സ്വലാതുല്‍ വുസ്ത്വയുടെ മഹത്വം

അന്‍വര്‍ അബൂബക്കര്‍

Last Update 02 July 2025, 7 Muharram, 1447 AH

ചോദ്യം: പള്ളിയില്‍ നിര്‍വഹിക്കുന്ന ഒരു ഫര്‍ള് നമസ്‌കാരമുണ്ട്, അതില്‍ ഇമാം സൂറത്തുകള്‍ പതുക്കെ (ശബ്ദം ഉയര്‍ത്താതെ) പാരായണം ചെയ്യുന്നു. എന്നാല്‍ അതിന് മുമ്പും ശേഷവുമുള്ള ഫര്‍ള് നമസ്‌കാരങ്ങളില്‍ ഇമാം ഉറക്കെ പാരായണം ചെയ്യാറുണ്ട്. ഇമാം പതുക്കെ പാരായണം ചെയ്യുന്ന ഈ ഫര്‍ള് നമസ്‌കാരം ഏത്?

ഉത്തരം: വെള്ളിയാഴ്ചയിലെ അസര്‍ നമസ്കാരം

ജുമുഅ നമസ്‌കാരത്തിലും മഗ്‌രിബ് നമസ്‌കാരത്തിലും ഇമാം ഉറക്കെ (ശബ്ദം ഉയര്‍ത്തി) പാരായണം ചെയ്യുന്നു. എന്നാല്‍ ഇവക്കിടയില്‍ വരുന്ന അസര്‍ നമസ്‌കാരത്തില്‍ ഇമാം ശബ്ദം ഉയര്‍ത്താതെ, പതുക്കെ പാരായണം ചെയ്യുന്നു. അതുകൊണ്ടാണ് ജുമുഅയ്ക്കും മഗ്‌രിബിനും ഇടയില്‍ മാത്രം ഇമാം ശബ്ദം ഉയര്‍ത്താതെ പാരായണം ചെയ്യുന്ന ഒരേ ഒരു ഫര്‍ള് നമസ്‌കാരം ആ ദിവസത്തിലെ അസര്‍ നമസ്‍കാരമാകുന്നത്.

അസര്‍ നമസ്‌കാരം ഏത് ദിവസത്തിലും വലിയ പ്രാധാന്യമുള്ള ഫര്‍ള് നമസ്‌കാരമാണ്. രാവിലത്തെ രണ്ടു നമസ്‌കാരങ്ങളായ സുബ്ഹിയും (ഫജ്‍റും) ദുഹ്റും, വൈകുന്നേരത്തെയും രാത്രിയിലെയും മഗ്‌രിബ്, ഇശാ എന്നിവയുടെയും മദ്ധ്യത്തിലായാണ് സ്വലാത്തുല്‍ വുസ്ത്വ അഥവാ അസര്‍ നമസ്കാരം. ഉച്ചയോടെ ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന പലരും ഈ നമസ്‌കാരത്തില്‍ അശ്രദ്ധ കാണിക്കുന്നുണ്ട്. എന്നാല്‍ ഈ നമസ്‌കാരം നഷ്‌ടപ്പെടുന്നതിന്‍റെ ഗൗരവം റസൂലുല്ലാഹ് (ﷺ) വ്യക്തമാക്കിയിട്ടുണ്ട്: “അസര്‍ നമസ്‌കാരം നഷ്ടപ്പെടുന്നവന്‍, സമ്പത്തും കുടുംബക്കാരും നഷ്ടപ്പെട്ടവനെപ്പോലെയാണ്.” (മുസ്ലിം)

