നബിﷺ പോരിശ പറഞ്ഞ മഹാന്മാർ
അന്‍വര്‍ അബൂബക്കര്‍
Last Update 24 December 2025, 4 Rajab, 1447 AH
ചോദ്യം: മുഹമ്മദ് നബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തില്‍ ഈ ഉമ്മത്തിനോട് ഏറ്റവും കരുണയുളളത് അബൂബകറും, അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കാര്‍കശ്യമുളളവന്‍ ഉമറും, ഏറ്റവും സത്യസന്ധമായ ലജ്ജയുളളവന്‍ ഉസ്മാനും, വിധിനിര്‍ണ്ണയത്തില്‍ ഏറ്റവും പ്രാവീണ്യമുള്ളവന്‍ അലിയും, അനന്തരാവകാശ വിഷയങ്ങളില്‍ ഏറ്റവും അറിവുള്ളവന്‍ സൈദ് ബിന്‍ സാബിതും, ക്വുര്‍ആന്‍ പാരായണത്തില്‍ ഏറ്റവും മികവുള്ളവന്‍ ഇന്ന വ്യക്തിയും, ഹലാല്‍–ഹറാം വിഷയത്തില്‍ ഏറ്റവും ആഴത്തിലുള്ള അറിവുള്ളവന്‍ മുഅാദ് ബിന്‍ ജബലുമാകുന്നു. അറിയുക! ഓരോ സമുദായത്തിലും ഒരു വിശ്വസ്തനുണ്ട്; ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂ ഉബൈദതുബ്നുല്‍ ജര്‍റാഹ് ആകുുന്നു.” ഈ ഹദീഥില്‍ ക്വുര്‍ആന്‍ പാരായണത്തില്‍ ഏറ്റവും മികവുള്ളവന്‍ എന്ന് നബിﷺ വിശേഷിപ്പിച്ചത് ആരെയാണ് ?
ഉത്തരം: ഉബയ്യ് ബിന്‍ കഅബ് (റളിയല്ലാഹു അന്‍ഹു)
സ്വഹാബികള്‍ (റളിയല്ലാഹു അന്‍ഹും) തങ്ങളുടെ സ്വഭാവങ്ങളില്‍ എല്ലാ പ്രശംസനീയമായ ഗുണങ്ങളും ഉള്‍ക്കൊണ്ടവരായിരുന്നു. എന്നാല്‍ ചില അവസരങ്ങളില്‍, അവരില്‍ ഓരോരുത്തരും ആ ഗുണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തങ്ങളുടെ സഹോദരങ്ങളെക്കാള്‍ പ്രത്യേകം മികവ് പുലര്‍ത്തുകയും മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തിരുന്നു. അതാണ് മുഹമ്മദ് നബിﷺയുടെ ഈ തിരുമൊഴി അറിയിക്കുന്നത്: “എന്റെ ഉമ്മത്തില്‍ ഈ ഉമ്മത്തിനോട് ഏറ്റവും കരുണയുളളത് അബൂബകറും, അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കാര്‍കശ്യമുളളവന്‍ ഉമറും, ഏറ്റവും സത്യസന്ധമായ ലജ്ജയുളളവന്‍ ഉസ്മാനും, വിധിനിര്‍ണ്ണയത്തില്‍ ഏറ്റവും പ്രാവീണ്യമുള്ളവന്‍ അലിയും, അനന്തരാവകാശ വിഷയങ്ങളില്‍ ഏറ്റവും അറിവുള്ളവന്‍ സൈദ് ബിന്‍ സാബിതും, ക്വുര്‍ആന്‍ പാരായണത്തില്‍ ഏറ്റവും മികവുള്ളവന്‍ ഉബയ്യും, ഹലാല്‍–ഹറാം വിഷയത്തില്‍ ഏറ്റവും ആഴത്തിലുള്ള അറിവുള്ളവന്‍ മുഅാദ് ബിന്‍ ജബലുമാകുന്നു. അറിയുക! ഓരോ സമുദായത്തിലും ഒരു വിശ്വസ്തനുണ്ട്; ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂ ഉബൈദതുബ്നുല്‍ ജര്‍റാഹ് ആകുുന്നു.” (സ്വഹീഹുല്‍ ജാമിഅ് 868)
ഈ ഹദീഥ് ചില മഹാനായ സഹാബികളുടെ ശ്രേഷ്ഠഗുണങ്ങളെയും, അവരില്‍ ഓരോരുത്തരും ഏത് പ്രത്യേകതകളാല്‍ പ്രസിദ്ധരായിരുന്നുവെന്നതിനെയും അറിയിക്കുന്നുണ്ട്. നബിﷺ പറയുന്നു: “എന്റെ ഉമ്മത്തില്‍ ഈ ഉമ്മത്തിനോട് ഏറ്റവും കരുണയുളളത് അബൂബകറിനാണ്.” ഈ കരുണയും വിരോധത്തോടെയോ വിദ്വേഷത്തോടെയോ ഉളള പെരുമാറ്റം സമുദായത്തോട് സാധാരണയായി അദ്ദേഹത്തില്‍ കാണപ്പെടാറില്ല എന്ന ഗുണം കൊണ്ടാണ് അബൂബകര്‍ (റളിയല്ലാഹു അന്‍ഹു) സ്വഹാബികള്‍ക്കിടയില്‍ അറിയപ്പെട്ടത്. വാസ്തവത്തില്‍, അദ്ദേഹത്തിന്റെ ജീവിതശൈലിയും പെരുമാറ്റവും വൃദ്ധന്മാരോടും ചെറുപ്പക്കാരോടും ഒരുപോലെ സ്നേഹവും ദയയും സൗമ്യതയും നിറഞ്ഞതായിരുന്നു. അതോടൊപ്പം, ദീനിന്റെ കാര്യത്തില്‍ അദ്ദേഹം അത്യന്തം ശക്തമായ ആത്മാഭിമാനവും അചഞ്ചലമായ നിലപാടും പുലര്‍ത്തി. