നബിﷺ ഇഷ്ടപ്പെട്ട യാത്രാദിവസം

അന്‍വര്‍ അബൂബക്കര്‍

Last Update 19 November 2025, 28 Jumada I, 1447 AH

ചോദ്യം:തബൂക്ക് യുദ്ധത്തിന് നബിﷺ പുറപ്പെട്ട ദിവസം ഏതായിരുന്നു? ഈ ദിവസം യാത്രപുറപ്പെടുന്നത് അവിടുന്ന് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ഉത്തരം: വ്യാഴാഴ്ച (يَومَ الخَمِيسِ)

കഅബ് ബ്നു മാലിക് (റളിയല്ലാഹു അന്‍ഹു) നിവേദനം: “തബൂക്ക് യുദ്ധത്തിന് വ്യാഴാഴ്ച ദിവസമാണ് നബി(സ) പുറപ്പെട്ടത്. വ്യാഴാഴ്ച ദിവസം യാത്രപുറപ്പെടുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു”. (ബുഖാരി, മുസ്ലിം)

ഈ ഹദീഥില്‍ കഅ്ബ് ബ്‌നു മാലിക്‌ (റളിയല്ലാഹു അന്‍ഹു) രിവായത്ത് ചെയ്യുന്നതനുസരിച്ച്, നബിﷺ യുദ്ധത്തിനായോ മറ്റേതെങ്കിലും യാത്രക്കായോ പുറപ്പെടുമ്പോള്‍ വ്യാഴാഴ്ചയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ, ഹിജ്റയുടെ ഒമ്പതാം വര്‍ഷത്തില്‍ റോമക്കാരെ നേരിടുന്നതിനായി പുറപ്പെട്ട തബൂക്ക് യുദ്ധത്തിന്നായി നബിﷺ യാത്ര ആരംഭിച്ചത് വ്യാഴാഴ്ചയാണ്. തബൂക്ക് അറേബ്യന്‍ ഉപദ്വീപിന്റെ വടക്കേ അറ്റത്തായി, ദമസ്‌കസിലേക്കുള്ള പാതയുടെ സമീപത്തായി, മദീനയില്‍ നിന്നും ഏകദേശം 700 കിലോമീറ്റര്‍ അകലെയാണ്. ഈ യുദ്ധമാണ് നബിﷺ സ്വയം നയിച്ച അവസാനത്തെ യുദ്ധം. ഈ സംഭവത്തില്‍ നിന്നു മനസ്സിലാക്കാവുന്നത്, ഇസ്‍ലാം യാത്രക്കോ ദൗത്യങ്ങള്‍ക്കോ ദിവസങ്ങളില്‍ ഒരു നിശ്ചിത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും, സൗകര്യവും ക്രമവും പരിഗണിച്ച് നബിﷺ വ്യാഴാഴ്ചയെ തിരഞ്ഞെടുക്കാറുണ്ടായിരുന്നു എന്നതാണ്.

ഇതിന് പിന്നില്‍ ആഴത്തിലുള്ള ഒരു ഹിക്‍മത്തുണ്ടെന്നും അതിന്റെ യാഥാര്‍ത്ഥ്യം അല്ലാഹുവാണ് നന്നായി അറിയുന്നവനെന്നും പണ്ഡിതന്മാര്‍ പറയുന്നു. ചില പണ്ഡിതന്‍മാര്‍ പറയുന്നത്, നബിﷺ വെള്ളിയാഴ്ച യാത്ര ആരംഭിക്കുന്നത് ഇഷ്ടപ്പെടാതിരുന്നതിനാല്‍ അതിന് മുമ്പുള്ള ദിവസം (വ്യാഴാഴ്ച) അല്ലെങ്കില്‍ അതിന് ശേഷമുള്ള ദിവസം (ശനിയാഴ്ച) അവിടുന്ന് യാത്ര ആരംഭിച്ചിരിക്കാമെന്നാണ്. മറ്റൊരു വിശദീകരണപ്രകാരം, വ്യാഴാഴ്ച ഒരു അനുഗ്രഹീത ദിവസമാണ്; ആ ദിവസം മനുഷ്യരുടെ പ്രവൃത്തികള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നു. നബിﷺയുടെ എല്ലാ യാത്രകളും അല്ലാഹുവിന് വേണ്ടി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉളളവയായിരുന്നു. അതിനാല്‍, താന്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ഉയര്‍ത്തപ്പെടുന്ന ദിവസം തന്നെ യാത്ര ആരംഭിക്കാന്‍ നബിﷺ ഇഷ്ടപ്പെട്ടിരുന്നതായിരിക്കും.

യാത്രക്കായി ഇസ്‍ലാം പ്രത്യേക ദിവസങ്ങളെയോ സമയങ്ങളെയോ നിര്‍ബന്ധിതമാക്കിയിട്ടില്ല. ജീവിതാവശ്യങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും അനുസരിച്ച്, സൗകര്യപ്രദമായ ഏത് സമയത്തും യാത്ര ആരംഭിക്കാവുന്നതാണ്. നബിﷺ യാത്രയുടെ നിബന്ധനകള്‍ പറയുമ്പോള്‍, ചില ദിവസങ്ങളെയോ സമയങ്ങളെയോ വിലക്കുകയോ അശുഭമായി കണക്കാക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, ദിവസങ്ങളെയും സമയങ്ങളെയും ‘നഹ്‌സ്’ അഥവാ ‘ദുശ്ശകുനം’ എന്നു പറഞ്ഞ് യാത്ര നിരോധിക്കുന്നത്, ഇസ്‍ലാമിന്റെ ഏകദൈവ വിശ്വാസമായ തൗഹീദിന്റെ ആത്മാവിനോട് വിരുദ്ധമാണ്.

