ഖുര്‍ആനിലും ഹദീഥുകളിലും മുഹമ്മദ് നബിﷺയുടെ പേരുകള്‍

അന്‍വര്‍ അബൂബക്കര്‍

Last Update 29 October 2025, 7 Jumada I, 1447 AH

ചോദ്യം:എനിക്കു അഞ്ചു പേരുകളുണ്ടെന്ന് മുഹമ്മദ് നബിﷺ പറഞ്ഞതില്‍ ഉള്‍പ്പെട്ടത് മുഹമ്മദ്‌, അഹ്‍മദ്‌, അല്‍ഹാശിര്‍, അല്‍ആഖിബ്‌ ആണു. അതില്‍ അഞ്ചാമത്തെ പേര് ഏതാണ്?

ഉത്തരം: അല്‍മാഹി

ക്വുര്‍ആനും സുന്നത്തും മുഹമ്മദ്‌ നബിﷺയുടെ മഹത്വവും സ്വഭാവവും വിശദമായി അവതരിപ്പിക്കുന്ന നിരവധി പേരുകള്‍ പരാമര്‍ശിക്കുന്നു. ഈ പേരുകള്‍ ഓരോന്നും നബിﷺയുടെ ജീവിതത്തിന്റെ, ദൗത്യത്തിന്റെ, സ്വഭാവത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്. ക്വുര്‍ആനില്‍ നബി ﷺയെ മുഹമ്മദ്‌ എന്നും അഹ്‍മദ്‌ എന്നും വിളിച്ചിരിക്കുന്നു. സ്വഹീഹായ ഹദീഥുകളില്‍ നബിﷺ തന്നെ തന്റെ നിരവധി പേരുകള്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് നബിﷺ പറഞ്ഞു “എനിക്ക് നിരവധി പേരുകളുണ്ട്. ഞാന്‍ മുഹമ്മദ്‌ ആകുന്നു, ഞാന്‍ അഹ്‍മദ്‌ ആകുന്നു, ഞാന്‍ അല്‍മാഹി ആകുന്നു; എന്നിലൂടെ അല്ലാഹു കുഫ്‌റിനെ മായിച്ചുകളയുന്നു, ഞാന്‍ അല്‍ഹാശിര്‍ ആകുന്നു; എന്റെ കാല്‍ചുവട്ടിലാണ് മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്, ഞാന്‍ അല്‍ആഖിബ് ആകുന്നു; എനിക്ക് ശേഷം മറ്റൊരു നബി ഉണ്ടാകുകയില്ല.”

(ബുഖാരി, മുസ്‍ലിം)

അബൂമൂസല്‍ അശ്‌അരീ (റളിയല്ലാഹു അന്‍ഹു) പറയുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ﷺ ഞങ്ങളോടു അവിടുത്തെ ഏതാനും പേരുകള്‍ പറഞ്ഞുതന്നു: “ഞാന്‍ മുഹമ്മദും, അഹ്‍മദും, മുഖഫ്ഫിയും (ഇതരപ്രവാചകന്‍മാരെ പിന്തുടരുന്നവന്‍), ഹാശിറും, നബിയുത്തൌബയും (പശ്ചാതാപത്തിന്റെ പ്രവാചകന്‍), നബിയുര്‍റഹ്‍മത്തുമാണ് (കാരുണ്യത്തിന്റെ പ്രവാചകന്‍).” (മുസ്‍ലിം)

