ബോധനം നല്‍കപ്പെട്ട ഹൃദയം

അന്‍വര്‍ അബൂബക്കര്‍

Last Update 26 November 2025, 5 Jumada II, 1447 AH

ചോദ്യം:മുഹമ്മദ് നബിﷺ പറഞ്ഞു: “നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു; അവര്‍ നബിമാരല്ലായിരുന്നു. എങ്കിലും അല്ലാഹു അവരുടെ ഹൃദയത്തില്‍ ബോധനം നല്‍കുമായിരുന്നു. എന്റെ ഉമ്മത്തില്‍ അത്തരത്തില്‍ ഒരാളുണ്ടെങ്കില്‍ അത് ഇന്ന വ്യക്തിയാണ്.” ആരെ കുറിച്ചാണ് നബിﷺ ഇപ്രകാരം പറഞ്ഞത്?

ഉത്തരം: ഉമര്‍ ഇബ്‌നുല്‍ ഖത്താബ് (റളിയല്ലാഹു അന്‍ഹു)

അബൂഹുറൈറ (റളിയല്ലാഹു അന്‍ഹു) നിവേദനം: നബിﷺ പറഞ്ഞു: “നിങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇസ്രാഈല്യരില്‍ ചില പുരുഷന്മാരുണ്ടായിരുന്നു; അവര്‍ നബിമാരല്ലായിരുന്നു. എങ്കിലും അല്ലാഹു അവരുടെ ഹൃദയത്തില്‍ ബോധനം നല്‍കുമായിരുന്നു. എന്റെ ഉമ്മത്തില്‍ അത്തരത്തില്‍ ഒരാളുണ്ടെങ്കില്‍ അത് ഉമറാണ്.” (ബുഖാരി)

അല്ലാഹു താന്‍ സൃഷ്ടിച്ചവരില്‍ നിന്നും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്ത്, അവരുടെ ഹൃദയങ്ങളില്‍ നബിച്ചര്യയുടെ വെളിച്ചവും നന്മയിലേക്കുള്ള പ്രചോദനവും നിക്ഷേപിക്കുന്നു. അങ്ങനെ പ്രചോദനം ലഭിച്ചവരില്‍ ഒരാളായിരുന്നു ഉമര്‍ ബിന്‍ അല്‍ഖത്താബ്‍ (റളിയല്ലാഹു അന്‍ഹു). അല്ലാഹു ഹൃദയത്തില്‍ നന്മയുടെ ആശയമിടുന്ന, വാക്കിലും ചിന്തയിലും ശരിയായത് തന്നെ പറയാന്‍ പ്രചോദനം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവന്‍. ഉമര്‍ (റളിയല്ലാഹു അന്‍ഹു) പറഞ്ഞതുമായി ഒത്തു ചേരുന്ന രീതിയില്‍ ചില കാര്യങ്ങളില്‍ മുഹമ്മദ് നബിﷺക്ക് വ്ഹ്‍യ് വന്നിരുന്നു എന്നതും ഇതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. ഈ രൂപത്തില്‍ വഹ്‍യ് ലഭിക്കുന്നവര്‍ നബിമാരാകുന്നില്ല. പക്ഷേ, നന്മയിലേക്കും ശരിയിലേക്കും നേരിട്ട് പ്രചോദനം ലഭിക്കുകയും, ശരിയായ തീരുമാനം എടുക്കാന്‍ അല്ലാഹുവില്‍നിന്ന് സഹായം ലഭിക്കുകയും ചെയ്യുന്നവരാണ് അവര്‍.

മുമ്പ് ജീവിച്ചിരുന്ന സമുദായത്തിലെ ചിലര്‍ക്ക് ദൈവികമായ പ്രചോദനങ്ങളും പ്രത്യേക നേതൃത്വശേഷികളും സാധാരണമായി ലഭിച്ചിരുന്നുവെങ്കിലും, മുഹമ്മദ് നബിﷺയുടെ സമുദായത്തില്‍ അത് വളരെ അപൂര്‍വ്വമാണെന്നതാണ്. ആ അപൂര്‍വ്വമായ മഹത്വം ലഭിച്ചവരില്‍ ഏറ്റവും പ്രഗത്ഭനായിരുന്നു ഉമര്‍ (റളിയല്ലാഹു അന്‍ഹു). അദ്ദേഹത്തിന് ലഭിച്ച ഈ പ്രത്യേകത, അദ്ദേഹത്തിന്റെ അതുല്യമായ ധാര്‍മ്മികതയുടെയും വിചക്ഷണതയുടെയും മഹത്തായ തെളിവുമാണ്. അബ്‍ദുല്ലാഹ് ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു)വില്‍ നിന്ന് നിവേദനം: “നബിﷺ പറഞ്ഞു: “അല്ലാഹു ഉമറിന്റെ നാവിലും ഹൃദയത്തിലും സത്യത്തെ നിക്ഷേപിച്ചിരിക്കുന്നു” (തിര്‍മിദി)