അല്ലാഹുവിന്റെ സൃഷ്ടികളായ കാലവും ദിവസവും സ്വതന്ത്രമായി ഒരാളുടെ ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കുന്നവയല്ല. ഇസ്‍ലാം ഇത്തരത്തിലുള്ള ചിന്തകളെ ശിര്‍ക്കിന്റെ അവശിഷ്ടങ്ങളായി കാണുന്നു. മനുഷ്യന് തന്റെ ശ്രമവും പ്രാര്‍ത്ഥനയും അല്ലാഹുവിലുളള ആശ്രയവുമാണ് വിജയത്തിന്റെയും സുരക്ഷയുടെയും ആധാരമായി കാണേണ്ടത്. അതിനാല്‍, ദിവസത്തെ ശുഭ-അശുഭമായി കാണുന്ന പതിവ് ജീവിതത്തില്‍ അനിവാര്യമായും ഉണ്ടാകേണ്ട വിശ്വാസത്തെ ദുര്‍ബലപ്പെടുത്തും.

അതേസമയം, ചില ഹദീഥുകളില്‍ നിന്നു മനസ്സിലാക്കാവുന്നത്, നബിﷺ വ്യാഴാഴ്ചയില്‍ യാത്ര തുടങ്ങാറുണ്ടായിരുന്നത് എന്നതാണ്. അതിനാല്‍, സൗകര്യത്തിനും ക്രമത്തിനും അനുസരിച്ച്, വ്യാഴാഴ്ച യാത്ര ആരംഭിക്കുക ഉത്തമമായി കണക്കാക്കാം; എന്നാല്‍ അത് മതപരമായ നിര്‍ബന്ധമോ അതല്ലാത്ത ദിവസങ്ങള്‍ക്ക് വിലക്കോ ഉളളതായി അറിയിക്കുന്നില്ല.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറഞ്ഞു: “നബി ﷺ മിക്ക യാത്രകളും വ്യാഴാഴ്ചയായിരുന്നു ആരംഭിച്ചിരുന്നത്, അതും രാവിലെ തന്നെ. അതിനാലാണ് അദ്ദേഹം ഇപ്രകാരം ദുആ ചെയ്തതും:

اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا

“അല്ലാഹുവേ, എന്റെ ഉമ്മത്തിനെ പ്രഭാതസമയത്തില്‍ നീ അനുഗ്രഹക്കേണമേ.”

ഇതുകേട്ട വ്യാപാരിയായിരുന്ന സഖര്‍ അല്‍ഘാമിദി (റളിയല്ലാഹു അന്‍ഹു) തന്റെ വ്യാപാരം എപ്പോഴും പ്രഭാതത്തില്‍ തന്നെ ആരംഭിക്കാറുണ്ടായിരുന്നു; അതിന്റെ ഫലമായി അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിക്കുകയും വ്യാപാരം വളരുകയും ചെയ്തു.

നബി ﷺ തബൂക്ക് യുദ്ധത്തിന് വ്യാഴാഴ്ചയാണ് പുറപ്പെട്ടത്, അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നിരുന്നാലും, ചില യാത്രകള്‍ അവിടുന്ന് മറ്റുദിവസങ്ങളിലും ആരംഭിച്ചിട്ടുണ്ടായിരുന്നു. ഉദാഹരണത്തിന്, ഹജ്ജത്തുല്‍ വിദാഇന് നബിﷺ ശനിയാഴ്ചയാണ് പുറപ്പെട്ടത്. അതുകൊണ്ട്, സൗകര്യമുണ്ടെങ്കില്‍ വ്യാഴാഴ്ച പ്രഭാതയാത്രയാണ് ഏറ്റവും ഉത്തമം. എന്നാല്‍, യാത്രക്ക് മറ്റുദിവസം സൗകര്യമാണെങ്കില്‍ അതില്‍ യാതൊരു തടസ്സവുമില്ല. ശനി, ഞായര്‍, തിങ്കള്‍, വെള്ളി, അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസം ആകട്ടെ, എല്ലാം അനുവദനീയമാണ്. പക്ഷേ വ്യാഴാഴ്ചയുടെ പ്രഭാതം ലഭിക്കുകയാണെങ്കില്‍, അതാണ് ഏറ്റവും മികച്ചത്. കാരണം, അതായിരുന്നു പ്രവാചകജീവിതത്തില്‍ കാണപ്പെട്ട അവിടുത്തെ ചര്യ.

ഇതിലൂടെ നമ്മെ നബിﷺയുടെ ജീവിതവും പ്രവൃത്തികളും പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. കാരണം, അല്ലാഹു തന്നെയാണ് പറഞ്ഞത്:

لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ

“തീര്‍ച്ചയായും, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.” (അഹ്‌സാബ്: 21)

തികച്ചും, സാഹചര്യങ്ങള്‍ വ്യത്യാസപ്പെടാം. ചിലപ്പോള്‍ വൈകുന്നേരമോ മറ്റുദിവസങ്ങളിലോ യാത്ര ആവശ്യമാകാം. എന്നാല്‍, സൗകര്യമുണ്ടെങ്കില്‍ വ്യാഴാഴ്ചയുടെ പ്രഭാതത്തില്‍ യാത്ര ആരംഭിക്കുക എന്നതാണ് പ്രവാചകചര്യയുടെ സൗന്ദര്യം.” (ഇബ്നുബാസ് (റഹിമഹുല്ലാഹ്), ശര്‍ഹു രിയാളു സ്വാലിഹീന്‍, കിതാബു ആദാബി സ്സഫര്‍)

തസ്‌കിയ : മറ്റു ലേഖനങ്ങൾ