ആഖിറത്തിലും ഒരുമിച്ചുളള ദാമ്പത്യജീവിതം

അന്‍വര്‍ അബൂബക്കര്‍

Last Update 23 July 2025, 28 Muharram, 1447 AH

ചോദ്യം: ഒരു സ്വഹാബിയുടെ മരണവേളയില്‍, അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു: “ദുനിയാവില്‍, എന്‍റെ രക്ഷിതാക്കളോട് താങ്കള്‍ വിവാഹാലോചന നടത്തുകയും, അവര്‍ എന്നെ താങ്കള്‍ക്ക് വിവാഹം ചെയ്തുതരികയും ചെയ്തു. പാരത്രിക ലോകത്തേക്ക് താങ്കളെ ഞാന്‍ വിവാഹാന്വേഷണം നടത്തുന്നു.” അതിന് ആ സ്വഹാബി നല്‍കിയ മറുപടി: “എങ്കില്‍, എന്‍റെ മരണശേഷം മറ്റൊരാളെ നിങ്ങള്‍ വിവാഹം കഴിക്കരുത്.” ഇപ്രകാരം ഭര്യയോട് മറുപടി പറഞ്ഞ ആ സ്വഹാബി ആരാണ്?

ഉത്തരം: അബൂദ്ദര്‍ദാഅ് (റളിയല്ലാഹു അന്‍ഹു)

ധന്യമായ ജീവിതം നയിച്ച രണ്ട് മാതൃകാദമ്പതികളായിരുന്നു അബൂദ്ദര്‍ദാഅ്(റളിയല്ലാഹു അന്‍ഹു)വും ഉമ്മു ദ്ദര്‍ദാഅ്(റളിയല്ലാഹു അന്‍ഹ)യും. അബൂദ്ദര്‍ദാഅ്(റളിയല്ലാഹു അന്‍ഹു)വിന്‍റെ മരണവേളയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ സ്നേഹത്തോടെ പറഞ്ഞു: “ദുനിയാവില്‍, എന്‍റെ രക്ഷിതാക്കളോട് താങ്കള്‍ വിവാഹാലോചന നടത്തുകയും, അവര്‍ എന്നെ താങ്കള്‍ക്ക് വിവാഹം ചെയ്തുതരികയും ചെയ്തു. പാരത്രിക ലോകത്തേക്ക് താങ്കളെ ഞാന്‍ വിവാഹാന്വേഷണം നടത്തുന്നു.” അന്നേരം അബൂദ്ദര്‍ദാഅ് (റളിയല്ലാഹു അന്‍ഹു) നല്‍കിയ മറുപടി: “എങ്കില്‍, എന്‍റെ മരണശേഷം മറ്റൊരാളെ നിങ്ങള്‍ വിവാഹം കഴിക്കരുത്.” ഉമ്മു ദ്ദര്‍ദാഅ്(റളിയല്ലാഹു അന്‍ഹ) ഈ വാക്കുകൾ ഹൃദയത്തിൽ കുറിച്ചു. അബൂദ്ദർദാഅ് (റളിയല്ലാഹു അന്‍ഹു)വിന്‍റെ മരണശേഷം, മുഅവിയ (റളിയല്ലാഹു അന്‍ഹു) ഉമ്മു ദ്ദർദാഅ് (റളിയല്ലാഹു അന്‍ഹ)യെ വിവാഹാന്വേഷണം നടത്തി. എന്നാൽ, ഈ മഹതിയുടെ ഹൃദയം ഏകാഗ്രമായിരുന്നു. അവർ മൃദുവും ദൃഢവുമായ വാക്കുകളിലൂടെ “ഒരു സ്ത്രീ അവസാനത്തെ ഭര്‍ത്താവിനോടൊപ്പമായിരിക്കും സ്വര്‍ഗത്തില്‍” എന്ന തിരുമൊഴി അദ്ദേഹത്തെ കേള്‍പ്പിക്കുകയും, “അബൂദ്ദര്‍ദാഇന് പകരം മറ്റൊരാളെ ഭര്‍ത്താവായി ഞാന്‍ ഉദ്ദേശിക്കുന്നേയില്ല” എന്നവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അങ്ങനെ എങ്കില്‍ അവരോട് ശേഷിച്ച ജീവിതം നോമ്പെടുത്ത് തുടരാന്‍ മുആവിയ (റളിയല്ലാഹു അന്‍ഹു) ഉപദേശിച്ചു. (ദഹബി, സിയര്‍)

ഒരു സ്ത്രീയുടെ ജീവിതകാലത്ത് ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായ സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍, സ്വർഗത്തിൽ അവൾ ആരുടെ കൂടെയായിരിക്കും എന്ന വിഷയത്തിൽ പണ്ഡിതന്മാരുടെ മൂന്ന് അഭിപ്രായങ്ങൾ നിലവിലുണ്ട്: 1) ലോകത്ത് അവളോടുള്ള ഏറ്റവും നല്ല സ്വഭാവവും പെരുമാറ്റവും പുലർത്തിയ ഭർത്താവിനൊപ്പമായിരിക്കും അവൾ. 2) അവൾക്ക് ഭർത്താക്കന്മാരിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. 3) അവളുടെ അവസാന ഭർത്താവിനൊപ്പമായിരിക്കും. ഇതില്‍പറഞ്ഞ ആദ്യത്തെ രണ്ട് അഭിപ്രായങ്ങളെ സ്ഥിരീകരിക്കാൻ ദൃഢമായ പ്രാമാണിക തെളിവുകൾ ലഭ്യമല്ല. ഈ മൂന്ന് അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത് മൂന്നാമത്തേതാണ്. അതിനെ സംബന്ധിച്ച് മര്‍ഫൂആയി വന്ന ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്: "ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടാൽ, അവൾ മറ്റൊരാളെ വിവാഹം കഴിച്ചാൽ, സ്വര്‍ഗത്തില്‍ അവൾ തന്‍റെ അവസാന ഭർത്താവിനൊപ്പമായിരിക്കും." (അല്‍ബാനി (റഹിമഹുല്ലാഹ്) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്, സ്വഹീഹ് അൽജാമിഅ് 2704, അൽസിൽസില അസ്സ്വഹീഹ 1281)

