മദ്യം എല്ലാ മ്ലേച്ഛവൃത്തികളുടെയും മാതാവ്
അന്‍വര്‍ അബൂബക്കര്‍
Last Update 23 July 2025, 28 Muharram, 1447 AH
ചോദ്യം: മദ്യം എല്ലാ മ്ലേച്ഛവൃത്തികളുടെ മാതാവാണെന്ന് നബി(ﷺ) പറഞ്ഞിട്ടുണ്ട്. ആരെങ്കിലും അത് കുടിച്ചാൽ, അല്ലാഹു അവന്‍റെ എത്ര ദിവസത്തെ നമസ്കാരം സ്വീകരിക്കുകയില്ല എന്നാണ് നബി(ﷺ) പറഞ്ഞത്?
ഉത്തരം: നാല്‍പത്
അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞു: “മദ്യം എല്ലാ മ്ലേച്ഛവൃത്തികളുടെയും മാതാവാകുന്നു. വല്ലവനും അത് കുടിച്ചാല്‍ അല്ലാഹു അവന്‍റെ നാല്‍പ്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കുകയില്ല. മദ്യം വയറ്റിലായിരിക്കെ വല്ലവനും മരിച്ചാല്‍ അവന്‍ ജാഹിലിയ്യത്തിലെ മരണമാണ് വരിച്ചത്.” (സുനനുദ്ദാറുക്വുത്നി, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ച ഹദീഥ്) മറ്റൊരു തിരുമൊഴിയില്‍ ഇങ്ങനെ കാണാം: “എന്‍റെ സമുദായത്തിൽ നിന്നുള്ള ആരെങ്കിലും മദ്യം കുടിച്ചാൽ, അല്ലാഹു അവന്‍റെ നാല്‍പ്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കുകയില്ല.'' (അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്, സിൽസിലത്ത് അസ്സ്വഹീഹ 709)
ഒരാൾക്ക് നാല്‍പത് ദിവസത്തെ നമസ്കാരത്തിന് പ്രതിഫലം ലഭിക്കാത്ത സാഹചര്യമുണ്ടായാലും, അതിനർത്ഥം അവൻ ഇനി അതിൽ നിന്നും ഒഴിവാകുന്നു എന്നല്ല; അവന്‍ എല്ലാ നമസ്കാരങ്ങളും നിർബന്ധമായും അനുഷ്ഠിക്കേണ്ടതുണ്ട്. നമസ്കാരം ഉപേക്ഷിക്കുക എന്നത് ഏറ്റവും ഗുരുതരമായ മഹാപാപങ്ങളിൽ ഒന്നാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അതിന്‍റെ പ്രതിഫലം നഷ്ടപ്പെടുമെന്ന ഭയത്തോടുകൂടി നമസ്കാരം തുടരുകയും ചെയ്ത തെറ്റിന് ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും വേണം. അങ്ങനെയല്ലെങ്കിൽ, നമസ്കാരത്തിൽ നിന്നും ദൂരപ്പെടുന്നവന്‍ മറ്റു തിന്മകളിലേക്കും അനായാസം എത്തിപ്പെടും. നബി(ﷺ) പറഞ്ഞു: “മദ്യം താങ്കള്‍ കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു.” (സുനനുഇബ്നുമാജഃ, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
