മലയാളത്തിലെ ശൈഖന്‍മാരും ഇസ്ലാം സമുദായവും

ഇ. മൊയ്തു മൗലവി (رحمه الله)

Last Update 29 June 2019

അന്യന്മാരുടെ പ്രവൃത്തിമൂലം മാത്രം കഴിച്ചുകൂട്ടണമെന്നുള്ള ദുര്‍മോഹം നിമിത്തം ഒരുങ്ങിപ്പുറപ്പെട്ടിട്ടുള്ള ഒരുതരം ശൈഖന്മാരാല്‍ ക്ഷീണിച്ചുകിടക്കുന്ന ഇസ്ലാംസമുദായത്തില്‍ പിടിപെട്ടിട്ടുള്ള അനാചാരങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കണക്കില്ല. കൊടികയറ്റി മതവിരുദ്ധന്മാരായ സകല ആഡംബരങ്ങളോടുകൂടി നേര്‍ച്ച കഴിച്ച് പണം സമ്പാദിക്കുന്നവരായ ശൈഖന്‍മാരും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കൊല്ലംതോറും മുരീദന്മാരില്‍നിന്നും പാട്ടം വാങ്ങുന്നവരും കുറവല്ല. ജനങ്ങളെ അലസന്മാരാക്കുകയും തങ്ങളിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യേണ്ടതിനുള്ള പല യുക്തിയും ഇവര്‍ക്കറിയാം. മതഭക്തിയോ സമുദായസ്നേഹമോ ഉള്ള ഒരൊറ്റ ശൈഖും ഇല്ലെന്നു പറയുന്നതില്‍ തീരെ അബദ്ധമില്ല. ശൈഖിയ്യ, തറവാട്ടു തായവഴിയായോ അല്ലെങ്കില്‍ ചില മനുഷ്യനിര്‍മിതമായ ദിക്റുകള്‍ മാത്രം പാഠമിടുന്നതുകൊണ്ടോ കിട്ടുന്നതല്ല. നമ്മുടെ ശൈഖന്മാര്‍ മിക്കവരും എന്നുവേണ്ട സര്‍വരും ഈ വകക്കാരാണ്. ഒരുത്തന്‍ വാസ്തവമായ ശൈഖ് ആവണമെങ്കില്‍ അവന്‍ ഫിഖ്ഹ്, അഖീദ മുതലായവയില്‍ ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടായിരിക്കുകയും ആരംഭത്തില്‍ തന്‍റെ മുരീദിനുണ്ടാവുന്ന സംശയങ്ങളെ നീക്കത്തക്ക നിലയിലുള്ള ഇത്തിലാഉം (കാര്യജ്ഞാനവും) ഖല്‍ബുകളെ കമാലാത്തും നഫ്സുകളുടെ ആഫാത്തും രോഗങ്ങളും ഔഷധങ്ങളും അവയെ ന്യായമായ വിധത്തില്‍ സൂക്ഷിക്കേണ്ടതിനുള്ള വഴിയും അറിവുള്ളവനാകേണ്ടതും സര്‍വ ജനങ്ങളോടും പ്രത്യേകം മുരീദന്മാരോടും ദയവുള്ളവനായിരിക്കേണ്ടതും നാസിഹായിരിക്കേണ്ടതും ആണ്. ഇങ്ങനത്തെ ശൈഖന്മാരെ മാത്രം തുടര്‍ന്നാലേ നജാത്ത് കിട്ടുകയുള്ളൂ എന്ന് എല്ലാവരും എല്ലായ്പ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ഈയിനത്തില്‍പ്പെട്ട ശൈഖ് ഇല്ലാത്ത പക്ഷം ഖുര്‍ആനോടും ഹദീസോടും തുടരുക മാത്രമാണ് വേണ്ടത്.

وَشَيْخٌ بِهِ اقْتَد أَوْ كِتَابٍ وَسُنَّةٍ إِذَا لَمْ تَجِدْ شَيْخًا يُرَبِّي وَيُلْقَحُ

