ഫജറിന് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിലെ പാരായണായത്തുകള്‍

അന്‍വര്‍ അബൂബക്കര്‍

Last Update 15 October 2025, 23 Rabiʻ II, 1447 AH

ചോദ്യം:ഫജര്‍ നമസ്‍കാരത്തിന് മുമ്പുളള രണ്ട് റക്അത്ത് റവാത്തിബ് സുന്നത്തില്‍, ഒന്നാമത്തെ റക്അത്തില്‍ സൂറഃത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറഃത്തുല്‍ ഇഖ്‍ലാസും നബി ﷺ സാധാരണയായി പാരായണം ചെയ്തിരുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറഃത്തുല്‍ ബക്വറഃയിലെ 136-ാമത്തെ ആയത്തും രണ്ടാമത്തെ റക്അത്തില്‍ മറ്റൊരു സൂറഃയിലെ 52-ാമത്തെ ആയത്തോ അല്ലെങ്കില്‍ 64-ാമത്തെ ആയത്തോ അവിടുന്ന് പാരായണം ചെയ്തതായി ഹദീഥുകളില്‍ പരാമര്‍ശമുണ്ട്. ആ രണ്ടാമത്തെ ആയത്ത് ഏത് സൂറഃയില്‍ നിന്നുള്ളതാണ്?

ഉത്തരം: സൂറഃ ആലുഇംറാന്‍

ഫജര്‍ നമസ്കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നമസ്കാരം ഇസ്ലാമില്‍ അത്യന്തം പ്രാധാന്യമുള്ള ഒന്നാണ്. നബി ﷺ ഈ നമസ്കാരത്തെ സംബന്ധിച്ച് പറഞ്ഞത്: “ഫജറിന് മുമ്പുള്ള രണ്ട് റക്അത്ത് ദുനിയാവിനേക്കാളും അതിലുള്ള സര്‍വ്വതിനെക്കാളും ഉത്തമമാകുന്നു'' (മുസ്‌ലിം: 725). ഇതിലൂടെ ഈ ചെറിയ സുന്നത്ത് നമസ്കാരത്തിന്റെ മൂല്യവും പ്രതിഫലവും എത്ര മഹത്തായതാണെന്ന് മനസ്സിലാക്കാം. നബി ﷺ ഇതിനെ വളരെയധികം ശ്രദ്ധിച്ചിരുന്നതായും യാത്രകളിലും രോഗാവസ്ഥയിലും പോലും ഈ സുന്നത്ത് നമസ്കാരം ഉപേക്ഷിച്ചിരുന്നില്ലെന്നും ഹദീഥുകളില്‍ വ്യക്തമാണ്.

സാധാരണയായി ഈ രണ്ട് റക്അത്തുകളിലും ഒന്നാമത്തെ റക്അത്തില്‍ സൂറഃത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും നബി ﷺ പാരായണം ചെയ്തിരുന്നു. ഇതിലൂടെ തൗഹീദിന്റെ സന്ദേശവും കുഫ്‌റില്‍ നിന്ന് പൂര്‍ണ്ണമായ വേര്‍പാടും ഉറപ്പിക്കാന്‍ ഒരു വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ട്. പ്രഭാതത്തിലെ ഈ നമസ്കാരത്തിലൂടെ ഒരു ദിനം ആരംഭിക്കുന്നത് മുസ്‍ലിമിന്റെ ഇമാനില്‍ ആത്മവിശ്വാസവും ആത്മസമര്‍പ്പണവും സൃഷ്ടിക്കുന്നു.

അതോടൊപ്പം, ചില സന്ദര്‍ഭങ്ങളില്‍ നബി ﷺ ഈ രണ്ട് റക്അത്തുകളിലും സൂറത്തുല്‍ ബക്വറഃ (2:136), സൂറത്തുല്‍ ആലുഇംറാന്‍ (3:64) അല്ലെങ്കില്‍ ആളുഇംറാന്‍ (3:52) എന്നിങ്ങനെ ആയത്തുകള്‍ പാരായണം ചെയ്തിരുന്നതായി സഹീഹായ ഹദീഥുകളില്‍ പരാമര്‍ശമുണ്ട് (മുസ്‍ലിം, ഇബ്നു ഖുസൈമ, ഹാകിം, അബൂദാവൂദ്). ഈ മൂന്ന് ആയത്തുകളും ഇമാനിന്റെ അടിസ്ഥാന സത്യങ്ങളും തൗഹീദിന്റെ വ്യക്തമായ പ്രഖ്യാപനങ്ങളും അടങ്ങിയവയാണ്. ദിവസത്തിന്റെ ആരംഭത്തില്‍ ഇത്തരം ആയത്തുകള്‍ പാരായണം ചെയ്യുന്നതിലൂടെ ഒരു മുസ്‍ലിമിന്റെ വിശ്വാസബോധത്തെ കൂടുതല്‍ ഉറപ്പിക്കുാനും അല്ലാഹുവോടുള്ള സമര്‍പ്പണത്തെ പുതുക്കാനും സാധിക്കുന്നു.