ചിന്തിക്കുക! മാതാപിതാക്കൾ പുത്രിയുടെ നല്ല ഭാവിയെ പ്രതീക്ഷിച്ചുകൊണ്ട് സത്യസന്ധതയും നല്ല സ്വഭാവവും ഉറപ്പു വരുത്തിയാണ് ഒരാളെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത്. എന്നാൽ വിവാഹത്തിന് ശേഷം യാഥാര്‍ത്ഥ്യം മനസ്സിലാവുന്നത്; അയാൾ മദ്യപാനിയാണ്! അയാൾ വിവാഹത്തിന് വേണ്ടി ഈ ദുഷ്പ്രവൃത്തി മറച്ചു വെക്കുകയായിരുന്നു. കെട്ടിയ പെണ്ണിന്‍റെ ജീവിതം നഷ്ടത്തിലാക്കുകയും, അവളുടെ മാനസിക സമാധാനം തകർക്കുകയും ചെയ്യുന്നവന്‍ എന്തുമാത്രം പാതകമാണ് ചെയ്യുന്നത്. മദ്യത്തോടുള്ള ഭ്രമത്തിൽ മുങ്ങിയ അവൻ ഇക്കാര്യം തിരിച്ചറിയാൻ പോലും ശ്രമിക്കാറില്ല! വിവാഹബന്ധത്തിന്‍റെ വിശുദ്ധിയും, ജീവിത പങ്കാളിക്ക് നൽകേണ്ട മനസാന്ത്വനവും അവൻ അവഗണിക്കുന്നു. തന്‍റെ സ്വാർത്ഥതക്കും കാംക്ഷകൾക്കും അടിമയാകുമ്പോൾ, അവനാൽ ഒരു കുടുംബം നശിക്കുകയാണെന്ന യാഥാർഥ്യം പോലും അവന്‍റെ ചിന്തകളിൽ സ്ഥാനം നേടുന്നില്ല!!
മദ്യപാനിക്ക് ഇസ്ലാമിക ശരീഅത്തില്‍ ശിക്ഷയുണ്ട്. അല്ലാഹുവിന്‍റെ നിയമങ്ങൾ എന്തിനു വേണ്ടി നിർദേശിച്ചിരിക്കുന്നു? അതിന്‍റെ അന്തിമ ഉദ്ദേശം എന്താണ്? ഇതെല്ലാം ആഴത്തിൽ മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് മഖാസിദു അശ്ശരീഅ (مقاصد الشريعة). അതിലെ സുപ്രധാന ലക്ഷ്യമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അഞ്ച് കാര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുളളതാണ്. 1) الدين (മതം) 2) النفس (ജീവൻ) 3) العقل (ബുദ്ധി) 4) النسل (പാരമ്പര്യം/സന്തതി) 5) المال (സമ്പത്ത്). ശരീഅത്തിലെ എല്ലാ നിയമങ്ങളും ഈ അഞ്ചു ഘടകങ്ങൾ നിലനിർത്തുന്നതിനായി സ്ഥാപിതമായിട്ടുള്ളതാണ്. മദ്യം ഈ അഞ്ച് പ്രധാന ഘടകങ്ങൾക്കും അത്യന്തം നാശകരമായ ആഘാതം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തന്നെ, ഇസ്ലാം അതിനെ കർശനമായി നിരോധിക്കുകയും, അതിനെതിരെ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
മദ്യം മനുഷ്യനെ സ്രഷ്ടാവിനെ ആരാധിക്കുന്നതില്‍ നിന്ന് അകറ്റുകയും ധാർമികതയില്ലാത്ത ജീവിതത്തിലേക്ക് അവനെ തള്ളിവീഴ്ത്തുകയും ചെയ്യുന്നു. കരളിനും തലച്ചോറിനും കിഡ്‌നിക്കും ഗുരുതരമായ നാശം വരുത്തുന്ന ആരോഗ്യത്തിന് അത്യന്തം ഹാനികരമായ ഒന്നാണത്. ദുരന്തങ്ങൾ, വാഹനാപകടങ്ങൾ, കൊലപാതകങ്ങൾ എന്നിവക്കും മനോവിഷമത്തിനും ആത്മഹത്യാ പ്രവണതക്കുമത് പ്രധാന കാരണമാകാറുണ്ട്. ബുദ്ധിശക്തിയെയും