മുജാഹിദുകള്‍ ഇസ്ലാമിനെ ദര്‍ശനമായി പരിചയപ്പെടുത്തുന്നുണ്ടോ?

തയ്യാറാക്കിയത്: ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(رحمه الله)

Last Update 10 October 2018

ചോദ്യം: മുജാഹിദുകള്‍ സ്വീകരിച്ച ഒരു സംസ്ഥാന സമ്മേളനത്തിന്‍റെ പ്രമേയമായിരുന്നു ‘മാനവമൈത്രിക്ക് ദൈവികദര്‍ശനം’. ഈ പ്രമേയം ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ കലുഷിതമായ അന്തരീക്ഷത്തില്‍ പ്രസക്തമായിരുന്നെങ്കിലും പ്രയോഗത്തില്‍ മുജാഹിദ് പ്രസ്ഥാനം ഇതിനോട് നീതിപുലര്‍ത്തുന്നതായി കാണുന്നില്ല. ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തേണ്ട ഒരു ‘ദര്‍ശന’മായി മുജാഹിദുകള്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതായി അനുഭവപ്പെട്ടിട്ടില്ല. ഈ പ്രസ്താവന ശരിയാണോ?

ഉത്തരം: മനുഷ്യന്‍റെ മുഴുവന്‍ ജീവിതമേഖലകളിലും പോലീസുകാരും പട്ടാളക്കാരും ഉദ്യോഗസ്ഥന്‍മാരും കൂടെ സ്ഥാപിച്ചു നടത്തുന്ന ഒരു ഭരണക്രമം എന്ന നിലയിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തേണ്ടതെന്ന് മുജാഹിദുകള്‍ കരുതുന്നില്ല. ലോകത്ത് ഒരു ഭരണക്രമത്തിനും അധികാരത്തിന്‍റെ കരങ്ങള്‍ക്കൊണ്ട് മാത്രം മാനവമൈത്രി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല.

ലോകത്തുളള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ചതമ്പുരാന്‍ സര്‍വരോടുമുളള കാരുണ്യത്താല്‍ അവരുടെ സര്‍വതോമുഖമായ നന്മക്ക് വേണ്ടി നിര്‍ദേശിച്ച ജീവിതാദര്‍ശം എന്ന നിലയിലാണ് മുജാഹിദുകള്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്. ഭരണകൂടത്തിന്‍റെ ദൃഷ്ടിയില്‍ പെട്ടാലും ഇല്ലെങ്കിലും ജീവിതത്തിന്‍റെ രഹസ്യവും പരസ്യവുമായ എല്ലാ മേഖലകളിലും സ്വമേധയാ ദൈവിക മാര്‍ഗദര്‍ശനം സ്വീകരിക്കുന്ന ഒരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കാനാണ് പ്രവാചകന്‍ നിയുക്തനായത്. ഖലീഫ ഉമര്‍(റ) ഒരു പാല്‍ക്കാരിയുടെ മകളെ തന്‍റെ മരുമകളാക്കാന്‍ ആഗ്രഹിച്ചത് ഇസ്ലാമിക ‘വ്യവസ്ഥിതി’യുടെ വിജയകരമായ നടത്തിപ്പില്‍ അവള്‍ നിര്‍ണായക പങ്കുവഹിച്ചതുകൊണ്ടല്ല; ഭരണാധികാരി അറിഞ്ഞാലും ഇല്ലെങ്കിലും പടച്ചവന്‍ അറിയും എന്ന വിശ്വാസത്താല്‍ പ്രചോദിതയായി പാലില്‍ വെള്ളം ചേര്‍ക്കുന്നതിന് വിസമ്മതിച്ചതിന്‍റെ പേരിലാണ്. ഇത്തരത്തിലുളള വിശ്വാസത്താല്‍ സകല മനുഷ്യരെയും സ്നേഹിക്കാനും സമഭാവനയോടെ പെരുമാറാനും കഴിയുന്ന വിതാനത്തിലേക്ക് ഉയരാന്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനുഷ്യര്‍ക്ക് വഴികാണിക്കുന്നു.