“നിങ്ങള്‍ പറയുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാക്കും, ഈസാക്കും നല്‍കപ്പെട്ടതിലും, പ്രവാചകന്‍മാര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും എല്ലാം വിശ്വസിച്ചിരിക്കുന്നു. അവരില്‍ നിന്ന്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും ആകുന്നു.” (അല്‍ബക്വറഃ 136). ഈ ആയത്തില്‍ അല്ലാഹുവില്‍, അവന്‍ അയച്ച പുസ്തകങ്ങളില്‍, എല്ലാ പ്രവാചകന്മാരിലും അവരെ തമ്മില്‍ വ്യത്യാസപ്പെടുത്താതെ വിശ്വാസം പ്രഖ്യാപിക്കുന്ന വിശാലമായ ഇമാനിന്റെ സന്ദേശം അടങ്ങിയിട്ടുണ്ട്. മുസ്‍ലിമിന്റെ വിശ്വാസം എത്ര വ്യാപകവും സമഗ്രവുമാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.

“പറയുക: 'വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്നുള്ളതിലേക്ക്.' എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, അവരോട് നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ 'മുസ്‌ലിം'കളാണ് എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍.'” (ആലുഇംറാന്‍ 64). ഈ ആയത്തില്‍ “അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും” എന്ന സന്ദേശം അത്യന്തം ശക്തമായ തൌഹീദിന്റെ പ്രഖ്യാപനമാണ്. ഈ ആയത്ത് പ്രഭാതത്തിലെ സുന്നത്ത് നമസ്കാരത്തില്‍ പാരായണം ചെയ്യുന്നത് ഒരു മുസ്‍ലിമിന്റെ ഹൃദയത്തില്‍ ഏകദൈവ വിശ്വാസത്തെ കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ ഉപകരിക്കും. ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ഈ പ്രഖ്യാപനം ആവര്‍ത്തിക്കുന്നതിലൂടെ ആത്മാവിനെ ശുദ്ധീകരിക്കുകയും അല്ലാഹുവിനോടുള്ള സമര്‍പ്പണബോധം ശക്തമാക്കുകയും ചെയ്യുന്നതിനെ സഹായിക്കുന്നു.

“എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാസത്തെ അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികള്‍ ആരുണ്ട്?' 'ഹവാരിയ്യുകള്‍' പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിം'കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.” (ആലുഇംറാന്‍ 52). ഈ ആയത്തില്‍ ഈസാ നബി(അലൈഹിസ്സലാം)യുടെ അനുയായികള്‍ പറഞ്ഞ “ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിം'കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.” എന്ന വാക്കുകളിലൂടെ ഒരു മുസ്ലിം തന്റെ ദിവസം ആരംഭിക്കുന്നത് വ്യക്തമായ സമര്‍പ്പണവും അല്ലാഹുവോടുള്ള പ്രതിജ്ഞയും ആവര്‍ത്തിച്ചുകൊണ്ടാണ്. പ്രഭാതത്തിലെ ഈ സുന്നത്ത് നമസ്കാരത്തിലൂടെ ഒരു വിശ്വാസിയുടെ ഇമാനിന്റെ അടിത്തറ കൂടുതല്‍ ശക്തമാകുകയും, ദിവസം മുഴുവന്‍ അല്ലാഹുവിനെ സ്മരിക്കുന്ന ഒരു മനോഭാവം ഹൃദയത്തില്‍ വളരുകയും ചെയ്യുന്നു.

ഫജറിന് മുമ്പുളള രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നമസ്കാരത്തിലൂടെ, നബി ﷺ പാരായണം ചെയ്ത ആയത്തുകള്‍ വഴി തൗഹീദിന്റെ ഉറച്ച പ്രഖ്യാപനമാണ് ഒരു സത്യവിശ്വാസി നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രഭാതസമയം ഈ പാരായണങ്ങളെ വ്യക്തതയോടെ മനസ്സിലാക്കി, ഹൃദയത്തില്‍ ആത്മീയബലവും സമര്‍പ്പണബോധവും വളര്‍ത്തുന്നതില്‍ ശ്രദ്ധ നല്‍കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

തസ്‌കിയ : മറ്റു ലേഖനങ്ങൾ