَّا بِالْحَقِّ

''ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോട് കൂടിത്തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്.'' (അദ്ദുഖാന്‍ 38,39)

ഒരു ലക്ഷ്യമില്ലാതെയും കൃത്യമായ ആസൂത്രണമില്ലാതെയും വസ്തുക്കളെ സൃഷ്ടിക്കുന്ന ഒരു സ്രഷ്ടാവ് നമ്മുടെ ആദരവിനോ ആരാധനക്കോ അര്‍ഹനല്ല. അത്തരം അസംബന്ധങ്ങളില്‍ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാണ്. അവന്‍ പറയുന്നു:

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ. فَتَعَالَى اللَّـهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ

"അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍."(അല്‍ മുഅ്മിനൂന്‍ 115,116) 

സൃഷ്ടികളെ സൃഷ്ടിക്കുമ്പോള്‍ അല്ലാഹുവിന് അബദ്ധം പറ്റുകയോ മറവി സംഭവിക്കുയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും ഏറ്റവും നല്ല രീതിയില്‍ ആസൂത്രണം ചെയ്ത് 'ലൗഹുല്‍ മഹ്ഫൂളി'ല്‍ പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷം ആസൂത്രണം ചെയ്ത രൂപത്തില്‍ കൃത്യമായി സൃഷ്ടിച്ചു. അല്ലാഹു പറയുന്നു:

وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ

"ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്" (അല്‍ അന്‍ആം 38)

3. അല്ലാഹു സൃഷ്ടിക്കുന്നതെല്ലാം നല്ലതാണ്

അല്ലാഹു സൃഷ്ടിക്കുന്ന വസ്തുക്കളെല്ലാം സോദ്ദേശ്യപരവും വിശിഷ്ടവുമാണ്. അവന്‍ സൃഷ്ടിക്കുന്നതൊന്നും പരിപൂര്‍ണമായ തിന്മയാവുകയില്ല. അല്ലാഹു അവനെ സ്വയം വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്.

الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ

"താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍" (അസ്സജദ 7)

ഉദാഹരണമായി, ഒരു വ്യക്തി അസാധാരണമായ ശരീരഘടനയുള്ളവനാണെങ്കില്‍, അതിനര്‍ത്ഥം അവന്‍റെ സൃഷ്ടിപ്പില്‍ വൈകല്യം സംഭവിച്ചു എന്നല്ല. പ്രത്യുത, അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു ജ്ഞാനത്തിനും ഗുണത്തിനും വേണ്ടി അവനെ സൃഷ്ടിക്കാന്‍ അല്ലാഹു തീരുമാനിച്ചു എന്നാണ്.

അശ്ശിരീദ്(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ)യോട് ഇപ്രകാരം ആവലാതിപ്പെട്ടു. 'കാല്‍മുട്ടുകള്‍ പരസ്പരം തൊട്ടുരുമ്മുന്ന വിധം എന്‍റെ കാലുകള്‍ വളഞ്ഞിട്ടാണ്.' നബി(സ) അവന് വിശദീകരിച്ചുകൊടുത്തു:

إِنَّ كُلَّ خَلْقِ اللهِ عَزَّ وَجَلَّ حَسَنٌ

"അല്ലാഹുവിന്‍റെ സൃഷ്ടിപ്പ് മുഴുവന്‍ നന്മയാണ്." (അഹ്മദും മറ്റും റിപ്പോര്‍ട്ട് ചെയ്തത്. അല്‍ബാനി സ്വഹീഹാണെന്ന് സ്ഥിരീകരിച്ചു- അസ്സ്വഹീഹ 1441)

അത് കൂടാതെ, ജനങ്ങള്‍ പൊതുവെ 'വൈകല്യ'മായി കണക്കാക്കുന്ന കാര്യങ്ങള്‍ അത് ബാധിച്ച വ്യക്തിക്കും അവന് ചുറ്റുമുള്ള മറ്റുള്ളവര്‍ക്കും വലിയ അനുഗ്രഹമായി ഭവിക്കാറുണ്ട്- ആ വൈകല്യത്തെ വളരെയധികം മറികടക്കുന്ന അനുഗ്രഹങ്ങള്‍. ഉദാഹരണത്തിന്:

1. വൈകല്യമുള്ള വ്യക്തിക്ക് ആ വൈകല്യം മൂലം തന്‍റെ ദുര്‍ബലതയും അല്ലാഹുവിന്‍റെ മേലുള്ള തന്‍റെ ആശ്രയത്വവും ബോധ്യമാവും. അത് അല്ലാഹുവിന് കീഴൊതുങ്ങുന്നതിലേക്കും ക്ഷമ പാലിച്ചതിന് അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിക്കുന്നതിലേക്കും നയിക്കും.