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും കല്പനകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. നബിﷺയുടെ വഫാത്തിന് ശേഷം, മതത്യാഗികളോടും സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോടും അദ്ദേഹം സ്വീകരിച്ച ദൃഢമായ നടപടികള്‍ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്.
ഈ ഹദീഥില്‍ തുടര്‍ന്ന് നബിﷺ പറയുന്നു: “അല്ലാഹുവിന്റെ ദീനില്‍ ഏറ്റവും കാര്‍കശ്യമുളളവന്‍ ഉമറാണ്.” ഇവിടെ എടുത്തു പറഞ്ഞ കാര്‍കശ്യം എന്നത് ബലം, കരുത്ത്, ദൃഢത എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഗുണങ്ങളാല്‍ ഉമര്‍ (റളിയല്ലാഹു അന്‍ഹു) അറിയപ്പെട്ടിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ കാര്യത്തില്‍ അദ്ദേഹം അത്യന്തം കാര്‍കശ്യമുളളവനും ദൃഢനുമായിരുന്നു. ദീനിന്റെയും സത്യത്തിന്റെയും കാര്യത്തില്‍ നിലപാടുകളില്‍ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു അദ്ദേഹം. അതേസമയം, തന്റെ ഈ കാര്‍കശ്യം കാരണം അല്ലാഹുവിന്റെ പരിധികളെ ഒരിക്കലും ലംഘിക്കാത്തവനായി, അവന്റെ വിധിവിലക്കുകളില്‍ കര്‍ശനമായി നിലകൊള്ളുന്നവനുമായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തി.
സത്യവും അസത്യവും എന്നത് ആദ്യം പരിഗണിക്കപ്പെടുക വാക്കുകളുമായി ബന്ധപ്പെട്ട ഗുണങ്ങളെയാണ്. ഒരാളുടെ വാക്കുകളും പ്രവൃത്തികളും സ്വഭാവവും എല്ലാം ഒരേ ഗുണത്തോട് സ്ഥിരമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍, ആ ഗുണം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാകുന്നു. അതിനാലാണ് ഇവിടെ ലജ്ജ എന്ന ഗുണത്തോട് ഉസ്മാന്‍ (റളിയല്ലാഹു അന്‍ഹു) പൂര്‍ണ്ണമായി ചേര്‍ന്നുനിന്ന വ്യക്തിയെന്ന അര്‍ത്ഥത്തില്‍ “ഏറ്റവും സത്യസന്ധമായ ലജ്ജയുളളവന്‍ ഉസ്മാനാണ്” എന്ന് നബിﷺ പറഞ്ഞത്. ഉസ്മാന്‍ (റളിയല്ലാഹു അന്‍ഹു) ലജ്ജയിലും വിനയത്തിലും അതുല്യനായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സംസാരത്തിലും പ്രവര്‍ത്തികളിലും എപ്പോഴും ലജ്ജയുമായി ബന്ധപ്പെട്ട ഗുണങ്ങള്‍ വ്യക്തമായി കാണാമായിരുന്നു. അത്രത്തോളം പാവനവും ഉയര്‍ന്നതുമായ ലജ്ജയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്, മലക്കുകള്‍ പോലും അദ്ദേഹത്തെ കണ്ടാല്‍ ലജ്ജിച്ചിരുന്നുവെന്ന് നബിﷺ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ലജ്ജ എന്നത് ദുര്‍ബലതയല്ല; മറിച്ച്, ഒരു വിശ്വാസിയുടെ ആത്മീയ സൗന്ദര്യവും ഉന്നതമായ സ്വഭാവഗുണവുമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