മാനവമൈത്രി മനസ്സില്‍ നിന്ന് വരണം. വ്യവസ്ഥിതിയില്‍ നിന്നല്ല. ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും സിക്കുകാരനോടും ബൌദ്ധനോടും മുസല്‍മാനോടും ഒരുപോലെ ഈ ലോകത്ത് കരുണകാണിക്കുന്ന വര്‍ഗീയതയില്ലാത്ത പടച്ചവനെ സംബന്ധിച്ച് സകല മനുഷ്യരെയും ബോധ്യപ്പെടുത്തുന്നതിലൂടെ മാത്രമേ മാനവമൈത്രി രൂഢമൂലമാക്കാന്‍ കഴിയുകയുളളൂ. കലവറയില്ലാത്ത മൈത്രിക്ക് വേറെ യാതൊരു കുറുക്കുവഴിയുമില്ല.

ദൈവിക ദര്‍ശനം എന്നു പറയുന്പോള്‍ മുജാഹിദുകള്‍ ഉദ്ദേശിക്കുന്നത് ഏതെങ്കിലും മുസ്ലിം ചിന്തകള്‍ മെനഞ്ഞെടുത്ത ഫിലോസഫിയല്ല. വിശുദ്ധ ഖുര്‍ആനിലും പ്രാമാണികമായ നബിചര്യയിലും രേഖപ്പെട്ടുകിടക്കുന്ന പൂര്‍ണമായ മാര്‍ഗദര്‍ശനമാണ് ഉദ്ദേശിക്കുന്നത്. അല്ലാഹുവും റസൂലും(സ) നല്‍കിയ മാര്‍ഗദര്‍ശനത്തിന്‍റെ ഒരംശവും മുജാഹിദുകള്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. ഇനി ഉപേക്ഷിക്കുകയുമില്ല. ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും അല്ലാഹുവിലും ഖുര്‍ആനിലും റസൂലി(സ)ലും വിശ്വാസമില്ലാത്ത ഒരു നാട്ടില്‍ ആദ്യം ഇസ്ലാമിക ഭരണത്തെപ്പറ്റിയല്ല, ഇസ്ലാമിക വിശ്വാസത്തിന്‍റെയും ധാര്‍മിക നിയമങ്ങളുടെയും മൌലികതയെപ്പറ്റിയാണ് സംസാരിക്കേണ്ടത്. അതുകൊണ്ടാണ് ജനങ്ങളെ അവികലമായ വിശ്വാസത്തിലേക്കും ശരിയായ കര്‍മാനുഷ്ഠാനങ്ങളിലേക്കും ക്ഷണിക്കുന്നതിന് മുജാഹിദുകള്‍ മുന്‍ഗണന നല്‍കുന്നത്.

മുജാഹിദുകള്‍ ഖുതുബകളിലും ക്ലാസ്സുകളിലും പാഠപുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമായി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കുമുളള ദൈവികമാര്‍ഗദര്‍ശനം പഠിപ്പിക്കുന്നുണ്ട്. വോട്ടിനെപ്പറ്റി വിധികള്‍ മാറ്റിപ്പറയുന്നതൊഴികെ ജമാഅത്തുകള്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും പിന്‍ബലമുളളതെല്ലാം മുജാഹിദുകള്‍ ജനങ്ങളോട് പറയുന്നുണ്ട്. മനുഷ്യരുടെ സ്വന്തം വക ദര്‍ശനത്തെ ദൈവിക ദര്‍ശനവുമായി കൂട്ടിക്കലര്‍ത്തി വിറ്റഴിക്കാന്‍ മുസ്ലിംകളും ഇതരരും ശ്രമിച്ചതാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം. ജനങ്ങള്‍ ദൈവികഗ്രന്ഥത്തിലേക്കും പ്രവാചകചര്യയിലേക്കും പൂര്‍ണമായി മടങ്ങുകയാണ് അതിനുളള പരിഹാരം. അതാണ് മുജാഹിദുകള്‍ ഊന്നിപ്പറയുന്ന വിഷയം.

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