ലോട്ടറിയുടെ റിസള്‍ട്ട് എന്ത്?

അന്‍വര്‍ അബൂബക്കര്‍

Last Update 20 September 2025, 27 Rabiʻ I, 1447 AH

ചോദ്യം: ഖുര്‍ആനില്‍ ചൂതാട്ടം സംബന്ധിച്ച ആദ്യ നിരോധനം ഏത് സൂറത്തിലാണ് വന്നത്?

ഉത്തരം: സൂറഃ അല്‍ബക്വറഃ

ഖുര്‍ആനില്‍ ചൂതാട്ടത്തെ സംബന്ധിച്ച ആദ്യ നിരോധനം സൂറത്തുല്‍ ബഖറയിലാണ് വന്നത്. അല്ലാഹു പറഞ്ഞു: “കള്ളിനെയും, 'മൈസിറി'നെ (ചൂതാട്ടത്തെ)യും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: 'ആ രണ്ടിലും വലിയ ദോഷവും, മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ ദോഷമാകട്ടെ, അവയുടെ പ്രയോജനത്തെക്കാള്‍ വലുതാകുന്നു'.” (അല്‍ബക്വറഃ 219)

ഇസ്ലാമിക വീക്ഷണത്തില്‍, സമൂഹത്തില്‍ ചൂഷണം നടക്കുന്ന, തട്ടിപ്പുകള്‍ നടക്കുന്ന എല്ലാ മേഖലകളെയും ചൂഷണമുക്തമാക്കുക എന്നത് ഒരു അടിസ്ഥാനബോധമാണ്. ഒരു നീതിബോധമുള്ള മതമെന്ന നിലക്ക് ഇസ്ലാം സമൂഹത്തെ അതിലേക്കാണ് ക്ഷണിക്കുന്നത്. അധ്വാനമില്ലാതെ, വളരെ എളുപ്പത്തില്‍ പണം സമ്പാദിക്കുന്ന ലോട്ടറി പോലുള്ള സംവിധാനങ്ങളെ അതിനാല്‍ ഇസ്ലാം തുറന്നുപറഞ്ഞ് നിഷിദ്ധമാക്കി. ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് വിവിധ മാര്‍ഗങ്ങളിലൂടെ അന്യായമായി സമ്പാദിക്കുന്ന ഇത്തരം മേഖലയെ ഇസ്ലാമിക പ്രമാണങ്ങള്‍ ശക്തമായും വ്യക്തമായും എതിക്കുന്നു.

ഇന്ന് നമ്മുടെ നാട്ടില്‍ ഏത് കവലയിലും ഒരു “ലക്കി സെന്റര്‍” ഇല്ലാത്ത പ്രദേശം കണ്ടെത്തുക തന്നെ അസാധ്യമാണ്. മനുഷ്യന്റെ സമ്പത്തിനോടുള്ള അമിതസ്നേഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ലോട്ടറി സംവിധാനങ്ങള്‍ വ്യാപകമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. ഇതു മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പായി എടുത്തുപറഞ്ഞ സത്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അല്ലാഹു പറഞ്ഞു:

“തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.” (അല്‍ആദിയാത് 8)

അല്ലാഹു മറ്റൊരു സൂക്തത്തില്‍ പറഞ്ഞു:

“ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.” (അല്‍ഫജ്ര്‍ 20)

മനുഷ്യന് ഒരു സ്വര്‍ണതാഴ്‌വര ലഭിച്ചാല്‍ അവന്‍ രണ്ടാമത്തെ താഴ്‌വരയും തേടും; അങ്ങനെ തന്നെയാണ് അവന്റെ സ്വഭാവം. മണ്ണല്ലാതെ മനുഷ്യന്റെ വായ നിറക്കുകയില്ലെന്നാണു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(ﷺ) മനുഷ്യന്റെ സമ്പത്തിനോടുള്ള അമിതതാത്പര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ആ സ്വഭാവത്തെ ഇന്നും യഥേഷ്ടം ചൂഷണം ചെയ്യുന്നതാണ് ഭാഗ്യക്കുറികളുടെ ഔട്ട്‌ലറ്റുകള്‍; മനുഷ്യന്റെ ആഗ്രഹവും ദൗര്‍ബല്യവും മുതലെടുക്കുന്ന അവസ്ഥകളാണ് അവ.

