പരീക്ഷണങ്ങളില്‍ തളരാത്ത വിശ്വാസം
അന്‍വര്‍ അബൂബക്കര്‍
Last Update 14 January 2026, 25 Rajab, 1447 AH
ചോദ്യം: പതിനെട്ട് വര്‍ഷക്കാലം നീണ്ടുനിന്ന ഗുരുതരമായ രോഗപരീക്ഷണത്തെ അത്യന്തം ക്ഷമയോടെ നേരിട്ട പ്രവാചകന്‍ ആരാണ്?
ഉത്തരം: അയ്യൂബ് നബി(അലൈഹിസ്സലാം)
അല്ലാഹു പ്രവാചകന്മാരുടെ ചരിത്രം നമ്മോട് വിശദീകരിക്കുന്നത് വെറും കഥകളായി അറിയുന്നതിനല്ല; അവയില്‍ അടങ്ങിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പ്രയോഗിക്കാനുമാണ്. ആ മഹത്തായ ചരിത്രങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ പരീക്ഷണകഥകളിലൊന്നാണ് അയ്യൂബ് നബി (അലൈഹിസ്സലാം)യുടേത്.
ഒരു കാലത്ത് അയ്യൂബ് നബി (അലൈഹിസ്സലാം) അത്യന്തം സമ്പന്നനായിരുന്നു. ധാരാളം ഭൂമികളും സമ്പത്തും സുഹൃത്തുക്കളും മക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ കടുത്ത പരീക്ഷണത്തിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഗുരുതരമായ ഒരു രോഗം ബാധിച്ചു; ഹൃദയത്തെയും നാവിനെയും ഒഴികെ ശരീരത്തിന്റെ ഭൂരിഭാഗവും ആ രോഗം പിടികൂടി. സമ്പത്തും സൗകര്യങ്ങളും നഷ്ടമായി, ആരോഗ്യം തകര്‍ന്നു, ഒടുവില്‍ ആളുകള്‍ ഓരോരുത്തരും അദ്ദേഹത്തില്‍ നിന്ന് അകന്നുപോയി. അങ്ങിനെയൊരു അവസ്ഥയില്‍പോലും അയ്യൂബ് നബി (അലൈഹിസ്സലാം) ക്ഷമ വിട്ടില്ല. ആ കഠിനസമയത്ത് അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നത് ഭാര്യ മാത്രമായിരുന്നു. ഭര്‍ത്താവിന്റെ മുന്‍കാലത്തെ ഉത്തമ സ്വഭാവവും ദൈവഭക്തിയും ഓര്‍ത്തു കൊണ്ടാണ് ആ മഹതി ആ ദുരിതകാലം സഹിച്ചത്. ദാരിദ്ര്യം പിടികൂടിയപ്പോള്‍ കുടുംബം പോറ്റാന്‍ അവര്‍ക്കു ജോലി ചെയ്യേണ്ടിവന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, അവരുടെ വിശ്വാസവും സഹനവും അയ്യൂബ് നബി (അലൈഹിസ്സലാം)യുടെ ക്ഷമയ്ക്ക് കൂടി സാക്ഷ്യമായി മാറി.
