ഖിലാഫത്തിന്റെ തെറ്റായ അവകാശവാദം
അന്‍വര്‍ അബൂബക്കര്‍
Last Update 10 December 2025, 19 Jumada II, 1447 AH
ചോദ്യം:“ഹാറൂനിന് മൂസായുടെ അടുക്കലുള്ള സ്ഥാനം പോലെ നിനക്ക് എന്റെ അടുക്കല്‍ സ്ഥാനമുള്ളതില്‍ നീ തൃപ്തനല്ലേ?” എന്ന വാക്കുകള്‍ മുഹമ്മദ് നബിﷺ ആരോട് പറഞ്ഞതാണ്?
ഉത്തരം: അലി ഇബ്നു അബീത്വാലിബ് (റളിയല്ലാഹു അന്‍ഹു)
ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ നാലാമത്തെ ഖലീഫ, സ്വര്‍ഗ്ഗവാഗ്ദാനം ലഭിച്ച പത്ത് സ്വഹാബികളില്‍ ഒരാള്‍, നബിﷺയുടെ പിതൃസഹോദരന്റെ പുത്രന്‍, നബിﷺയുടെ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ്, നബിﷺയുടെ പ്രിയപ്പെട്ട പൗത്രന്മാരായ ഹസന്‍-ഹുസൈന്‍ എന്നിവരുടെ പിതാവ്; ഇതൊക്കെയായിരുന്നു അലി ഇബ്നു അബീത്വാലിബ് (റളിയല്ലാഹു അന്‍ഹു).
മുഹമ്മദ് നബിﷺ ഒരിക്കല്‍ അലി(റളിയല്ലാഹു അന്‍ഹു)വിനോട് പറഞ്ഞു: “ഹാറൂനിന് മൂസായുടെ അടുക്കലുള്ള സ്ഥാനം പോലെ നിനക്ക് എന്റെ അടുക്കല്‍ സ്ഥാനമുള്ളതില്‍ നീ തൃപ്തനല്ലേ"?” (ബുഖാരി) ഹാറൂന്‍ നബി(അലൈഹിസ്സലാം) മൂസാ നബി(അലൈഹിസ്സലാം)യുടെ ഏറ്റവും അടുത്തവനായി ഉണ്ടായിരുന്നതുപോലെ, അലി(റളിയല്ലാഹു അന്‍ഹു) നബിﷺയുടെ അടുത്ത ബന്ധുവും പിന്തുണയുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാക്കുകളാണ് ഇത്. ഈ ഹദീഥ് അലി (റളിയല്ലാഹു അന്‍ഹു)വിന്റെ മഹത്തായ ഗുണങ്ങളില്‍ ഒന്നിനെ കുറിച്ച് സൂചിപ്പിക്കുന്നു.
ഹാറൂന്‍ നബി(അലൈഹിസ്സാലം) മൂസാ നബി(അലൈഹിസ്സലാം)യുടെ മുമ്പില്‍ വഹിച്ച സ്ഥാനത്തെപോലെ, അലി (റളിയല്ലാഹു അന്‍ഹു) മുഹമ്മദ് നബിﷺയുടെ അടുത്തുള്ള പ്രത്യേക സ്ഥാനമാണ് ഈ വാക്കുകള്‍കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പറയാന്‍ കാരണം, മൂസാ നബി (അലൈഹിസ്സലാം) തൂര്‍ പര്‍വ്വതത്തിലേക്ക് പോകുമ്പോള്‍ തന്റെ സഹോദരനായ ഹാറാന്‍ നബി(അലൈഹിസ്സലാം)യോട് പറഞ്ഞിരുന്നു: “നീ എന്നെ പ്രതിനിധീകരിക്കുക; നീ നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക; കുഴപ്പമുണ്ടാക്കുന്നവരുടെ മാര്‍ഗ്ഗത്തെ നീ പിന്‍പറ്റുകയും ചെയ്യരുത്.” (അഅ്റാഫ് 142) മൂസാ നബി(അലൈഹിസ്സാലം)യുടെ അഭാവത്തില്‍ തനിക്കുപകരം ഇസ്രാഈല്‍ ജനതയുടെ നേതൃത്വം വഹിക്കാനും അവരെ നയിക്കാനും സഹോദരനായ ഹാറൂന്‍ നബി(അലൈഹിസ്സാലം)യെ അദ്ദേഹം ഏല്‍പിക്കുകയായിരുന്നു.
