അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഭൂമി

അന്‍വര്‍ അബൂബക്കര്‍

Last Update 23 July 2025, 28 Muharram, 1447 AH

ചോദ്യം: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഭൂമി ഏത് സ്ഥലമാണെന്നാണ്‌ നബി(ﷺ) പറഞ്ഞത്?

ഉത്തരം: മക്ക

മുഹമ്മദ് നബി(ﷺ)യും സ്വഹാബിമാരും അവരുടെ ജന്മനാടായ മക്കയില്‍ നിന്ന് ശത്രുക്കളുടെ അതിക്രമങ്ങളും പീഢനങ്ങളും സഹിക്കാനാകാതെ ഹിജ്റക്ക് തയ്യാറാകുമ്പോള്‍, നബി(ﷺ) അവസാനമായി ഒരു കുന്നിന് മുകളില്‍ കയറി, മനഃപ്രയാസത്തോടെ സ്വന്തംനാടിനോടു വിട പറയുകയുണ്ടായി. അന്നുമുതല്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെച്ച ഈ വാക്കുകള്‍ മാത്രം മതി നബി(ﷺ)ക്ക് മക്കയോടുള്ള ഗാഢമായ സ്നേഹബന്ധം മനസ്സിലാക്കാന്‍. അതിപ്രകാരമാണ്: “അല്ലാഹുവാണ സത്യം! നിശ്ചയം നീ അല്ലാഹുവിന്‍റെ ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ ഭൂമിയാണ്! അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭൂമിയും നീ തന്നെയാണ്. നിന്നില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നു എങ്കില്‍ ഇവിടെ നിന്ന് ഞാന്‍ ഒരിക്കലും പുറത്തുപോകുമായിരുന്നില്ല.” (തിര്‍മിദി, നസാഈ)

ഇത് ജന്മനാടിനോടുള്ള സ്നേഹത്തിന്‍റെ ഏറ്റവും ശുദ്ധിയും ആഴവുമുള്ള ആത്മാര്‍ത്ഥായ സാക്ഷ്യമാണ്. നബി(ﷺ)യുടെ ഹൃദയം ആ മക്കയുടെ മണ്ണിലായിരുന്നെന്നും ആ മഹത്വമുളള പ്രദേശത്തോടുളള അവിശ്രാന്തമായ മമത ഹൃദയസ്പക്കായി പ്രകടിപ്പിക്കുന്നതാണ് ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രവാചകന്‍റെ വാക്കുകള്‍ മറ്റൊരു റിപ്പോര്‍ട്ടിലുളളത് ഇപ്രകാരമാണ്: “ഒരു നാടെന്ന നിലക്ക് നീ എന്‍റെ ഹൃദയത്തിന് ഏറ്റവും പ്രിയവും എനിക്ക് എന്തുമാത്രം ഇഷ്ടപ്പെട്ടതുമാണെന്നോ! എന്‍റെ സ്വന്തം ജനത എന്നെ നിന്നിൽ നിന്ന് പുറത്താക്കിയില്ലായിരുന്നെങ്കിൽ, ഞാൻ ഒരിക്കലും നിന്നെ വിടുമായിരുന്നില്ല, മറ്റൊരിടത്തേക്ക് പോയി താമസിക്കുകയുമില്ല” (തിര്‍മിദി). നബി(ﷺ)യുടെ ഈ വാക്കുകൾ അദ്ദേഹത്തിനുള്ളിൽ അടങ്ങിയിരുന്ന മക്കയോടുള്ള അതുല്യമായ സ്‌നേഹവും ഹൃദയബന്ധവും അടിവരയിടുന്നുണ്ട്. ശത്രുക്കളുടെ പീഢനവും അക്രമവും അതിരുകടന്നപ്പോൾ പ്രിയപ്പെട്ട പുണ്യഭൂമിയെ വിടുകയല്ലാതെ അവര്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു.

ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ട അന്നു മുതൽ തന്നെ അല്ലാഹു ഈ പ്രദേശത്തിന് വിശിഷ്ടത നൽകുകയും പവിത്രമാക്കുകയും ചെയ്തു. മക്ക ഒരു സാധാരണ നഗരമല്ല; മറിച്ച് അതിന് ലഭിക്കുന്ന ആത്മീയ മഹത്വം ആരംഭം മുതൽ തന്നെ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹവും സംരക്ഷണവും നിറഞ്ഞ ദിവ്യവലയത്തിൽ ഉൾപ്പെട്ടതാണ്. ലോകത്തിൽ ധാരാളം പട്ടണങ്ങളും നഗരങ്ങളും ഉണ്ടായിട്ടും, മക്കയെ അല്ലാഹു തിരഞ്ഞെടുത്തത് അവിടെയാണ് വിശ്വാസികളുടെ കിബ്‌ലയും പ്രാർത്ഥനയുടെ ദിശയും കേന്ദ്രീകരിക്കാന്‍ പോകുന്നത് എന്നടിസ്ഥാനത്തിലാണ്. അല്ലാഹുവിനെ ആരാധിക്കാൻ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിശുദ്ധ ദേവാലയമായ കഅ്ബ ഈ പുണ്യഭൂമിയിലാണല്ലോ സ്ഥിതിചെയ്യുന്നത്. ആയതിനാൽ, ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈ സ്ഥലം അനുദിനവും ആരാധനയുടെ കേന്ദ്രബിന്ദുവായിരിക്കുന്നു. ഇബ്രാഹിം നബി(അലൈഹിസ്സലാം)യും ഇസ്മാഈൽ (അലൈഹിസ്സാലം)യും ചേർന്ന് അല്ലാഹുവിന്‍റെ ആജ്ഞാനുസൃതമായി കഅ്ബാലയം പുനഃനിർമ്മിച്ച ഈ പുണ്യഭൂമിയില്‍, ഏതുകാലത്തും, വിശ്വാസികളുടെ ഹൃദയങ്ങളിൽ അതിന് അതുല്യമായ പ്രാധാന്യം നിലനില്‍ക്കും. അല്ലാഹു പറയുന്നു: “നീ പറയുക, ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുളളത്. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ 'മുസ്‍ലിം'കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു.” (നംല് 91) ‘ഈ രാജ്യം’ എന്നു പറഞ്ഞത് മക്കയെ ഉദ്ദേശിച്ചാകുന്നു. അല്ലാഹു അതിനെ പ്രത്യേകിച്ചും വിശുദ്ധമാക്കി ഉന്നതമായ നിലക്ക് ഉയർത്തുകയും ചെയ്തു. ഈ പുണ്യഭൂമിയില്‍ രക്തം ചിന്തുക, അക്രമം നടത്തുക, കയ്യേറ്റം ചെയ്യുക തുടങ്ങിയവയെല്ലാം വളരെ കര്‍ശനമായി നിരോധിച്ചു (ഹറാമാക്കി). ഇതരരാജ്യങ്ങള്‍ക്കില്ലാത്ത ബഹുമാനം കല്‍പിക്കപ്പെടുകയും (ഹുര്‍മത്ത് നല്‍കുകയും) ചെയ്തു. മക്കക്കു മാത്രമായി പ്രദാനം ചെയ്ത ഈ പ്രത്യേക ബഹുമാനവും സംരക്ഷണവുമാണ്, അതിനെ മറ്റു പ്രദേശങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് മക്കയെ 'ഹറം' (الحرم) എന്നു വിളിക്കപ്പെടുന്നത്. "ഹറം" എന്ന പദം അലംഘനീയതയും വിശുദ്ധിയും സമാധാനവും അർത്ഥമാക്കുന്നവയാണ്.

ഇബ്നു അബ്ബാസ്(റളിയല്ലാഹു അന്‍ഹു) നിവേദനം, മക്കാവിജയ ദിവസം നബി(ﷺ) പറഞ്ഞു: “… ആകാശഭൂമികളെ സൃഷ്ടിച്ചതുമുതല്‍ ഈ നാട് അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അന്ത്യനാള്‍വരേക്കും അത് പവിത്രമായിതന്നെ നിലനില്‍ക്കുകയും ചെയ്യും. അതില്‍ വെച്ച് യുദ്ധം ചെയ്യാന്‍ എനിക്ക് മുമ്പ് ആര്‍ക്കും അനുവാദം ലഭിച്ചിട്ടില്ല. പകല്‍ അല്‍പ സമയം മാത്രമാണ് എനിക്കുതന്നെയും അതനുവദിച്ചത്. അതുകൊണ്ട് അല്ലാഹു പവിത്രത കല്‍പ്പിച്ചതിനാല്‍ അന്ത്യനാള്‍വരെയും അത് പവിത്രമാണ്. അതിലെ മുള്ള് പോലും മുറിക്കാവതല്ല. അതിലെ വേട്ട ഉരുവിനെ ആട്ടിഓടിക്കാന്‍ പാടുളളതല്ല. പരസ്യപ്പെടത്താന്‍ ഉദ്ദേശിക്കുന്നവനല്ലാതെ അവിടെ വീണുകിടക്കുന്ന സാധനം കണ്ടെടുക്കാവതല്ല.” (മുസ്‍ലിം)

മക്ക, അതിന്‍റെ അളവറ്റ ആത്മീയ പവിത്രതയാലും കാലാനുക്രമത്തിൽ ഉണ്ടായ അല്ലാഹുവിന്‍റെ ഇടപെടലുകളാലും എന്നും വിശ്വാസികളുടെ ഹൃദയതാളത്തിൽ ഭക്തിയുടെയും ആരാധനയുടെയും അഗാധമായ സ്നേഹത്തിന്‍റെയും പ്രതീകമായി നിലനില്‍ക്കും. വിശ്വാസികളുടെ മനസ്സിൽ എന്നും പതിഞ്ഞുനില്‍ക്കുന്ന ഈ തിരുനഗരം, അതിന്‍റെ മഹത്വം കൊണ്ട് ഓരോ തലമുറക്കും ഇനിയും പ്രകാശം നല്‍കും. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഹൃദയങ്ങൾ സമ്മേളിക്കുന്ന ഒരു ആത്മീയകേന്ദ്രമായി അത് നിലനില്‍ക്കും.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