കരാര്‍ പാലനത്തിന്‍റെ ഉദാത്തമായ മാതൃക
അന്‍വര്‍ അബൂബക്കര്‍
Last Update 27 June 2025, 2 Muharram, 1447 AH
ചോദ്യം: ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ ഒരു സ്വഹാബി ആഗ്രഹിച്ചു. എന്നാല്‍, വഴിമദ്ധ്യേ ഖുറൈശികളുടെ ഒരു സംഘം അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ പിതാവിനെയും തടഞ്ഞു. മോചിതരാകാനായി, മുഹമ്മദ് നബി(ﷺ)യുടെ കൂടെ യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് അവർക്ക് അല്ലാഹുവിന്റെ പേരിൽ കരാർ ചെയ്യേണ്ടിവന്നു. ഈ കാര്യം നബി(ﷺ)യെ അറിയിച്ചപ്പോൾ, അവരോട് കരാർ പാലിക്കണമെന്ന് നിർദേശിച്ചു. അതിനാൽ, ബദർ യുദ്ധത്തിൽ പങ്കെടുക്കാതെ അവർ മദീനയിലേക്ക് മടങ്ങി. ഈ സ്വഹാബി ആരാണ്?
ഉത്തരം: ഹുദൈഫത്ത് ബ്നുല്‍ യമാന്‍ (റളിയല്ലാഹു അന്‍ഹു)
ഹുദൈഫത്ത് ബ്നുല്‍ യമാന്‍(റളിയല്ലാഹു അന്‍ഹു) നിവേദനം: “ബദര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമിതാണ്. ഞാനും എന്‍റെ പിതാവ് ഹുസൈലും പുറപ്പെട്ടു. ഞങ്ങളെ ഖുറൈശികളിലെ അവിശ്വാസികള്‍ പിടികൂടി. അവര്‍ ചോദിച്ചു: നിങ്ങള്‍ മുഹമ്മദിനെ ലക്ഷ്യംവെച്ചു പോവുകയാണോ? ഞങ്ങള്‍ പറഞ്ഞു, അല്ല ഞങ്ങള്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ചിട്ടില്ല. ഞങ്ങള്‍ മദീനയല്ലാതെ വേറെയൊന്നും ലക്ഷ്യം വെച്ചിട്ടില്ല. അപ്പോള്‍ ഞങ്ങള്‍ മദീനയിലേക്ക് പോകുമെന്നും, മുഹമ്മദ് നബി(ﷺ)യുടെ കൂടെ യുദ്ധം ചെയ്യുകയില്ല എന്നും അവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഞങ്ങളില്‍ നിന്നും കരാര്‍ വാങ്ങി. അങ്ങനെ ഞങ്ങള്‍ നബി(ﷺ)യുടെ അടുക്കല്‍ ചെന്ന് ഈ വിവരം അറിയിച്ചു. അപ്പോള്‍ നബി(ﷺ) പറഞ്ഞു, നിങ്ങള്‍ തിരിച്ചു പോകൂ. അവരോട് ചെയ്ത കരാര്‍ നിങ്ങള്‍ പാലിക്കൂ. എന്നിട്ട് ഹുദൈഫാ(റളിയല്ലാഹു അന്‍ഹു) പറയുകയാണ്, ഞങ്ങള്‍ അവര്‍ക്കെതിരെ അല്ലാഹുവോട് സഹായം തേടി.” (മുസ്ലിം 1787)
ഇത് ഇസ്‌ലാമിന്‍റെ ധാർമ്മിക അടിത്തറയെയും വാഗ്ദാനങ്ങൾ പാലിക്കാനുള്ള ഉയർന്ന നിലപാടിനെയും അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന സംഭവമാണ്. ബദർ യുദ്ധത്തിൽ മുസ്‍ലിം സൈന്യത്തിന് കൂടുതൽ ആളുകൾ ആവശ്യമുണ്ടായിരുന്ന സന്ദര്‍ഭമാണ്. ശത്രുസേനയുടെ അംഗബലം 1000-ത്തോളം ആയിരുന്നു, അതേസമയം മുസ്ലിം സേനയില്‍ വെറും 313 പേരെ ഉണ്ടായിരുന്നുള്ളു. ഇത്തരം നിർണ്ണായകസമയത്ത് പോലും, രണ്ട് സേനാനികളെ അധികമായി ലഭിക്കാമായിരുന്ന അവസരം നബി(ﷺ) ഉപേക്ഷിച്ചു. ഇസ്‌ലാമിന്‍റെ ആധികാരിക മൂല്യങ്ങൾക്ക് സുപ്രധാനത നൽകിയതിന്‍റെ മഹത്തരമായ ഉദാഹരണമാണത്. നീതിബോധം, ദൈവികസമർപ്പണം, വാഗ്ദാനം പാലിക്കാനുള്ള ഉത്തരവാദിത്വം എന്നിവയെല്ലാം ഈ സംഭവത്തിൽ ദൃഢമായി തെളിയുന്നുണ്ട്. ഇസ്‌ലാം നീതിയുടെയും സത്യസന്ധതയുടെയും മതമാണ്. ഈ സംഭവത്തിൽ നിന്ന് നാം പഠിക്കേണ്ട വലിയ പാഠം "ലക്ഷ്യം സാധിക്കാനായി വാഗ്ദാനങ്ങളെ ലംഘിക്കാൻ അനുവദിക്കില്ല" എന്നതുതന്നെയാണ്. ഇതായിരുന്നു മുഹമ്മദ് നബി(ﷺ)യുടെ നേതൃത്വം!