അസര്‍ നമസ്‌കാരത്തിന്റെ പ്രത്യേകതയെ സൂചിപ്പിച്ചുകൊണ്ട് ക്വുര്‍ആന്‍ പറഞ്ഞു: “നമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുക, വിശിഷ്യാ സ്വലാതുല്‍ വുസ്ത്വ”. (അല്‍ബക്വറ 238) ഈ ആയത്തിലൂടെ, അല്ലാഹു എല്ലാവിധ നമസ്‌കാരങ്ങളെയും ശ്രദ്ധയോടെ നിര്‍വഹിക്കണമെന്ന് പൊതുവായി നിര്‍ദേശിക്കുന്നതിനൊപ്പം, മദ്ധ്യ നമസ്‌കാരമായ അസര്‍ നമസ്‌കാരം സൂക്ഷിക്കണമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. നമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുക എന്ന "മുഹാഫളത്ത്" കൊണ്ട് ഉദ്ദേശിക്കുന്നത്, നമസ്‌കാരങ്ങള്‍ അതിന്റെ സമയം കൃത്യമായി പാലിച്ചു കൊണ്ട്, എല്ലാ നിര്‍ബന്ധങ്ങളും ഐച്ഛികങ്ങളുമെല്ലാം ഉള്‍പ്പെടുത്തികൊണ്ട്, അതിന്റെ റുക്നുകള്‍ (അവിഭാജ്യ ഘടകങ്ങള്‍) സംരക്ഷിക്കുകയും ഭക്തിഭാവത്തോടെയും ആത്മാര്‍ഥതയോടെയും നിര്‍വഹിക്കുക എന്നതാണ്. സ്വലാതുല്‍ വുസ്ത്വാ എന്ന് പ്രത്യേകം എടുത്തുപറയുന്നത്, അതിന്റെ മഹത്വം വ്യക്തമാക്കുന്നതിനാണ്. വുസ്താ എന്ന വാക്കിന് മദ്ധ്യത്തിലുളളത്, ഉല്‍കൃഷ്ടമായത്, ഉത്തമമായത് എന്നൊക്കെ അര്‍ത്ഥമുണ്ട്. ഈ ഒരു നമസ്കാരം ഏതാണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തഫ്സീറുല്‍ കബീറില്‍ ഇമാം റാസി(റഹിമഹുല്ലാഹ്) അഭിപ്രായപ്പെടുന്നത്, പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏഴോളം വീക്ഷണങ്ങള്‍ ഈ വിഷയത്തിലുണ്ടെന്നാണ്. അതുപോലെ, ഇബ്നുഹജര്‍ അല്‍അസ്കലാനി (റഹിമഹുല്ലാഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ ഈ വിഷയത്തില്‍ ഏകദേശം 20ഓളം പണ്ഡിതാഭിപ്രായങ്ങളുളളതായി രേഖപ്പെടുത്തുന്നുണ്ട്. ഏതായാലും, ആ അഭിപ്രായ വ്യത്യാസങ്ങളിലേക്കൊന്നും കടക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല.

ഇബ്നു കസീര്‍ (റഹിമഹുല്ലാഹ്) അടക്കമുള്ള പ്രമുഖ മുഫസ്സിറുകള്‍ ഈ അഭിപ്രായം വിശദമായി അവതരിപ്പിക്കുകയും പ്രതിപാദിക്കുകയും ചെയ്യുന്നു. അതായത്, "സ്വലാതുല്‍ വുസ്ത്വ" എന്ന് ക്വുര്‍ആനില്‍ പറയുന്നത് അസര്‍ നമസ്‌കാരമാണ് എന്നതിലാണ് അവരുടെ ഊന്നല്‍. ഇതേ നിലപാട് ഭൂരിഭാഗം പണ്ഡിതന്‍മാരും സ്വീകരിച്ചിട്ടുള്ളതാണെന്നും, ഈ വിഷയം വിലയിരുത്തുമ്പോള്‍ അതിന്റെ ഗൗരവം മനസ്സിലാക്കേണ്ടതുണ്ടെന്നും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പകലത്തെ രണ്ട് നമസ്‌കാരങ്ങളായ ഫജ്‍ര്‍ (സുബ്‌ഹ്‌), ദുഹ്‌ര്‍,
രാത്രിയിലെ മഗ്‌രിബ്, ഇശാ എന്നീ നാല് നമസ്‌കാരങ്ങളുടെ നടുവിലാണ് അസര്‍ നമസ്‌കാരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് മദ്ധ്യ നമസ്‌കാരം എന്നതിന്റെ ഏറ്റവും ശരിയായ പ്രയോഗമായി പണ്ഡിതന്മാര്‍ പരിഗണിച്ചിരിക്കുന്നു. മാത്രമല്ല, ഇതിന്റെ തെളിവായി നബി (ﷺ)യില്‍ നിന്നുള്ള ഹദീഥാണ് അവരുടെ മുഖ്യ ആധാരം. ഈ അളവുകോലുകള്‍ അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം പണ്ഡിതന്മാരും പ്രബലമായ ഈ നിലപാട് സ്വീകരിച്ചിട്ടുളളത്.

ബറാഅ് ബ്നു ആസിബ്(റളിയല്ലാഹു അന്‍ഹു) പറഞ്ഞു: “ആദ്യം അല്ലാഹു ഇറക്കിയ സൂക്തം ഇതാണ്:
حَافِظُوا عَلَى الصَّلَوَاتِ وَصَلَاةِ الْعَصْرِ
നമസ്‌കാരങ്ങളെയും (വിശിഷ്യാ) അസ്ര്‍ നമസ്‌കാരത്തെയും നിങ്ങള്‍ സൂക്ഷിച്ചുപോരുവിന്‍. ശേഷം അല്ലാഹു ഉദ്ദേശിച്ച അത്ര ഞങ്ങളത് പാരായണം ചെയ്തു. പിന്നീട് അല്ലാഹു അതിനെ നസ്ഖ് ചെയ്തു (അതിനെ ദുര്‍ബ്ബലപ്പെടുത്തി). അതിനുശേഷം,
حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ
നമസ്കാരം നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുക, വിശിഷ്യാ സ്വലാതുല്‍ വുസ്ത്വ (അല്‍ബക്വറ 238) എന്ന സൂക്തം അല്ലാഹു അവതരിപ്പിച്ചു. ഇത് പറയുമ്പോള്‍ എന്റെ അടുത്ത് ഇരിക്കുകയായിരുന്ന ഒരു സഹോദരന്‍ ചോദിച്ചു, അപ്പോള്‍, അത് അസര്‍ നമസ്കാരമാണല്ലേ. അതിനോട് ഞാന്‍ ഇപ്രകാരം പ്രതികരിച്ചു: ‘ഈ ആയത്ത് എങ്ങനെയാണ് അവതരിച്ചതെന്നും എങ്ങനെയാണ് അല്ലാഹു അത് ഭേദഗതി വരുത്തിയതെന്നും നിനക്ക് ഞാന്‍ പറഞ്ഞു തന്നു. വല്ലാഹു അഅ്‍ലം.’” (മുസ്‍ലിം) ഇതേ രൂപത്തിലുളള വേറെയും രിവായത്തുകള്‍ മുഹദ്ദിഥുകള്‍ രേഖപ്പെടുത്തിയിട്ടുളളത് ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