യഥാര്‍ത്ഥത്തില്‍ ലോട്ടറി എന്നത് ഒരു ചൂതാട്ടത്തിന്റെ രൂപമാണ്. അതില്‍ പങ്കെടുക്കുന്നവന്‍ തന്റെ കയ്യിലുളള ചെറിയൊരു തുക നല്‍കി, ഉയര്‍ന്ന മൂല്യമുള്ള സമ്മാനങ്ങള്‍ക്കായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. അതിലൂടെ ഒരിക്കല്‍ അയാള്‍ക്ക് സമ്മാനം ലഭിക്കാം, അല്ലെങ്കില്‍ ഒന്നും ലഭിക്കാതെ പരാജയപ്പെടുകയും ചെയ്യും. ഇങ്ങനെ “ലാഭമോ പരാജയമോ” എന്ന അനിശ്ചിതാവസ്ഥയിലാണ് ലോട്ടറി എന്ന ചൂതാട്ടരീതി നടന്നുകൊണ്ടിരിക്കുന്നത്.

ഈ സമ്പാദനരീതി, അതായത് ലോട്ടറി പോലുള്ള ചൂതാട്ടരൂപങ്ങള്‍, ഇസ്‌ലാം വ്യക്തമായി നിഷിദ്ധമാക്കിയവയാണ്. സമ്പത്ത് സമ്പാദിക്കുന്നതില്‍ നീതിയും ന്യായവും അനിവാര്യമാണെന്നും, സമ്പാദിക്കാനുളള മാര്‍ഗങ്ങള്‍ ശരിയായതും ഹലാലുമായിരിക്കണമെന്നും ഇസ്‌ലാം ഊന്നിപ്പറയുന്നു. സമൂഹത്തിലെ എല്ലാവരെയും പരിഗണിച്ചുകൊണ്ട്, അവര്‍ക്കെല്ലാം ഉപകാരപ്രദമാകുന്ന രീതിയിലാണ് ഓരോരുത്തരും തങ്ങളുടെ സമ്പത്ത് വിനിയോഗിക്കേണ്ടത്; അത് മാത്രമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സത്യസന്ധമായ സമ്പദ്‌വ്യവസ്ഥയുടെ വഴികാട്ടി.

കഠിനാധ്വാനത്തിലൂടെയും, വ്യാപാരത്തിലൂടെയും, നിക്ഷേപങ്ങളിലൂടെയും, സമൂഹത്തിന് പ്രയോജനപ്പെടുന്ന സേവനങ്ങളിലൂടെയും നിയമാനുസൃതവും ധാര്‍മ്മികവുമായ രീതിയില്‍ സമ്പത്ത് സമ്പാദിക്കാനാണ് ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നത്. മറിച്ച്, ഒരാളുടെ സമ്പത്തിനും ക്ഷേമത്തിനും അനിശ്ചിതത്വമോ അപകടമോ സൃഷ്ടിക്കുന്ന പ്രവൃത്തികളൊന്നിനെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ദ്രോഹത്തിനും ചൂഷണത്തിനും വഴിവെക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തികളെയും സമൂഹങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാന തത്വം.