ഹാറൂനിന് മൂസായുടെ അടുക്കലുള്ള സ്ഥാനം പോലെ നിനക്ക് എന്റെ അടുക്കല്‍ സ്ഥാനമുള്ളത് എന്ന വാക്കുകള്‍ നബി ﷺ അലി(റളിയല്ലാഹു അന്‍ഹു)യോട് പറഞ്ഞതിന്റെ പശ്ചാത്തലം ഹിജ്റയുടെ ഒമ്പതാം വര്‍ഷത്തില്‍ നബിﷺ യുദ്ധം ചെയ്യുവാനായി തബൂക്കിലേക്കുള്ള യാത്രക്ക് പുറപ്പെടുമ്പോള്‍, അലി (റളിയല്ലാഹു അന്‍ഹു)യെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്തിരുന്നില്ല. കാരണം, അന്ന് അലി (റളിയല്ലാഹു അന്‍ഹു) അസുഖബാധിതനായിരുന്നു. സ്വഹീഹ് മുസ്‍ലിമില്‍ രിവായത്ത് ചെയ്യപ്പെട്ട പ്രകാരം അലി (റളിയല്ലാഹു അന്‍ഹു) നബി ﷺയോട് ഇങ്ങനെ ചോദിച്ചിരുന്നു: “സ്ത്രീകളുടെയും കുട്ടികളുടെയും കൂടെ എന്നെയും അവിടുന്ന് പിന്നില്‍ വിടുന്നതാണോ?” അദ്ദേഹത്തിന് തന്നെ മാത്രം യുദ്ധത്തിനുളള സൈന്യത്തില്‍ അണിചേര്‍ക്കാതെ മാറ്റി നിറുത്തിയതില്‍ ഒരു കുറവ് തോന്നിയിരുന്നു. അപ്പോഴാണ് നബി ﷺ അദ്ദേഹത്തോട് ഈ മഹത്തായ വാക്കുകള്‍ പറയുന്നത്: “ഹാറൂനിന് മൂസായുടെ അടുക്കലുള്ള സ്ഥാനം പോലെ നിനക്ക് എന്റെ അടുക്കല്‍ സ്ഥാനമുള്ളതില്‍ നീ തൃപ്തനല്ലേ.?”. അലി(റളിയല്ലാഹു അന്‍ഹു)വിന്റെ ഉയര്‍ന്ന സ്ഥാനവും പ്രത്യേകതയും അറിയിക്കുന്നതാണ് ഈ സംഭവം.
സ്വഹീഹ് മുസ്‍ലിമില്‍ വന്ന മറ്റൊരു രിവായത്തില്‍ നബി ﷺ ഇങ്ങനെ കൂടി പറഞ്ഞു: “എന്നാല്‍ എനിക്ക് ശേഷം ഒരിക്കലും മറ്റൊരു നബി ഇല്ല.” നബി ﷺ അലി(റളിയല്ലാഹു അന്‍ഹു)വിനെ ഹാറൂന്‍ നബി(അലൈഹിസ്സലാം)യുടെ സ്ഥാനം പോലെ തന്റെ പിന്‍ഗാമിയായി ഉപമിച്ചപ്പോള്‍, ആരെങ്കിലും തെറ്റായ വ്യാഖ്യാനം വഴി അലി (റളിയല്ലാഹു അന്‍ഹു)വിനെ നബി ആക്കുവാനുളള അവകാശവാദം ഉന്നയിക്കാതിരിക്കാനായിരുന്നു ഇപ്രകാരം വ്യക്തത നല്‍കിയത്. മുഹമ്മദ് നബി ﷺ അവസാനത്തെ നബിയാണെന്നത് ഒരു സത്യമാണ്. അക്കാര്യം പറഞ്ഞുകൊണ്ട് നബിﷺ ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്തുകയാണ് ചെയ്തത്.
ഇനി, ഈ ഹദീഥ് ഉപയോഗിച്ച് നബിﷺക്കു ശേഷം ഖിലാഫത്ത് അലി(റളിയല്ലാഹു അന്‍ഹു)വിനാണ് എന്ന് വാദിക്കുന്നവര്‍ ശരിയായ പാതയില്‍നിന്ന് തെറ്റിപ്പോയവരാണ്. കാരണം, നബിﷺ തന്റെ ജീവിതകാലത്ത് കുടുംബത്തില്‍പെട്ട ഒരാളെ സമൂഹത്തിന് താല്‍ക്കാലിക പിന്‍ഗാമിയായി നിയമിച്ചതുകൊണ്ട്, തന്റെ മരണശേഷവും അതേ വ്യക്തിക്ക് ഈ ഉമ്മത്തിനെ നയിക്കാനുളള ഖിലാഫത്ത് സ്വാഭാവികമായി ലഭിക്കുമെന്ന് ഒരിക്കലുമത് അര്‍ത്ഥമാക്കുന്നില്ല. ഹാറാന്‍ നബി(അലൈഹിസ്സാലം)യും മൂസാ നബി(അലൈഹിസ്സലാം) യുമായി ബന്ധപ്പെട്ട അവരുടെ ഈ ഉപമ സ്വയം തകരുന്നതാണ്; കാരണം ഹാറൂന്‍ നബി(അലൈഹിസ്സലാം) മൂസാ നബി(അലൈഹിസ്സലാം)യേക്കാള്‍ മുമ്പ് മരണപ്പെട്ടിട്ടുണ്ട്. അതിനാല്‍ മൂസാ നബി(അലൈഹിസ്സലാം)യുടെ മരണത്തിനുശേഷം ഹാറൂന്‍ നബി(അലൈഹിസ്സലാം) അദ്ദേഹത്തിന്റെ പിന്‍ഗാമിയായിട്ടില്ല എന്നുറപ്പാണ്.
