ക്വുര്‍ആന്‍ താക്കീത് നല്‍കിയ അബൂലഹബ്

അന്‍വര്‍ അബൂബക്കര്‍

Last Update 15 June 2025, 19 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: അബ്‌ദുല്‍ ഉസ്സാ എന്ന യഥാര്‍ത്ഥ പേരുളള വ്യക്തിയെ ക്വുര്‍ആനില്‍ ഒരു താക്കീതെന്നോണം പരാമര്‍ശിച്ചിട്ടുണ്ട്. ആ വ്യക്തി ആര്?

ഉത്തരം: അബൂ ലഹബ്

നബിﷺയുടെ പിതൃവ്യനായ അബൂ ലഹബിന്റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഉസ്സാ (عبد العزى) എന്നായിരുന്നു. ഉസ്സാ എന്ന വിഗ്രഹത്തിന്റെ അടിമ എന്നാണ് ഈ പേരിനര്‍ത്ഥം. മുഖം പ്രഭാപൂരിതവും തെളിച്ചമുള്ളതും ആയിരുന്നു അയാളുടേത്, അതിനാലാണത്രെ അബൂ ലഹബ് എന്ന പേരില്‍ ഈ വ്യക്തി വിളിക്കപ്പെടാന്‍ കാരണമായത്. അയാളെ കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞു:

“അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ! അവനും നശിക്കട്ടെ. അവനു അവന്റെ ധനവും, അവന്‍ സമ്പാദിച്ചു വെച്ചതും ഉപകാരപ്പെട്ടിട്ടില്ല. തീജ്വാലയുള്ള നരകാഗ്‍നിയില്‍ അവന്‍ വഴിയെ കടന്നെരിയും. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈത്തപ്പനനാര് കൊണ്ടുളള പിരിച്ച ഒരു ചൂടിക്കയര്‍ ഉണ്ടായിരിക്കും.” (അല്‍മസദ് 01-05)

പ്രവാചകന്‍ﷺക്കും വിശ്വാസികള്‍ക്കും എതിരെ പരിഹാസവും ഉപദ്രവവും നടത്തിയവര്‍ക്കെതിരെയുളള അല്ലാഹുവിന്റെ താക്കീതാണ് ഈ സൂക്തങ്ങള്‍ അറിയിക്കുന്നത്. പ്രവാചകനെﷺ അങ്ങേയറ്റം പ്രയാസപ്പെടുത്തിയതിന്‍റെ ഫലമായി അബൂ ലഹബിനും അവന്റെ ഭാര്യക്കും ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു. സ്വത്തിലും ബലത്തിലും അബൂ ലഹബ് അഹങ്കരിച്ചെങ്കിലും, തന്‍റെ സമ്പത്തോ പ്രമാണിത്വമോ അവനെ രക്ഷിച്ചില്ല. പ്രവാചകനെﷺ അസഭ്യം പറഞ്ഞവര്‍ക്ക് അല്ലാഹു തീവ്രമായ ശിക്ഷ ഉറപ്പാക്കുകയാണ് ചെയ്തത്.

അബൂ ലഹബ് പ്രവാചകന്റെﷺ ഏറ്റവും അടുത്ത ബന്ധുവായ പിതൃവ്യനായി ഉണ്ടായിരുന്നിട്ടും, വിശ്വാസത്തിന്റെ പാതയില്‍ നിന്നു വിട്ടുനിന്നതും ഇസ്‌ലാമിനെ തകര്‍ത്തുകളയാനുള്ള അയാളുടെ ശ്രമങ്ങളുമാണ് അവനെ നാശത്തിലേക്ക് നയിച്ചത്. അല്ലാഹുവിന്റെ മാര്‍ഗത്തിലുളള പ്രബോധനത്തിനും പ്രവാചകന്‍റെﷺ സത്യസന്ധതുക്കുമെതിരെ അയാളെടുത്ത കഠിനമായ വിരോധം, ക്വുര്‍ആനില്‍ തന്നെ നാശം രേഖപ്പെടുത്തിയ വ്യക്തിയെന്ന ദൗര്‍ഭാഗ്യസ്ഥിതിയിലേക്ക് ആ അക്രമിയെ എത്തിച്ചു. പ്രവാചകന്‍‍റെ ﷺ കാലം മുതല്‍ മുസ്‌ലിംകള്‍ ഈ ക്വുര്‍ആന്‍റെ സൂക്തങ്ങള്‍ പാരായണം ചെയ്ത് വന്നിട്ടുണ്ട്, ലോകാവസാനംവരെയും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കുടുംബബന്ധം, അധികാരം, സമ്പത്ത് എന്നിവയൊന്നും അല്ലാഹുവിന്റെ പ്രകാശത്തോട് വൈരാഗ്യം പുലര്‍ത്തുന്നവരെ രക്ഷിക്കില്ല എന്നത് ക്വുര്‍ആന്‍ മുഖാന്തിരം പകര്‍ന്ന മറക്കാനാകാത്ത പാഠമാണ്.

തസ്‌കിയ : മറ്റു ലേഖനങ്ങൾ