ചില ഹദീഥുകളില്‍ മുഹമ്മദ്‌ നബി ﷺ തന്റെ പേരുകളുടെ എണ്ണം വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ടെന്നു കാണാം. എനിക്ക് അഞ്ചു പേരുകളുണ്ട് അവിടുന്ന് പറഞ്ഞത് അതിനുളള ഉദാഹരണമാണ്. ഇമാം ഇബ്നുഹജര്‍ അല്‍അസ്‍ഖലാനി(റഹിമഹുല്ലാഹ്) പറയുന്നു: “ഇവിടെ നബി ﷺ പറഞ്ഞ ‘എനിക്ക് അഞ്ചു പേരുകളുണ്ട്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അവയില്‍ ഓരോന്നും തനിക്ക് മാത്രമായുളള പ്രത്യേകമായ പേരുകളാണ്. അതായത്, അവയില്‍ ഒന്നും എനിക്കുമുമ്പ് ആരെയും വിളിക്കാന്‍ ഉപയോഗിച്ചിട്ടില്ല, അല്ലെങ്കില്‍ മുമ്പുളള ജനതകളിലോ മതവിഭാഗങ്ങളിലോ ഈ പേരുകള്‍ ആദരിക്കപ്പെട്ടതോ വ്യാപകമായി അറിയപ്പെട്ടതോ ആയിരുന്നില്ല. നബി ﷺ ഇതിലൂടെ തന്റെ പേരുകളുടെ എണ്ണം അഞ്ചിലേക്കു പരിമിതപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ചില പണ്ഡിതന്മാര്‍ പറഞ്ഞതനുസരിച്ച്, ഈ ഹദീഥില്‍ അഞ്ചു പേരുകള്‍ മാത്രമായി പരാമര്‍ശിച്ചതിന്റെ ഹിക്‍മത് ഇതായിരിക്കും; അവയാണ് മുന്‍സമുദായത്തിലും വേദഗ്രന്ഥങ്ങളിലുമുള്ള മറ്റു പേരുകളേക്കാള്‍ പ്രസിദ്ധവും അറിയപ്പെട്ടതും.”

പണ്ഡിതന്മാര്‍ മുഹമ്മദ്‌ നബിﷺയുടെ പേരുകള്‍ സമാഹരിച്ചുകൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്; അത്തരത്തിലുള്ള പുസ്തകങ്ങള്‍ പതിനാലിലധികം ഉണ്ടെന്ന് പറയപ്പെടുന്നു. നബിﷺയുടെ ജീവചരിത്രവും സ്വഭാവഗുണങ്ങളും രേഖപ്പെടുത്തിയ പണ്ഡിതന്മാര്‍ ഓരോരുത്തരും നബിﷺയുടെ പേരുകളെ സംബന്ധിച്ചുള്ള പ്രത്യേക അധ്യായങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അല്‍ഖാളി ഇയാദ്(റഹിമഹുല്ലാഹ്) തന്റെ പ്രശസ്ത ഗ്രന്ഥമായ “الشفا بتعريف حقوق المصطفى” എന്ന ഗ്രന്ഥത്തില്‍ (1/228) “فصل في أسمائه صلى الله عليه وسلم وما تضمنته من فضيلته ” എന്ന ശീര്‍ഷകത്തിലുള്ള ഒരു അധ്യായം രചിച്ച്, നബിയുടെ പേരുകളെയും അവയില്‍ അടങ്ങിയിരിക്കുന്ന മഹത്വങ്ങളെയും വിശദീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ, ഇബ്‌നു അസാകിര്‍(റഹിമഹുല്ലാഹ്) തന്റെ വിശ്വപ്രസിദ്ധ “تاريخ دمشق” എന്ന കൃതിയിലും ഇതേ വിഷയത്തിന് പ്രത്യേകമായ ഒരു അധ്യായം സമര്‍പ്പിച്ചിട്ടുണ്ട്.

പ്രമുഖ പണ്ഡിതനായ ബക്ര്‍ അബൂ സൈദ്‌ (റഹിമഹുല്ലാഹ്‌) പറയുന്നു: “മുഹമ്മദ്‌ നബിﷺയുടെ പേരുകളെക്കുറിച്ച് പണ്ഡിതന്മാര്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ‘كشف الظنون ’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയത്തെക്കുറിച്ച് പതിനാലു പുസ്തകങ്ങളുടെ പട്ടിക പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ശൈഖ്‌ അബ്ദുല്ലാഹ് ഇബ്‌നു മുഹമ്മദ്‌ അല്‍ഹബശി അല്‍യമാനി(റഹിമഹുല്ലാഹ്) രചിച്ച ‘معجم الموضوعات المطروقة في التأليف الإسلامي ’ എന്ന ഗ്രന്ഥത്തിലും (പേജ് 435–436) ഇതേ കാര്യം പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതന്മാരില്‍ ഇബ്‌നു ദിഹ്‌യ, അല്‍ഖുര്‍ത്തുബി, അര്‍റസ്സാഅ്, അസ്സഖ്ഖാവി, അസ്സയൂത്തി, ഇബ്‌നു ഫാരിസ് എന്നിവരും മറ്റും ഉള്‍പ്പെടുന്നു. ഈ വിഷയം നബിﷺയുടെ ജീവചരിത്രഗ്രന്ഥങ്ങളിലും, അവിടുത്തെ സ്വഭാവ ഗുണവിശേഷങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളിലും, ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങളിലും വിപുലമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ‘عارضة الأحوذي’ (10/281) എന്ന കൃതിയില്‍ ഇതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച കാണാം. അത് ഉള്‍പ്പെടുത്തിയ ഭാഗമായാണ് അസ്സയൂത്തിയുടെ "الرياض الأنيقة في شرح أسماء خير الخليقة" എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.” (معجم المناهي اللفظية - ص/361)

