ജമാഅത്തെ ഇസ്ലാമിയുടെ പതിഞ്ഞ തീവ്രവാദ ആരോപണം

തയ്യാറാക്കിയത്: അന്‍വര്‍ അബൂബക്കര്‍

Last Update 10 October 2018

ചോദ്യം: ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്ത് വളരെ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രസ്ഥാനം നേരിട്ടോ അല്ലാതെയോ യാതൊരു തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പങ്കാളിയല്ല. എതിരാളികള്‍ തീവ്രവാദം ജമാഅത്തില്‍ ആരോപിക്കുന്നത് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത തിരിച്ചറിയാത്തതുകൊണ്ടാണ്. ജമാഅത്തിന്‍റെ ഈ വാദം എന്തുമാത്രം ശരിയാണ്?

ഉത്തരം: ഒരിക്കല്‍ തൃശൂര്‍ രാമവര്‍മപുരം ഗവണ്‍മെന്‍റ് കോളേജിന് അടുത്തുളള എം.ഇ.എ (മുസ്ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍) ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച ഖുതുബക്ക് എത്തിപ്പെട്ട ഒരു മുജാഹിദ് സുഹൃത്ത് ജമാഅത്ത് മൌലവിയുടെ ഖുതുബ ശ്രവിക്കാനിടയായി. ഹംദും സ്വലാത്തിനും ശേഷം ഖത്തീബ് ഉപദേശിച്ചു, “അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യണമെന്ന് ഞാന്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു!!”. ഭീമാകാരമായ ഈ സ്ഖലിതം അദ്ദേഹം രണ്ടാം ഖുതുബയിലും ആവര്‍ത്തിച്ചു. ഭാഷയിലെ പ്രയോഗത്തില്‍ വന്ന അബദ്ധം ഏതായാലും അദ്ദേഹത്തെ ഉണര്‍ത്തണമെന്ന ഗുണകാംക്ഷയില്‍ ഖതീബിനോട് സ്വകാര്യമായി സുഹൃത്ത് സംസാരിച്ചെങ്കിലും ജമാഅത്ത് സാഹിത്യങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഗ്രഹണശക്തി അതിലെ പിശക് സമ്മതിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല.

ആളുകള്‍ക്ക് മനസ്സിലാകാത്ത വാചകക്കസര്‍ത്തും ഭാഷണരീതിയും ശീലിച്ച ജമാഅത്തുകാര്‍ക്ക് സുതാര്യതയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ഇനിയും ഈ സാധുക്കളുടെ വാങ്മയം മനസ്സിലാകുമോ എന്ന ആശങ്കയുണ്ട്. ഏതായാലും ലളിതമായ ഒരുദാഹരണത്തിലൂടെ ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയാണോ അതല്ല അതാര്യതയാണോ മുഴച്ചുനില്‍ക്കുന്നതെന്ന് നമുക്കിവിടെ പരിശോധിക്കാം.

അല്‍ഖാഇദ ,ഐ.എസ് പോലുളള തീവ്രവാദ പ്രസ്ഥാനങ്ങള്‍ സജീവമാകുന്നതിന് മുമ്പ് ജമാഅത്ത് അതിന്‍റെ ഭീകരബന്ധങ്ങളെ അഭിമാനപൂര്‍വ്വം തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇന്തോനേഷ്യ മുതല്‍ അല്‍ജീരിയ വരെയുളള യൂനിവേഴ്സിറ്റികളില്‍ ഡോക്ടറേറ്റിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന പ്രബന്ധങ്ങളിലും രഹസ്യ-തീവ്ര സംഘടനകളുടെ പ്രസിദ്ധീകരണങ്ങളിലുമൊക്കെ മൌദൂദി ആവിഷ്കരിച്ച് സയ്യിദ് ഖുതുബ് അറബ് ലോകത്ത് പ്രചാരം നല്‍കിയ ഹാകിമിയതുല്ലാ എന്ന പ്രയോഗം വന്നുകൊണ്ടിരിക്കുന്നു എന്ന് ജമാഅത് പ്രസിദ്ധീകരണം ഫഹ്മി ഹുവൈദിയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത് അതിന്നൊരുദാഹരണം (ഇബാദത്ത് ഒരു സമഗ്രപഠനം, പേജ് 38).