മുമ്പ് ജീവിച്ചിരുന്ന ഇസ്രാഈല്യരില്‍ ഉള്‍പ്പടെ അല്ലാഹു ഹൃദയത്തില്‍ ബോധനം നല്‍കുമായിരുന്നു എന്ന് പറഞ്ഞത് പ്രവാചകത്വത്തിന്റെ പദവിയെ കുറിച്ചല്ല; മറിച്ച്, പരിശുദ്ധ മനസ്സും ദൈവിക പ്രചോദനവും സത്യനിഷ്ഠയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മഹത്തായ ആത്മീയ ഗുണവുമാണ്. അതാണ് ഉമര്‍(റളിയല്ലാഹു അന്‍ഹു)വിന്റെയും ശ്രേഷ്ഠത. ഉഖ്ബത്തുബ്നു ആമിര്‍ (റളിയല്ലാഹു അന്‍ഹു) നിവേദനം: നബിﷺ പറഞ്ഞു: “എനിക്ക് ശേഷം നബി ഉണ്ടായിരുന്നുവെങ്കില്‍ അത് ഉമര്‍ ആകുമായിരുന്നു.” (തിര്‍മിദി)

ഇവിടെ സാധാരണബുദ്ധിയും അനുഭവവും മാത്രം കൊണ്ടല്ല, പല സന്ദര്‍ഭങ്ങളിലും ഹൃദയത്തില്‍ നേരിട്ട് പ്രചോദനം ലഭിച്ചും കാര്യങ്ങളുടെ സത്യം തിരിച്ചറിയുന്നവരുമായിരുന്നു അവര്‍. ഇതിനെ കുറിച്ച് പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത്, ഇവര്‍ക്ക് ഇല്ഹാം ലഭിക്കുകയോ, ചിലപ്പോള്‍ മലക്കുകള്‍ അവരോട് പ്രവാചകത്വമില്ലാതെ തന്നെ സന്ദേശം നല്‍കുകയോ ചെയ്യുന്നു എന്നതാണ്. പക്ഷേ പണ്ഡിതന്‍മാര്‍ അത് ജിബ്‌രീല്‍ (അലൈഹിസ്സലാം) നോട് മാത്രം ബന്ധിപ്പിച്ചിട്ടില്ല.

ഈ ഹദീസുകള്‍ ഒക്കെയും ഔലിയാക്കളുടെ കറാമത്തുകളെ അറിയിക്കുന്നതാണ്. കറാമത്ത് എന്നത് അത്ഭുതകരമായ, പതിവിനെ മറികടക്കുന്ന സംഭവങ്ങളാണ്. ഇത്തരത്തിലുള്ള പതിവുമാറ്റമുള്ള അത്ഭുതങ്ങള്‍ നബിമാര്‍ക്കു ലഭിക്കുമ്പോള്‍ അവയെ മുഅ്ജിസത് എന്ന് വിളിക്കുന്നു. അല്ലാഹുവിന്റെ ഔലിയാക്കളായ വിശ്വാസികളെ ആവശ്യമായ അവസരങ്ങളില്‍, സത്യത്തെ തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍, അല്ലാഹു സഹായിക്കാന്‍ കറാമത്തുകള്‍ അവരിലൂടെ പ്രകടമാക്കാറുണ്ട്. എന്നാല്‍, ഒരാള്‍ നേരായ പാതയില്‍ ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍, അദ്ദേഹത്തിനു കാണുന്ന ചില അത്ഭുതങ്ങളോ അപൂര്‍വ്വ സംഭവങ്ങളോ കറാമത്തുകള്‍ എന്ന പദവിയില്‍ മനസ്സിലാക്കേണ്ടതില്ല; അവ ജിന്നുകളും ശൈതാനുകളും നടത്തുന്ന വഞ്ചനകള്‍, മന്ത്രവാദികളുടെ കളികള്‍, വ്യാജ അത്ഭുതങ്ങള്‍ എന്നിവ മാത്രമാണ്. അതിനാല്‍ ഒരു കറാമത്ത് ശരിയായതാകണമെങ്കില്‍, അത് പ്രകടമാകുന്ന വ്യക്തി ശരിയായ സുന്നത്ത് അനുധാവനം ചെയ്യുന്നവനായിരിക്കണം. അവന്‍ വഴിമാറിയവനാണെങ്കില്‍, സംഭവിക്കുന്നത് കരാമത്തല്ല; മറിച്ച് പിശാചിന്റെ പ്രലോഭനങ്ങളുടെയും മന്ത്രവാദികളുടെ വഞ്ചനകളുടെയും ഭാഗം മാത്രമായിരിക്കും. അവയിലൂടെ ശൈതാന്‍ പലരെയും വഴിതെറ്റിച്ചു കൊണ്ടുപോകുന്നു. അല്ലാഹു നമ്മെ അതില്‍ നിന്ന് സംരക്ഷിക്കുമാറാക്കട്ടെ.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