ആദ്യമായി കടല്‍യുദ്ധം നയിച്ച സ്വഹാബി
അന്‍വര്‍ അബൂബക്കര്‍
Last Update 27 June 2025, 2 Muharram, 1447 AH
ചോദ്യം: ഇസ്‍ലാമില്‍ ആദ്യമായി കടല്‍യുദ്ധം നയിച്ച സ്വഹാബി ആരാണ്?
ഉത്തരം: മുആവിയ (റളിയല്ലാഹു അന്‍ഹു)
ഉമ്മു ഹറാം(റളിയല്ലാഹു അന്‍ഹ) നിവേദനം: നബി(ﷺ) പറഞ്ഞു: "എന്‍റെ ഉമ്മത്തില്‍ നിന്ന് ആദ്യമായി കടല്‍യുദ്ധം നടത്തുന്ന സൈന്യം (സ്വര്‍ഗം ലഭിക്കാവുന്ന) ബാധ്യത നിറവേറ്റിയിരിക്കുന്നു." ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ പ്രവാചകരേ, അവരിലുള്‍പ്പെടാന്‍ ഞാനാശിക്കുന്നു.' നബി(ﷺ) പറഞ്ഞു: "നീ അവരില്‍ ഉള്‍പ്പെട്ടവളാണ്." നബി(ﷺ) വീണ്ടും പറഞ്ഞു: "എന്‍റെ സമുദായത്തില്‍ നിന്ന് ആദ്യമായി ഖൈസര്‍ പട്ടണത്തോട് യുദ്ധം ചെയ്യുന്ന സൈന്യത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു." ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, അവരിലുള്‍പ്പെടാനും ഞാനാശിക്കുന്നു.' നബി(ﷺ) പറഞ്ഞു: "നീ അവരില്‍ ഉള്‍പ്പെട്ടവളല്ല." (ബുഖാരി)
ഉമ്മു ഹറാം (റളിയല്ലാഹു അന്‍ഹ) നിവേദനം ചെയ്ത മറ്റൊരു ഹദീഥ് കൂടിയുണ്ട്: "ഒരിക്കല്‍ നബി(ﷺ) അവരുടെ വീട്ടില്‍ ഉറങ്ങുകയായിരുന്നു. പെട്ടന്നദ്ദേഹം ചിരിച്ചു കൊണ്ടെഴുന്നേറ്റു. ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, താങ്കളെ ചിരിപ്പിച്ചതെന്താണ്?' നബി(ﷺ) പറഞ്ഞു: "എന്‍റെ ഉമ്മത്തില്‍ നിന്നുള്ള ഒരു വിഭാഗം ആളുകളെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പോകുന്നവരായി ഞാന്‍ കണ്ടു. സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരെ പോലെയാണവര്‍ കടലിനു നടുവിലൂടെ യാത്ര ചെയ്യുന്നത്." അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, അവരിലെ ഒരംഗമാക്കാന്‍ അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.' അപ്പോള്‍ അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് നബി(ﷺ) പ്രാര്‍ഥിച്ചു. ശേഷം നബി(ﷺ) ഉറങ്ങി. അദ്ദേഹം വീണ്ടും ചിരിച്ചു കൊണ്ടെഴുന്നേറ്റു. എന്നിട്ട് പറഞ്ഞു: "എന്‍റെ ഉമ്മത്തില്‍ നിന്നുള്ള മറ്റൊരു വിഭാഗം ആളുകളെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പോകുന്നവരായി ഞാന്‍ കണ്ടു. സിംഹാസനത്തിലിരിക്കുന്ന രാജാക്കന്‍മാരെ പോലെയാണ് അവരും കടലിനു നടുവിലൂടെ യാത്ര ചെയ്യുന്നത്." അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, അവരിലെ ഒരംഗമാക്കാന്‍ അവിടുന്ന് എനിക്കു വേണ്ടി പ്രാര്‍ഥിക്കണം.' നബി(ﷺ) പറഞ്ഞു: "നീ ആദ്യം പറഞ്ഞവരുടെ സംഘത്തിലാണുള്ളത്." (ബുഖാരി, മുസ്ലിം)
അനസ്(റളിയല്ലാഹു അന്‍ഹു) പറയുന്നുണ്ട്, ഉമ്മു ഹറാം(റളിയല്ലാഹു അന്‍ഹ) മുആവിയ(റളിയല്ലാഹു അന്‍ഹു)വിന്‍റെ കാലത്ത് മുസ്‍ലിം സൈന്യത്തോടൊപ്പം കടല്‍യുദ്ധത്തില്‍ യാത്രക്ക് പുറപ്പെടുകയും, ശേഷം കടലിൽ നിന്ന് കരയിൽ ഇറങ്ങിയപ്പോൾ അവര്‍ തന്‍റെ യാത്രാമൃഗത്തിന്‍റെ മുകളില്‍ നിന്ന് താഴെ വീഴുകയും അതുവഴി മരണമടയുകയും ചെയ്തു." (ബുഖാരി)