യഥാര്‍ത്ഥത്തില്‍, ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്പത്ത് എന്ന് പറയുന്നത് Unearned Income ആണ്; ഉല്‍പാദനപരമായ പരിശ്രമമോ ജോലിയോ ഒന്നുമില്ലാതെ ലഭിക്കുന്ന സമ്പത്ത്. സത്യസന്ധമായ അധ്വാനമില്ലാതെ, വ്യാപാരത്തിലൂടെയോ സേവനത്തിലൂടെയോ സമൂഹത്തിന് യാതൊരു ക്രിയാത്മക സംഭാവനയും നല്‍കാതെ കിട്ടുന്ന ഇത്തരം വരുമാനം, വ്യക്തിയില്‍ ഉല്‍പാദനക്കുറവും അധ്വാനത്തില്‍ അലസതയും വളര്‍ത്തുന്ന ഒരു സംവിധാനമാണ്. ഇങ്ങനെ, ലോട്ടറി എന്ന സിസ്റ്റം മനുഷ്യന്റെ സജീവശേഷിയെ ഇല്ലാതാക്കി, അവനെ തെറ്റായ പ്രതീക്ഷകളിലേക്ക് തള്ളിവിടുന്ന ഒന്നായി മാറുന്നു.

ഒരു മനുഷ്യന് സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെയും ആസൂത്രണത്തോടെയും ഉത്തരവാദിത്തത്തോടെയും തീരുമാനങ്ങള്‍ എടുക്കാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുമ്പോള്‍, ലോട്ടറി എന്ന സംവിധാനം അതിനോട് പൂര്‍ണ്ണ വിരുദ്ധമായി നിലകൊള്ളുന്നു. മാത്രമല്ല, ലോട്ടറിയെ ശീലമാക്കുന്നത് അനവധി ദോഷകരമായ അനന്തരഫലങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ്. പലപ്പോഴും ലോട്ടറി എടുക്കുന്നത് ഒരു ലഹരിയായി മാറുകയും, അതിനോടുള്ള ആസക്തി വളര്‍ത്തുകയും ചെയ്യുന്നു. ഫലമായി, സാമ്പത്തിക നഷ്ടങ്ങളും കുടുംബപ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ഉടലെടുക്കുകയും, വ്യക്തി ക്രമേണ തെറ്റായ സ്വഭാവത്തിന്റെ അടിമയാവുകയും ചെയ്യുന്നു. ഇതുവഴി ലോട്ടറി എന്ന സംവിധാനം ഒരാള്‍ക്കു വ്യക്തിപരമായും സാമൂഹികമായും വലിയൊരു ദുരന്തം വരുത്തിവെക്കുന്നു. അതുകൊണ്ടുതന്നെ, ആത്മീയവും ധാര്‍മ്മികവുമായി വളര്‍ച്ച കൈവരിക്കാന്‍ ഇത്തരം ആളുകള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് രൂപപ്പെടുന്നത്.

ചിന്തിക്കുക! മുഹമ്മദ് നബി(ﷺ) പ്രവാചകനായി വരുന്നതിന് മുമ്പ് അറബികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചൂതാട്ടരീതി പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അന്ന് അറബികള്‍ പത്തു പേരായി കൂട്ടം ചേര്‍ന്ന് ഒരു ഒട്ടകം വാങ്ങും. അതിന്റെ വില അടക്കാന്‍ അവര്‍ ഒരു സമയപരിധി നിശ്ചയിക്കും. പിന്നീട് പത്ത് മരക്കഷ്ണങ്ങള്‍ എടുത്ത് ഓരോന്നിനും പ്രത്യേകം പേര് നല്‍കുകയും, അവയില്‍ നിശ്ചിതമായ ഓഹരികള്‍ രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ അവയില്‍ മൂന്നു മരക്കഷ്ണങ്ങള്‍ക്ക് യാതൊരു ഓഹരിയും നല്‍കാതെ “പൂജ്യം” എന്ന അടയാളമാണ് ഇടുക. അതിനു ശേഷം, വാങ്ങിയ ഒട്ടകത്തെ അറുത്ത് ഇരുപത്തിയേഴ് ഭാഗങ്ങളാക്കി, എല്ലാവരും അംഗീകരിക്കുന്ന ഒരാള്‍ ആ മരക്കഷ്ണങ്ങള്‍ സഞ്ചിയിലിട്ട് കുലുക്കി നറുക്കെടുപ്പ് നടത്തും. ഓരോരുത്തര്‍ക്കും കിട്ടുന്ന മരക്കഷ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓഹരിയാണ് അവര്‍ക്കു ലഭിക്കുക. എന്നാല്‍ പൂജ്യം കിട്ടുന്ന മൂന്നു പേര്‍ക്ക് ഒന്നും ലഭിക്കാതെ പോകും. ഒടുവില്‍ അവരായിരിക്കും ആ ഒട്ടകത്തിന്റെ മുഴുവന്‍ വില നല്‍കേണ്ടിവരുന്ന ഹതഭാഗ്യരായിട്ടുളള ആളുകള്‍. ഇങ്ങനെ ചിലര്‍ക്ക് അനായാസമായി നേട്ടവും, ചിലര്‍ക്ക് പൂര്‍ണമായ നഷ്ടവും വരുത്തുന്ന അനീതിപൂര്‍ണമായ രീതിയാണ് അന്ന് അറബികളില്‍ “ചൂതാട്ടം” എന്ന പേരില്‍ നിലനിന്നിരുന്നത്.