മുഹമ്മദ്‌ നബി ﷺയുടെ പല പേരുകളെ സംബന്ധിച്ചും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ചില പേരുകള്‍ യഥാര്‍ത്ഥത്തില്‍ നബിﷺയുടെ പേരുകളായി തന്നെ പരിഗണിക്കാവുന്നതാണോ അല്ലയോ എന്ന കാര്യത്തിലാണ് ആ ഭിന്നത ഉണ്ടായത്. അതിന്റെ ഫലമായി, നബിﷺയുടെ പേരുകളുടെ എണ്ണത്തിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിലും വ്യത്യാസം സംഭവിച്ചു.

പണ്ഡിതന്മാരുടെ അഭിപ്രായഭിന്നതയ്ക്ക് പ്രധാനമായ കാരണങ്ങളില്‍ ഒന്നാണ് ചില പണ്ഡിതന്മാര്‍ ക്വുര്‍ആനില്‍ അല്ലാഹു നബിﷺയെ വിശേഷിപ്പിച്ച എല്ലാ പദങ്ങളെയും നബിﷺയുടെ യഥാര്‍ത്ഥ പേരുകളായി പരിഗണിച്ചത്. അതിനാലാണ് അവര്‍ നബിﷺയുടെ പേരുകളില്‍ അശ്ശാഹിദ്‌ (സാക്ഷി), അല്‍മുബശ്ശിര്‍ (സന്തോഷവാര്‍ത്ത അറിയിച്ചു കൊടുക്കുന്നവന്‍), അന്നദീര്‍ (താക്കീതുകാരനും), അദ്ദാഈ (അല്ലാഹുവിലേക്കു ക്ഷണിക്കുന്നവന്‍), അസ്സിറാജുല്‍ മുനീര്‍ (പ്രകാശം നല്‍കുന്ന വിളക്കായുളളവന്‍) തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനുളള തെളിവായി അവര്‍ എടുത്തത് അല്ലാഹുവിന്റെ ഈ വചനമാണ്: “നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കുകയാണ്; അല്ലാഹുവിലേക്കു അവന്റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനായും, പ്രകാശം നല്‍കുന്ന ഒരു വിളക്കായും (നിന്നെ അയച്ചിരിക്കുന്നു).” (അഹ്‌സാബ്‌ 45–46) അതേ സമയം, മറ്റു ചില പണ്ഡിതന്മാര്‍ വ്യക്തമാക്കിയത്, ഇവയൊന്നും നബിﷺയുടെ പേരുകളല്ല, മറിച്ച് നബിﷺയുടെ ഗുണവിശേഷണങ്ങളാണ്.