അനസ് ബിന്‍ മാലിക് (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്യുന്നു: നബി(ﷺ) പറഞ്ഞു:
“അല്ലാഹുവിന്റെ പ്രവാചകനായ അയ്യൂബ് നബി (അലൈഹിസ്സലാം)ക്ക് പതിനെട്ട് വര്‍ഷം നീണ്ടുനിന്ന അത്യന്തം കഠിനമായ രോഗപരീക്ഷണം ബാധിച്ചു. ആ ദീര്‍ഘകാലത്ത് അടുത്തവരും അകന്നവരുമായ എല്ലാവരും അദ്ദേഹത്തെ വിട്ടുപോയി. രണ്ട് സഹോദരന്മാര്‍ മാത്രമാണ് അദ്ദേഹത്തെ കൈവിടാതെ ഇടക്കിടെ സന്ദര്‍ശിച്ചിരുന്നത്. ഒരു ദിവസം, ആ രണ്ട് സഹോദരന്മാരില്‍ ഒരാള്‍ മറ്റൊരാളോട് പറഞ്ഞു: ‘ലോകത്താരും ചെയ്തിട്ടില്ലാത്ത ഏതോ വലിയ തെറ്റ് അയ്യൂബ് നബി (അലൈഹിസ്സലാം) ചെയ്തിട്ടുണ്ടാവണം.’ അപ്പോള്‍ അടുത്ത സഹോദരന്‍ ചോദിച്ചു: ‘എന്തായിരിക്കും അത്?.’ അവര്‍ പറഞ്ഞു: ‘പതിനെട്ട് വര്‍ഷമായി അല്ലാഹു അയ്യൂബ് നബി (അലൈഹിസ്സലാം)യോട് കരുണ കാണിച്ചിട്ടും ഈ രോഗം മാറ്റിക്കൊടുത്തിട്ടില്ലല്ലോ.’ ഇരുവരും ശേഷം അയ്യൂബ് നബി (അലൈഹിസ്സലാം)യെ സമീപിച്ച്, ക്ഷമയില്ലാതെ ഈ സംശയം അദ്ദേഹത്തോട് തുറന്നുപറഞ്ഞു. എന്നാല്‍ അത്രയും ദീര്‍ഘമായ പരീക്ഷണത്തിനിടയിലും, അയ്യൂബ് നബി (അലൈഹിസ്സലാം)യുടെ നാവില്‍ നിന്ന് അല്ലാഹുവിനെതിരെ ഒരു പരാതിയും പുറത്തുവന്നില്ല. അയ്യൂബ് നബി (അലൈഹിസ്സലാം) തന്റെ ആവശ്യനിര്‍വഹണങ്ങള്‍ക്കായി പുറത്തുപോകുമ്പോള്‍, ഭാര്യ അദ്ദേഹത്തെ കാത്തുനിന്ന് കൈപിടിച്ച് വേണ്ടിടങ്ങളില്‍ എത്തിക്കുമായിരുന്നു. ഒരു ദിവസം, ആവശ്യനിര്‍വഹണം കഴിഞ്ഞ് അദ്ദേഹം പുറത്തുവരാന്‍ വൈകി. അപ്പോള്‍ അല്ലാഹു അയ്യൂബ് നബി (അലൈഹിസ്സലാം)ക്ക് വഹ്‌യ് നല്‍കി: “നീ നിന്റെ കാലുകൊണ്ട് നിലത്ത് അടിക്കുക; ഇതാ, തണുത്ത സ്നാനജലവും കുടിക്കാനുള്ള പാനീയവും.” തുടര്‍ന്ന് അല്ലാഹു അരുളിച്ചെയ്തു: “അദ്ദേഹത്തിന് തന്റെ കുടുംബാംഗങ്ങളെയും, അവരുടെ അത്രയും വീണ്ടും നാം പ്രദാനം ചെയ്തു. അത് നമ്മുടെ ഭാഗത്തുനിന്നുള്ള പ്രത്യേക കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു സ്മരണയും ആയിരുന്നു.” (സൂറഃ സ്വാദ്: 41–43) അദ്ദേഹം ആവശ്യം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍, ശരീരത്തെ ബാധിച്ചിരുന്ന എല്ലാ രോഗങ്ങളും പൂര്‍ണമായി മാറിയിരുന്നു. അല്ലാഹുവിന്റെ കരുണയാല്‍ അദ്ദേഹം മുമ്പത്തേക്കാളും മികച്ച ആരോഗ്യാവസ്ഥയിലേക്കാണ് എത്തിയത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു: ‘അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ട ആ പ്രവാചകനെ താങ്കള്‍ കണ്ടിട്ടുണ്ടോ?’ തുടര്‍ന്ന് അവര്‍ പറഞ്ഞു: ‘അല്ലാഹുവാണ സത്യം; അദ്ദേഹം ആരോഗ്യമുള്ള കാലത്ത്, താങ്കളേക്കാള്‍ അദ്ദേഹത്തോട് സാദൃശ്യമുള്ള മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.’ അപ്പോള്‍ അയ്യൂബ് നബി (അലൈഹിസ്സലാം) ശാന്തമായ ആത്മവിശ്വാസത്തോടെ മറുപടി നല്കി: ‘ഞാന്‍ തന്നെയാണ് അദ്ദേഹം; അയ്യൂബ്.’ അല്ലാഹുവിന്റെ അനുഗ്രഹം അതോടെ അവസാനിച്ചില്ല. അയ്യൂബ് നബി (അലൈഹിസ്സലാം)ക്ക് കൂട്ടിയിട്ടിരുന്ന ഗോതമ്പിന്റെയും ബാര്‍ലിയുടെയും രണ്ട് കൂമ്പാരങ്ങളിലേക്ക് അല്ലാഹു മേഘങ്ങളെ അയച്ചു. ഒന്നിലേക്ക് സ്വര്‍ണ്ണവും, മറ്റൊന്നിലേയ്ക്ക് വെള്ളിയും വര്‍ഷിപ്പിക്കപ്പെട്ടു. (ഇമാം അബൂ യഅ്‌ലാ (റഹിമഹുല്ലാഹ്) തന്റെ മുസ്നദിലും, അബൂ നഈം (റഹിമഹുല്ലാഹ്) തന്റെ ഹില്‍യത്തുല്‍ ഔലിയായിലും ഉദ്ധരിച്ച, ഇമാം അല്‍ബാനി (റഹിമഹുല്ലാഹ്) സ്വഹീഹ് എന്ന് വിശേഷിപ്പിച്ചതുമായ ഹദീഥ്)