അഹ്‌സാബ് യുദ്ധകാലത്ത്, ശത്രുക്കളുടെ കടുത്ത ആക്രമണ സാധ്യതകളെ നേരിടുന്നതില്‍ മുഴുകിയിരുന്ന നബി(ﷺ)യും സഹാബികളും, അസര്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ വൈകുകയായിരുന്നു. ഈ അവസരത്തില്‍ സൂര്യന്‍ അസ്തമിച്ച ശേഷം നബി(ﷺ) അസര്‍ നമസ്‌കാരത്തെക്കുറിച്ച് തീവ്രമായ വാക്കുകള്‍ പറഞ്ഞു: “അവര്‍ നമ്മുടെ സ്വലാതുല്‍ വുസ്ത്വ മുടക്കി കളഞ്ഞു. അല്ലാഹു അവരുടെ ഹൃദയങ്ങളും വീടുകളും അഗ്നിയാല്‍ നിറക്കട്ടെ.” നബി (ﷺ) ഈ വാക്കുകള്‍ ഉച്ചരിച്ചത്, അസര്‍ നമസ്‌കാരത്തെ ഉദ്ദേശിച്ചുകൊണ്ടാണ് എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. അസര്‍ നമസ്‌കാരം മുടക്കപ്പെട്ടതിന്റെ ഗൌരവം പ്രകടമാക്കുന്നതിനായി ആ പശ്ചാത്തലത്തില്‍ നബി (ﷺ) ചൂണ്ടിക്കാട്ടിയത് “സ്വലാതുല്‍ വുസ്ത്വ” എന്ന പദം ഉപയോഗിച്ചുകൊണ്ടാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്നു കസീര്‍ (റഹിമഹുല്ലാഹ്) പോലുള്ള പ്രമുഖ മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത് ക്വുര്‍ആനിലെ സ്വലാത്തുല്‍ വുസ്ത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് അസര്‍ നമസ്‌കാരമാണ്.

അസര്‍ നമസ്‌കാരം ഏറെ പ്രാധാന്യമുള്ളതായതിനാല്‍, അതിനെ അവഗണിക്കാനോ ലഘുവായി കാണാനോ കഴിയില്ല. ഒരിക്കല്‍ ഒരു മേഘമുള്ള ദിവസത്തില്‍ നബി(ﷺ)യുടെ സ്വഹാബികള്‍ ഒരു യുദ്ധത്തില്‍ പങ്കെടുക്കവെ, അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ബുറൈദ(റളിയല്ലാഹു അന്‍ഹു) അവരോട് പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗം നിര്‍വഹിക്കുക. കാരണം, നബി(ﷺ) പറഞ്ഞിട്ടുണ്ട്: “തീര്‍ച്ചായായും, വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോകുന്നതാണ്.” (ബുഖാരി) ഈ ഹദീഥ്, അസര്‍ നമസ്‌കാരത്തെ അത്രയും ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്.

നമസ്‌കാരങ്ങളില്‍ സ്വലാതുല്‍ വുസ്ത്വ എന്ന നിലയില്‍ അസര്‍ നമസ്‌കാരത്തിന് നല്‍കിയിരിക്കുന്ന പ്രത്യേകത ക്വുര്‍ആനും ഹദീഥും കൊണ്ട് വ്യക്തമാണ്. പകലിന്റെ തിരക്കിനിടയിലും ഉറക്കമോ അലസതയോ കൊണ്ടും ഈ നമസ്‌കാരത്തില്‍ അലസത കാണിക്കുന്നത്, നബി (ﷺ) ശക്തമായി വിമര്‍ഷിച്ച കാര്യങ്ങളിലൊന്നാണ്. ആത്മീയ വിജയം തേടുന്ന ഒരു മുസ്ലിമിനും ഈ നമസ്‌കാരം മറക്കാനോ മാറ്റിവെക്കാനോ അനുവാദമില്ല. ആയതിനാല്‍, ഈ നമസ്കാരം കൃത്യസമയത്ത് ഭക്തിപൂര്‍വ്വം നിര്‍വഹിക്കാന്‍ അല്ലാഹു നമ്മെ എല്ലാവരെയും സഹായിക്കട്ടെ. ആമീന്‍.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