സുതാര്യമായ സ്വഭാവം സ്വീകരിക്കാത്ത ഈ രൂപത്തിലുളള രഹസ്യ-തീവ്ര സംഘടനകളുമായുളള ജമാഅത്തിന്‍റെ ബന്ധം അറിയപ്പെട്ടതാണ്. ജമ്മുകാശ്മീരിലെ ജമാഅത്തെ ഇസ്ലാമി അവിടുത്തെ ഏറ്റവും സുസംഘടിതമായ ഇസ്ലാമിക സംഘടനയും നിര്‍ണായകമായ ഒരു രാഷ്ട്രീയ ശക്തിയുമാണെന്നും 1947ന് ശേഷം യുവജനങ്ങളില്‍, പ്രത്യേകിച്ച് അഭ്യസ്തവിദ്യര്‍ക്കിടയില്‍ അത് വമ്പിച്ച സ്വാധീനമാണ് നേടിക്കൊണ്ടിരിക്കുന്നത് എന്നും ജമാഅത്തെ ഇസ്ലാമി വാദിച്ചു. പ്രശംസിക്കപ്പെടാനര്‍ഹതയുളള അവരുടെ ചെയ്തികള്‍ ഏതെല്ലാമാണെന്ന് അവര്‍തന്നെ എടുത്തുപറഞ്ഞത് കാണുക: “താഴ്വരയില്‍ തീവ്രവാദിപ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുളളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, ‘അല്ലാഹ് ടൈഗേഴ്സ്’ എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്‍റെ മുഖ്യമായ പ്രവര്‍ത്തനമെന്നു പറയപ്പെടുന്നു. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്‍റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയില്‍ പതിമൂന്നു സംഘടനകള്‍ ചേര്‍ന്ന് ‘തഹ്രികെ ഹുര്‍രിയത്തെ കാശ്മീര്‍’ (കാശ്മീര്‍ സ്വാതന്ത്ര്യപ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുല്‍ഖയ്യൂമാണ് മുന്നണിയുടെ അദ്ധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ‘മുത്തഹിദ ജിഹാദ് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ”. (കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി, പ്രബോധനം ജ.ഇ. അന്പതാം വാര്‍ഷിക പതിപ്പ്)

ലോകമെമ്പാടുമുളള രഹസ്യ തീവ്രസംഘങ്ങള്‍ക്ക് കര്‍മ്മോദ്യുക്തമായ പ്രസരിപ്പ് വേണ്ടുവോളം കൊടുത്ത പാരമ്പര്യമുളള ജമാഅത്ത് ഇരയിട്ട് മീന്‍ പിടിക്കുന്ന സ്വഭാവമാണ് കാണിക്കുന്നതെന്ന് ആര്‍ക്കാണ് തിരിച്ചറിയാത്തത്. രാജ്യത്തിനകത്ത് പ്രസ്ഥാനത്തെ വെള്ളപൂശാനും ചേറുമുഴുവന്‍ ബന്ധുത്വപ്രസ്ഥാനങ്ങളില്‍ ഏല്‍പിക്കാനും വേണ്ടി ജമാഅത്ത് കാണിക്കുന്ന സാഹസം തിരിച്ചറിയാത്തവരല്ല ഭൂരിപക്ഷംവരുന്ന രാജ്യനിവാസികള്‍. ആ നിലക്ക് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ആ വിശ്വാസത്തില്‍തന്നെയാണ് ബുദ്ധിയുളളവര്‍ കണക്കാക്കുക. ഇല്ലെങ്കില്‍ ധാര്‍മ്മികതയും അത്മാഭിമാനവും അല്‍പമെങ്കിലും ഉളളവര്‍ പറയട്ടെ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുളള മുന്നൂരിന്‍റെ ലേഖനം എന്ത് കൊണ്ടാണ് പ്രബോധനം ഓണ്‍സൈറ്റില്‍ നിന്നും പൂഴ്ത്തിക്കളഞ്ഞതെന്ന്... ഇവിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളുടെ അതാര്യത വ്യക്തമാകുന്നത്. വിവേകികള്‍ക്ക് ഇനിയും കണ്ണ് തുറക്കാം; അവിവേകള്‍ തഥൈവ!

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