2. മറ്റുള്ളവര്‍, പ്രസ്തുത വൈകല്യം അല്ലാഹു തങ്ങളെ ബാധിപ്പിച്ചില്ലല്ലോ എന്നോര്‍ത്ത് അവന്‍റെ അനുഗ്രഹത്തെ മതിക്കും. ഒപ്പം ഏത് വൈകല്യവും ബാധിപ്പിക്കാന്‍ അവന്‍ കഴിവുള്ളവനാണ് എന്ന് മനസ്സിലാക്കുകയും ചെയ്യും. ഇത് അല്ലാഹുവിന് നന്ദി കാണിക്കാനും അവന് കീഴൊതുങ്ങാനും അവനെ അനുസരിക്കാനും അവരെ പ്രേരിപ്പിക്കും.

3. മറ്റൊരാളിലെ വൈകല്യം ജനങ്ങള്‍ക്കിടയിലുള്ള ശാരീരികമായ വ്യത്യാസങ്ങളെ കുറിച്ചുള്ള അവബോധം ആ വൈകല്യം സമൂഹത്തിലുണ്ടാക്കും. അതുമൂലം പരസ്പരം സഹായിക്കാനും ആ സമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ അനുകമ്പയുണ്ടാക്കാനും പ്രേരിപ്പിക്കും.

നാം അനുഭവിക്കുന്ന ദുരിതങ്ങളിലും ഉണ്ടാവാനിടയുള്ള ഉപകാരങ്ങളെ സംബന്ധിച്ചാണ് അടുത്ത അധ്യായത്തിലെ ചര്‍ച്ച.

4. സൃഷ്ടികള്‍ക്കിടയില്‍ തിന്മയുണ്ട്

അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്കിടയില്‍ ധാരാളം തിന്മകളുണ്ടെന്ന കാര്യം നമുക്ക് നിഷേധിക്കാന്‍ സാധിക്കുകയില്ല. ദുഷ്ടതകള്‍, ദ്രോഹം, കള്ളം, കൂറില്ലായ്മ, വഞ്ചന, പരദൂഷണം, മോഷണം, നരഹത്യ, പലിശ, വ്യഭിചാരം തുടങ്ങി അതിരില്ലാത്ത ഒരു പട്ടിക തന്നെ നമുക്ക് ചുറ്റും കാണുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, അക്രമവാസന മനുഷ്യര്‍ക്കിടയിലുള്ള വ്യക്തമായ ഒരു പ്രവണതയാണെന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്.

إِنَّهُ كَانَ ظَلُومًا جَهُولًا

"തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു."(അല്‍ അഹ്സാബ് 72)

അല്ലാഹുവിന്‍റെ സൃഷ്ടികളെല്ലാം നന്മയാണെന്ന നേരത്തെയുള്ള നമ്മുടെ അവകാശവാദത്തിന് ഇത് എതിരാകുമോ? ഒരിക്കലുമില്ല.

ചില ഉദാഹരണങ്ങള്‍ നാം മുകളില്‍ കണ്ടു. തിന്മ എങ്ങനെയാണ് നന്മയെ കൊണ്ടുവരുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ചില ഉദാഹരണങ്ങളാണ് ഇനി പറയുന്നത്. ഒരു വ്യക്തിയുടെ ദുഷ്കര്‍മം അവന്നും അവന്‍റെ ചുറ്റുമുള്ളവര്‍ക്കും ദോഷമായേക്കാം. എന്നാല്‍ മറ്റു ചിലര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലും വ്യത്യസ്ത അളവിലും അത് ഗുണകരമായേക്കാം. ഒരു ദുഷ്കര്‍മവും അത് എത്തിച്ചേരുന്നയിടങ്ങളും തമ്മിലുള്ള പൂര്‍ണമായ ഈ അനുപാതം അല്ലാഹുവിന് മാത്രമേ അറിയൂ. അവനാണ് അത് മുഴുവന്‍ കണക്കാക്കുന്നത്. ആ കര്‍മം എത്ര മോശമായാലും ശരി, ഈ അനുപാതങ്ങളുടെയെല്ലാം പരിണിതഫലം നന്മ മാത്രമേ ആവുകയുള്ളൂ.