ഇമാം നവവി (റഹിമഹുല്ലാഹ്‌) പറയുന്നു: “ഇവയില്‍ പറയപ്പെട്ടിരിക്കുന്ന ചിലത് ഗുണവിശേഷണങ്ങളാണ്‌, അതിനാല്‍ അവയെ ‘പേരുകള്‍’ എന്നു വിളിക്കുന്നത് ആലങ്കാരികപ്രയോഗം (മജാസ്) മാത്രമാണ്.”( تهذيب الأسماء واللغات - 1/49)

അസ്സുയൂത്തി (റഹിമഹുല്ലാഹ്‌) പറയുന്നു: “ഇവയില്‍ ഭൂരിഭാഗവും ഗുണവിശേഷണങ്ങളാണ്‌.” (تنوير الحوالك - 1/727)

അല്‍അല്ലാമ ബക്ര്‍ അബൂ സൈദ്‌ (റഹിമഹുല്ലാഹ്‌) പറയുന്നു: “ചിലര്‍ മുഹമ്മദ്‌ നബി ﷺയുടെ പേരുകളുടെ എണ്ണത്തെ അല്ലാഹുവിന്റെ മനോഹരമായ തൊണ്ണൂറ്റിഒമ്പത് പേരുകളുടെ എണ്ണംപോലെ ആയി കണക്കാക്കിയിട്ടുണ്ട്. അതില്‍ ഏകദേശം എഴുപതോളം പേരുകള്‍ അല്ലാഹുവിന്റെ പേരുകളോട് സമാനമായവയാണ്.

അല്‍ജസൂലി തന്റെ “دلائل الخيرات” എന്ന ഗ്രന്ഥത്തില്‍ നബിﷺയുടെ പേരുകള്‍ ഇരുനൂറെണ്ണം എണ്ണിപ്പറഞ്ഞിരിക്കുന്നു. ഇബ്‌നു ദിഹ്‌യ തന്റെ “المستوفى في أسماء المصطفى” എന്ന ഗ്രന്ഥത്തില്‍ നബിﷺയുടെ പേരുകള്‍ ഏകദേശം മൂന്നൂറായി എണ്ണിപ്പറഞ്ഞിരിക്കുന്നു.

ചില സൂഫികള്‍ നബിﷺയുടെ പേരുകളുടെ എണ്ണം ആയിരം ആയി കണക്കാക്കിയിട്ടുണ്ട്. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: അല്ലാഹുവിന് ആയിരം പേരുകളുണ്ട്; അതുപോലെ തന്നെ, അവന്റെ ദൂതനായ മുഹമ്മദ്‌ നബിﷺക്കും ആയിരം പേരുകളുണ്ട്.” (മുഅ്ജമുല്‍ മനാഹി അല്‍ലഫ്‍ളിയ്യ, പേജ് 361)

അതിനാലാണ് ഈ എണ്ണങ്ങളില്‍ വലിയ അതിശയോക്തി ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പണ്ഡിതന്മാര്‍ പറഞ്ഞത്. ശരിയായ അഭിപ്രായമനുസരിച്ച്, മുഹമ്മദ്‌ നബിﷺയുടെ പേരുകള്‍ അത്രയും കൂടുതലല്ല. ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുളള എല്ലാ വിശേഷണങ്ങളെയും നബിﷺയുടെ പേരുകളായി കണക്കാക്കുന്നത് ശരിയല്ല. കൂടാതെ, നബിﷺയുടെ പേരുകള്‍ എന്നത് തൗഖീഫിയായ വിഷയമാണ്‌; അതായത്, ക്വുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നുമല്ലാതെ മറ്റേതെങ്കിലും പ്രാമാണിക പിന്‍ബലമില്ലാത്ത സ്രോതസ്സുകളിലൂടെ നബിﷺക്ക് പുതിയ പേരുകള്‍ ചേര്‍ക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

അല്‍അല്ലാമ ബക്ര്‍ അബൂ സൈദ്‌ (റഹിമഹുല്ലാഹ്‌) പറയുന്നു: “ക്വുര്‍ആനിലും ഹദീഥുകളിലും ആധികാരികമായി വന്നതൊക്കെ ചില പേരുകളാണ്, അവ വളരെ കുറവാണ്;