“വിധിനിര്‍ണ്ണയത്തില്‍ ഏറ്റവും പ്രാവീണ്യമുള്ളവന്‍ അലിയാണ്” എന്ന നബിﷺയുടെ പ്രസ്താവനയുടെ അര്‍ത്ഥം: മനുഷ്യര്‍ക്കിടയില്‍ വിധി പറയുന്നതിലും, നീതി നടപ്പാക്കുന്നതിലും, പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിലും ഏറ്റവും കൂടുതല്‍ അറിവും പ്രാവീണ്യവും ഉള്ളവന്‍ അലി (റളിയല്ലാഹു അന്‍ഹു) ആണെന്നതാണ്. പരിഹാരവും നീതിയുക്തമായ വിധിയും ആവശ്യമായ, വളരെ സങ്കീര്‍ണ്ണവും കടുത്തതുമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പരിഹാരപൂര്‍വ്വമായ വിധിനിര്‍ണ്ണയം പ്രശസ്ഥമാണ്. അത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍, വിപുലമായ അറിവും ഗഹനമായ ഫിഖ്‌ഹും, അനുഭവവും ഹിക്മത്തും ആവശ്യമാണ്. അതാണ് അലി (റളിയല്ലാഹു അന്‍ഹു)വിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ മഹത്തായ ഗുണങ്ങള്‍.
“അനന്തരാവകാശ വിഷയങ്ങളില്‍ ഏറ്റവും അറിവുള്ളവന്‍ സൈദ് ബിന്‍ സാബിതാണ്” എന്ന നബിവചനത്തിന്റെ അര്‍ത്ഥം: അനന്തരാവകാശ നിയമങ്ങളില്‍ (ഫറാഇദ്) ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍ സ്വഹാബികള്‍ക്കിടയില്‍ സൈദ് ബിന്‍ സാബിത് (റളിയല്ലാഹു അന്‍ഹു) ആണെന്നതാണ്. ഇവിടെ ഫറാഇദ് എന്ന് ഉദ്ദേശിക്കുന്നത്, അല്ലാഹു നിര്‍ണ്ണയിച്ച അനന്തരാവകാശ ഓഹരികളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ആണ്. അതിനാല്‍, സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സൈദ് (റളിയല്ലാഹു അന്‍ഹു) സഹാബികളില്‍ ഏറ്റവും പ്രഗല്‍ഭനായിരുന്നു. ഈ വിഷയത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും സൂക്ഷ്മമായ കണക്കുകൂട്ടലുകളും ക്വുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ശരിയായ രീതിയില്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു.
“ക്വുര്‍ആന്‍ പാരായണത്തില്‍ ഏറ്റവും മികവുള്ളവന്‍ ഉബയ്യാണ്” എന്ന തിരുമൊഴിയുടെ അര്‍ത്ഥം: ക്വുര്‍ആന്‍ ഏറ്റവും കൃത്യമായി മനഃപാഠമാക്കിയതും, അതിന്റെ അര്‍ത്ഥങ്ങളിലും പാരായണ നിയമത്തിലും ഏറ്റവും ആഴത്തിലുള്ള അറിവുള്ളതുമായ സ്വഹാബി ഉബയ്യ് ബിന്‍ കഅബ് (റളിയല്ലാഹു അന്‍ഹു) ആയിരുന്നു.
അതുപോലെ, “ഹലാല്‍–ഹറാം വിഷയത്തില്‍ ഏറ്റവും ആഴത്തിലുള്ള അറിവുള്ളവന്‍ മുഅാദ് ബിന്‍ ജബലുമാകുന്നു” എന്ന നബിﷺയുടെ പ്രസ്താവനയുടെ അര്‍ത്ഥം: അല്ലാഹുവിന്റെ നിയമങ്ങളില്‍ എന്താണ് ഹലാല്‍, എന്താണ് ഹറാം എന്ന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജ്ഞാനമുള്ളവന്‍ മുഅാദ് ബിന്‍ ജബല്‍ (റളിയല്ലാഹു അന്‍ഹു) ആയിരുന്നു. അദ്ദേഹത്തിന്റെ വിശാലമായ അറിവും ആഴമുള്ള ഫിഖ്‌ഹും കാരണം, നബി ﷺ അദ്ദേഹത്തെ ഇസ്‌ലാമിലേക്കുള്ള ദഅ്‌വത്തിനും, വിധിനിര്‍ണ്ണയത്തിനുമായി യമനിലേക്ക് നിയോഗിച്ചു. മുഅാദ് (റളിയല്ലാഹു അന്‍ഹു) അന്‍സ്വാറുകളിലെ യുവാക്കളില്‍ ഏറ്റവും സഹിഷ്ണുതയും ഉദാരതയും പുലര്‍ത്തിയിരുന്നവരില്‍ ഒരാളായിരുന്നു.