5. കേവല തിന്മ എന്ന ഒന്നില്ല

മുന്‍കഴിഞ്ഞ ചര്‍ച്ചയില്‍ നിന്നും പ്രത്യക്ഷത്തില്‍ തിന്മയായി സൃഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ പോലും നന്മയുണ്ടെന്ന് നാം ആത്യന്തികമായി മനസ്സിലാക്കി. ശരിയായ വിശ്വാസവും ദീര്‍ഘവീക്ഷണവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചവര്‍ക്ക് ഇത് വളരെ വ്യക്തമാകുന്നതാണ്. വിവിധ സൃഷ്ടികളുടെ സമ്പര്‍ക്കങ്ങളും അവയുടെ പരിണിത ഫലങ്ങളുടെയും സമ്പൂര്‍ണ ചിത്രം അവര്‍ നിരീക്ഷിക്കും. അങ്ങനെ, ചെറുതും വലുതുമായ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലുള്ള ജ്ഞാനത്തെ അവര്‍ പ്രകീര്‍ത്തിക്കും.

നാം ഈ ലോകത്ത് കാണുന്ന തിന്മ കേവലമായതല്ല. പ്രത്യുത, അത് 'ആപേക്ഷിക'മാണ്. കാരണം, അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഒരു വിഭാഗത്തിന് മാത്രമേ അത് തിന്മയായി തോന്നുകയുള്ളൂ. അതേ സമയം, അത് 'ആത്യന്തികതലത്തില്‍' നന്മയാണ്. കാരണം, സൃഷ്ടികളിലുള്ള അല്ലാഹുവിന്‍റെ ജ്ഞാനത്തോടും നീതിയോടും അത് പൂര്‍ണ്ണമായി യോജിക്കുന്നു.

ഉദാഹരണം:

യുദ്ധങ്ങള്‍ - അനേകം ജനങ്ങളെ കൊന്നൊടുക്കുകയും വളരെയധികം സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്ന മഹാ ദുരന്തങ്ങളാണ് യുദ്ധങ്ങള്‍ എന്നതില്‍ സംശയമില്ല. എങ്കിലും അത് സംഭവിക്കാന്‍ അല്ലാഹു അനുവദിക്കുന്നു. കാരണം, അത് അവന്‍റെ ജ്ഞാനത്തിന്‍റെയും പദ്ധതിയുടെയും ഭാഗം പൂര്‍ത്തീകരിക്കുന്നു- ജനസംഖ്യ സന്തുലിതപ്പെടുത്തുക, അക്രമികളായ രാഷ്ട്രങ്ങളെ ശിക്ഷിക്കുക, വിശ്വാസികളെ പരീക്ഷിക്കുക, ആരാധനാലയങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയും നമുക്കറിയാത്ത മറ്റു കാരണങ്ങളും അവയ്ക്ക് പിന്നിലുണ്ടാകും. അല്ലാഹു പറയുന്നു:

الَّذِينَ أُخْرِجُوا مِن دِيَارِهِم بِغَيْرِ حَقٍّ إِلَّا أَن يَقُولُوا رَبُّنَا اللَّـهُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّـهِ كَثِيرًا ۗ وَلَيَنصُرَنَّ اللَّـهُ مَن يَنصُرُهُ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ

“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു." (അല്‍ ഹജ്ജ് 40)

അങ്ങനെ, യുദ്ധങ്ങളുടെ സുപ്രധാനമായ പ്രയോജനങ്ങള്‍ കൊണ്ട് അതിന്‍റെ 'തിന്മ'യെ അല്ലാഹു നിഷ്പ്രഭമാക്കുന്നു.

ഭൂമിയില്‍ കുഴപ്പം - അല്ലാഹു പറയുന്നു:

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ

"മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം."(അര്‍റൂം 41)

ജനങ്ങളുടെ ദുഷ്ചെയ്തികള്‍ നിമിത്തമാണ് കുഴപ്പങ്ങളുണ്ടാകുന്നതെന്ന് ഇവിടെ അല്ലാഹു ഉണര്‍ത്തുന്നു. എന്നാല്‍ ഈ തിന്മക്ക് നല്ല പരിണിത ഫലമാണുണ്ടായത്. അതായത് ജനങ്ങള്‍ സന്മാര്‍ഗത്തിലേക്ക് മടങ്ങിയേക്കും എന്നത്.