എന്ന് ഒരു കവി പറഞ്ഞത് എത്രയോ വാസ്തവമായിട്ടുള്ളതാണ്. നമ്മുടെ ശൈഖന്മാരെല്ലാം കേവലം വിദ്യാശൂന്യന്മാരും മതവിരുദ്ധമായി എന്തും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്തവരാണെന്നും ഏവര്‍ക്കും അറിയാം. ഇവര്‍ ളാല്ലും മുളില്ലും (വഴി പിഴച്ചവരും പിഴപ്പിക്കുന്നവരും) ആണ്. പക്ഷെ, നമസ്കാരം, നോമ്പ് മുതലായ ശറഇയായ അഅ്മാലുകള്‍ തീരെ ഉപേക്ഷിക്കണമെന്ന് ഇത്തരക്കാര്‍ക്ക് വാദമില്ല. അത് അങ്ങനെയിരിക്കട്ടെ. ഇനി മാനസിക പരിഷ്കാരം മാത്രം മതി മറ്റൊന്നും വേണമെന്നില്ല. നമസ്കാരം, നോമ്പ്, സകാത്ത് എന്നീ അഅ്മാലുകള്‍ തീരെ പ്രയോജനകരമല്ല. ആദ്യമായി റബ്ബിനെ അറിയുകയാണ് വേണ്ടത്. വിശുദ്ധ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും സാഹിര്‍ മുറാദല്ല. അതായത് ലഫ്ളുകള്‍ അറിയിക്കുന്ന അര്‍ത്ഥമല്ല അവയില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയുടെ ഉള്‍സാരം അറിഞ്ഞു നടന്നാലേ മുക്തി കിട്ടുകയുള്ളൂ എന്ന് വാദിക്കുന്നവരും സുലഭമാണ്. ഇവരാണ് വഹ്ദത്തുല്‍വുജൂദുകാര്‍. കഞ്ചാവ് മുതലായ ലഹരിപദാര്‍ത്ഥങ്ങള്‍ കൂടാതെ ജീവിച്ചിരിക്കുക എന്നുള്ളത് ഇവരില്‍ പലര്‍ക്കും അസാധ്യമാണ്. ഈ കൂട്ടരെക്കൊണ്ട് ഇസ്ലാംസമുദായത്തിന് ഉണ്ടായിട്ടുള്ള നാശങ്ങള്‍ക്ക് ഒരതിരും അളവുമില്ല. എത്രയോ സാധുക്കളാണ് ഇവരുടെ കെണിയില്‍ അകപ്പെട്ട്, ഇസ്ലാമിനും മുസ്ലിമീങ്ങള്‍ക്കും പരമവൈരികളായി തീര്‍ന്നിരിക്കുന്നത്. ഏതാനും കാലമായി ഇത്തരക്കാരുടെ ബഹളം നമ്മുടെ നാട്ടില്‍ കുറെ അധികം തന്നെയാണ്.അന്ത്രോത്ത്ദ്വീപുകാരാണ് ഈ നശീകരണ വിത്ത് ആദ്യമായി ഇവിടങ്ങളില്‍ പാകിയത്‌.അക്കാലം ചില എട്ടുംപൊട്ടും തിരിയാത്തവര്‍ മാത്രമേ ഇവരെ അനുഗമിച്ചിരുന്നുള്ളൂ. (ഇവര്‍ പണ്ടേതന്നെ യാതൊരു മതവും ഇല്ലാത്തവരാണ്. “പോവുന്ന തോണിക്ക് ഒരു ഉന്ത്” എന്നു പറഞ്ഞതുപോലെ തങ്ങള്‍ക്ക് ഇത് നല്ലൊരു ആക്കമായിത്തീര്‍ന്നു) ക്രമേണ ഈ പകര്‍ച്ചവ്യാധി ഏതാനും ധനികന്മാരിലും വ്യാപിച്ചു. പിന്നത്തെ കഥയെപ്പറ്റി എന്തു പറയാനാണ്? അപ്പോഴേക്ക് ചില മുസ്ല്യാക്കന്മാരും ഇവരുടെ സംഘത്തില്‍ ചേര്‍ന്നു പല പ്രകാരേണ ഉപദേശങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അതോടുകൂടി ഇവര്‍ക്കു ചുവടുറപ്പും പ്രാബല്യവും ഏറിയേറിക്കൊണ്ടു വരുന്നു. “പണം കണ്ടാല്‍ പിണവും വായ്‌പൊളിക്കും” എന്നുണ്ടല്ലോ. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ ഈയിടെ തിരൂരിനടുത്തു ചിലേടങ്ങളില്‍ ചെന്ന്‌ ഈ വക പല ഉപദേശങ്ങളും നടത്തിയതില്‍ മുന്നൂറിനുമീതെ വീട്ടുകാര്‍ അയാളെ തുടര്‍ന്നു തങ്ങളുടെ സര്‍വസ്വത്തുക്കളും ശൈഖിനു ദാനം ചെയ്തിരിക്കുന്നു. ഇയാള്‍ക്കും സഹായി പ്രസിദ്ധനായ ഒരു മുസ്ല്യാര്‍ തന്നെ ആയിരുന്നു. മുമ്പ് തിരൂരിലും മറ്റും സ്വര്‍ണവ്യപാരത്തിനായി വന്ന ശൈഖിന്‍റെ ഒത്താശക്കാരനായിരുന്നതും ഈ മുസ്ല്യാര്‍ തന്നെയായിരുന്നു. ഇവര്‍ ത്വരീഖത്തുകാരാണുപോല്‍! തങ്ങള്‍ക്കു ശരീഅത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കാമത്രെ! ബഹുമാനപ്പെട്ട മുഹ്യുദ്ദീന്‌ബ്നുഅറബി അവര്‍കളുടെതാണെന്നു പ്രസിദ്ധപ്പെട്ടതും ബാതിനിയാക്കളില്‍പ്പെട്ട ഖാഷാനീ ഉണ്ടാക്കിയതും വിശുദ്ധഖുര്‍ആനിനെ അതിന്‍റെ ഉദ്ദിഷ്ടാര്‍ത്ഥത്തില്‍നിന്നു തീരെ വികൃതപ്പെടുത്തുന്നതുമായ തഫ്സീറാണ് ഇവര്‍ മുറുകെ പിടിച്ചിരിക്കുന്നത്. ഇത് ഖാഷാനീ തന്‍റെ അഭിപ്രായങ്ങളെ ബലപ്പെടുത്തുന്നതിനായി ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ദീന്‍ അവര്‍കളുടെ മേല്‍ ചുമത്തിയിട്ടുള്ളതാണ്. അദ്ദേഹത്തിനു ശരീഅത്തിനെതിരായ യാതൊരു വാദവുമില്ലെന്നു തന്‍റെ ഫുതൂഹാത്തുല്‍ മക്കിയ്യ മുതലായ കിതാബുകള്‍ പരിശോധിച്ചാല്‍ അറിയാവുന്നതാണ്. കൂടാതെ ഇങ്ങനെയൊരു തഫ്സീര്‍ താന്‍ നിര്‍മിച്ചിട്ടില്ല എന്നതിനു പല തെളിവുകളുമുണ്ട്.