അല്ലാഹു താന്‍ ഇഷ്ടപ്പെടുന്ന ദാസന്മാരെയാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ, പരീക്ഷണങ്ങള്‍ അല്ലാഹുവിന്റെ കോപത്തിന്റെ അടയാളമല്ല; മറിച്ച് അവന്റെ സ്നേഹത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും സൂചനയാണ്. ഈ സത്യത്തെ നബി(ﷺ) വ്യക്തമായി പഠിപ്പിച്ചിരിക്കുന്നു. ജനങ്ങളില്‍ ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത് പ്രവാചകന്മാരാണ്. തുടര്‍ന്ന് അവര്‍ക്കടുത്തവരായ സദാചാരികളും, പിന്നെ അവരെ അനുഗമിക്കുന്നവരും. ഒരാളുടെ വിശ്വാസത്തിന്റെ ആഴത്തിനനുസരിച്ചായിരിക്കും അവന്റെ പരീക്ഷണങ്ങളും. ഇത് നബി(ﷺ)യുടെ അധ്യാപനമാണ്. (ഇമാം അല്‍ബാനി (റഹിമഹുല്ലാഹ്) സ്വഹീഹുല്‍ ജാമിഇല്‍ ക്രോഡീകരിച്ചത്)
രോഗം മാറ്റാന്‍ പൂര്‍ണ്ണമായ കഴിവുള്ളത് അല്ലാഹുവിന് മാത്രമാണ്. അവന്റെ ഇച്ഛയില്ലാതെ ഒരു അസുഖവും മാറുകയില്ല, വരുകയുമില്ല. എന്നാല്‍ മനുഷ്യനെ വഴിതെറ്റിക്കാനായി അല്ലാഹുവല്ലാത്തവരിലേക്കു ആശ്രയം തേടിപ്പികാന്‍ പ്രേരിപ്പിക്കുകയാണ് പിശാചിന്റെ പ്രധാന ശ്രമം. അതിനായി തങ്ങന്മാരും ബീവിമാരും ചുറ്റിപ്പറ്റിയ കേന്ദ്രങ്ങളും, വ്യാജ ആത്മീയ ചികിത്സകളുമെല്ലാം സമൂഹത്തില്‍ സജീവമായി നിലകൊള്ളാന്‍ സഹായിക്കുന്നു.
അയ്യൂബ് നബി (അലൈഹിസ്സലാം) രോഗം ഭേദമാകാന്‍ അല്ലാഹുവിനോടു മാത്രമാണ് പ്രാര്‍ത്ഥിച്ചത്. അത്യന്തം വിനയത്തോടെയും സമര്‍പ്പണത്തോടെയും അദ്ദേഹം തന്റെ റബ്ബിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “അയ്യൂബിനെയും (ഓര്‍ക്കുക), തന്റെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.” (അമ്പിയാഅ് 83)
അല്ലാഹു അയ്യൂബ് നബി (അലൈഹിസ്സലാം)യുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും, അദ്ദേഹത്തോട് പ്രത്യേക കരുണ കാണിക്കുകയും ചെയ്തു. ഒരുകാലത്ത് അദ്ദേഹത്തെ വിട്ടകന്നുപോയ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അല്ലാഹു വീണ്ടും അദ്ദേഹത്തിലേക്ക് തിരിച്ചുവരുത്തി. അതുമാത്രമല്ല, അവര്‍ പൂര്‍വ്വത്തേക്കാളും അധികമായി വര്‍ദ്ധിപ്പിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ദുഃഖവും വേദനയും നിറഞ്ഞ പരീക്ഷണകാലത്തിനു ശേഷം, അയ്യൂബ് നബി (അലൈഹിസ്സലാം)ക്ക് മനസ്സാന്ത്വാനവും, സമാധാനവും, സമൃദ്ധമായ ക്ഷേമൈശ്വര്യങ്ങളും കൈവന്നു. ഇത്, ക്ഷമയുടെയും സമര്‍പ്പണത്തിന്റെയും പ്രതിഫലമായി അല്ലാഹു അദ്ദേഹത്തിന് ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹവും മഹത്തായ ബഹുമതിയുമായിരുന്നു.