പാപം ചെയ്യല്‍ - നാം പാപം ചെയ്യുകയും ശേഷം അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. നമ്മെ വിമലീകരിക്കുകയും നമ്മുടെ പ്രതിഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാനുള്ള ഒരു മാര്‍ഗമായി അവന്‍ ഇതിനെ നിശ്ചയിച്ചു. അബൂഅയ്യൂബ്(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയവരും മറ്റു സ്വഹാബിമാരും നിവേദനം: നബി(ﷺ) പറഞ്ഞു:

لَوْ لَمْ تُذْنِبُوا، لَجَاءَ اللهُ عَزَّ وَجَلَّ بِقَوْمٍ يُذْنِبُونَ، لِيَغْفِرَ لَهُمْ

“നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍, പാപം ചെയ്യുന്ന (ശേഷം പാപമോചനം തേടുകയും ചെയ്യുന്ന) വിഭാഗത്തെ അല്ലാഹു കൊണ്ടുവരും. അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതിന് വേണ്ടി. (മുസ്ലിം. ഈ ഹദീഥിന്‍റെ വിവിധ റിപ്പോര്‍ട്ടുകള്‍ അല്‍ബാനി തന്‍റെ അസ്സ്വഹീഹയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്- 967-970)

ശൈത്വാന്‍ - ഈ വിഷയത്തിലുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും ദുഷിച്ച ജീവിയായ ശൈത്വാന്‍റെ സൃഷ്ടിപ്പ്. അവനാകട്ടെ, മുഴുവന്‍ പാതകങ്ങളുടെയും ഗുരുവും പരിപാലകനുമാണ്.

ശൈത്വാന്‍റെ സൃഷ്ടിപ്പിന്‍റെ ഫലമായുണ്ടായ ധാരാളം ഗുണങ്ങളെ കുറിച്ച് അടുത്ത ഭാഗത്ത് നാം ചര്‍ച്ച ചെയ്യുന്നതാണ്.

6. തിന്മ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാവതല്ല

അല്ലാഹു തിന്മയൊന്നും ചെയ്യാത്തതുകൊണ്ട്, തിന്മ അവനിലേക്ക് ചേര്‍ത്തു പറയുന്നത് തെറ്റാണ്. തിന്മ ചെയ്യുന്നത് അവന്‍റെ സൃഷ്ടികള്‍ മാത്രമാണ്. അല്ലാഹു പറയുന്നു:

قُلْ أَعُوذُ بِرَبِّ الْفَلَقِ . مِن شَرِّ مَا خَلَقَ

“പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്."(ഫലഖ് 1-2)

ഇനി, അല്ലാഹുവിന്‍റെ ചില സൃഷ്ടികള്‍ ചെയ്യുന്ന തിന്മയുടെ സൃഷ്ടിപ്പ് അല്ലാഹുവിലേക്ക് ചേര്‍ത്തു പറയുകയാണെങ്കില്‍ തന്നെ, അത് പൂര്‍ണമായ തിന്മയാവുകയില്ലെന്ന് നാം വ്യക്തമായി മനസ്സിലാക്കണം. കാരണം, വെറും തിന്മ മാത്രമാണ് അതെങ്കില്‍ അത് സംഭവിക്കാന്‍ അല്ലാഹു അനുവദിക്കുമായിരുന്നില്ല.

അലി(റ) നിവേദനം: നമസ്കാരത്തിന്‍റെ ആരംഭത്തില്‍ നബി(ﷺ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്:

لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

“നിന്‍റെ ആജ്ഞ സദാ സ്വീകരിക്കുവാന്‍ ഞാന്‍ ഇതാ ഇവിടെയുണ്ട്. സകല നന്മയും നിന്‍റെ കൈകളിലാകുന്നു. തിന്മ നിന്നിലേക്ക് ചേര്‍ക്കാവതല്ല. നീ കാരണമാണ് ഞാന്‍ ഇവിടെയുള്ളത്. നിന്നിലേക്കാണ് എന്‍റെ മടക്കം. ഏറെ അനുഗ്രഹീതനും ഉന്നതനുമാണ് നീ. നിന്നോട് ഞാന്‍ പാപമോചനം തേടുന്നു. നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു." (നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകളിലൊന്നിന്‍റെ ചെറിയ ഭാഗം മാത്രമാണിത്. മുസ്ലിമും അബൂദാവൂദും മറ്റും ഉദ്ധരിച്ചതാണിത്.)