മറ്റുളളവ വിശേഷണങ്ങളുമാണ്, അവയാകട്ടെ കൂടുതലുമാണ്. ഇതിനു പുറമെയളളതെല്ലാം പ്രാമാണികമല്ല; അതിനാല്‍ അത്തരം പേരുകളോ വിശേഷണങ്ങളോ മുഹമ്മദ്‌ നബിﷺയോട് ചേര്‍ത്തുപറയുന്നത് ശരിയല്ല; കാരണം അതിലൂടെ അതിശയോക്തിയും അതിരുകടക്കലും സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. പ്രാമാണികമല്ലാത്ത പേരുകളിലോ വിശേഷണങ്ങളിലോ അത്തരം അതിശയോക്തിയും അതിരുകടന്ന സ്തുതിയും ഉള്‍ക്കൊള്ളുന്നുവെങ്കില്‍, അതെല്ലാം നബിﷺയിലേക്ക് ചേര്‍ത്തുപറയുന്നത് കൂടുതലായി അപകടം അറിയിക്കുന്നതാണ്. ഈ ഒരു ഭാഗമാണ് ഈ പുസ്തകത്തില്‍ മുഖ്യമായി പരിഗണിക്കുന്നത്; കാരണം, അല്ലാഹുവില്‍ നിന്നോ നബി ﷺയില്‍ നിന്നോ അറിയിക്കപ്പെടാത്ത പേരുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണത്. അത്തരം പേരുകള്‍ അനേകം ഉള്ളതിനാലാണ് ഈ വിഷയം പ്രത്യേകം എടുത്തുകാണിക്കുന്നത്.

ഇവ സാധാരണയായി സൂഫി ത്വരീക്വത്തുകളുടെ പുസ്തകങ്ങളിലും നൂതനമായി രൂപപ്പെടുത്തിയ അവ്‌റാദുകളിലും അദ്കാറുകളിലും കാണപ്പെടുന്നതാണ്. ഉദാഹരണത്തിന്, അല്‍ജസൂലിയുടെ دلائل الخيرات എന്ന കൃതിയില്‍ ഉളളത് പോലെ. അത്തരം പേരുകളില്‍ ചിലത് ഇവയാണ്:

ഉഹൈദ്, വാഹിദ്, മിനഹ്, മദ്ഉ, ഗൌസ്, ഗിയാസ്, മുകീല്‍ അല്‍അഥറാത്ത്, സഫൂഹ് അനിസ്‌സല്ലാത്ത്, ഖാസിന്‍ ഇല്‍മില്ലാഹ്, ബഹ്‌റു അന്‍വാരിക്, മഅ്ദിന്‍ അസ്റാറിക്, മുഅ്‌തി ര്‍ഹ്‌മഹത്, നൂറുല്‍ അന്‍വാര്‍, അസ്സബബു ഫീ കുല്ലി മൌജൂദ്, ഹാഉ ര്‍റഹ്‌മഹത്, മീം അല്‍മുല്‍ക്ക്, ദാല്‍ അദ്ദവാം, ഖുത്ബുല്‍ ജലാലഃ, അസ്സിര്‍റുല്‍ജാമിഅ്, അല്‍ഹിജാബുല്‍ അഅ്‌ളം, ആയതുല്ലാഹ് തുടങ്ങിയവ. ഇവയില്‍നിന്ന് തൊണ്ണൂറ്റൊമ്പത് പേരുകള്‍ ഇന്ത്യയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന മുസ്‍ഹഫിന്റെ പുറകില്‍ അച്ചടിച്ചിട്ടുണ്ട്. അതുപോലെ, മുസ്‍ഹഫിന്റെ മുന്നിലത്തെ കവറില്‍ അച്ചടിച്ചിരിക്കുന്നത് അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ തൊണ്ണൂറ്റൊമ്പത് നാമങ്ങളാണ്. ആദരണീയനായ ശൈഖ് അബ്ദുല്‍അസീസ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) ഈ കാര്യത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തികൊണ്ട് പറഞ്ഞു; ഇതെല്ലാം മുസ്‍ഹഫുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാണ്. തുടര്‍ന്ന് അപ്രകാരം ചെയ്യുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന് അതിനുള്ള തക്കതായ പ്രതിഫലം നല്‍കട്ടെ.

ഈ പേരുകള്‍ നബിﷺയുടെ മസ്ജിദിന്റെ ഖിബ്‌ലക്ക് ആമുഖമായുളള മതിലിലും എഴുതപ്പെട്ടിട്ടുണ്ട്.

