ക്വുര്‍ആനിലെ ഒരിക്കലും സംഭവിക്കാത്ത ഹറാം

അന്‍വര്‍ അബൂബക്കര്‍

Last Update 20 August 2025, 26 Safar, 1447 AH

ചോദ്യം: ക്വുര്‍ആനില്‍ ഒരു കാര്യം അല്ലാഹു ഹറാമാക്കിയിട്ടുണ്ട്. ആ ഒരു കാര്യം ലോകത്ത് ആരും ഇതുവരെ ചെയ്തിട്ടില്ല. ഇനി ലോകത്ത് ആര്‍ക്കും ആ ഒരു കാര്യം ചെയ്യാനും സാധിക്കുകയില്ല. എന്താണ് ആ കാര്യം ?

ഉത്തരം: പ്രവാചക പത്നിമാരുടെ പുനര്‍വിവാഹം

ക്വുര്‍ആനില്‍ അല്ലാഹു ചില കാര്യങ്ങളെ ഹറാം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്ന് വളരെ പ്രത്യേകമാണ്; മുഹമ്മദ് നബി(ﷺ)യുടെ ഭാര്യമാരെ അവിടുത്തെ വഫാത്തിന് ശേഷം ആരും വിവാഹം കഴിക്കരുത് എന്ന്. പ്രവാചകന്റെ അനുചരന്‍മാരോട് അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യമാകുന്നു.” (അഹ്സാബ് 53)

ഈ ഭാര്യമാരെ “ഉമ്മഹാത്തുല്‍ മുഅ്‌മിനീന്‍” എന്ന് വിളിക്കുന്നു, അര്‍ത്ഥം വിശ്വാസികളുടെ ഉമ്മമാര്‍. അല്ലാഹു പറഞ്ഞു: “പ്രവാചകന്‍ സത്യവിശ്വാസികളോട്‌ അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു; അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളുമാണ്.” (അഹ്സാബ് 6)

മുഹമ്മദ്‌ നബി(ﷺ)യുടെ ഭാര്യമാരെ അല്ലാഹു “സത്യവിശ്വാസികളുടെ ഉമ്മമാര്‍” എന്ന് വിളിച്ചു. അതിന്റെ അര്‍ത്ഥം, അവരെ മാതാക്കളെ പോലെ ബഹുമാനിക്കണം, ആദരിക്കണം, നബി (ﷺ) വിടവാങ്ങിയ ശേഷം അവരെ ആര്‍ക്കും വിവാഹം കഴിക്കാന്‍ പാടില്ല. പക്ഷേ, ഉമ്മയുടെ എല്ലാ നിയമങ്ങളും അവര്‍ക്കില്ല. ഉദാഹരണത്തിന്, ഉമ്മ നമ്മുടെ മുമ്പില്‍ പര്‍ദ ധരിക്കേണ്ടതില്ല, പക്ഷേ നബി(ﷺ)യുടെ ഭാര്യമാര്‍ മഹ്റം അല്ലാത്തവര്‍ക്ക് മുമ്പില്‍ പര്‍ദ്ദ ധരിക്കല്‍ നിര്‍ബന്ധമായിരുന്നു. ഇതുപോലെയാണ് മറ്റു ശരീഅത്ത് നിയമങ്ങളും. അതിനാല്‍, ഇവിടെ “സത്യവിശ്വാസികളുടെ ഉമ്മമാര്‍” എന്ന് പറഞ്ഞത് എല്ലാ നിലക്കും നിയമപരമായ ഉമ്മയെന്ന അര്‍ത്ഥത്തിലല്ല, വിവാഹത്തില്‍ നിന്ന് നിരോധിച്ചവരെന്ന അര്‍ത്ഥത്തിലാണത്. അതായത്, സ്വന്തം ഉമ്മയെ പോലെ, അവരെ വിവാഹം കഴിക്കുന്നത് എപ്പോഴും ഹറാം ആയിരിക്കുമെന്നതാണ് പ്രധാന ഉദ്ദേശം.

ഈ വിധി ചരിത്രത്തില്‍ ആരും ലംഘിച്ചിട്ടില്ല. മുഹമ്മദ് നബി(ﷺ)യുടെ ഭാര്യമാര്‍ എല്ലാം അവരുടെ ജീവിതകാലം മുഴുവന്‍ വിശ്വാസികളുടെ ഉമ്മമാരെന്ന ബഹുമാനത്തോടെ ജീവിച്ചു. ആരും അവരെ വിവാഹം കഴിക്കാന്‍ ശ്രമിച്ചില്ല. അതുകൊണ്ട് ക്വുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഈ ഹറാമായ കാര്യത്തില്‍ ആരും വീഴ്ച വരുത്തിയിട്ടില്ല. ഇനി ഭാവിയിലും ഇത് ആര്‍ക്കും ചെയ്യാന്‍ കഴിയില്ല, കാരണം പ്രവാചകന്‍(ﷺ)യുടെ ഭാര്യമാര്‍ എല്ലാം വഫാത്തായി. അതുകൊണ്ട്, ഇത് ക്വുര്‍ആനില്‍ പറഞ്ഞിട്ടുള്ള, ഒരിക്കലും സംഭവിക്കാത്തതും ഇനി സംഭവിക്കാനിടയില്ലാത്തതുമായ ഏക ഹറാം കാര്യമായി മാറി.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