ഈ ഹദീഥ് പരാമര്‍ശിച്ചുകൊണ്ട്, അല്‍ബാനി(റഹി) പറയുന്നു: "അതായത്, തിന്മ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയപ്പെടാവതല്ല. എന്തെന്നാല്‍, അവന്‍റെ പ്രവര്‍ത്തനങ്ങളിലൊന്നും തിന്മയില്ല. മറിച്ച്, അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നന്മയാണ്. കാരണം, അത് നീതിയുടെയും ഔദാര്യത്തിന്‍റെയും അറിവിന്‍റെയും ഇടയില്‍ കറങ്ങുകയാണ്. തിന്മ തീരെയില്ലാത്തവിധം അവയെല്ലാം നന്മയാണ്. തിന്മ യഥാര്‍ത്ഥത്തില്‍ തിന്മയായിത്തീര്‍ന്നത് അത് അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാന്‍ പാടില്ലാത്തത് കൊണ്ടാണ്." (നബി(ﷺ)യുടെ നമസ്കാരം പേ. 96)

കൂടാതെ, ആപേക്ഷിക തിന്മകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയുന്നത് ഒഴിവാക്കാന്‍ നാം ശ്രമിക്കുകയും വേണം. "കുറ്റകൃത്യം, അവിശ്വാസം, അപരാധം, മുതലായവയെ സൃഷ്ടിച്ചത് അല്ലാഹുവാണ്" എന്ന് പറയുന്നതിന് പകരം "ഈ പൈശാചിക കൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഉദ്ദേശത്തെയും കഴിവിനെയും സൃഷ്ടിച്ചത് അല്ലാഹുവാണ്" എന്നോ അതല്ല "അതിനേക്കാള്‍ വലിയ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയും ജ്ഞാനത്തിന് വേണ്ടിയുമാണ് അല്ലാഹു ഈ പൈശാചിക കൃത്യങ്ങള്‍ അനുവദിച്ചത്" എന്നോ നാം പറയണം.

ഉദാഹരണത്തിന്, ഇബ്രാഹീം നബി(അ) തന്‍റെ ജനതയോട് പറഞ്ഞതായി അഷ്ടാഹു നമുക്ക് പറഞ്ഞു തരുന്നു:

الَّذِي خَلَقَنِي فَهُوَ يَهْدِينِ . وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ . وَإِذَا مَرِضْتُ فَهُوَ يَشْفِينِ . وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ

“അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍" (അശ്ശുഅറാഅ് 78 -81)

ഇവിടെ, ജനങ്ങള്‍ക്ക് വന്നുഭവിക്കുന്ന പല സ്വാഭാവിക കൃത്യങ്ങളും ഇബ്രാഹീം നബി(അ) അല്ലാഹുവിലേക്ക് ചേര്‍ത്തു പറഞ്ഞു. എന്നാല്‍, രോഗബാധ അല്ലാഹുവിന്‍റെ സൃഷ്ടിയാണെങ്കില്‍കൂടി, അത് പറഞ്ഞപ്പോള്‍ അല്ലാഹുവിലേക്ക് നേരിട്ട് ചേര്‍ത്തുപറഞ്ഞിട്ടില്ല. അതായത്, "എനിക്ക് രോഗം ബാധിപ്പിച്ചവന്‍" എന്ന് പറഞ്ഞിട്ടില്ല. മറിച്ച്, "എനിക്ക് രോഗം ബാധിച്ചാല്‍" എന്ന പരാമര്‍ശത്തിലൂടെ അതിന്‍റെ യഥാര്‍ത്ഥ കര്‍ത്താവിനെ വളരെ മര്യാദയോടുകൂടി ഒഴിവാക്കുകയാണ് ചെയ്തത്.

ഉപരിസൂചിത ആശയങ്ങളുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:

قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

“പറയുക: ആധിപത്യത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു" (ആലുഇംറാന്‍ 26)

ജനങ്ങള്‍ സാധാരണയായി നല്ലതായി കാണുന്നതും (ഉദാ: ആധിപത്യം നല്‍കല്‍, പ്രതാപം നല്‍കല്‍) അവര്‍ മോശമായി കാണുതുമായ (ഉദാ: ആധിപത്യം എടുത്തുനീക്കല്‍, നിന്ദ്യത വരുത്തല്‍) ഉദാഹരണങ്ങള്‍ അല്ലാഹു ഈ ആയത്തില്‍ നല്‍കുന്നു. മുഴുവന്‍ നന്മയും അവന്‍റെ കൈവശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഈ വചനം അവസാനിപ്പിക്കുന്നത്. അതായത്, ആപേക്ഷിക നന്മയും ആപേക്ഷിക തിന്മയും ആത്യന്തികനന്മയാണെന്നാണ് സൂചിപ്പിക്കുന്നത്.

ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്, ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു:

“ലോകത്തിന്‍റെ മേലുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പ്രതാപം നല്‍കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നിസ്സാരമാക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്നും കൈവശാവകാശങ്ങളെ എടുത്തുനീക്കുന്നതും അവന്‍ ഉദ്ദേശിക്കുന്നവരെ നിസ്സാരമാക്കുന്നതും രണ്ടും നന്മയാണ്. നഷ്ടപ്പെട്ടവന്നും നിന്ദ്യത ബാധിച്ചവന്നും അത് മോശമായി തോന്നിയേക്കാമെങ്കിലും. അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ നീതിയുടെയും കാരുണ്യത്തിന്‍റെയും ഇടയില്‍ ജ്ഞാനത്തിന്‍റെയും താല്‍പര്യത്തിന്‍റെയുമിടയില്‍ നിലകൊള്ളുന്നവയാണ്. അവയെല്ലാം നന്മകള്‍ തയൊണ്. അതിന് അവനെ വാഴ്ത്തുകയും സ്തുതിക്കുകയും വേണം. സകല തിന്മയില്‍ നിന്നും അവന്‍ പരിശുദ്ധനാണെന്നതുകൊണ്ട്തന്നെ നാമവനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട്. തിന്മ അവനിലേക്ക് ചേര്‍ത്തു പറയാവതല്ല. റസൂല്‍(ﷺ) പറയാറുള്ളതായി സ്വഹീഹ് മുസ്ലിം ഉദ്ധരിക്കുന്നത് പോലെ:

وَالشَّرُّ لَيْسَ إِلَيْكَ

"തിന്മ നിന്നിലേക്ക് ചേര്‍ത്തു പറയുന്നില്ല.’

അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ചിലതില്‍ തിന്മയുണ്ട്. എങ്കിലും, അത് അവന്‍റെ നിര്‍മ്മാണത്തിലോ കര്‍മ്മത്തിലോ അല്ല. അവന്‍റെ സൃഷ്ടിപ്പ്, കര്‍മ്മം, ആജ്ഞാപനങ്ങള്‍, അളവ് എന്നിവയെല്ലാം നന്മയാണ്. അനീതി തിന്മ എന്നൊക്കെ പറഞ്ഞാല്‍ കാര്യങ്ങള്‍ക്ക് അതിന് യോജിച്ചതല്ലാത്ത സ്ഥാനം നല്‍കലാണ്. അല്ലാഹു അതില്‍നിന്നെല്ലാം പരിശുദ്ധനാണ്." (ശിഫാഉല്‍ അലീല്‍ പേ. 509 - 510 എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തത്.)

ഇബ്നുല്‍ ഖയ്യിം(റഹി) വീണ്ടും പറയുന്നു:

“അല്ലാഹുവാണ് എല്ലാ വസ്തുക്കളും സൃഷ്ടിച്ചതെങ്കിലും അവന്‍റെ ഉല്‍കൃഷ്ടനാമങ്ങള്‍ അവനിലേക്ക് തിന്മ, കുറ്റകൃത്യം, അനീതി എന്നിവ ചേര്‍ത്തു പറയുന്നതിനെ തടയുന്നു. ജനങ്ങളുടെയും അവരുടെ കര്‍മങ്ങള്‍, ചലനങ്ങള്‍, വാക്കുകള്‍ എന്നിവയുടെയും സ്രഷ്ടാവ് അവനാണ്. നികൃഷ്ടമായതോ വിലക്കപ്പെട്ടതോ ആയ കര്‍മം കൊണ്ട് ഒരാള്‍ കുറ്റം അല്ലെങ്കില്‍ പാപം ചെയ്യുന്നുണ്ടാകാം. എന്നാല്‍ അവന് അത് ചെയ്യാനുള്ള കഴിവ് നല്‍കിയത് അല്ലാഹുവാണ്. കഴിവ് നല്‍കുകയെന്ന ഈ പ്രവൃത്തി നീതിയും ജ്ഞാനവും ഔചിത്യവുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാള്‍ക്ക് ചെയ്യാനുള്ള കഴിവ് നല്‍കുന്നത് നന്മയാണ്. എന്നാല്‍ ആ വ്യക്തിയുടെ ചെയ്തി തിന്മയും നികൃഷ്ടവുമാണ്. ഈ കഴിവ് നല്‍കുന്നതിലൂടെ, അല്ലാഹു ഒരു വസ്തുവിനെ അതിന്‍റേതായ സ്ഥാനത്ത് വെച്ചു. പ്രശംസനീയവും മഹത്തരവുമായ ജ്ഞാനമാണ് അതിന് പിന്നിലുള്ള കാരണം. ഇത് നന്മയും ജ്ഞാനവും പ്രയോജനവും പ്രദാനം ചെയ്യുന്നു- ആ വ്യക്തിയില്‍ നിന്നും ഉണ്ടാവുന്നത് അവഹേളനവും കഴിവുകേടും തിന്മയുമാണെങ്കിലും. ഇത് നിത്യജീവിതത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന്, പരിചയ സമ്പന്നനായ ഒരു കെട്ടിടനിര്‍മ്മാതാവ് ഒരു മരക്കഷ്ണം അല്ലെങ്കില്‍ പൊട്ടിയ കല്ലോ, ഇഷ്ടികത്തുണ്ടോ അതിന് അനുയോജ്യമായ സ്ഥാനത്ത് സ്ഥാപിക്കുന്നുവെങ്കില്‍ ആ പ്രവര്‍ത്തി ശ്ലാഘനീയമാണ്- അവനുപയോഗിച്ചതില്‍ എത്രതന്നെ ന്യൂനതകളുണ്ടെങ്കിലും ശരി. അതുപോലെ, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് തന്നെ നിക്ഷേപിക്കുന്നത് വിവേകപൂര്‍ണവും ഉചിതവുമായ പ്രവര്‍ത്തനമാണ്. അതല്ല, അതിന് അനുയോജ്യമല്ലാത്ത സ്ഥലത്താണ് അവ നിക്ഷേപിക്കുതെങ്കിലോ ഏറ്റവും വലിയ വിവരക്കേടും തെറ്റുമാണ്. പാദരക്ഷ കാലില്‍ ധരിക്കുന്നതും ചവറ് ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുന്നതും ഉചിതമാണ്. അത് ഒരിക്കലും പാദരക്ഷയോടോ ചവറിനോടോ കാണിക്കുന്ന അനീതിയല്ല. കാരണം അവ അവിടെത്തന്നെയാണ് വേണ്ടത്." (ശിഫാഉല്‍ അലീല്‍ പേ. 512)

