ഭൂമിയുടെ ആണികള്‍

അന്‍വര്‍ അബൂബക്കര്‍

Last Update 18 July 2025, 23 Muharram, 1447 AH

ചോദ്യം: ഭൂമി മനുഷ്യരെയും കൊണ്ട് നീങ്ങിപ്പോകാതിരിക്കാന്‍ അല്ലാഹു ഭൂമിയില്‍ ഉണ്ടാക്കിയത് എന്താണെന്നാണ് ക്വുര്‍ആന്‍ പറഞ്ഞത്?

ഉത്തരം: പര്‍വ്വതങ്ങള്‍

അല്ലാഹു പറഞ്ഞു: “ഭൂമിയില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കിയിരിക്കുന്നു. ഭൂമി അവരെയും കൊണ്ട് നീങ്ങിപ്പോകാതിരിക്കാന്‍.” (അമ്പിയാഅ് 31)

ഭൂമിയുടെ സുനിയന്ത്രിതമായ സന്തുലിതത്വത്തില്‍ പര്‍വ്വതങ്ങള്‍ വഹിക്കുന്ന പങ്ക് ക്വുര്‍ആന്‍ അതുല്യമായ ഒരു ദൃഷ്ടാന്തമായി എടുത്തുപറയുന്നുണ്ട്. ക്വുര്‍ആന്‍ അവതീര്‍ണ്ണമായ കാലഘട്ടത്തില്‍, ഈ ശാസ്ത്രസത്യത്തെക്കുറിച്ച് മനുഷ്യര്‍ക്കു ധാരണയില്ലായിരുന്നു. ഭൂമിയുടെ ഭൗമപാളികളെ (tectonic plates) സ്ഥിരതയോടെ നിലനിര്‍ത്തുകയും അവ പരസ്പരം തെന്നിപ്പോകുന്നത് തടയുകയും ചെയ്യുന്നതിലാണ് പര്‍വ്വതങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത്. ഇതെല്ലാം ശാസ്ത്രലോകം അടുത്തിടെ സ്ഥിരീകരിച്ച കാര്യങ്ങളാണ്.

ഭൂഗര്‍ഭശാസ്ത്രത്തിലെ ഒരു ആധികാരിക ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വരികള്‍‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(റഹിമഹുല്ലാഹ്) രചിച്ച ക്വുര്‍ആന്‍ ഒരു സത്യന്വേഷിയുടെ മുമ്പില്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: “The failure of certain earth quake waves to pass beneath huge granitic ranges and reduced attraction of gravity near such mountain masses suggest that those mountains reach down to considerable depths-having roots as it were, in the underlying basalt like an iceberg’s their submerged part is greater than their exposed parts. The granitic zone under mountains may be as much as four times as thick as it is under plains.” (Geolog Richard M. Pearl 3rd Edn 1966 Published by Barnes & noble. New York). “കനത്ത കരിമ്പാറകളുളള മേഖലകള്‍ക്കിടയിലൂടെ ഭൂകമ്പ തരംഗങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ല എന്നതും അത്തരം പര്‍വ്വതഭാഗങ്ങള്‍ക്കടുത്ത് ഗുരുത്വാകര്‍ഷണം കുറയുന്നുവെന്നതും സൂചിപ്പിക്കുന്നത് ആ പര്‍വ്വതങ്ങള്‍ ഗണ്യമായ അളവില്‍ ഉള്ളിലേക്ക് ആണ്ടുകിടക്കുന്നുവെന്നാണ് അഥവാ അടിയില്‍ സ്ഥിതിചെയ്യുന്ന ബസാള്‍ട്ടില്‍ ചെന്നുമുട്ടുന്ന വേരുകള്‍ അവയ്ക്കുണ്ടെന്നാണ്. ഒരു ഐസ് ബര്‍ഗിന്‍റെ (ഹിമാനിയുടെ) പൊങ്ങിക്കാണുന്ന ഭാഗത്തേക്കാള്‍ എത്രയോ വലുതായിരിക്കും മുങ്ങിക്കിടക്കുന്ന ഭാഗമെന്നപോലെ പര്‍വതങ്ങള്‍ക്ക് കീഴിലുളള കരിമ്പാറ മേഖല സമതലങ്ങള്‍ക്ക് കീഴിലുളളതിന്‍റെ നാലിരട്ടിയോളം കനമുളളതായിരിക്കും.”