എന്നാല്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഈ തരത്തിലുള്ള ചൂതാട്ടത്തില്‍ ഒട്ടകത്തിന്റെ വിഹിതം ലഭിച്ചവര്‍ പതിവായി അതിനെ പാവങ്ങളായ ആളുകള്‍ക്ക് ദാനം ചെയ്യുകയായിരിന്നു. എന്നാല്‍ അത് യഥാര്‍ത്ഥ ദാനധര്‍മത്തിന്റെ ആത്മാവോടെ ചെയ്തതല്ല, മറിച്ച് ഔദാര്യവും അന്തസ്സും കാണിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനം പ്രകടിപ്പിക്കുന്നതിനായിട്ടായിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ സമൂഹത്തില്‍ നല്ലതായി തോന്നിച്ചേക്കാമെങ്കിലും, അതിന്റെ ഉള്ളിലെ അനീതി മറച്ചുവെക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ അല്ലാഹു ഈ രീതിയിലുള്ള ചൂതാട്ടത്തെയും മദ്യത്തെയും ഒരുപോലെ കൂട്ടിച്ചേര്‍ത്ത്, അത് മനുഷ്യസമൂഹത്തെ നശിപ്പിക്കുന്ന വലിയൊരു തിന്മയാണെന്ന് ഖുര്‍ആനിലൂടെ പഠിപ്പിച്ചു.

“കള്ളിനെയും, 'മൈസിറി'നെ (ചൂതാട്ടത്തെ)യും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: 'ആ രണ്ടിലും വലിയ ദോഷവും, മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ ദോഷമാകട്ടെ, അവയുടെ പ്രയോജനത്തെക്കാള്‍ വലുതാകുന്നു'.” (അല്‍ബക്വറഃ 219)