തുടര്‍ന്ന് നബി ﷺ പറഞ്ഞു: “അറിയുക! ഓരോ സമുദായത്തിലും ഒരു വിശ്വസ്തനുണ്ട്; ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂ ഉബൈദതുബ്നുല്‍ ജര്‍റാഹ് ആകുുന്നു”. ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്: ഓരോ സമുദായത്തിലും സത്യസന്ധനും വിശ്വസനീയനുമായ ഒരാള്‍ ഉണ്ടാകും; ആളുകള്‍ അദ്ദേഹത്തില്‍ വിശ്വാസം വെക്കുകയും,
അദ്ദേഹത്തെ വിശ്വാസവഞ്ചനയില്‍ ഭയപ്പെടാതിരിക്കുകയും, തങ്ങളുടെ കാര്യങ്ങള്‍ അദ്ദേഹത്തോട് നിര്‍ഭയമായി ഏല്‍പ്പിക്കുകയും ചെയ്യും. ഈ ഉമ്മത്തില്‍ ആ സ്ഥാനത്ത് എത്തിയിരിക്കുന്നത് അബൂ ഉബൈദതുബ്നുല്‍ ജര്‍റാഹ് (റളിയല്ലാഹു അന്‍ഹു) ആകുന്നു. അദ്ദേഹം ഈ സമുദായത്തിന്റെ വിശ്വാസപാത്രനും അഭയം ആശ്രയിക്കാവുന്നവനും ആയിരുന്നു. ഈ ഗുണത്തില്‍ സഹാബികളില്‍ ഏറ്റവും സമ്പൂര്‍ണ്ണനും ഉന്നതനുമായിരുന്നു അദ്ദേഹം. അല്ലാഹു അദ്ദേഹത്തിന്റെ കൈകളിലൂടെ അബൂബകര്‍ (റളിയല്ലാഹു അന്‍ഹു)വിന്റെയും ഉമര്‍ (റളിയല്ലാഹു അന്‍ഹു)വിന്റെയും ഖിലാഫത്തുകളില്‍ അനേകം മഹത്തായ വിജയങ്ങള്‍ നല്‍കി.
ഈ ഹദീഥ് സ്വഹാബികള്‍ (റളിയല്ലാഹു അന്‍ഹും) തമ്മില്‍ നന്മയുടെ മേഖലകളില്‍ വ്യത്യസ്ഥരാണെന്നും, ആ മേഖലകളില്‍ അല്ലാഹു പ്രത്യേകം നല്‍കിയ ചില ഗുണങ്ങളും കഴിവുകളും അവര്‍ക്കിടയില്‍ ചിലര്‍ക്ക് പ്രത്യേകിച്ചും ഉള്ളതാണെന്നും വ്യക്തമാക്കുന്നു. അവരില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വന്തം പ്രത്യേകതയും, അവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഗുണവും ഉണ്ടായിരുന്നു. ഇങ്ങനെ ചില സ്വഹാബികള്‍ക്ക് ചില പ്രത്യേക ഗുണങ്ങളില്‍ ഉന്നതസ്ഥാനം ലഭിച്ചതോടൊപ്പം, അവരില്‍ ചില വ്യക്തികള്‍ക്ക് പ്രത്യേകം ശ്രേഷ്ഠതയും നല്‍കിയിരിക്കുന്നു. അതുപോലെ, ഇവിടെ പരാമര്‍ശിക്കപ്പെട്ടവരല്ലാത്ത മറ്റു പല സ്വഹാബികള്‍ക്കും പൊതുവായും വ്യക്തിഗതമായും മഹത്തായ ഗുണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു സ്വഹാബിക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രേഷ്ഠത തെളിയിക്കപ്പെട്ടുവെന്നത്, എല്ലാ കാര്യങ്ങളിലും അദ്ദേഹം മറ്റെല്ലാവരിലും ശ്രേഷ്ഠനാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഈ പൊതുവായ നിയമത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവര്‍ നാലു ഖലീഫമാര്‍ (അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും) മാത്രമാണ്. അവര്‍ ഖിലാഫത്തിന്റെ ക്രമാനുസരണത്തില്‍ തന്നെ മറ്റുള്ള സഹാബികളെക്കാള്‍ ശ്രേഷ്ഠരായവരാണെന്ന് അഹ്‌ലുസ്സുന്നത്ത് സ്ഥിരീകരിക്കുന്നു.