സംക്ഷേപം

കഴിഞ്ഞുപോയ ചര്‍ച്ചയെ താഴെ കാണുന്ന പട്ടികയില്‍ നമുക്ക് സംക്ഷേപിക്കാം:

1. അല്ലാഹു മാത്രമാണ് സ്രഷ്ടാവ്. 2. അല്ലാഹു സൃഷ്ടിക്കുന്ന സകല വസ്തുക്കളിലും ജ്ഞാനമുണ്ട്. 3. അല്ലാഹു സൃഷ്ടിക്കുന്നതെല്ലാം നന്മയാണ്. 4. സൃഷ്ടികള്‍ക്കിടയില്‍ തിന്മയുണ്ട്. 5. കേവല തിന്മ എന്ന ഒന്നില്ല. 6. തിന്മ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാവതല്ല.

പിശാചിന്‍റെ സൃഷ്ടിപ്പിന് പിന്നിലുള്ള ജ്ഞാനം

കഴിഞ്ഞ ചര്‍ച്ചയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ഒരുദാഹരണമാണ് പിശാചിന്‍റെ സൃഷ്ടിപ്പ്. ഇന്നുവരെയുള്ള സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുഷ്ടനായ ഒരു സൃഷ്ടിയാണ് പിശാച്. അവന്‍ ജനങ്ങളുടെ മതത്തെയും കര്‍മങ്ങളെയും വിശ്വാസങ്ങളെയും ഉദ്ദേശ്യങ്ങളെയും ദുഷിപ്പിക്കുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നുള്ള ജനങ്ങളുടെ വ്യതിചലനത്തിന് കാരണക്കാരന്‍ അവനാണ്. അതിനാല്‍ ഒന്നാമതായി, എന്തിനാണ് അവനെ അല്ലാഹു സൃഷ്ടിച്ചത് എ് മനസ്സിലാക്കണം.

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(ന) പറഞ്ഞു:

لَوْ أَرَادَ اللَّهُ أَنْ لَا يُعْصَى مَا خَلَقَ إِبْلِيسَ

"അനുസരണക്കേട് കാണിക്കപ്പെടാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, അവന്‍ ഇബ്ലീസിനെ സൃഷ്ടിക്കുമായിരുന്നില്ല." (ബസ്സാര്‍, ബൈഹക്വി എന്നിവരും മറ്റും. അല്‍ബാനി ഇത് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചു.- അസ്വഹീഹ 1642)

അവന്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന ദ്രോഹങ്ങള്‍ വളരെ വലുതാണെങ്കിലും ശൈത്വാന്‍റെ സൃഷ്ടിപ്പ് കൊണ്ട് ഉപദ്രവത്തേക്കാള്‍ ഉപകാരമാണ് മൊത്തത്തിലുള്ളതെന്ന് മുകളില്‍ കഴിഞ്ഞ ചര്‍ച്ചയില്‍ നിന്നും നമുക്ക് അനുമാനിക്കാവുന്നതാണ്. പിശാചിനെ സൃഷ്ടിച്ചതിന് പിന്നിലുള്ള പൂര്‍ണമായ ജ്ഞാനം അല്ലാഹുവിന് മാത്രമാണ്. എന്നാല്‍ അവയില്‍ ചിലത് മാത്രം നമുക്ക് ഇവിടെ വീക്ഷിക്കാം:

1. ജനങ്ങളുടെ സൃഷ്ടിപ്പിനുള്ള കാരണം പിശാചിന്‍റെ നിലനില്‍പുമായി യോജിക്കുന്നു: അത് അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെടുവാനും അല്ലാഹുവിനുള്ള യഥാര്‍ത്ഥ കീഴ്വണക്കം കാണിക്കാനുമാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കഠിനമായി പരിശ്രമിക്കുന്നതാണ് ആരാധനാ രീതികളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത്. എല്ലാവരും സത്യവിശ്വാസികളായിരുന്നെങ്കില്‍, ഇതിന്‍റെ ആവശ്യമുണ്ടാകുമായിരുന്നില്ല. അതല്ലെങ്കില്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക, ക്ഷമ, ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടല്‍, പാപമോചനം തേടല്‍, ഖേദിച്ചു മടങ്ങല്‍, ശത്രുവിനെതിരില്‍ അല്ലാഹുവോട് രക്ഷ തേടല്‍ തുടങ്ങിയവയുടെയും മനസ്സിന് ഒരിക്കലും നിരൂപിക്കാന്‍ സാധിക്കാത്തത്രയും പ്രയോജനങ്ങളുള്ള മറ്റു ആരാധനാ രീതികളുടെയും ആവശ്യമുണ്ടാകുമായിരുന്നില്ല.

2. പിശാചിന്‍റെ സൃഷ്ടിപ്പിലൂടെ വിപരീത വസ്തുക്കളെ സൃഷ്ടിക്കാനുള്ള അല്ലാഹുവിന്‍റെ കഴിവാണ് പ്രകടമാകുന്നത്: ആത്യന്തിക തിന്മയായ ഈ ജീവിയെ സൃഷ്ടിച്ച അല്ലാഹു നേര്‍വിപരീതമായ പരിശുദ്ധനായ ജിബ്രീലിനെയും സൃഷ്ടിച്ചു. അതുപോലെ രാവ്-പകല്‍, രോഗം-സൗഖ്യം, ജീവിതം-മരണം എന്നീ പരസ്പര വിരുദ്ധ വസ്തുക്കളേയും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന്‍റെ പൂര്‍ണമായ കഴിവും നിയന്ത്രണവുമാണ് ഇത് പ്രകടമാക്കുന്നത്.

3. പിശാചിന്‍റെ സൃഷ്ടിപ്പിലൂടെ തിന്മയും ധിക്കാരവും നിലവില്‍ വന്നു. അത് അല്ലാഹുവിന്‍റെ പല വിശിഷ്ടനാമങ്ങളും വിശേഷണങ്ങളും പ്രകടമാക്കാന്‍ കാരണമാകുന്നു. ഒരു വശത്ത് കാരുണ്യം, സഹനം, ദയാദാക്ഷീണ്യം, മാപ്പ് കൊടുക്കല്‍, ഉദാരത, മഹാമനസ്കത എന്നീ ഗുണങ്ങള്‍; മറുവശത്ത് ആധിപത്യം, അപ്രതിരോധ്യത, കീഴ്പ്പെടുത്തല്‍, പ്രതികാരം, ശിക്ഷ തുടങ്ങിയ വിശേഷണങ്ങള്‍.

4. പിശാചിന്‍റെ പാപമില്ലായിരുന്നില്ലെങ്കില്‍ നന്മതിന്മകള്‍ തമ്മിലും, ധാര്‍മികതയും, അധാര്‍മികതയും തമ്മിലും, ഒരു പ്രവാചകനും ഒരു പിശാചും തമ്മിലും വേര്‍തിരിച്ചറിയാന്‍ നമുക്ക് സാധിക്കുകയില്ലായിരുന്നു. അവന്‍റെ പാപമില്ലായിരുന്നെങ്കില്‍, അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുഹമ്മദി(ﷺ)നേയും മറ്റു മനുഷ്യരേയും നമുക്കൊരിക്കലും വേര്‍തിരിച്ച് അറിയുമായിരുന്നില്ല.

തുടരും… ان شاء الله

0
0
0
s2sdefault

അഖീദ : മറ്റു ലേഖനങ്ങൾ