ഇന്നത്തെ നമ്മുടെ ലോട്ടറി സമ്പ്രദായവും യഥാര്‍ത്ഥത്തില്‍ അന്നത്തെ അറബികളുടെ ചൂതാട്ടത്തിന്റെ തന്നെയൊരു രൂപമാണ്. കാരണം, ഇവിടെ പണം ചിലവഴിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും തിരികെ ഒന്നും ലഭിക്കുന്നില്ല. മറിച്ച്, കുറച്ച് പേര്‍ക്ക് മാത്രം വലിയൊരു സമ്മാനം ലഭിക്കുകയും, അത് നടത്തുന്ന കമ്പനികള്‍ ഭീമമായ ലാഭം കൊയ്യുകയും ചെയ്യുന്നു. പഴയകാലത്ത് അറബികള്‍ക്ക് ചൂതാട്ടത്തിലൂടെ ലഭിച്ച മാംസം അവര്‍ പാവപ്പെട്ട ഫകീറുകള്‍ക്കു നല്‍കിയിരുന്നുവെങ്കിലും, അതിനെയും അല്ലാഹു ശക്തമായി നിരോധിച്ചു. അങ്ങനെ ആയിരിക്കെ, ഇന്ന് കുത്തക മുതലാളിമാരുടെ പോക്കറ്റുകളിലേക്ക് ഒഴുകിപ്പോകുന്ന ലോട്ടറി പണം, യാഥാര്‍ത്ഥത്തില്‍ എത്രയോ സാധാരണക്കാരുടെ അവകാശങ്ങളാണ് നഷ്ടപ്പെടുത്തുന്നത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതാണ്.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു ലോട്ടറി വരുമാനം ഒരു പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സായി മാറിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ മാനവിക തലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതികൂലഫലങ്ങളും പോരായ്മകളും, സമൂഹത്തില്‍ ഉണ്ടാക്കുന്ന ചൂഷണങ്ങളും അവഗണിക്കപ്പെടാന്‍ പാടില്ല. അത് തിരിച്ചറിയുകയും, അതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ ഓരോ വ്യക്തിയുടെയും കടമയാണ്. കാരണം, സാമ്പത്തിക നേട്ടത്തിന്റെ പേരില്‍ മനുഷ്യരുടെ ജീവിതം തകര്‍ന്നുപോകുന്നത് നോക്കി നില്‍ക്കുന്നത് ഒരിക്കലും ഒരു ഉത്തരവാദിത്തമുള്ള സമൂഹത്തിനും ഗുണകരമല്ല.

മനുഷ്യന്റെ അധ്വാനശീലത്തെ തകര്‍ത്തുകൊണ്ട്, ഒരാള്‍ ഒരു ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ആ ദിവസം സമ്പാദിച്ച മുഴുവന്‍ പണവും ഒരു ലോട്ടറി ടിക്കറ്റിനായി ചെലവഴിക്കാനും, തന്റെ ഭാഗ്യം പരീക്ഷിക്കാനും അവനെ പ്രേരിപ്പിക്കുകയാണ് ഇന്നത്തെ ലോട്ടറി സംവിധാനം. ഇങ്ങനെ അധ്വാനിക്കുന്ന സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ജനങ്ങളെ ശൂന്യസ്വപ്നങ്ങളില്‍ ജീവിക്കാനാണ് ഈ സംവിധാനം ക്ഷണിക്കുന്നത്. അതിന്റെ ദാരുണഫലം, ഇന്ന് നമ്മുക്ക് ചുറ്റും ഭാഗ്യപരീക്ഷണത്തിന് അടിമകളായി എല്ലാം നഷ്ടപ്പെടുത്തി ദുരവസ്ഥയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതൊരു സാമൂഹിക പ്രശ്നമായി, ധാര്‍മ്മിക ആശങ്കയായി, ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ട വിഷയമായി വായനക്കാര്‍ അംഗീകരിച്ചുവെന്ന് തോന്നിയാല്‍, ആ നല്ല ഹൃദയത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അധ്വാനമില്ലാതെ, പ്രയാസപ്പെടാതെ എളുപ്പത്തില്‍ കൂടുതല്‍ സമ്പത്ത് നേടാനുള്ള എല്ലാ ഏര്‍പ്പാടുകളും പൈശാചികമായ, മ്ലേച്ഛവൃത്തിയായവയാണ്. അത്തരം പ്രവൃത്തികളില്‍ ഏല്‍പ്പെടുന്നതില്‍ നിന്നും മാറി നില്‍ക്കാനും, അവയെ മുഴുവന്‍ വര്‍ജ്ജിക്കാനും അല്ലാഹു സത്യവിശ്വാസികളെ പ്രേരിപ്പിക്കുന്നത്.

അല്ലാഹു പറഞ്ഞു:

“സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാണ്. അതിനാല്‍, നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.” (അല്‍മാഇദഃ 90)

തസ്‌കിയ : മറ്റു ലേഖനങ്ങൾ