അല്ലാഹു പറഞ്ഞു: “നാം ഭൂമിയെ തൊട്ടിലും പര്‍വ്വതങ്ങളെ ആണികളുമാക്കിയില്ലേ?” (നബഅ് 6,7) ഈ ക്വുര്‍ആന്‍ സൂക്തത്തില്‍ പര്‍വ്വതങ്ങളെ "ആണികള്‍" (أوتاد) എന്നാണ് വിശേഷിപ്പിക്കുന്നത്. ആണികളുടെ പ്രധാന പ്രവര്‍ത്തനം എന്താണ്? ഒരു ഘടനയെ നിലനില്‍ക്കാന്‍ താങ്ങു നല്‍കുക, അതിനെ ഉറപ്പിച്ചു നിര്‍ത്തുക. അതേപോലെ തന്നെ, പര്‍വ്വതങ്ങള്‍ ഭൂമിയുടെ സ്ഥിരതയിലും സന്തുലിതാവസ്ഥയിലും നിര്‍ണായകമായ പങ്ക് വഹിക്കുന്നു. ഇതാണ് ശാസ്ത്രീയമായി "ഐസോസ്റ്റസി" (isostasy) സിദ്ധാന്തം നല്‍കുന്ന തദ്‍വിഷയത്തിലുളള വിവരങ്ങള്‍. പര്‍വ്വതങ്ങള്‍ കാണുന്നത് പോലെ വെറും മേല്‍ഭാഗത്ത് മാത്രമല്ല. അതിനേക്കാള്‍ വലിയൊരു ഭാഗം ഭൂമിയുടെ അകത്തേക്ക് (roots - വേരുകള്‍) നീണ്ടുകിടക്കുന്നുണ്ട്. അതെങ്ങനെ എന്ന് പറയുമ്പോള്‍, വെള്ളത്തില്‍ ഐസ് പൊങ്ങിക്കിടക്കുന്നത് പോലെയാണത്. പുറത്തായി ചെറിയ ഭാഗം മാത്രം കാണും, അതിനേക്കാള്‍ വലിയ ഭാഗം വെള്ളത്തിനടിയില്‍ ആകും.

അത് പോലെ തന്നെ, പര്‍വ്വതങ്ങളുടെ ഏറ്റവും വലിയ ഭാഗം ഭൂമിയുടെ അകത്താണുള്ളത്. ഇതിലൂടെയാണ് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അല്ലാഹു വ്യവസ്ഥ ഒരിക്കിയിരിക്കുന്നത്.

ഭൂമിയെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ശാസ്ത്രീയ സത്യങ്ങള്‍ 1400 വര്‍ഷം മുമ്പ്, ആധുനിക ഉപകരണങ്ങളോ ശാസ്ത്രീയ പഠന രീതികളോ ഇല്ലാതെ, ഒരാള്‍ക്ക് സ്വന്തം ബുദ്ധിയാല്‍ കണ്ടെത്തിക്കൊണ്ട് പറയാന്‍ സാധിക്കുക എന്നത് അസാധ്യമാണ്. ഇതെല്ലാം അല്ലാഹുവിന്റെ ദിവ്യവചനമായ ക്വുര്‍ആനിലൂടെ മനുഷ്യരോട് ചിന്തിക്കാനും സത്യം തിരിച്ചറിയാനും വേണ്ടി ആവശ്യപ്പെടുകൊണ്ടുളള ദൃഷ്ടാന്തങ്ങളാണ്. അതുകൊണ്ടുതന്നെ ഇങ്ങനെ അത്യന്തം നൂതനമായ അറിവുകള്‍, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(ﷺ) വഴി ലോകത്തേക്ക് എത്തിക്കപ്പെട്ടത് ദിവ്യസന്ദേശമായിരുന്നെന്നും അത് സത്യത്തിന്റെ ശക്തമായ തെളിവാണെന്നും നാം തിരിച്ചറിയണം.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