ഈ ഹദീഥില്‍നിന്ന് ലഭിക്കുന്ന ശരിയായ അര്‍ത്ഥം: അലി (റളിയല്ലാഹു അന്‍ഹു)വിന് നബി ﷺയുടെ അടുത്ത് ലഭിച്ച സ്ഥാനവും, പ്രത്യേകതയും, സഹോദരബന്ധവും മികച്ചതായിരുന്നു എന്നതാണ്. ഈ ഹദീഥ് ഉപയോഗിച്ച് റാഫിദിയാക്കളും മറ്റു ചില ശിയാ വിഭാഗങ്ങളും “ഖിലാഫത്ത് അലിക്കുളള അവകാശമായിരുന്നു, പക്ഷേ അദ്ദേഹം തന്റെ അവകാശം ആവശ്യപ്പെട്ടില്ല” എന്ന് വാദിക്കാറുണ്ട്. ഇവരുടെ ഈ ധാരണ വളരെ ദുര്‍ബലവും വാദങ്ങള്‍ തകര്‍ന്നു പോകുന്നതുമായ ഒന്നാണ്. അഹ്‍ലുസ്സുന്നത്തിന്റെ മുഴുവന്‍ ഉമ്മത്തിനെയും, പ്രത്യേകിച്ച് ആദ്യ തലമുറയെ മുഴുവനും കഫിറുകളായി പ്രഖ്യാപിക്കുന്ന ഇവര്‍ തീര്‍ച്ചയായും ഇസ്ലാമിന്റെ അടിസ്ഥാനത്തെ തകര്‍ക്കുന്നവരാണ് എന്നതില്‍ സംശയമില്ല. ഈ ഹദീഥ് അവരുടെ വാദത്തിന് തെളിവല്ല; അലി(റളിയല്ലാഹു അന്‍ഹു)വിന്റെ മഹത്വത്തെ മാത്രം തെളിയിക്കുന്നതാണ് ഈ ഹദീഥ്. അദ്ദേഹം മറ്റുള്ളവരെക്കാള്‍ ഉത്തമനാണെന്നോ നബിﷺയുടെ മരണത്തിനു ശേഷം ഖലീഫയായിരിക്കണം എന്നോ ഒരു സൂചനയും ഈ ഹദീഥിലില്ല. കാരണം, നബി ﷺ ഈ വാക്ക് പറഞ്ഞത് തബൂക്ക് യുദ്ധത്തിന്റെ സമയത്താണ്, അലി(റലിയല്ലാഹു അന്‍ഹു)വിനെ മദീനയുടെ ചുമതല താല്‍ക്കാലികമായി നിയമിച്ചപ്പോഴാണ്. ഇതിനെ ശക്തിപ്പെടുത്തുന്ന മറ്റൊരു കാര്യം: ഇവിടെ ഉപമിക്കപ്പെട്ട വ്യക്തിയായ ഹാറൂന്‍ നബി(അലൈഹിസ്സലാം) മൂസാ നബി(അലൈഹിസ്സാലം)യുടെ മരണത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്നില്ല;
അദ്ദേഹം മൂസാ നബി(അലൈഹിസ്സലാം)യെക്കാള്‍ മുമ്പ് മരണപ്പെട്ടിരുന്നു. മൂസാ നബി (അലൈഹിസ്സാലം) തൂര്‍ പര്‍വ്വതത്തിലേക്ക് പോയപ്പോള്‍ ഹാറൂണ്‍ നബി(അലൈഹിസ്സലാം)ക്ക് ലഭിച്ച താല്‍ക്കാലിക നേതൃത്വം പോലെ തന്നെയാണ് മുഹമ്മദ് നബിﷺ തബൂക്കിലേക്ക് പോയപ്പോള്‍ അലി(റളിയല്ലാഹുവിന്) ലഭിച്ച താത്കാലിക നേതൃത്വവും.