അല്ലാഹു തന്റെ ദാസന്മാരില്‍ ആരെ ഇഷ്ടപ്പെടുന്നുവോ, അവരിലൂടെ നബിﷺയില്‍ നിന്നും രിവായത്ത് ചെയ്യപ്പെട്ടിട്ടില്ലാത്തതെല്ലാം നീക്കം ചെയ്യാനുള്ള തൗഫീഖ് നല്‍കട്ടെ.

അല്ലാഹുവാണ് എല്ലാറ്റിനും കഴിവുളളവന്‍.

അതിനുശേഷം, (അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും) എന്റെ മനസിലൂടെ നേരത്തെ കടന്നുപോയ ആശയം തന്നെ ഉള്‍ക്കൊള്ളുന്ന ചില അത്യന്തം പ്രയോജനകരമായ വാക്കുകള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. അവ അറബി ഭാഷയിലെ പാണ്ഡിതനായ ഇബ്ന് അത്തയ്യിബ് അല്‍ ഫാസി, ഇബ്ന് അല്‍ അജ്ദാബിയുടെ “ شرح كفاية المتحفظ” എന്ന കൃതിക്കെഴുതിയ തന്റെ വ്യാഖ്യാനത്തില്‍ (പേജ് 51) എഴുതിയവയാണ്. അദ്ദേഹം പറഞ്ഞു: ‘അതിനുശേഷം, “كفاية المتحفظ” എന്ന കൃതിയുടെ രചയിതാവ്, അല്ലാഹു ക്വുര്‍ആനിലൂടെ നബിﷺയെ വിശേഷിപ്പിച്ചതുപോലെ തന്നെ, നബിﷺയെ “നബിമാരില്‍ അവസാനത്തവനും (خاتم النبيين)” എന്ന് വിശേഷിപ്പിച്ചു. ഇത് ചെയ്തതിലൂടെ, അദ്ദേഹം സമുചിതമായ മര്യാദയും ബഹുമാനവും പാലിച്ചു. കാരണം, നബിﷺയെ അല്ലാഹു വിശേഷിപ്പിച്ച രീതിയില്‍ വിശേഷിപ്പിക്കുകയും, അതും സുന്നത്തിന് അനുസൃതമായികൊണ്ടും, നബിﷺയെ മറ്റെന്തെങ്കിലും രൂപത്തില്‍ അളവിലധികമായുള്ള പുകഴ്‍ത്തലിനെ സ്വീകരിക്കുകയില്ല എന്ന ബോധ്യത്തോടും കൂടിയാണത്.

അതോടൊപ്പം, നബിﷺയെ വിശേഷിപ്പിക്കുന്നതിലും പുകഴ്ത്തുന്നതിലും പുതിയ രീതികള്‍ കണ്ടുപിടിക്കാനാകാത്തതും, അവിടുത്തെ മഹത്വത്തിന് യോജിച്ചതില്‍ മാത്രം പരിമിതപ്പെടുന്നതിനെ സ്ഥിരീകരിക്കുകയും ചെയ്യുന്നതിനെ അത് സൂചിപ്പിക്കുന്നുണ്ട് (عليه الصلاة والسلام).

അതുകൊണ്ടാണ്, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്; മഹത്തുക്കളായ പണ്ഡിതന്മാര്‍ നബി(ﷺയെ പരാമര്‍ശിക്കുന്നത് കൂടുതലായും ക്വുര്‍ആനും സുന്നത്തും ഉള്‍ക്കൊള്ളുന്ന വചനങ്ങളുടെയും പദപ്രയോഗങ്ങളുടെയും അടിസ്ഥാനത്തിലാണ്. അവര്‍ സ്വന്തമായി പുതിയ വാക്കുകളും പദങ്ങളും രൂപപ്പെടുത്തി അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല;

ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ക്കുള്ളില്‍ തന്നെയാണ് അവര്‍ തൃപ്തരായത്. (മുഅ്ജമുല്‍ മനാഹി അല്‍ലഫ്‍ളിയ്യ, പേജ് 362-363)

അല്ലാഹു അഅ്‍ലം

(അവലംബം: islamqa# 139531)

തസ്‌കിയ : മറ്റു ലേഖനങ്ങൾ