ഉമ്മുദ്ദര്‍ദാഅ് (റളിയല്ലാഹു അന്‍ഹ) മുആവിയ(റളിയല്ലാഹുവിനെ) ഉണര്‍ത്തുന്നതും ഈ കാര്യമാണ്. ദുനിയാവിൽ ആരംഭിച്ച നിസ്വാർത്ഥമായ ഈ ദാമ്പത്യ സ്നേഹം പരലോകത്തേക്കും നീട്ടുകയായിരുന്നു അവര്‍. ദുനിയാവിലും ആഖിറത്തിലും ഭർത്താവിനോടൊപ്പം ഉണ്ടാകണമെന്ന ഉമ്മു ദ്ദർദാഅ് (റളിയല്ലാഹു അന്‍ഹ)യുടെ ആഗ്രഹം സ്നേഹത്തിന്‍റെ പരിപൂർണതയെ അറിയിക്കുന്നതാണ്. ഭർത്താവിന്‍റെ ആഗ്രഹം നിഷ്ഠയോടെ പാലിക്കാൻ ഉമ്മു ദ്ദർദാഅ് (റളിയല്ലാഹു അന്‍ഹ) എടുത്ത തീരുമാനം ആത്മാർത്ഥ പ്രണയത്തിന്‍റെ മഹത്തായ ഉദാഹരണമാണ്. ദമ്പതികളുടെ ബന്ധം മരണത്തോടൊപ്പം അവസാനിക്കുന്നതല്ല; മറിച്ച്, ആഖിറത്തിലും ഒരുമിച്ച് തുടരണമെന്ന ആഗ്രഹം ദാമ്പത്യജീവിതത്തിന്‍റെ അതിജീവനത്തിന്‍റെ പ്രതീകമാണ്.

ഇന്നത്തെ ദാമ്പത്യജീവിതത്തിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. പരസ്പര സ്‌നേഹവും മനസ്സിലാക്കലും പരലോകവുമായി ബന്ധപ്പെടുത്താതെ, വ്യാജമായ സ്നേഹത്തിലും താൽക്കാലിക തൃപ്തിയിലുമൊതുങ്ങുന്ന അവസ്ഥ! ദാമ്പത്യത്തിന്‍റെ ലക്ഷ്യം ദുനിയാവിലുണ്ടാകുന്ന ചെറിയ സന്തോഷങ്ങളിൽ മാത്രമായി ചുരുങ്ങുമ്പോൾ, പരലോകജീവിതം സാരമായി അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള മനോഭാവം, ഒരു സന്തുഷ്ടവും സമാധാനപരവും ദീർഘകാലത്തേക്കുമുള്ള ആത്മാര്‍ത്ഥ ദാമ്പത്യബന്ധം രൂപപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ്. ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ സഹിച്ചു പോവാനും പരസ്പരം മനസ്സിലാക്കാനും തയാറാകാതെ, സ്നേഹത്തെയും ബന്ധത്തെയും താൽക്കാലികവും ഉപരിപ്രശ്നങ്ങളുള്ളതുമായ ഒരു അനുഭവമായി കണക്കാക്കുകയാണ് പലപ്പോഴും പല ദമ്പതിമാരും ചെയ്യുന്നത്.

അതേസമയം, ആത്മാര്‍ത്ഥമായ ദാമ്പത്യബന്ധം ഇരുലോകത്തും ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹത്തിനൊപ്പം, പരസ്പര ബോധ്യതയുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ് കെട്ടിപടുക്കേണ്ടത്. ദാമ്പത്യബന്ധം ദുനിയാവിലെ ഒരു താൽക്കാലിക ബന്ധമല്ല, മറിച്ച് പരലോക ജീവിതത്തിലും നിലനിൽക്കുന്ന പ്രതിബദ്ധതയാണത്. അതുകൊണ്ട് നമ്മുടെ ബന്ധങ്ങൾ താൽക്കാലിക വികാരങ്ങളുടെ ആധാരത്തിലല്ല, മറിച്ച് സ്ഥിരതയുള്ള സ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും മുന്നോട്ട് കൊണ്ടുപോകേണ്ടതാണെന്ന് മനസ്സിലാക്കണം. പാരത്രിക ലോകത്തെ മറക്കാതെ, ഈ ജീവിതത്തിൽ സമാധാനപരമായ ഒരു ബന്ധം കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ്, ദാമ്പത്യജീവിതം സത്യസന്ധവും കരുത്തുറ്റതുമാകുന്നത്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