ഹിജ്റ 27-ാം നൂറ്റാണ്ടിൽ ഉസ്മാൻ (റളിയല്ലാഹു അന്‍ഹു)വിന്‍റെ ഭരണകാലത്ത്, മുആവിയ (റളിയല്ലാഹു അന്‍ഹു) നയിച്ച മുസ്‌ലിം സൈന്യം സൈപ്രസ് വിജയകരമായി പിടിച്ചടക്കിയ ചരിത്ര സംഭവമാണിത്. അന്നത്തെ സൈന്യത്തിൽ ഉമ്മു ഹറാം (റളിയല്ലാഹു അന്‍ഹ)യും ഉണ്ടായിരുന്നു. സൈപ്രസില്‍ വെച്ചാണ് ഈ മഹതി മരണപ്പെട്ടത്. പ്രവാചകൻ(ﷺ) സുവിശേഷം നൽകിയ രണ്ടാമത്തെ സൈന്യത്തിന്‍റെ നായകൻ മുആവിയ (റളിയല്ലാഹു അന്‍ഹു)വിന്‍റെ പുത്രനായ യസീദ് ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യമായി കടൽയുദ്ധം നയിച്ച മഹാനായ മുആവിയ (റളിയല്ലാഹു അന്‍ഹു)വിന്‍റെ മഹത്വം വ്യക്തമാക്കാൻ പണ്ഡിതന്മാർ ഉദ്ധരിക്കാറുള്ള പ്രബലമായ ഹദീഥ് കൂടിയാണിത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടന്ന കടൽയുദ്ധത്തിൽ പങ്കെടുത്ത സൈന്യത്തെ നബി(ﷺ) വളരെ ഉയർന്ന നിലയിൽ പ്രശംസിച്ചിരിക്കുന്നു. നബി(ﷺ) സുവിശേഷം നൽകിയ രണ്ട് വിഭാഗങ്ങളിൽ ഒന്നാമത്തെ അംഗീകാരം ലഭിച്ച മഹത്തായ സൈന്യമാണ് മുആവിയ(റളിയല്ലാഹു അന്‍ഹു)വിന്‍റെ കൊടിക്കീഴിൽ പോരാടി വിജയിച്ചവര്‍. അവർ സ്വർഗ്ഗത്തിനർഹരായവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുകയും, ആദർശപരമായ ധീരതയും വിശ്വാസസ്ഥിരതയും പുലർത്തുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിക സൈനിക ചരിത്രത്തിൽ തന്നെ, കടല്‍യുദ്ധത്തിന്‍റെ പുതിയ അധ്യായം എഴുതിയ പോരാളികൾ എന്നതിൽ ഈ സൈന്യത്തിന്‍റെ ഗൗരവം വളരെ പ്രധാനപ്പെട്ടതാണ്.
അല്ലാഹുവിന്‍റെ പ്രവാചകന്(ﷺ) വഹ്‍യ് എഴുതിയ സ്വഹാബികളില്‍ ഒരാളായ മുആവിയ (റളിയല്ലാഹു അന്‍ഹു)വിനെ ആക്ഷേപിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എന്നാല്‍, ഈ മഹാനായ സ്വഹാബിയെ അപമാനിക്കുന്നത് പ്രവാചകന്‍റെ അനുചരന്‍മാരെ തള്ളിക്കളയാനുള്ള ആദ്യപടിയാകുമെന്ന് ഇസ്‍ലാമിക പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കി. അബൂ തൗബ റബീഅ് ബ്ന്‍ നാഫിഅ് അല്‍ ഹലബി(റഹിമഹുല്ലാഹ്) പറഞ്ഞു: “മുഹമ്മദ് നബി(ﷺ)യുടെ സ്വഹാബത്തിനെ കാക്കുന്ന മറയാണ് മുആവിയ(റളിയല്ലാഹു അന്‍ഹു). ഒരാള്‍ ആ മറ തകര്‍ത്താല്‍ അതിനപ്പുറത്തുള്ള മറ്റെന്തിനേയും തകര്‍ക്കാന്‍ അയാള്‍ ധൈര്യം കാണിക്കും.” (താരീഖ് ബഗ്ദാദ് 1/209, ബിദായ 8/142)
ശൈഖുല്‍ ഇസ്‍ലാം ഇബ്നു തൈമിയ(റഹിമഹുല്ലാഹ്) പറയുന്നു: "ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠനായ ഭരണാധിപനായിരുന്നു മുആവിയ(റളിയല്ലാഹു അന്‍ഹു) എന്ന കാര്യത്തില്‍ പണ്ഡിത സമൂഹം ഏകാഭിപ്രായക്കാരാണ്. അദ്ദേഹത്തിനു മുമ്പുള്ള നാലുപേര്‍ പ്രവാചകന്‍റെ ഖലീഫമാരായിരുന്നുവെങ്കില്‍ ഇദ്ദേഹത്തിന്‍റേത് രാജഭരണവും കരുണയും ഒരുമിച്ചു ചേര്‍ന്നതായിരുന്നു. പ്രവാചകൻ(ﷺ) ഭരണക്രമത്തിന്‍റെ വ്യത്യസ്ത ദശകൾ വിശദീകരിച്ച ഒരു ഹദീഥ് ഇക്കാര്യത്തെ ഉറപ്പിക്കുന്നു: 'ആദ്യം ആധിപത്യം നുബുവ്വത്തും കരുണയുമായിരിക്കും, തുടർന്ന് ഖിലാഫത്തും കരുണയുമായിരിക്കും, പിന്നീടുള്ളത് രാജഭരണവും കരുണയുമായിരിക്കും. അതിന് ശേഷം രാജഭരണവും സ്വേച്ഛാധിപത്യവുമായിരിക്കും, പിന്നീട് മർദ്ദക ഭരണമായിരിക്കും.' (ത്വബ്റാനി, ഇതിലെ നിവേദകന്‍മാര്‍ വിശ്വസ്തരാണ്.) മുആവിയ(റളിയല്ലാഹു അന്‍ഹു)വിന്‍റെ ഭരണത്തില്‍ കാരുണ്യവും ദയയും നിറഞ്ഞു നിന്നിരുന്നു, മുസ്‍ലിംകള്‍ക്ക് മുഴുവന്‍ ഉപകാരവുമായിരുന്നു. മറ്റേതൊരു ഭരണാധികാരിയേക്കാളും മികച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം." (മജ്‍മൂഉ ഫതാവ, 4/478)