എന്തുതന്നെ നമ്മെ ബാധിച്ചാലും, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് ഒരിക്കലും നിരാശപ്പെടാന്‍ പാടില്ല. ഹൃദയം, അല്ലാഹുവല്ലാത്ത ഏതൊരു സൃഷ്ടിയിലേക്കും തിരിയരുത്. അയ്യൂബ് നബി (അലൈഹിസ്സലാം)യുടെ ജീവിതം ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഹൃദയവും നാവും ഒഴികെ ശരീരത്തിലെ എല്ലാം രോഗം ബാധിച്ചിരുന്നിട്ടും, അതേ അവസ്ഥയെ ഉപയോഗിച്ചാണ് അദ്ദേഹം അല്ലാഹുവിലേക്കു കൂടുതല്‍ അടുപ്പം നേടിയത്. ക്ഷമയുടെ അന്ത്യം ദുനിയാവിലും ആഖിറത്തിലും നന്മയാകുന്നതാണ്. അയ്യൂബ് നബി (അലൈഹിസ്സലാം) ക്ഷമിച്ചു; അതിനാല്‍ തന്നെ അതിലൂടെ അദ്ദേഹം ഉത്തമമായ പര്യവസാനം കൈവരിച്ചു. ക്ഷമ ഇല്ലാതാകുമ്പോള്‍, ഒരാള്‍ അല്ലാഹുവിന്റെ വിധിയെ ചോദ്യം ചെയ്യാനും തള്ളിപ്പറയാനും തുടങ്ങും. അതിന്റെ ഫലമായി, ദുനിയാവിലും ആഖിറത്തിലും നഷ്ടം മാത്രമേ അവനെ കാത്തിരിക്കുകയുള്ളൂ.
ആപത്തുകളിലും പരീക്ഷണങ്ങളിലും, അയ്യൂബ് നബി (അലൈഹിസ്സലാം) പ്രദര്‍ശിപ്പിച്ച ക്ഷമയും അദ്ദേഹം കൈക്കൊണ്ട നിലപാടും നാം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഈ കഠിന പരീക്ഷണം, അല്ലാഹുവിങ്കലുള്ള അദ്ദേഹത്തിന്റെ സ്ഥാനം കൂടുതല്‍ ഉന്നതമായിത്തീരാന്‍ കാരണമായി. അതിന് അല്ലാഹുവിന്റെ തന്നെ സാക്ഷിപത്രമുണ്ട്: “അദ്ദേഹത്തെ നാം ക്ഷമിക്കുന്നവനായി കണ്ടു. എത്ര നല്ല അടിയാനാണ് അദ്ദേഹം! വളരെ താഴ്മയോടെ അല്ലാഹുവിലേക്ക് മടങ്ങുന്നവനാണ്.” (സൂറഃ സ്വാദ് : 44)
ഇസ്‍ലാം എന്തിനാണ് ഇത്തരം ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്? നമ്മള്‍ ജീവിതത്തില്‍ പിന്തുടരാന്‍ ഇസ്‍ലാമില്‍ ഇല്ലാത്ത മാതൃകകള്‍ ഉണ്ടാക്കുന്നതിനാലാണ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന നിരവധി പുസ്തകങ്ങള്‍ കറാമത്ത് എന്ന പേരില്‍ എഴുതിപ്പിടിപ്പിച്ചവയാണ്. അവയില്‍ പലതും മനുഷ്യനെ അല്ലാഹുവല്ലാത്തവരിലേക്കു തിരിച്ചു വിടുന്നതാണ്. എന്നാല്‍, ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളും നമ്മെ പഠിപ്പിക്കുന്നത്, എല്ലാ അവസ്ഥകളിലും ആശ്രയിക്കേണ്ടത് അല്ലാഹുവിനെ മാത്രമാണ്; അയ്യൂബ് നബി (അലൈഹിസ്സലാം)യുടെ ജീവിതം പോലെ.