ومن ذلك تفسير الذي يسبون للشيخ الأكبر الذين عزلي وأنها هو للقاشاني الباطني الشهير وفيه من النزعات, ما يتبرّأ منه دين الله وكتابه العزيزا

(ഈ ഇബാറത്തിന്‍റെ താല്‍പര്യം തന്നെയാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.) ത്വരീഖത്തും ശരീഅത്തും വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ശരീഅത്ത് (മന്‍ഹിയ്യാത്തിനെ – വിരോധിക്കപ്പെട്ടവയെ – ഉപേക്ഷിക്കുകയും, മഅമൂറാത്തിനെ – കല്‍പ്പിക്കപ്പെട്ടവയെ – എടുക്കുകയും ചെയ്യുക) ത്വരീഖത്ത് (നമ്മുടെ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ അഫ്ആലിനെ ആരാഞ്ഞാഞ്ഞ് ലവലേശം പിഴക്കാതെ അതെ പ്രകാരം തന്നെ നടക്കുക). ഇതാണ് യഥാര്‍ത്ഥ ത്വരീഖത്തും ശരീഅത്തും. നേരെ മറിച്ച് റസൂലിന്‍റെയും സഹാബത്തിന്‍റെയും കാലം മുതല്‍ക്ക് ഇതേവരെ യാതൊരു ഇന്‍ഖിതാഉം കൂടാതെ മുസ്ലിമീങ്ങള്‍ ഐക്യകണ്ഠമായി ആചരിച്ചുപോരുന്ന നമസ്കാരം, നോമ്പ് മുതലായ ഇബാദത്തുകള്‍ ത്യജിച്ച്, കള്ളും കഞ്ചാവും ഉപയോഗിച്ചു മതവിരുദ്ധമായ പല വാക്കുകളും പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഇവര്‍ ദൈവത്തിന്‍റെ വിരോധികളും പിശാചിന്‍റെ കൂട്ടുകാരുമാണ്.

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا(مريم: 59) يْنَ الْكُفْرِ وَالإِيمَانِ تَرْكُ الصَّلاَةِ (حديث)

എന്നീ ദിവ്യവാക്യങ്ങള്‍ ഇത്തരം കപടഭക്തന്മാരായ ശൈഖന്മാര്‍ അറിഞ്ഞിട്ടില്ലായിരിക്കാം.

അവലംബം: അല്‍ഇസ്ലാം, പുസ്തകം 1, റംസാന്‍ 1336, ജൂണ്‍ 1918, ലക്കം 3

0
0
0
s2sdefault

സമസ്ത : മറ്റു ലേഖനങ്ങൾ