ചിന്താശേഷിയെയും അത് തകർക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിനും വിദ്യാഭ്യാസ-സാമൂഹിക ജീവിതത്തിന് ദോഷം വരുത്തുന്നതിനുമത് ഇടയാക്കുകയും ചെയ്യുന്നു. ഏറ്റവും സങ്കടകരമായത്, കുടുംബബന്ധങ്ങൾ തകർക്കുന്നതിനും വിവാഹമോചനങ്ങളും കുട്ടികളുടെ ദുരിതങ്ങളും വർദ്ധിപ്പിക്കുന്നതിനും ഈ ദുശ്ശീലം കാരണമാകുന്നു. മദ്യപാനികള്‍ അനാശാസ്യവൃത്തികളും സാമ്പത്തിക ദുരവസ്ഥയും സൃഷ്ടിക്കുമ്പോൾ സമൂഹത്തിനത് ഏറെ ഉപദ്രവമാകുന്നു. മഖാസിദു അശ്ശരീഅയുടെ എല്ലാ ഘടകങ്ങൾക്കും നേരിട്ട് ദോഷം വരുത്തുന്ന മദ്യപാനം അതിനാൽ തന്നെ ഇസ്‍ലാമില്‍ കർശനമായി നിരോധിക്കപ്പെടുകയും അതിനെ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ നിയമമാക്കുകയും ചെയ്തു.
മദ്യം മാത്രമല്ല, മയക്കുമരുന്നും അതിലുപരി അപകടകരമാണ്. MDMA, ഹാഷീഷ്, ഹെറോയിൻ, കോക്കെയ്ൻ മുതലായ ലഹരിവസ്തുക്കൾ മാനവജീവിതത്തിനും സമൂഹത്തിനും അത്യന്തം ദോഷകരമായതാണ്. അതുകൊണ്ടാണ് മദ്യത്തേക്കാള്‍ അപകടം ഉണ്ടാക്കുന്ന ലഹരിവസ്തുക്കൾക്ക് ഇസ്ലാമിക നിയമം മരണശിക്ഷ നിർദ്ദേശിക്കുന്നത്. മഹുമ്മദ് നബി(ﷺ) പറഞ്ഞു: "നിങ്ങൾ പരസ്പരം നാശം വരുത്തരുത്; ഒരുവൻ മറ്റൊരുവനെ നശിപ്പിക്കുകയുമരുത്." (അഹ്‍മദ്, ഇബ്നുമാജ; അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
ഇസ്ലാമിൽ, സ്വന്തത്തിന് മാത്രം ദോഷം വരുത്തുന്ന പ്രവൃത്തികൾക്കുപോലും വിലക്കുണ്ട്. പക്ഷേ, ആധുനിക ലഹരിവസ്തുക്കൾ അങ്ങനെയല്ല. മറ്റുള്ളവരെയും കുടുംബത്തെയും സമൂഹത്തെയുമാണത് ഒന്നടങ്കം നശിപ്പിക്കുന്നത്. അതിന്‍റെ ദോഷം വളരെ ഉയർന്നതാണ്. അതിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഈ ദുരവസ്ഥയെ ചെറുക്കാൻ ശക്തമായ നിയമങ്ങൾ ഇസ്‍ലാം നിര്‍ദ്ദേശിക്കുന്നത്. ഒരുപക്ഷേ അതിനെ അസഹിഷ്ണുതയെന്നോ കടുത്ത നിലപാടെന്നോ വിശേഷിപ്പിക്കുന്നവരുണ്ടാകാം. എന്നാൽ സത്യത്തിൽ ഇത് ഒരു സമുഹത്തെ സംരക്ഷിക്കാൻ വേണ്ടിയുളളതാണ്. ലഹരി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും തകർക്കുന്നുവെന്നത് ചരിത്രവും യാഥാർഥ്യവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ, ലഹരിക്കെതിരെ എല്ലായിടത്തും, എല്ലാവരും ഒരുമിച്ച് ദൃഢമായി നിലകൊള്ളേണ്ടതുണ്ട്!