മുസ്ലിംകളുടെ കരാര്‍ അല്ലാഹുവിലേക്ക് ഹൃദയത്തെ ആത്മാര്‍ത്ഥമായി ബന്ധിപ്പിച്ചുകൊണ്ടുളളതായിരിക്കണം. ഈ ബന്ധം ദൃഢമായി പാലിക്കപ്പെടുമ്പോൾ, അത്തരം കരാറുകൾ ഇസ്‌ലാമിന്‍റെ ദീർഘകാല വിജയത്തിനും നേട്ടത്തിനും കാരണമാകുമെന്ന് വ്യക്തമാണ്. വിശ്വാസികൾ ക്ഷണിക്കപ്പെടുന്ന എല്ലാ ഇടപാടുകളിലും ബന്ധങ്ങളിലും കരാറുകളിലും ധാർമ്മികതയും നീതിയും മുൻനിരയിൽ നിർത്തേണ്ടതുണ്ടെന്നാണ് ഇസ്‌ലാം വ്യക്തമാക്കുന്നത്. യുദ്ധക്കളത്തിനകത്ത് കബളിപ്പിക്കൽ, തന്ത്രപ്രയോഗം എന്നിവ പ്രയോഗിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാമെങ്കിലും, അതിന് പുറത്ത് നീതിയും വിശ്വാസ്യതയും സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഒരിക്കൽ കരാറിലേര്‍പ്പെട്ടു കഴിഞ്ഞാൽ, അതിനെ വഞ്ചിച്ച് ലംഘിക്കാൻ ഒരു മുസ്‍ലിമിനും ഇസ്‍ലാമില്‍ അനുവാദമില്ല.
മുഹമ്മദ് നബി(ﷺ)യും അദ്ദേഹത്തിന്‍റെ അനുയായികളും ഈ ധാർമ്മിക മൂല്യങ്ങൾ ജീവതത്തിൽ പ്രകടമാക്കിയ ഉന്നതരാണ്. ഹുദൈഫ(റളിയല്ലാഹു അന്‍ഹു) യുദ്ധത്തിൽ പങ്കെടുക്കാനാഗ്രഹിച്ചെങ്കിലും, നബി(ﷺ) വിധിയനുസരിച്ച് അദ്ദേഹം മദീനയിലേക്ക് മടങ്ങുകയായിരുന്നു. അതുപോലെ, നബി(ﷺ)യുടെ നിർദ്ദേശം അന്നോ ഇന്നോ വിശ്വാസികൾക്ക് മാർഗദർശനമാണ്; അന്ന് നബി(ﷺ) ജീവിച്ചിരുന്നതുപോലെ, ഇന്ന് അദ്ദേഹത്തിന്‍റെ സുന്നത്ത് നമ്മുടെ മുമ്പില്‍ നിലനിൽക്കുന്നുണ്ട്, അതിലൂടെയാണ് ഓരോ മുസ്ലിമും അവര്‍ ജീവിക്കേണ്ട നീതിബോധത്തിന്‍റെയും ധാർമ്മികതയുടെയും യഥാർത്ഥ അളവുകോൽ കണ്ടെത്തേണ്ടത്.
"ഞങ്ങൾ അവർക്കെതിരെ അല്ലാഹുവോട് സഹായം തേടി" എന്ന ഹുദൈഫ(റളിയല്ലാഹു അന്‍ഹു)വിന്‍റെ വാക്കുകൾ, ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ശക്തി ദുആയും അല്ലാഹുവിന്‍റെ സഹായവുമാണെന്ന സത്യത്തെ അറിയിക്കുന്നതാണ്. ഇന്ന് വിവിധ നാടുകളിൽ മുസ്‌ലിം സഹോദരങ്ങൾ ക്രൂരതയ്ക്കിരയാകുമ്പോഴും, തുരുമ്പുപിടിക്കാത്ത ഈ ആയുധം ഓരോ മുസ്‍ലും ആശ്രയിക്കേണ്ടത് അനിവാര്യമാണ്; അതിന് ഉത്തരം ലഭിക്കും, തീര്‍ച്ച.
